Thursday, November 14, 2013

ബലാല്‍സംഗം പരാമര്‍ശം: ഖേദപ്രകടനവുമായി സിബിഐ ഡയറക്ടര്‍

ബലാല്‍സംഗം ചെറുക്കാനാവില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന പരാമര്‍ശം വിവാദമായതോടെ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഖേദം പ്രകടിപ്പിച്ചു. സിബിഐ സുവര്‍ണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ ചോദ്യോത്തര വേളയിലാണ് ബലാല്‍സംഗം തടയാനായില്ലെങ്കില്‍ ആസ്വദിക്കൂവെന്ന് സിന്‍ഹ പറഞ്ഞത്. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചതില്‍ ദുഃഖമുണ്ടെന്ന് സിന്‍ഹ ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. സെമിനാറിലെ ചോദ്യോത്തര വേളയില്‍ വാതുവയ്പ് നിയമപരമാക്കണമെന്ന തന്റെ വാദഗതി സമര്‍ഥിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. ലോട്ടറി നിയമവിധേയമാണ്. അതേപോലെ വാതുവയ്പും നിയമവിധേയമാക്കി നികുതി ഈടാക്കണം. വാതുവയ്പ് നിരോധനം നടപ്പാക്കാനാവുന്നില്ലെങ്കില്‍ ബലാല്‍സംഗം ചെറുക്കാനായില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന് പറയുന്നതുപോലെയാണ്- രഞ്ജിത് സിന്‍ഹ പറഞ്ഞു.

പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. സിബിഐ ഡയറക്ടര്‍ രാജിവയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. അങ്ങേയറ്റം അപലപനീയമായ പ്രസ്താവനയാണ് സിബിഐ ഡയറക്ടറുടേത്. ഉത്തരവാദപ്പെട്ട പദവി വഹിക്കുന്ന ഒരാള്‍ക്ക് എങ്ങനെ ഇത്തരം പരാമര്‍ശം നടത്താനാവും. സിബിഐ ഡയറക്ടര്‍പദവിയില്‍ തുടരാന്‍ ധാര്‍മികമായി അവകാശമില്ല. സിബിഐ ഡയറക്ടര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണം- വൃന്ദ പറഞ്ഞു. സിന്‍ഹ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ സിബിഐ ഡയറക്ടറുടെ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പരാമര്‍ശത്തെ വനിതാ കമീഷന്‍ അംഗം നിര്‍മല സാമന്ത് അപലപിച്ചു. ഇരുപത്തിനാലു മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ സിന്‍ഹയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്തികരമല്ലെങ്കില്‍ സിന്‍ഹയെ മാറ്റാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും നിര്‍മല പറഞ്ഞു. പൊതുസമൂഹത്തോട് മാപ്പുപറയാന്‍ സിബിഐ ഡയറക്ടര്‍ തയ്യാറാകണമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി പറഞ്ഞു. സിബിഐ ഡയറക്ടറുടെ പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയില്‍നിന്ന് ഈ പരാമര്‍ശം ആരും പ്രതീക്ഷിച്ചില്ലെന്ന് കിരണ്‍ ബേദി പറഞ്ഞു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സിബിഐ ഡയറക്ടര്‍ ഖേദപ്രകടനവുമായി രംഗത്തുവന്നത്. കായികമത്സരങ്ങളുമായി ബന്ധപ്പെട്ട വാതുവയ്പ് നിയമപരമാക്കണമെന്ന അഭിപ്രായപ്രകടനത്തിനിടെയാണ് ഇങ്ങനെ പരാമര്‍ശിച്ചതെന്ന് സിന്‍ഹ പറഞ്ഞു. നിയമം നടപ്പാക്കാനാവില്ല എന്നതുകൊണ്ട് നിയമം നിര്‍മിക്കാതിരിക്കാനാവില്ല. ബലാല്‍സംഗം ചെറുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂവെന്ന് പറയുന്നതിന് സമാനമാണിത്. സ്വാഭാവികമായി താന്‍ പറഞ്ഞുപോയ കാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഖേദിക്കുന്നു. വനിതകളോട് തനിക്കുള്ള അങ്ങേയറ്റത്തെ ബഹുമാനവും ആദരവും ആവര്‍ത്തിക്കുന്നു. ലിംഗവിവേചന വിഷയങ്ങളില്‍ താന്‍ അങ്ങേയറ്റം പ്രതിജ്ഞാബദ്ധനുമാണ്- സിന്‍ഹ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment