Wednesday, November 13, 2013

ബിജെപി ഹര്‍ത്താല്‍ അറസ്റ്റിലായവര്‍ക്ക് ഉടന്‍ ജാമ്യം; ജനങ്ങള്‍ക്ക് ദിവസംമുഴുവന്‍ ദുരിതം

പാലക്കാട് ജില്ലയില്‍ ബിജെപിþഹിന്ദുഐക്യവേദി അപ്രതീക്ഷിതമായി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ജനങ്ങളെ ദുരിതത്തിലാക്കി. ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകിട്ട് ആറ്വരെയായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ മറവില്‍ ബിജെപിþഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമണം നടത്തി. ഹോട്ടലുകള്‍ക്കും കടകള്‍ക്കുംനേരെ കല്ലേറുണ്ടായി. കടകള്‍ ബലമായി അടപ്പിക്കാന്‍ ശ്രമിച്ചത് പലയിടത്തും വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയാക്കി. മേലാമുറിയില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. പാലക്കാട്നിന്ന് ഷൊര്‍ണൂര്‍വഴി തൃശൂരിലേക്കുപോയ കെഎസ്ആര്‍ടിസി ബസ്സിനാണ് കല്ലേറ് കൊണ്ടത്. കോയമ്പത്തൂരിലേക്കുപോകുകയായിരുന്നു ചരക്ക്ലോറിക്കുനേരെ ചാത്തപുരത്തുവച്ച് കല്ലേറുണ്ടായി. മണ്ണാര്‍ക്കാട് അലനല്ലൂരില്‍ തിയറ്റര്‍ ജങ്ഷനില്‍ കടകള്‍ക്കുനേരെ കല്ലേറുണ്ടായി. നഗരസഭയ്ക്കുമുന്നില്‍ ധര്‍ണ നടത്തിയ ബിജെപിþഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

കല്‍പ്പാത്തിപ്പുഴയിലെ വട്ടമല പുഴയ്ക്കു നടുവില്‍ മുരുകന്‍ക്ഷേത്രത്തിന്റെ പേരില്‍ ആര്‍എസ്എസ്-എസ്ഡിപിഐ വര്‍ഗീയസംഘടനകള്‍ തമ്മിലുള്ള തര്‍ക്കമാണ് ജനങ്ങളില്‍ ഭീതിപടര്‍ത്തിയ ഹര്‍ത്താലില്‍ കലാശിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തിനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതോടെ പ്രവര്‍ത്തകര്‍ റോഡിലിറങ്ങി ആക്രമണം തുടങ്ങി. ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. വ്യാപാരികള്‍ കടകള്‍ അടച്ചു. സംഘര്‍ഷം ഭയന്ന് സ്കൂളുകള്‍ വിട്ടു. എന്നാല്‍, കുട്ടികള്‍ വാഹനം കിട്ടാതെ വലഞ്ഞു. പലരെയും രക്ഷിതാക്കളെത്തിയാണ് കൊണ്ടുപോയത്. ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ജോലിസ്ഥലങ്ങളില്‍ എത്താനായില്ല. കണ്ണാടി എബിയുപി സ്കൂളിലെ ഉച്ചക്കഞ്ഞിവിതരണം തടഞ്ഞു. മലമ്പുഴയിലേക്ക് വിനോദയാത്രയ്ക്കും മറ്റും എത്തിയവര്‍ ഹര്‍ത്താലില്‍ വലഞ്ഞു. കേരള സ്കൂള്‍ ഗെയിംസ് ഗ്രൂപ്പ്(രണ്ട്)മത്സരത്തിനെത്തിയ കുട്ടികളും പത്തിരിപ്പാലയില്‍ നടക്കുന്ന ജില്ലാ ശാസ്ത്രമേളക്കെത്തിയ കുട്ടികളും ദുരിതത്തിലായി. അറസ്റ്റിലായ ബിജെപി-ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്ക് ഉടന്‍ ജാമ്യം കിട്ടിയപ്പോഴും ദിവസംമുഴുവന്‍ ജനങ്ങള്‍ ദുരിതത്തിലായി. ചിറ്റൂരില്‍ ഹര്‍ത്താലിന്റെ ഫോട്ടോ എടുത്ത മലയാള മനോരമ ലേഖകന്‍ രാമചന്ദ്രന്റെ കൈയില്‍നിന്ന് ക്യാമറ തട്ടിപ്പറിച്ചു.

ഇതിനിടയില്‍ ബിജെപിക്കുള്ളിലെ ഗ്രൂപ്പ്പോരും മറനീക്കി പുറത്തുവന്നു. സംസ്ഥാന നേതാക്കള്‍പോലും അറിയാതെയാണ് ജില്ലാനേതാവ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന തര്‍ക്കവും രൂപപ്പെട്ടു. ഒരുവിഭാഗം ഹര്‍ത്താലിന് എതിരായിനിന്നു. ഹര്‍ത്താല്‍ പിന്‍വലിക്കുന്നതായും ശ്രുതിപരന്നു.

ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷത്തിനു നീക്കം

ആരാധനാലയങ്ങളുടെ പേരില്‍ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം ഇളക്കിവിടാന്‍ നീക്കം. കല്‍പ്പാത്തി വട്ടമല മുരുകന്‍ക്ഷേത്രത്തിലെ അനധികൃത കെട്ടിടനിര്‍മാണത്തിന്റെ പേരിലാണ് വര്‍ഗീയ ശക്തികളായ ആര്‍എസ്എസ്സും ബിജെപിയും എന്‍ഡിഎഫിന്റെ പുതിയ രൂപമായ എസ്ഡിപിഐയും വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. മതവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ വികാരം ഇളക്കിവിട്ട് സംഘര്‍ഷവും കലാപവും സൃഷ്ടിക്കുകയാണ് ഇരുകൂട്ടരും ലക്ഷ്യമിടുന്നത്. മുന്‍കൂട്ടി ആസൂത്രണംചെയ്ത് നടപ്പാക്കുന്ന ഗൂഢോദ്ദേശ്യം ഇതിനുപിന്നിലുണ്ട്. സര്‍ക്കാരും ജില്ലാഭരണസംവിധാനവും പൊലീസും ഫലപ്രദമായി ഇടപെടാത്തത് വര്‍ഗീയശക്തികള്‍ക്ക് പ്രോത്സാഹനമാകുകയാണ്. പൊലീസിനകത്ത് ഇരുവിഭാഗങ്ങള്‍ക്കും ഒത്താശ ചെയ്യുന്നവര്‍ ഉള്ളതായി സൂചനയുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് നഗരസഭാ സെക്രട്ടറി വട്ടമല മുരുകന്‍ക്ഷേത്രത്തിലെ നിര്‍മാണപ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ സെപ്തംബര്‍ 24ന് മെമ്മോ നല്‍കിയിരുന്നു. ഏഴുദിവസത്തിനകം റിപ്പോര്‍ട്ടു നല്‍കണമെന്നായിരുന്നു അറിയിപ്പ്. നഗരസഭയുടെ ഈ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയ്ക്കുമുന്നില്‍ നടത്തിയ ധര്‍ണയാണ് സംഘര്‍ഷത്തിനു വഴിതെളിച്ചത്. കല്‍പ്പാത്തിപ്പുഴ കൈയേറി ക്ഷേത്രത്തിന്റെ പേരില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ മൂന്നുനില കെട്ടിടം നിര്‍മിക്കുകയാണെന്ന് ആരോപിച്ച് എസ്ഡിപിഐയും രംഗത്തെത്തി. ഹിന്ദു ഐക്യവേദി നഗരസഭാമാര്‍ച്ച് പ്രഖ്യാപിച്ച അതേദിവസം എസ്ഡിപിഐയും മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. ഇരുവിഭാഗങ്ങളുടേയും മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിട്ടും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നഗരസഭയ്ക്കുമുന്നില്‍ ഉപരോധസമരം നടത്തി. എസ്ഡിപിഐ പ്രവര്‍ത്തകര്‍ ടൗണ്‍ ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് പ്രകടനം നടത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.

വര്‍ഗീയ ശക്തികള്‍ക്കെതിരെ സിപിഐ എം പ്രതിഷേധപ്രകടനം

പാലക്കാട്: ആര്‍എസ്എസ്þഎസ്ഡിപിഐ സംഘടനകള്‍ നടത്തുന്ന വര്‍ഗീയസംഘര്‍ഷശ്രമത്തിനെതിരെ, "പാലക്കാട്ട് അയോധ്യവേണ്ട, വര്‍ഗീയവാദികളെ കരുതിയിരിക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം പാലക്കാട് ഏരിയകമ്മിറ്റി നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
picture courtesy: krishnadas facebook
മതവിശ്വാസികളുടെ സൈ്വരജീവിതം തകര്‍ക്കാനുള്ള വര്‍ഗീയവാദികളുടെ ശ്രമത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. ഏരിയ സെക്രട്ടറി എം നാരായണന്‍ അധ്യക്ഷനായി. ഹരിദാസ് സ്വാഗതവും ടി കെ നൗഷാദ് നന്ദിയും പറഞ്ഞു. ഗവ. വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം അഞ്ച്വിളക്ക്ജങ്ഷനില്‍ സമാപിച്ചു.

വര്‍ഗീയ തീവ്രവാദ സംഘടനകള്‍ നാടിന്റെ സമാധാനം കെടുത്തുന്നത് തടയണം: സിപിഐ എം

കല്‍പ്പാത്തി പുഴയോരത്തെ അനധികൃത കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് വര്‍ഗീയ തീവ്രവാദ സംഘടനകള്‍ നാടിന്റെ സമാധാനം കെടുത്തുന്നതു തടയാന്‍ സര്‍ക്കാരും ജില്ലാ അധികാരികളും അടിയന്തരമായി ഇടപെടണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പുവരുത്താനും സമാധാനം കാത്തുസൂക്ഷിക്കാനും സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെങ്കില്‍ സിപിഐ എമ്മിന് രംഗത്തിറങ്ങേണ്ടിവരുമെന്നും പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.

ഏറെ നാളുകളായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍സംവിധാനം ഇതുവരെ ഇടപെടാത്തതാണ് പ്രശ്നം വഷളാക്കിയത്. മുഖ്യമന്ത്രിയും ഉന്നത പൊലീസ്മേധാവികളും കഴിഞ്ഞ രണ്ടുദിവസം പ്രശ്നബാധിത പ്രദേശത്തുണ്ടായിട്ടും സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ടില്ല. സര്‍ക്കാരിന്റെ മുഖഛായ നന്നാക്കാനുള്ള മാമാങ്കത്തിനിടയില്‍ ഗൗരവമേറിയ പ്രശ്നം ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്നു നടിച്ചു. പാലക്കാട് മണ്ഡലത്തിലെ ജനപ്രതിനിധിയും ഇക്കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് കാണിച്ചത്. ഇതിനെത്തുടര്‍ന്ന് ആര്‍എസ്എസ്-എസ്ഡിപിഐ വര്‍ഗീയ തീവ്രാദ സംഘടനകള്‍ തെരുവില്‍ ഏറ്റുമുട്ടുന്നതിലേക്കും സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിലേക്കും ജനജീവിതം സ്തംഭിപ്പിക്കുന്നതിലേക്കും കാര്യങ്ങള്‍ വഷളായി.

പ്രശ്നമുണ്ടാകുമ്പോള്‍ സാധാരണയായി പൊലീസ് കൈകാര്യംചെയ്യുന്ന രീതിയില്‍ നഗരസഭാകവാടത്തില്‍ ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്തതിനാണ് ചൊവ്വാഴ്ച രാവിലെ പത്തോടെ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പൊടുന്നനെ നടത്തിയ ബന്ദില്‍ ജനങ്ങള്‍ അനുഭവിച്ച ദുരിതം പറഞ്ഞറിയിക്കാനാവാത്തതാണ്. രാവിലെ സ്കൂളിലേക്കുപോയ പിഞ്ചുവിദ്യാര്‍ഥികള്‍ വാഹനമില്ലാത്തതിനാല്‍ വീട്ടിലേക്കു മടങ്ങാനാവാതെ കുഴങ്ങി. ഓഫീസുകളിലേക്കിറങ്ങിയ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ക്ക് ഓഫീസിലെത്താനോ തിരിച്ചുപോകാനോ ആയില്ല. ആശുപത്രിയിലേക്കും മറ്റും തിരിച്ചവര്‍ പെരുവഴിയിലായി. വര്‍ഗീയ തീവ്രവാദ പ്രസ്ഥാനമായ ആര്‍എസ്എസ് നടത്തിയ ബന്ദ് തികച്ചും അപലപനീയവും ജനദ്രോഹവുമാണ്. ജനങ്ങള്‍ ഇത്രയേറെ ബുദ്ധിമുട്ടിയിട്ടും ഭരണസംവിധാനം നിസ്സംഗമായാണ് നേരിട്ടത്. നാട്ടില്‍ ക്രമസമാധാനം കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാരിനാകുന്നില്ലെന്ന് യുഡിഎഫ് അനുകൂലികള്‍പോലും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നിസ്സംഗത വെടിഞ്ഞ് സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

പാലക്കാട് നഗരത്തിലും കുന്നുംപുറം, ശംഖ്വാരമേട്, ജൈനിമേട് പ്രദേശത്ത് മതസ്പര്‍ധയുണ്ടാക്കാനുള്ള വര്‍ഗീയ സംഘടനകളുടെ ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഐ എം പാലക്കാട് ഏരിയസെക്രട്ടറി എം നാരായണന്‍ അഭ്യര്‍ഥിച്ചു. സിപിഐ കല്‍പ്പാത്തിപ്പുഴയിലെ അനധികൃത കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് വര്‍ഗീയ സംഘടനകള്‍ നാടിന്റെ സമാധാനം കെടുത്തുന്നത് തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്രാജ് ആവശ്യപ്പെട്ടു. ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പുവരുത്താനും സമാധാനം കാത്തുസൂക്ഷിക്കാനും ജില്ലാ ഭരണാധികാരികള്‍ വേണ്ടതു ചെയ്യണം.

വര്‍ഗീയ സംഘടനകളുടെ ലക്ഷ്യം തിരിച്ചറിയണം: ഡിവൈഎഫ്ഐ

ആരാധനാലയങ്ങളുടെ പേരിലുള്ള സംഘര്‍ഷത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മതസൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്താന്‍ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. എസ്ഡിപിഐയും ആര്‍എസ്എസ്þസംഘപരിവാര്‍ സംഘടനകളും വര്‍ഗീയകലാപം ലക്ഷ്യമിട്ട് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം പ്രശ്നങ്ങളുയര്‍ത്തുന്നത്. നഗരത്തില്‍ ഇത്തരം സംഘടനകള്‍ നടത്തുന്ന രഹസ്യവും പരസ്യവുമായ ആയുധപരിശീലനവും വര്‍ഗീയപ്രചാരണവും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. വര്‍ഗീയപ്രസ്ഥാനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമെതിരെ കരുതലോടെയിരിക്കാനും ഇവയെ ചെറുക്കാനും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തുവരണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് ആഭ്യാര്‍ഥിച്ചു.

deshabhimani

No comments:

Post a Comment