Wednesday, November 13, 2013

എല്‍ഡിഎഫിന് പിന്തുണയേറി

കേരളത്തില്‍ യുഡിഎഫ് വിരുദ്ധവികാരം അതിശക്തമാണെന്ന് വ്യക്തമാകുന്ന അനുഭവങ്ങളാണ് എല്‍ഡിഎഫ് ജാഥയിലുണ്ടായതെന്ന് വടക്കന്‍ മേഖലാ ജാഥയുടെ ക്യാപ്റ്റന്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ "ദേശാഭിമാനി"യോട് പറഞ്ഞു. പൊതുവെ എല്‍ഡിഎഫ് ദുര്‍ബലമെന്ന് പറയുന്ന മേഖലകളില്‍ പോലും അനുകൂലമായ പ്രതികരണം ജനങ്ങളിലുണ്ടായിട്ടുണ്ട്. 16 മണ്ഡലങ്ങളില്‍ 14ഉം യുഡിഎഫ് വിജയിച്ച മലപ്പുറം ജില്ലയിലെ സ്വീകരണങ്ങള്‍തന്നെ ഇതിന് ഉദാഹരണമാണ്. കാസര്‍കോട് ജില്ലയിലെ ഉപ്പളയില്‍നിന്ന് ജാഥ ആരംഭിച്ചു. തുളുഭാഷയില്‍ മുദ്രാവാക്യം വിളിക്കുന്ന ജനക്കൂട്ടങ്ങള്‍ക്ക് മുന്നില്‍ ഉദ്ഘാടനച്ചടങ്ങ് ആവേശം പകര്‍ന്നു.

വയനാട്ടില്‍നിന്ന് തമിഴ്നാട് പ്രദേശമായ ഗൂഡല്ലൂര്‍ വഴിയാണ് ജാഥ കടന്നുവന്നത്. രണ്ട് സ്ഥലത്ത് വാഹനം തടഞ്ഞുനിര്‍ത്തി തമിഴ്നാട്ടുകാര്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി. 73 മണ്ഡലങ്ങളിലാണ് വടക്കന്‍മേഖലാജാഥ പര്യടനം നടത്തുന്നത്. സോളാര്‍ പ്രശ്നമാണ് ജാഥയില്‍ പ്രധാനമായും ഉന്നയിച്ചത്. കേസന്വേഷണത്തില്‍ മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കുന്നില്ല. സിറ്റിങ് ജഡ്ജിക്ക് പകരം റിട്ട. ജഡ്ജിയെക്കൊണ്ടാണ് അന്വേഷിപ്പിക്കുന്നത്. നിയോഗിച്ചിട്ടുള്ള റിട്ട. ജഡ്ജിയാകട്ടെ ഗവണ്‍മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പിന്നോക്കസമുദായ കമീഷന്‍ ചെയര്‍മാനാണ്. സിറ്റിങ് ജഡ്ജിയെ വിട്ടുകിട്ടിയില്ല എന്നാണ് പറയുന്നത്. എന്നാല്‍, എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കല്ലുവാതുക്കല്‍ ദുരന്തം അന്വേഷിക്കുന്നതിനായി സിറ്റിങ് ജഡ്ജിയെ കിട്ടാതെവന്നപ്പോള്‍ കര്‍ണാടകത്തില്‍നിന്ന് ഹൈക്കോടതി ജഡ്ജിയെ കൊണ്ടുവന്നിട്ടുണ്ട്. വി എസ് മന്ത്രിസഭയുടെ കാലത്ത് സിറ്റിങ് ജഡ്ജിയെ കിട്ടാതെവന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ച് ജില്ലാ ജഡ്ജിയുടെ സേവനം ലഭ്യമാക്കുകയുണ്ടായി. അന്വേഷണപരിധിയില്‍ മുഖ്യമന്ത്രിയെയും ഓഫീസിനെയും ഉള്‍പ്പെടുത്താന്‍ തയ്യാറായതുമില്ല. ഈ പശ്ചാത്തലത്തിലാണ് വഞ്ചകനായ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നത്. ഈ സമരം ജനങ്ങള്‍ ഏറ്റെടുത്തതായാണ് സ്വീകരണകേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ശ്വേതാമേനോന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച സ്ത്രീവിരുദ്ധ നിലപാട് തുറന്നുകാട്ടാന്‍ ജാഥയിലൂടെ സാധിച്ചു.

നിതാഖാത് പ്രശ്നത്തില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ നിസ്സംഗതയ്ക്കെതിരായ പ്രതിഷേധം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ദൃശ്യമായി. നിയമസഭയില്‍ നല്‍കിയ ഉറപ്പുകളൊന്നും മുഖ്യമന്ത്രി പാലിച്ചില്ല. സൗദിഅറേബ്യയില്‍ പോയി ഇടപെടേണ്ടിയിരുന്ന പ്രവാസിമന്ത്രി കെ സി ജോസഫ് ഓസ്ട്രേലിയയിലേക്ക് പോയതില്‍ പ്രവാസികള്‍ക്കുള്ള രോഷം ശക്തമാണ്. വിലക്കയറ്റം സൃഷ്ടിച്ച പ്രയാസം വീട്ടമ്മമാര്‍ വിഷമത്തോടെ വിശദീകരിക്കുകയുണ്ടായി. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ പൊതുമാര്‍ക്കറ്റില്‍ ഉണ്ടായിരുന്നതിനേക്കാള്‍ എത്രയോ മടങ്ങാണ് ഇപ്പോഴത്തെ വില. 20 രൂപയുണ്ടായിരുന്ന അരിക്ക് 34 രൂപ. മാവേലി സ്റ്റോറില്‍ വില 28. എട്ട് രൂപയുണ്ടായിരുന്ന തക്കാളിക്ക് 32 രൂപ. പച്ചക്കറിയുടെ വില അഞ്ഞൂറ് ശതമാനം വര്‍ധിച്ചു. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധന വേറെ. റേഷന്‍കടകളില്‍ എപിഎല്ലുകാരുടെ ഗോതമ്പ് നിര്‍ത്തലാക്കിയത് ആട്ട ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുന്ന കമ്പനിക്കാര്‍ക്കുവേണ്ടിയാണെന്നോര്‍ക്കണം. കൊലപാതകങ്ങളും അതിക്രമങ്ങളും വര്‍ധിച്ചു. മലപ്പുറത്തെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ എംഎല്‍എയെ ഇതുവരെയും പിടികൂടിയിട്ടില്ല. തൃശൂര്‍ ജില്ല കൊലപാതകങ്ങളുടെ കേന്ദ്രമായി. എസ്എഫ്ഐ നേതാവ് ഫാസിലിനെ കൊലപ്പെടുത്തിയതിന്റെ ആസൂത്രണം ഇതുവരെയും പുറത്തുവന്നിട്ടില്ല. രണ്ട് കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസുകാര്‍തന്നെ കൊലപ്പെടുത്തി. ഇതിലെ ഗൂഢാലോചന പുറത്തുവന്നിട്ടില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരായ വികാരമാണ് വയനാട്ടില്‍ കണ്ടത്. ക്രിസ്തീയസഭകളും സര്‍ക്കാരിനെതിരെ രംഗത്തുവന്നു. കാര്‍ഷികപ്രതിസന്ധി രൂക്ഷമാണ്. റബര്‍ വിലയിടിവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ വളരെ വികാരത്തോടെയാണ് കര്‍ഷകര്‍ അവതരിപ്പിച്ചത്. നെല്‍കര്‍ഷകരുടെ പ്രശ്നം അതിലേറെ രൂക്ഷമാണ്. നൂറ് കോടി രൂപ സംഭരണകുടിശ്ശിക കിട്ടാനുണ്ടെന്ന് പാലക്കാട്ടെ കര്‍ഷകര്‍ പറഞ്ഞു. എല്‍ഡിഎഫ് പ്രക്ഷോഭം കാരണമാണ് വികസനമുരടിപ്പെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം ജനങ്ങളില്‍ കൂടുതല്‍ അവമതിപ്പാണ് ഉണ്ടാക്കിയത്. പാലക്കാട് കോച്ച്ഫാക്ടറി, കണ്ണൂര്‍ വിമാനത്താവളം, ഇടുക്കി, കുട്ടനാട് പാക്കേജ്, കൊച്ചി സ്മാര്‍ട്ട്സിറ്റി തുടങ്ങിയ പദ്ധതികള്‍ മുടങ്ങിയത് എല്‍ഡിഎഫ് പ്രക്ഷോഭം കൊണ്ടാണോ?

ജനങ്ങളെ വിഡ്ഢികളാക്കുകയാണ് മുഖ്യമന്ത്രി. അട്ടപ്പാടിയില്‍ അറുപത്തഞ്ചോളം കുട്ടികള്‍ മരിച്ച സംഭവം പാലക്കാട്ടും ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ പിരിച്ചുവിട്ടത് കാസര്‍കോട്ടും ചര്‍ച്ചയായി. ഇത്തരം പ്രശ്നങ്ങളിലൊന്നും ഇടപെടാതെ ഉമ്മന്‍ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് "വോട്ടര്‍ സമ്പര്‍ക്ക" പരിപാടിയുമായി നടക്കുന്നു. അധികാരം മുഴുവന്‍ പഴയ രാജ്യഭരണത്തെ ഓര്‍മിക്കുന്നവിധം മുഖ്യമന്ത്രിയിലാണ്. തന്നെ കാണുന്നവര്‍ക്ക് മാത്രം ആനുകൂല്യം, അല്ലാത്ത ലക്ഷക്കണക്കിനാളുകളുടെ അവകാശം നിഷേധിക്കുന്നു. ഇക്കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനും സര്‍ക്കാരിനെതിരായ അവരുടെ വികാരം ഉള്‍ക്കൊള്ളാനും ഞങ്ങള്‍ക്ക് ജാഥയിലൂടെ കഴിഞ്ഞെന്നും കോടിയേരി പറഞ്ഞു.
(ഇ എസ് സുഭാഷ്)

നാടെങ്ങും ജനരോഷം

എല്‍ഡിഎഫ് തെക്കന്‍ മേഖലാ പ്രചാരണ ജാഥയുടെ പര്യടനവേളയില്‍ എങ്ങും ദൃശ്യമായത് സര്‍ക്കാരിനെതിരായ അമര്‍ഷമാണെന്ന് ജാഥാ ക്യാപ്റ്റന്‍ സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരന്‍ പറഞ്ഞു. ഈ സര്‍ക്കാരിനെ പുറത്താക്കിയാലും തരക്കേടില്ലെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. പുതിയ രാഷ്ട്രീയ-ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നതായി സി ദിവാകരന്‍ "ദേശാഭിമാനി"യോട് പറഞ്ഞു.

ജനങ്ങളാകെ ദുരിതം അനുഭവിക്കുന്ന അസാധാരണ രാഷ്ട്രീയ സാഹചര്യത്തിലാണ് എല്‍ഡിഎഫ് പ്രക്ഷോഭ ജാഥകള്‍ തുടങ്ങിയത്. സാമ്പത്തിക തട്ടിപ്പുകളുടെയും ക്രമക്കേടുകളുടെയും പരമ്പരയാണ് അരങ്ങേറുന്നത്. ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. എല്‍ഡിഎഫ് സമീപനങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും മനസിലാക്കുന്നു. പതിമൂന്ന് ദിവസമായി 72 നിയമസഭാ മണ്ഡലത്തിലെ ജനങ്ങളുമായി സംവദിക്കാന്‍ കഴിഞ്ഞു. ആവേശകരമായ വരവേല്‍പ്പായിരുന്നു. നവംബര്‍ ഒന്നിന് എറണാകുളത്ത് ജാഥയുടെ ഉദ്ഘാടനച്ചടങ്ങ് തന്നെ ജനവികാരം പ്രതിഫലിപ്പിക്കുന്നതായിരുന്നു. കോരിച്ചൊരിഞ്ഞ മഴയെ കൂസാതെ ആയിരങ്ങളെത്തി. എറണാകുളം ജില്ലയുടെ വികസനത്തിലും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്ന ഉമ്മന്‍ചാണ്ടിക്കെതിരായ പ്രതിഷേധം സ്വീകരണങ്ങളില്‍ ദൃശ്യമായി. സ്മാര്‍ട് സിറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ചിടത്തുതന്നെയാണ്. ഒരു ചുവട് മുന്നേറിയിട്ടില്ല. ഐടി കമ്പനികളില്‍നിന്ന് കമീഷന്‍ പറ്റാന്‍ ഒരു ഷെഡ് കെട്ടിയത് മിച്ചം. കപ്പല്‍ നിര്‍മാണശാലയും കൊച്ചി തുറമുഖവുമൊക്കെ വികസനം കാക്കുന്നു. കൊച്ചിയുടെ അഭിമാനമായ എഫ്എസിടിയെ രക്ഷിക്കാന്‍ എല്‍ഡിഎഫ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി നേതാക്കളടക്കം ഞങ്ങള്‍ക്ക് നിവേദനം തന്നു.

കര്‍ഷകരാകെ അമര്‍ഷത്തിലാണ്. റബര്‍ കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും നാടായ ഇടുക്കിയിലും സ്ഥിതി വ്യത്യസ്തമല്ല. തൊടുപുഴ, അടിമാലി, പീരുമേട്, വണ്ടിപ്പെരിയാര്‍, കട്ടപ്പന എന്നിവിടങ്ങളിലെല്ലാം ആവേശം അലയടിച്ചു. പ്രക്ഷുബ്ദ രാഷ്ട്രീയ സാഹചര്യത്തിലാണ് മലയോര ജില്ല. എന്നും യുഡിഎഫിനൊപ്പം നിന്ന ഇടുക്കി ബിഷപ്പിനും ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറയേണ്ടിവന്നു. ഒരു ഭാഗത്ത് റിയല്‍ എസ്റ്റേറ്റ് മാഫിയയെയും മറുഭാഗത്ത് കുടിയൊഴിപ്പിക്കലിനെയും ഭയക്കുകയാണ് കര്‍ഷകര്‍. രാഷ്ട്രീയം നോക്കാതെതന്നെ ഈ വെല്ലുവിളികളെ നേരിടാന്‍ ഇവര്‍ തയ്യാറാവുന്നു. അരമനകളും പുരോഹിതരും തൊഴിലാളികള്‍ക്കൊപ്പം അണിനിരക്കുന്നു.

അഭൂതപൂര്‍വ ജനക്കൂട്ടമാണ് പത്തനംതിട്ടയില്‍ ദൃശ്യമായത്. സംഘടിതമായ ഒുരുക്കങ്ങളും സംവിധാനങ്ങളും ജാഥാ അംഗങ്ങളെ ആവേശഭരിതരാക്കി. രാത്രി വൈകിയും ജനങ്ങള്‍ ആവേശത്തോടെ കാത്തുനിന്നു. കര്‍ഷകരാകെ കേന്ദ്ര-കേരള സര്‍ക്കാരുകളെ പഴിക്കുകയാണ്. തിരുവല്ലയിലും അടൂരിലുമടക്കം അത്ഭുതപ്പെടുത്തുന്ന ജനമുന്നേറ്റം. ജില്ലയില്‍വച്ചാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കെട്ടിച്ചമച്ച കള്ളക്കേസ് കോടതി തള്ളിക്കളഞ്ഞ വിവരം അറിയുന്നത്. അതിന്റെ ആഹ്ലാദം സ്വീകരണകേന്ദ്രങ്ങളില്‍ ദൃശ്യമായിരുന്നു. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍, കെ എം മാണി തുടങ്ങിയവരുടെ തട്ടകമായ കോട്ടയം ജില്ലയില്‍ കടുത്ത രോഷംതന്നെയാണ് സര്‍ക്കാരിനെതിരെ. സ്വന്തം നാട്ടില്‍ രണ്ടായിരത്തിലേറെ പൊലീസിന്റെ നടുവില്‍ സഞ്ചരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ഗതികേട് ലജ്ജാകരമെന്നാണ് കോട്ടയത്തെയും പുതുപ്പള്ളിയിലേയും ജനവികാരം. പാമ്പാടയിലെ സ്വീകരണയോഗം ഇത് വിളിച്ചുപറഞ്ഞു.

ചുവപ്പിനോടുള്ള ആലപ്പുഴയുടെ ഇഴയടുപ്പം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു ചേര്‍ത്തലയിലും അമ്പലപ്പുഴയിലും കായംകുളത്തും കുട്ടനാട്ടിലുമൊക്കെയുണ്ടായ സ്വീകരണം. സംഭരിക്കുന്ന നെല്ലിന്റെ വിലപോലും നല്‍കാത്ത സര്‍ക്കാരിന്റെ ചതിക്കെതിരായ വികാരമാണ് കുട്ടനാട്ടിലെ കര്‍ഷകരില്‍. നാടിനെ തിരിഞ്ഞുനോക്കാത്ത എംപിമാര്‍ക്കെതിരായ അമര്‍ഷവും നുരഞ്ഞുപൊങ്ങുന്നു. കൊല്ലം ജില്ലയാകെ ആവേശത്തിലായിരുന്നു. കര്‍ഷകരും പരമ്പരാഗത വ്യവസായത്തൊഴിലാളികളും ഇടത്തരക്കാരും ചെറുകിട വ്യാപാരികളുമൊക്കെ സ്വീകരണകേന്ദ്രത്തിലേക്ക് ഒഴുകിയെത്തി. സ്ത്രീകളുടെ അഭൂതപൂര്‍വ സാന്നിധ്യമുണ്ടായി. മലയോര മേഖലയിലെ തോട്ടം തൊഴിലാളികളും കര്‍ഷകരുമൊക്കെ ഒഴുകിയെത്തി. തലസ്ഥാന ജില്ലയില്‍ മൂന്നു ദിവസത്തെ പര്യടനം കഴിഞ്ഞാണ് ജാഥ സമാപിക്കുന്നത്. സംഘടിതമായ രീതിയിലാണ് ജാഥയ്ക്ക് ജില്ലയില്‍ വരവേല്‍പ്പ് നല്‍കിയത്. വര്‍ക്കല, ആറ്റിങ്ങല്‍ മേഖലയിലെല്ലാം ഈ സര്‍ക്കാരിനെതിരായ വികാരം അലയടിക്കുന്നു. പ്രവാസികളെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ജനം വിശ്വസിക്കുന്നു. ജനവിരുദ്ധ നടപടികളും തട്ടിപ്പുകളുടെ പരമ്പരയും മത്രം മുഖമുദ്രയായ ഈ സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കേണ്ടെന്ന നിലപാട് ജനസഞ്ചയങ്ങള്‍ സാക്ഷ്യപ്പെടുത്തുകയായിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു.
(ജി രാജേഷ്കുമാര്‍)

deshabhimani

No comments:

Post a Comment