Wednesday, November 13, 2013

സുപ്രീംകോടതി മുന്‍ ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്ന് അഭിഭാഷക

സുപ്രീംകോടതിയില്‍നിന്ന് ഈയിടെ വിരമിച്ച ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്ന ഞെട്ടിപ്പിക്കുന്ന ആരോപണവുമായി യുവഅഭിഭാഷക. ഡല്‍ഹി കൂട്ടബലാല്‍സംഗത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്ന ഡിസംബറില്‍, ക്രിസ്മസ് തലേന്ന് ഹോട്ടലില്‍ ജഡ്ജി പീഡിപ്പിച്ചെന്നാണ് ആരോപണം. ആരോപണം അന്വേഷിക്കാന്‍ ജസ്റ്റിസുമാരായ ആര്‍ എം ലോധ, എച്ച് എല്‍ ദത്തു, രഞ്ജന പ്രകാശ് ദേശായി എന്നിവരുള്‍പ്പെട്ട ഉള്‍പ്പെട്ട സമിതിക്ക് ചീഫ് ജസ്റ്റിസ് പി സദാശിവം രൂപംനല്‍കി. ചൊവ്വാഴ്ച വൈകിട്ട് അന്വേഷണം ആരംഭിക്കാനും വിഷയം സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും- ചീഫ് ജസ്റ്റിസ് അറിയിച്ചു.

ചീഫ് ജസ്റ്റിസിന് മുമ്പാകെ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയാണ് ആരോപണം പരാമര്‍ശിച്ചത്. രാവിലെമുതല്‍ വിഷയം മനസ്സിനെ വേട്ടയാടുകയാണെന്ന പരാമര്‍ശത്തോടെയാണ് സംഭവം അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്. ലൈംഗികചൂഷണസംഭവങ്ങള്‍ പൊറുക്കാനാകില്ല. വിഷയം ലഘുവായി കാണുന്നില്ല. സുപ്രീംകോടതി തലവനെന്നനിലയില്‍ താന്‍ ആശങ്കാകുലനാണ്. ആരോപണം ശരിയോ തെറ്റോ എന്ന് അറിയണം- അദ്ദേഹം പറഞ്ഞു.

നവംബര്‍ ഏഴിന് "ജേര്‍ണല്‍ ഓഫ് ഇന്ത്യന്‍ സൊസൈറ്റി ആന്‍ഡ് ലോ" എന്ന ബ്ലോഗില്‍ പേരുവച്ചെഴുതിയ കുറിപ്പിലാണ് 2012 ഡിസംബര്‍ 24ന് ഉണ്ടായ ദുരനുഭവം സ്റ്റെല്ല വിവരിച്ചത്. പിന്നീട് "ലീഗലി ഇന്ത്യ" എന്ന വെബ്സൈറ്റിലെ അഭിമുഖത്തില്‍ ആരോപണം ആവര്‍ത്തിച്ചു. ഒരു പത്രം വാര്‍ത്തയാക്കിയതോടെ സംഭവം സുപ്രീംകോടതിയുടെ ശ്രദ്ധയിലെത്തി.

കൊല്‍ക്കത്തയിലെ "നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസില്‍" (എന്‍യുജെഎസ്) വിദ്യാര്‍ഥിനിയായിരുന്ന സ്റ്റെല്ല സുപ്രീംകോടതി ജഡ്ജിക്ക് കീഴില്‍ ഇന്റേണ്‍ഷിപ് ചെയ്യുമ്പോഴാണ് ആരോപിക്കപ്പെടുന്ന സംഭവം. ജഡ്ജി താമസിക്കുന്ന ഹോട്ടല്‍മുറിയിലേക്ക് തന്നെ വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ചെന്നും ശാരീരികമായി പരിക്കേല്‍പ്പിക്കുന്ന രീതിയില്‍ അല്ലെങ്കിലും കടന്നാക്രമണം നടന്നെന്നും സ്റ്റെല്ല വെളിപ്പെടുത്തി. തന്റെ മുത്തച്ഛനാകാന്‍ പ്രായമുള്ളയാളില്‍നിന്നാണ് ഈ അനുഭവം. ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാലിപ്പോഴും ആ ദിവസം മനസ്സില്‍ മായാതെ കിടക്കുന്നു. സുപ്രീംകോടതി ജഡ്ജി ഇങ്ങനെ പെരുമാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇതേ ജഡ്ജി ലൈംഗികമായി ചൂഷണംചെയ്ത മറ്റ് മൂന്ന് സംഭവങ്ങള്‍ താന്‍ കേട്ടിട്ടുണ്ട്. മറ്റ് ജഡ്ജിമാരില്‍നിന്ന് അപമാനമേറ്റ നാല് പെണ്‍കുട്ടികളെ തനിക്കറിയാം. ആറുമാസത്തോളം താന്‍ ആ ജഡ്ജിക്കൊപ്പം പ്രവര്‍ത്തിച്ചു. തന്നോട് നല്ല രീതിയിലാണ് പെരുമാറിയത്. എന്നാല്‍, സംഭവമുണ്ടായപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന ആശയക്കുഴപ്പമായി. താന്‍ സ്വയം മുറിയിലേക്ക് പോകുന്നതും ശാന്തയായി തിരിച്ചുപോകുന്നതും കണ്ടവരുണ്ട്. ജഡ്ജിക്കെതിരെ പരാതിപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ചിന്തിച്ചിരുന്നു. മറ്റ് പെണ്‍കുട്ടികള്‍ക്ക് ദുരനുഭവം ഉണ്ടാകരുതെന്ന് കരുതിയാണിതു പറയുന്നതെന്നും കുറിപ്പിലുണ്ട്.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment