Tuesday, November 12, 2013

ശ്വേതാമേനോന്റെ പരാതിയിലും മുഖ്യമന്ത്രി കള്ളം പറയുന്നു: കോടിയേരി

പാലക്കാട്: ചലച്ചിത്രതാരം ശ്വേതാമേനോന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പച്ചക്കള്ളമാണ് പറയുന്നതെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കൊല്ലത്ത് ഒരു കോണ്‍ഗ്രസ് നേതാവില്‍നിന്ന് തനിക്കുണ്ടായ അപമാനകരമായ സംഭവം മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നാണ് ശ്വേതാമേനോന്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചത്. ഇത് സമ്മതിച്ചാല്‍ പീതാംബരക്കുറുപ്പിനെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കേണ്ടിവരും. അതിനാലാണ് മുഖ്യമന്ത്രി കള്ളം പറയുന്നത്. മുഖ്യമന്ത്രി അഴിമതിക്കാരനും തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നയാളുമാണെന്ന് ബോധ്യപ്പെട്ട ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് പ്രക്ഷോഭത്തിന്റെ രൂപത്തില്‍ ഉയര്‍ന്നുവരുന്നത്. ജനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി പൂര്‍ണമായും ഒറ്റപ്പെട്ടുവെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ ജാഥയ്ക്ക് പാലക്കാട് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതിയില്‍ ഉറച്ചുനില്‍ക്കാന്‍ ശ്വേതാമേനോന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പീതാംബരക്കുറുപ്പിനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തത് മനസ്സിലാക്കാം. എന്നാല്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. കുറ്റക്കാരനെതിരെ നടപടിയെടുക്കാതെ ആരോപണമുന്നയിച്ച ശ്വേതാമേനോന്റെ കോലം കത്തിച്ചു. ഇത്തരം ആരോപണമുണ്ടായ സാഹചര്യത്തില്‍ രണ്ട് ജില്ലാ സെക്രട്ടറിമാരെ പാര്‍ടിയില്‍നിന്ന് പുറത്താക്കാനുള്ള ആര്‍ജവം കാണിച്ച പാര്‍ടിയാണ് സിപിഐ എം. കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി വഴിയിലിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രമന്ത്രിയുടെ ഭാര്യ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴുണ്ടായ അനുഭവം എല്ലാവര്‍ക്കുമറിയാം. ഐപിഎസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ നടന്ന സംഭവത്തില്‍ ഇതേവരെ ഒരാളെയും അറസ്റ്റ്ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയം ഇടതുപക്ഷത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം. ഇടതുപക്ഷം നടത്തുന്ന സമരമാണ് വികസനത്തിന് വിലങ്ങുതടിയെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. പാലക്കാട് കോച്ച്ഫാക്ടറിയും വിഴിഞ്ഞം തുറമുഖവും സ്മാര്‍ട്സിറ്റിയും ചേര്‍ത്തല വാഗണ്‍ ഫാക്ടറിയുമൊന്നും യാഥാര്‍ഥ്യമാകാത്തത് ഇടതുപക്ഷ സമരം കാരണമാണോയെന്ന് വ്യക്തമാക്കണം

പാത്തും പതുങ്ങിയുമല്ലാതെ മുഖ്യമന്ത്രിക്ക് വരാനാകുമോ: എ കെ ബാലന്‍ എംഎല്‍എ

പാലക്കാട്: ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട മുഖ്യമന്ത്രി പാത്തും പതുങ്ങിയും വരുന്നതിനുപകരം ആണുങ്ങളെപ്പോലെ വന്നാല്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു. സുല്‍ത്താന്‍പേട്ടയില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനസമ്പര്‍ക്കപരിപാടി അലങ്കോലപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെങ്കില്‍ അതിന് കൂടുതല്‍ ശ്രമമൊന്നും വേണ്ട. തെറ്റിദ്ധരിക്കപ്പെട്ട ആയിരങ്ങളാണ് എന്തെങ്കിലും സഹായം ലഭിക്കുമെന്ന് കരുതി ജനസമ്പര്‍ക്കപരിപാടിയില്‍ എത്തുന്നത്. അവരോടല്ല എല്‍ഡിഎഫ് സമരം. തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെതിരെയാണ്. അമൃത എക്സ്പ്രസില്‍ പാലക്കാട് വരുമെന്ന് ഒദ്യോഗികമായി അറിയിക്കുകയും രാത്രി തലയില്‍ മുണ്ടിട്ടുവരികയും ചെയ്യേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്ക് വന്നുചേര്‍ന്നിരിക്കുന്നത്. തങ്ങള്‍ക്ക് അധികാരം തന്നാല്‍ ഉമ്മന്‍ചാണ്ടി നല്‍കുന്നതില്‍ കൂടുതല്‍ സഹായം ജനങ്ങള്‍ക്ക് നല്‍കാനാകുമെന്നാണ് കലക്ടര്‍മാരുടെ യോഗത്തില്‍ കോട്ടയം കലക്ടര്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. ഇതിന് മറുപടിയുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ നിന്നുള്ള സഹായം നല്‍കാനാണ് കോടികള്‍ ചെലവഴിച്ച് ജനസമ്പര്‍ക്കപരിപാടി നടത്തുന്നത് -എ കെ ബാലന്‍ പറഞ്ഞു.

യോഗത്തില്‍ കെ പി സുരേഷ്രാജ് അധ്യക്ഷനായി. പി ഉണ്ണി, നൈസ് മാത്യു, പി എ റസാഖ് മൗലവി, കെ എസ് സലീഖ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. കല്‍മണ്ഡപത്തില്‍ എല്‍ഡിഎഫ്പ്രതിഷേധം ജില്ലാ കണ്‍വീനര്‍ വി ചാമുണ്ണി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ റഹിമാന്‍, കെ വി വിജയദാസ് എംഎല്‍എ, ആര്‍ ചിന്നക്കുട്ടന്‍, എ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ട്രിനിറ്റി ആശുപത്രിക്കു സമീപം സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനായി. ടി കെ നാരായണദാസ്, എം ഹംസ എംഎല്‍എ, പി മമ്മിക്കുട്ടി, ജബ്ബാറലി പി എം വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. കെ കൃഷ്ണന്‍കുട്ടി സ്വാഗതം പറഞ്ഞു.

ജനപ്രതിനിധികളുടെയും നേതാക്കളുടെയും താമസസൗകര്യം റദ്ദാക്കി

പാലക്കാട്: മുഖ്യമന്ത്രിക്കെതിരെയുള്ള എല്‍ഡിഎഫ് പ്രതിഷേധം ഭയന്ന് ജനപ്രതിനിധികളുടെയും നേതാക്കളുടെയും താമസസൗകര്യം വരെ റദ്ദാക്കി. മുന്‍ മന്ത്രിമാര്‍ക്കും സിറ്റിങ് എംഎല്‍എ മാര്‍ക്കും വേണ്ടി മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന റസ്റ്റ് ഹൗസിലെയും ഗസ്റ്റ് ഹൗസിലെയും മുറികളാണ് റദ്ദാക്കിയത്. എല്‍ ഡി എഫ് മേഖലാജാഥയില്‍ പങ്കെടുക്കാനെത്തിയവരുടെ മുറികളാണ് റദ്ദാക്കിയത്. ജനങ്ങളെ ഭയന്ന് ജനപ്രതിനിധികള്‍ക്കുള്ള താമസസ്ഥലം പോലും നിരസിക്കുന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വി ചാമുണ്ണി പറഞ്ഞു.

deshabhimani

No comments:

Post a Comment