Monday, November 11, 2013

മന്ത്രിമാരെ ഉപരോധിക്കുമെന്ന് ഇടയലേഖനം

ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ മന്ത്രിമാരെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്ന് ഇടുക്കി രൂപതയുടെ ഇടയലേഖനം. ഞായറാഴ്ച ഇടുക്കി രൂപതയിലെ പള്ളികളില്‍ വായിച്ച "പട്ടയവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും" എന്ന സര്‍ക്കുലറില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിക്കുന്നു. ജില്ലയിലെ 48 വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബലമേഖലയായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ പഠനം നടത്താതെയും വസ്തുതകള്‍ മനസിലാക്കാതെയുമാണെന്ന് ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടി. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ ജനപ്രതിനിധികളെയും മന്ത്രിമാരെയും തെരുവില്‍ നേരിട്ടു കണ്ട് കാര്യങ്ങള്‍ പറയേണ്ടിവരും. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉപരോധം എര്‍പ്പെടുത്തേണ്ട സമരപരിപാടിയിലേക്ക് നീങ്ങണം.

ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ലോലമേഖലയില്‍നിന്ന് ഒഴിവാക്കണം. പരിസ്ഥിതി ലോലമേഖലകള്‍ വിജ്ഞാപനം ചെയ്യാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് തയ്യാറാക്കിയ സാഹചര്യത്തില്‍ ജനപ്രതിനിധികളും അധികാരികളും ഇടപെടണം. പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുന്നില്ലെങ്കില്‍ കര്‍ഷകര്‍ക്കുവേണ്ടി നിലകൊള്ളുന്നവരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സര്‍ക്കാരില്‍നിന്ന് രാജിവച്ച് കര്‍ഷകസമരത്തില്‍ പങ്കുചേരണം. ജില്ലയിലെ കുടിയേറ്റകര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം ഇതുവരെ ലഭിച്ചിട്ടില്ല. പട്ടയ നടപടികള്‍ക്കുള്ള തടസ്സങ്ങള്‍ നീക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണുള്ളത്. കുറുക്കുവഴികളിലൂടെ പട്ടയനടപടികള്‍ തുരങ്കം വയ്ക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ രംഗത്ത് നിന്നുണ്ടാകുന്നു. മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍തലത്തില്‍ പരിഗണിക്കപ്പെടുകയും, മന്ത്രിസഭാ തീരുമാനവും ഉണ്ടാകണം. കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതിന് കുടുംബവാര്‍ഷിക വരുമാനം തടസ്സമാണെന്ന തലത്തിലുള്ള ഉദ്യോഗസ്ഥ നിലപാടും പട്ടയനടപടികള്‍ക്ക് ഭീഷണിയാണെന്ന് ബിഷപ് അഞ്ചുപേജുള്ള ഇടയലേഖനത്തില്‍ പറയുന്നു.

deshabhimani

No comments:

Post a Comment