Wednesday, November 13, 2013

മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ നാലുമാസമായി സെക്രട്ടറിയുമില്ല

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാടായ പുതുപ്പള്ളി പഞ്ചായത്ത് ഓഫീസില്‍ നാലുമാസമായി സെക്രട്ടറി ഇല്ലാത്തതിനാല്‍ 1367 പേരുടെ വിവിധ പെന്‍ഷനുകള്‍ മുടങ്ങുന്നു. സെക്രട്ടറി ഇല്ലാത്തതിനാല്‍ പഞ്ചായത്തിലെ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്നേച്ചറോടുകൂടി ഡയറക്ടറേറ്റിലേക്ക് അയച്ചുകൊടുക്കാന്‍ കഴിയാത്തതാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണം. സെക്രട്ടറിമാര്‍ക്ക് മാത്രമാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്‍കാനുള്ള അധികാരം.

പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നിന്നാണ് ഡിസംബര്‍മുതല്‍ ബാങ്കുവഴിയുള്ള പെന്‍ഷന്‍ വിതരണം നടത്തുന്നത്. പുതുപ്പള്ളി ഒഴികെ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളും ക്ഷേമപെന്‍ഷന്‍കാരുടെ പട്ടിക ഡയറക്ടറേറ്റിലേക്ക് നല്‍കി. ഇതുവരെ മണി ഓര്‍ഡറായി വിതരണംചെയ്തിരുന്ന പെന്‍ഷന്‍ ഡിസംബര്‍മുതല്‍ യുഡിഎഫ് ഗവണ്‍മെന്റ് ബാങ്ക് വഴി നല്‍കാന്‍ തീരുമാനിച്ചിരിക്കയാണ്. വാര്‍ധക്യ, വിധവ, കര്‍ഷകത്തൊഴിലാളി, അവിവാഹിത പെന്‍ഷനുകളാണ് മുടങ്ങുന്നത്. മൂന്നുമാസത്തെ പെന്‍ഷനുകള്‍ ഒരുമിച്ചാണ് വിതരണം നടത്തുന്നത്. അടുത്ത പെന്‍ഷന്‍വിതരണം ക്രിസ്മസിനോടനുബന്ധിച്ച് ഡിസംബര്‍ ആദ്യവാരം നടക്കേണ്ടതാണ്. ഇനി പഞ്ചായത്തില്‍നിന്ന് പട്ടിക അയച്ചാലും പുതുപ്പള്ളിയിലെ പെന്‍ഷനുകള്‍ മുടങ്ങിയേക്കും.

നാലുമാസം മുമ്പാണ് പുതുപ്പള്ളി പഞ്ചായത്ത് സെക്രട്ടറി പഠനാവശ്യത്തിനായി അവധിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് അസിസ്റ്റന്റ്് സെക്രട്ടറിക്ക്് ചുമതലനല്‍കി. രണ്ടുമാസം കഴിഞ്ഞപ്പോള്‍ അസി. സെക്രട്ടറി അപകടംപറ്റി അവധിയിലായി. തുടര്‍ന്ന് പെര്‍ഫോമന്‍സ് ഓഡിറ്റര്‍, സെക്രട്ടറിയുടെ ചുമതലയേറ്റു. ഇദ്ദേഹവും അവധിയായതിനാല്‍ സൂപ്രണ്ടിന് ചുമതല കൈമാറി. അവധിയില്‍ പ്രവേശിച്ച പഴയ സെക്രട്ടറി കഴിഞ്ഞ ഒക്ടോബര്‍ 11ന് ഏലപ്പാറ പഞ്ചായത്തില്‍ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിക്കുകയുംചെയ്തു. എന്നാല്‍ പുതുപ്പള്ളിയില്‍ പുതിയ പഞ്ചായത്ത് സെക്രട്ടറിയെ നിയമിക്കാന്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. സെക്രട്ടറിയുടെ അഭാവംമൂലം വസ്തുവിന്റെ തീര്‍പ്പുകല്‍പ്പിക്കലും കെട്ടിടനികുതി നിര്‍ണയിക്കലും പുതുപ്പള്ളിയില്‍ താളംതെറ്റിയ നിലയിലാണ്.

ഒടുവില്‍ പുതുപ്പള്ളിയിലും വില്ലേജ് ഓഫീസറെത്തി

കോട്ടയം: രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രിയുടെ നാടായ പുതുപ്പള്ളിയില്‍ പുതിയ വില്ലേജ് ഓഫീസറെത്തി. വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കഴിഞ്ഞ ദിവസം "ദേശാഭിമാനി" പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തരമായി ചൊവ്വാഴ്ച തന്നെ വില്ലേജ് ഓഫീസറെ നിയോഗിച്ചത്. നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫീസര്‍ പരിശീലനത്തിന്റെ ഭാഗമായി തലസ്ഥാനത്തേക്ക് പോയതോടെയാണ് പുതുപ്പള്ളി നിവാസികള്‍ക്ക് ബുദ്ധിമുട്ടിലായത്. വിജയപുരം വില്ലേജ് ഓഫീസര്‍ക്ക് പുതുപ്പള്ളിയുടെ ചുമതല കൂടി നല്‍കിയിരുന്നെങ്കിലും അദ്ദേഹത്തിന് രണ്ടിടത്തും ഓടിയെത്താന്‍ കഴിഞ്ഞിരുന്നില്ല. ജനസമ്പര്‍ക്കപരിപാടിയുമായി ഓടി നടക്കുന്ന മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ദുരിതം കാണാതിരുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.

deshabhimani

No comments:

Post a Comment