Wednesday, November 13, 2013

സ്വകാര്യവല്‍ക്കരണത്തിന് വഴിയൊരുക്കുന്നു

സര്‍ക്കാര്‍ അനുമതിയോടെ സ്വകാര്യവല്‍ക്കരണം ആകാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി വൈദ്യുതിബോര്‍ഡിനെ കമ്പനിയാക്കിയുള്ള വിജ്ഞാപനം പുറത്തിറങ്ങി. ബോര്‍ഡിനെ പൊതുമേഖലയില്‍ ഒറ്റക്കമ്പനിയാക്കി നിലനിര്‍ത്തുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണ് സ്വകാര്യനിക്ഷേപം അനുവദിക്കുമെന്ന വ്യവസ്ഥ. ഇത് ഭാവിയില്‍ സ്വകാര്യവല്‍ക്കരണത്തിന് ഇടയാക്കുമെന്നാണ് ആശങ്ക.

ബോര്‍ഡിനെ വ്യത്യസ്ത അക്കൗണ്ടുകളുള്ള മൂന്ന് ലാഭകേന്ദ്രങ്ങളാക്കി വിഭജിച്ച് പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നീ ലാഭകേന്ദ്രങ്ങള്‍ കമ്പനിക്കുകീഴില്‍തന്നെ പ്രവര്‍ത്തിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. കമ്പനിയുടെ സ്വയംഭരണത്തെക്കുറിച്ച് പറയുന്നിടത്താണ് സ്വകാര്യവല്‍ക്കരണവ്യവസ്ഥ ഉള്‍പ്പെടുത്തിയത്. സ്വകാര്യനിക്ഷേപം സ്വീകരിക്കുന്നതുസംബന്ധിച്ച് കമ്പനിക്ക് സര്‍ക്കാര്‍ അംഗീകാരത്തോടെ തീരുമാനമെടുക്കാന്‍ പൂര്‍ണ അവകാശമുണ്ടാകുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

2008ല്‍ വൈദ്യുതിബോര്‍ഡിനെ കമ്പനിയാക്കി രജിസ്റ്റര്‍ചെയ്തപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ ആസ്തി- ബാധ്യതകള്‍ കമ്പനിയില്‍ പുനര്‍നിക്ഷേപിക്കാന്‍ കഴിഞ്ഞയാഴ്ച മന്ത്രിസഭ തീരുമാനിച്ചിരുന്നു. അതുപ്രകാരമാണ് 52 പേജുള്ള വിജ്ഞാപനം അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍ പുറത്തിറക്കിയത്. കമ്പനിക്കുമേലുള്ള സര്‍ക്കാരിന്റെ നിയന്ത്രണം സംബന്ധിച്ച സംശയം ഉയര്‍ന്നതിനാല്‍ കരടുവിജ്ഞാപനത്തില്‍നിന്ന് ഒട്ടേറെ മാറ്റവും തിരുത്തലും അന്തിമവിജ്ഞാപനത്തില്‍ വരുത്തി.

ബോര്‍ഡ് ജീവനക്കാരുടെ അവസ്ഥ എന്താകുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമല്ല. നിലവില്‍ കേരള സര്‍വീസ് റൂള്‍സും കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റ് റൂള്‍സുമാണ് ബോര്‍ഡില്‍ നടപ്പാക്കുന്നത്. പുതിയ കമ്പനിയില്‍ ഇതിന് എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല. നിലവിലുള്ള സേവനവ്യവസ്ഥകള്‍ തുടരുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും കമ്പനി ഡയറക്ടര്‍ബോര്‍ഡിന് ഈ വ്യവസ്ഥകള്‍ എപ്പോള്‍ വേണമെങ്കിലും മാറ്റാമെന്നും വിജ്ഞാപനത്തില്‍ എഴുതിച്ചേര്‍ത്തു. പ്രവര്‍ത്തനം അടിസ്ഥാനമാക്കിയായിരിക്കും ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുക എന്ന വ്യവസ്ഥ പുതിയതായി ഉള്‍പ്പെടുത്തി. പെന്‍ഷന്‍ഫണ്ട് സംബന്ധിച്ച കണക്കുകളില്‍ വ്യക്തത വരുത്താനും അന്തിമവിജ്ഞാപനത്തിന് സാധിച്ചിട്ടില്ല. തസ്തിക സൃഷ്ടിക്കല്‍, ജീവനക്കാരുടെ നിയമനം, പ്രവര്‍ത്തനം വിലയിരുത്തല്‍, പ്രവര്‍ത്തനമികവ് ആധാരമാക്കിയുള്ള സ്ഥാനക്കയറ്റം എന്നിവയെല്ലാം പഴയതുപോലെ പിഎസ്സി മുഖേനയായിരിക്കും. ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കം ഉടലെടുത്താല്‍ സര്‍ക്കാര്‍തീരുമാനം അന്തിമമായിരിക്കും. വൈദ്യുതിബോര്‍ഡിന്റെ സ്വത്തുസംബന്ധിച്ച വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ജീവനക്കാരുമായി ഏര്‍പ്പെടേണ്ട ത്രികക്ഷികരാറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

deshabhimani

No comments:

Post a Comment