Monday, November 11, 2013

തൊഴില്‍ ചൂഷണത്തിന് ഇരയായി ഒരു കൂട്ടം അധ്യാപകര്‍

കണ്ണൂര്‍: അണ്‍എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്ക് മിനിമം ശമ്പളം അനുവദിക്കണമെന്ന കോടതി വിധി ഉണ്ടായിട്ടും ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധ്യാപകരും നിയമത്തിന്റെ പരിധിക്ക് പുറത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ കച്ചവടവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അവതരിച്ച വിദ്യാഭ്യാസ മുതലാളികള്‍ കടുത്ത തൊഴില്‍ചൂഷണമാണ് ഈ മേഖലയില്‍ നടത്തുന്നത്.

സിബിഎസ്ഇ, ഐസിഎസ്ഇ മേഖലകളിലായി ജില്ലയില്‍ 160ലധികം ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ് ജില്ലയിലുള്ളത്. ഇതില്‍ കോടതി വിധിയനുസരിച്ച് ശമ്പളം നല്‍കുന്നത് ചുരുക്കം ചില സ്കൂളുകള്‍ മാത്രം. പഠിപ്പിക്കാന്‍ യോഗ്യതയും കഴിവും ഉണ്ടായിട്ടും സ്വകാര്യമേഖല എന്ന ഒറ്റക്കാരണത്താലാണ് മതിയായ വേതനം നല്‍കാതെ അധ്യാപകരെ തൊഴില്‍ ചൂഷണത്തിനിരയാക്കുന്നത്. തൊഴില്‍ ചൂഷണത്തിനെതിരെ അധ്യാപകര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് തീര്‍പ്പാക്കി 2012 സെപ്തംബര്‍ 12 ന് അധ്യാപകര്‍ക്ക് മിനിമം ശമ്പളം നല്‍കണമെന്ന് വിധിയുണ്ടായിരുന്നു. എല്‍പി, യുപി സെക്ഷനില്‍ 5,000രൂപയും ഹൈസ്കൂളില്‍ 15,000വും ഹയര്‍സെക്കന്‍ഡറിയില്‍ 20,000രൂപയിലും കുറയാത്ത ശമ്പളം നല്‍കണമെന്നാണ് വിധി. എന്നാല്‍ ഫലത്തില്‍ ഇത് ഭൂരിഭാഗം അധ്യാപകരുടേയും കാര്യത്തില്‍ ജലരേഖയാണ്. എല്‍ പി വിഭാഗത്തില്‍ പഠിപ്പിക്കുന്ന അധ്യാപകന് 3,000 തികച്ച് നല്‍കാത്ത നിരവധി സ്ഥാപനങ്ങള്‍ ജില്ലയിലുണ്ട്. ബസ്കൂലിക്ക് പോലും ശമ്പളം തികയാത്ത അവസ്ഥയാണ്.

പണമായി കൈയ്യില്‍ നല്‍കിയാല്‍ ഇത് അട്ടിമറിക്കപ്പെടുമെന്ന സാധ്യതയുള്ളതിനാല്‍ അധ്യാപകര്‍ക്ക് ബാങ്ക് വഴി പണം നല്‍കണമെന്ന വ്യവസ്ഥയും കോടതി വിധിയിലുണ്ടായി. എന്നാല്‍ ഇത് മറികടക്കാന്‍ കോടതി ഉത്തരവിട്ട ശമ്പളത്തിന് തുല്യമായ തുക ചെക്കില്‍ എഴുതി അധ്യാപകരെക്കൊണ്ട് ഒപ്പിടുവിച്ച് മാനേജ്മെന്റ് പ്രതിനിധികള്‍ ബാങ്കില്‍നിന്ന് ശമ്പളം വാങ്ങിയതായി രേഖയുണ്ടാക്കുകയാണ്. ഇതിന്റെ പകുതി ശമ്പളംപോലും അധ്യാപകര്‍ക്ക് നല്‍കില്ല. ഇതിനെതിരെ പ്രതികരിച്ചാല്‍ സ്കൂളില്‍നിന്ന് പിരിച്ചുവിടും എന്ന ഭീഷണിയുള്ളതിനാല്‍ മിക്കവരും മാനേജ്മെന്റിനു മുന്നില്‍ നിശ്ശബ്ദരാകുന്നു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ അധ്യാപകര്‍ക്ക് കടുത്ത ജോലിഭാരവുമുണ്ട്. സ്കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുന്നതായും പരാതിയുണ്ട്. സ്വകാര്യ അണ്‍എയ്ഡഡ് അധ്യാപകര്‍ക്ക് സംഘടനാപ്രവര്‍ത്തനം കാര്യമായി ഇല്ലാത്തതും ഇവര്‍ക്ക് വിനയാകുന്നു.
(കെ സി രമേശന്‍)

deshabhimani

No comments:

Post a Comment