Thursday, November 14, 2013

ആന്ധ്രയെ വിഭജിക്കരുത്: സിപിഐ എം, വൈഎസ്ആര്‍ കോണ്‍ഗ്രസ്

ആന്ധ്രപ്രദേശിനെ വിഭജിക്കരുതെന്ന് സിപിഐ എമ്മും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ടിയും തെലങ്കാന വിഷയത്തില്‍ രൂപീകരിക്കപ്പെട്ട മന്ത്രിസമിതി മുമ്പാകെ ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ വിഘടനവാദം തലയുര്‍ത്താന്‍ ഇത് ഇടയാക്കുന്ന ഈ തീരുമാനം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ ബി വി രാഘവുലു അറിയിച്ചു. ഒരു പ്രശ്നം തീര്‍ക്കാന്‍ സംസ്ഥാനം വെട്ടിമുറിച്ചാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കാവും വഴിവെയ്ക്കും- രാഘവുലു പറഞ്ഞു. സംസ്ഥാനത്തെ പിന്നോക്ക മേഖലകളുടെ വികസനത്തിന് നിരവധി നിര്‍ദേശം സിപിഐ എം മുന്നോട്ടുവെച്ചിട്ടുണ്ട്. തെലങ്കാന രൂപീകരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ സംസ്ഥാന വിഭജനത്തെ തുടര്‍ന്നുള്ള ഒട്ടനവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും- രാഘവുലു പറഞ്ഞു.

വിഭജനം തെലുങ്ക ജനതയെ സംബന്ധിച്ച് ഒട്ടനവധി തലമുറകളെ ബാധിക്കുന്ന ശാപമായി മാറുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അറിയിച്ചു. വിഭജനത്തില്‍നിന്ന് കേന്ദ്രം പിന്തിരിയണം. വിഭജനത്തിനുള്ള ഓരോ നീക്കവും തങ്ങള്‍ ചെറുക്കും- വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ടി കത്തിലൂടെ അറിയിച്ചു. ഹൈദരാബാദ് മെട്രോ വികസന മേഖലയെ കേന്ദ്ര ഭരണപ്രദേശമാക്കി നിലനിര്‍ത്തണമെന്ന് ടൂറിസം മന്ത്രി വട്ടി വസന്ത്കുമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രഭരണ പ്രദേശമാക്കിയില്ലെങ്കില്‍ ഹൈദരാബാദില്‍ വരുന്ന ആന്ധ്ര മേഖലയുടെ സ്വത്തുക്കള്‍ക്കും ജീവനും ആര് സംരക്ഷണം നല്‍കുമെന്നും വസന്ത്കുമാര്‍ ചോദിച്ചു. മന്ത്രിസമിതി മുമ്പാകെ ഹാജരായി നിലപാട് അറിയിക്കാന്‍ വിസമ്മതിച്ച തെലുങ്കുദേശം പാര്‍ടിയെ തെലങ്കാന രാഷ്ട്രസമിതി വിമര്‍ശിച്ചു. ആന്ധ്രയിലെ എട്ട് അംഗീകൃത രാഷ്ട്രീയപാര്‍ടികളില്‍ ഏഴ് പാര്‍ടികളും സമിതി മുമ്പാകെ അഭിപ്രായം അറിയിച്ചിട്ടുണ്ട്് ചന്ദ്രബാബു നായിഡു നീതിയെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ സമിതി മുമ്പാകെ അഭിപ്രായം പറയാതെ രണ്ട് മേഖലകളോടും തെലുങ്കുദേശം അന്യായം കാട്ടുകയാണ്- ടിആര്‍എസ് നേതാവ് കെ ടി രാമറാവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

deshabhimani

No comments:

Post a Comment