Thursday, November 14, 2013

എംബിബിഎസ് വേണ്ട ; ഗ്രാമീണ ഡോക്ടര്‍ കോഴ്സിന് കേന്ദ്രത്തിന്റെ അംഗീകാരം

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ഗ്രാമീണ ഡോക്ടര്‍ കോഴ്സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ആധുനിക വൈദ്യശാസ്ത്ര മേഖലയില്‍ ഡോക്ടറാകാന്‍ ഇനി എംബിബിഎസ് വേണ്ട. കോളേജിലെ ത്രിവര്‍ഷ ബിരുദ കോഴ്സായ ബിഎസ് സി കമ്യൂണിറ്റി ഹെല്‍ത്ത് കോഴ്സിനാണ് അംഗീകാരം നല്‍കിയത്.പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും കേരളവും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ബിഎസ് സി കമ്യൂണിറ്റി ഹെല്‍ത്ത് കോഴ്സ് തുടങ്ങാന്‍ സര്‍വ്വകലാശാലകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ കോഴ്സ് തുടങ്ങാന്‍ താത്പര്യമില്ലെന്ന് കേരളം നേരത്തെ അറിയിച്ചിരുന്നു. താത്പര്യമുള്ളവര്‍ തുടങ്ങിയാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

ശരീരഘടനാ ശാസ്ത്രം, രോഗനിര്‍ണ്ണയം എന്നിവ പാഠ്യപദ്ധതിയിലുണ്ട്. സാധാരണ പ്രസവമെടുക്കല്‍, ഗര്‍ഭസ്ഥ നവജാത ശിശുക്കളുടെ പരിചരണം, വയറിളക്കം നിയന്ത്രിക്കല്‍, ക്ഷയരോഗത്തിന് മരുന്ന് നല്‍കല്‍, പനി, ചൊറി അടക്കം സങ്കീര്‍ണമല്ലാത്ത ത്വക് രോഗങ്ങള്‍ എന്നിവയ്ക്കുള്ള പരിശോധന നടത്തേണ്ട വിധവും പാഠ്യ പദ്ധതിയുടെ ഭാഗമാണ്. പട്ടിക വിഭാഗക്കാര്‍ക്കെതിരായ പീഡനത്തിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമഭേദഗതിയും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. ശരത് പവാറിന്റെയും അജിത്സിംഗിന്റെയും എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം.
 
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവരെ സാമൂഹികമായും ശാരീരികമായും ദ്രോഹിക്കുന്നതിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമഭേദഗതി.

deshabhimani

No comments:

Post a Comment