Thursday, November 14, 2013

കോണ്‍ഗ്രസുകാര്‍ പൊലീസിനെ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചു

കാസര്‍കോട്: എല്‍ബിഎസ് എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോണ്‍ഗ്രസുകാര്‍ പൊലീസിനെ ആക്രമിച്ച് ആശുപത്രിയില്‍നിന്ന് മോചിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാലോടെയാണ് പ്രതികളെ ബലമായി മോചിപ്പിച്ചത്. അക്രമി സംഘത്തിലെ ഒരാളെ കാസര്‍കോട് പൊലീസ് പിടിച്ചു. അഷ്വാദ്, ശ്യാം, അനഘ് എന്നിവരാണ് ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടത്. ജാമ്യം ലഭിക്കാത്ത 308 വകുപ്പ് പ്രകാരം കേസെടുത്തതിനാലാണ് ആശുപത്രിയില്‍ ഇവര്‍ക്ക് പൊലീസ് കാവലേര്‍പ്പെടുത്തിയത്. പരിക്കൊന്നുമില്ലാതെ കൗണ്ടര്‍ കേസിനാണ് ഇവര്‍ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ യൂണിഫോം മാറ്റുന്നതിന് മാറിയ സമയത്താണ് കോണ്‍ഗ്രസ്- ലീഗ് സംഘമെത്തിയത്. വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍നിന്ന് ഇറങ്ങുന്നത് കണ്ട പൊലീസുകാര്‍ ഓടിവന്നെങ്കിലും അവരെ ആക്രമിച്ച് പ്രതികളെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യാതെയാണ് ഇവരെ കൊണ്ടുപോയത്. ആശുപത്രിയില്‍നിന്ന് ഓടിപ്പോയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആദൂര്‍ എസ്ഐയുടെ ഒത്താശയോടെയാണ് പ്രതികളെ മോചിപ്പിച്ചതെന്നും ആരോപണമുണ്ട്.

സംഭവമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ പൊലീസുകാരെ ആക്രമിച്ചിട്ടില്ലെന്നാണ് എസ്ഐയുടെ വിശദീകരണം. പൊലീസിനെ ആക്രമിക്കുന്നതും ബഹളംവയ്ക്കുന്നതും ആശുപത്രിയിലുണ്ടായിരുന്നവരും നാട്ടുകാരും കണ്ടതാണ്. എല്‍ബിഎസ് കോളേജില്‍ സ്ഥിരമായി അക്രമം നടത്തുന്ന സംഘത്തെയാണ് കോണ്‍ഗ്രസ്് സംഘം മോചിപ്പിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനുശേഷം കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ച് ബുധനാഴ്ച കെഎസ്യു ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും കെഎസ്യു ആഹ്വാനം തള്ളി. പൊലീസിനെ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ച കേസില്‍ ഒരാളെ കാസര്‍കോട് പൊലീസ് ബുധനാഴ്ച വൈകിട്ട് പിടിച്ചു. വിദ്യാനഗര്‍ ബിസി റോഡിലെ സുഹൈബാണ് പിടിയിലായത്. കെഎസ്യു ജില്ലാപ്രസിഡന്റ് പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തിയത്. നഗരത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരും കൂട്ടത്തിലുണ്ടായിരുന്നു.

deshabhimani

No comments:

Post a Comment