Monday, November 11, 2013

പത്മ അവാര്‍ഡിന് നിര്‍ദേശിച്ചത് വന്‍ വ്യവസായികളെ

പത്മ അവാര്‍ഡുകള്‍ക്ക് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ പ്രമുഖരില്‍ പലരും ശുപാര്‍ശ ചെയ്തത് ബന്ധുക്കളെയും സുഹൃത്തുക്കളെയും വന്‍വ്യവസായികളെയും. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് പ്രമുഖരുടെ നാമനിര്‍ദേശ ശുപാര്‍ശകള്‍ വെളിപ്പെട്ടത്. പ്രമുഖ വ്യവസായികളുടെ പേരു നിര്‍ദേശിച്ചവരില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് മന്ത്രിമാരായ വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ വി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ഇ അഹമ്മദ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, എംപിമാരായ പി സി ചാക്കോ, പീതാംബരകുറുപ്പ് എന്നിവരുള്‍പ്പെടും.

റിയാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ എംഡി ഗ്രേസ് അഗസ്റ്റിന്‍ പിന്റോയുടെ പേരാണ് രമേശ് ചെന്നിത്തലയും വയലാര്‍ രവിയും നിര്‍ദേശിച്ചത്. പ്രമുഖ വ്യവസായി പി എന്‍ സി മേനോനെയും സയ്യദ് സലാഹുദ്ദീനെയും വയലാര്‍ രവി ശുപാര്‍ശചെയ്തിട്ടുണ്ട്. വ്യവസായി പി മുഹമ്മദാലിയുടെ പേര് ഇ അഹമ്മദ് നിര്‍ദേശിച്ചു. പി വി ഗംഗാധരനെ മുല്ലപ്പള്ളി നിര്‍ദേശിച്ചപ്പോള്‍ ഗോകുലം ഗോപാലന്റെ പേരാണ് പി സി ചാക്കോ നിര്‍ദേശിച്ചത്. വ്യവസായി കെ രവീന്ദ്രനാഥിനെ കൊടിക്കുന്നില്‍ സുരേഷ് ശുപാര്‍ശചെയ്തപ്പോള്‍ രാഘവന്‍സീതാരാമന്റെ പേര് പി ജെ കുര്യന്‍ മുന്നോട്ടുവച്ചു. വ്യവസായി എസ് രാജശേഖരന്‍നായരെ എന്‍ പീതാംബരക്കുറുപ്പ് നിര്‍ദേശിച്ചപ്പോള്‍ പളനി പെരിയസ്വാമിക്ക് അവാര്‍ഡ് നല്‍കണമെന്നാണ് കെ വി തോമസ് ആവശ്യപ്പെട്ടത്. സാമൂഹ്യപ്രവര്‍ത്തനത്തിന് എം സി മേനോനെ പി സി ചാക്കോ നിര്‍ദേശിച്ചപ്പോള്‍ ഡോ. സുധീര്‍ എം പരീഖിനെ സണ്ണി ജോസഫ് എംഎല്‍എ മുന്നോട്ടുവച്ചു. കല-സാംസ്കാരിക-കായിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ പേരുകള്‍ ഈ പട്ടികയിലില്ല. വ്യവസായികളുടെ പേരു നിര്‍ദേശിക്കാന്‍ ഏറെ താല്‍പ്പര്യം കാട്ടിയ നേതാക്കളാരുംതന്നെ സംസ്ഥാനത്ത് നിന്നുള്ള കായികതാരങ്ങളെ പരിഗണിച്ചില്ല.

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ പേര് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രി കാര്യാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായ എല്‍ കെ അതീഖും ചിറ്റിലപ്പിള്ളിയെ നിര്‍ദേശിച്ചു. ഡോ. എം അജിത് ശങ്കര്‍ദാസിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വയലാര്‍ രവിയും നിര്‍ദേശിച്ചു. ഡോ. വി പി ഗംഗാധരനെ പി രാജീവും എം ബി രാജേഷും നിര്‍ദേശിച്ചിരുന്നു. സ്ക്രീനിങ് സമിതിയും ഡോ. ഗംഗാധരന്റെ പേര് നിര്‍ദേശിച്ചിരുന്നു. സാഹിത്യകാരന്‍ ഓംചേരിയുടെ പേര് വയലാര്‍ രവി നിര്‍ദേശിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ മകള്‍ ദീപ്ത ഓംചേരിയുടെയും സുഗതകുമാരിയുടെയും പേര് ഒ എന്‍ വി നിര്‍ദേശിച്ചിട്ടുണ്ട്. കലാമണ്ഡലം ഗീതാനന്ദന്റെ പേര് പി കെ ബിജു എംപി മുന്നോട്ടുവച്ചു. യേശുദാസ്, എം ടി വാസുദേവന്‍നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ പേര് നിര്‍ദേശിച്ചിട്ടുണ്ട്. സാഹിത്യത്തില്‍ തോമസ് ജേക്കബ്ബിനെ മന്ത്രി കെ വി തോമസ് നിര്‍ദേശിച്ചു. ഗോപിനാഥ് മുതുകാടിനെ ചെന്നിത്തലയും മുല്ലപ്പള്ളിയും സംസ്ഥാന സര്‍ക്കാരും നിര്‍ദേശിച്ചു. കെ എന്‍ അനന്തകുമാര്‍, സുന്ദര്‍മേനോന്‍ എന്നീ പേരുകളും ചെന്നിത്തല മുന്നോട്ടുവച്ചിട്ടുണ്ട്. സുന്ദര്‍മേനോന്റെ പേര് മുല്ലപ്പള്ളിയും നിര്‍ദേശിക്കുന്നു. കാര്‍ഡിയോസര്‍ജറി വിഭാഗത്തില്‍ ഡോ. സൈല്‍ സിങ് മെഹര്‍വാളിന്റെ പേര് മുല്ലപ്പള്ളി മുന്നോട്ടുവച്ചിട്ടുണ്ട്. സാഹിത്യരംഗത്ത് ഇ വത്സലകുമാറിനെ എം ഐ ഷാനവാസ് നിര്‍ദേശിക്കുന്നു.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment