തിരുവനന്തപുരം > എൽഡിഎഫ‌് സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ കിഫ‌്ബിവഴി മാത്രം 42,363 കോടി രൂപയുടെ വികസനപദ്ധതികൾക്ക് അംഗീകാരം. വിവിധ വകുപ്പുകൾക്കു കീഴിൽ 533 സ്വപ‌്നപദ്ധതിയാണ‌് പ്രവർത്തിപഥത്തിലെത്തിയത‌്. അഞ്ചുവർഷത്തിൽ 50,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കലാണ് ലക്ഷ്യമിട്ടത്. എന്നാൽ 1000 ദിനങ്ങളിലേക്കെത്തുമ്പോൾ തന്നെ ലക്ഷ്യത്തിനടുത്തെത്തി. കിഫ്ബി എന്നത‌് മലർപ്പൊടിക്കാരന്റെ സ്വപ‌്നമെന്നാണ‌് പലരും ആക്ഷേപിച്ചത‌്. ഇതിനകം പൂർത്തിയായതും ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികൾ ഈ വിമർശങ്ങൾക്കുള്ള മറുപടിയാണ്.
സ‌്കൂളുകളിൽ ഹൈടെക് ക്ലാസ്റൂം ആദ്യഘട്ടം പൂർത്തീകരിച്ചു. താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റിന്റെയും ജില്ലാ ആശുപത്രികളിലെ കാത്ത് ലാബിന്റെയും ആദ്യഘട്ടവും വനംവകുപ്പിന്റെ സോളാർ ഫെൻസിങ‌് മൂന്ന് ഘട്ടവും പൂർത്തീകരിച്ചു. മലയോര, തീരദേശ വിശാലപാതകളുടെ നിർമാണം ആരംഭിച്ചു. കിഫ‌്ബി റോഡുകൾ പ്രാവർത്തികമാവുന്നു. 25 വർഷം മുൻകൂട്ടി കണ്ടാണ‌്പശ്ചാത്തല സൗകര്യങ്ങൾ ഒരുങ്ങുന്നത‌്. എല്ലാ മണ്ഡലങ്ങളെയും സ്പർശിച്ചാണ‌് പദ്ധതികൾ.
സംസ്ഥാന ഹൈവേകൾ, പ്രധാന റോഡുകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലെ അടിസ്ഥാനസൗകര്യം, ജലഗതാഗതം, ഐടി വികസനം, വൈദ്യുതി, സാംസ‌്കാരികകേന്ദ്രങ്ങൾ, മൃഗസംരക്ഷണകേന്ദ്രങ്ങൾ, ഊർജോൽപ്പാദനം, കുടിവെള്ള വിതരണം തുടങ്ങി എല്ലാ മേഖലകളിലും സമഗ്രവികസന പദ്ധതികളാണ‌് മുന്നേറുന്നത‌്. ഊർജമേഖലയിൽമാത്രം 5200 കോടിയുടെ പദ്ധതികൾക്ക‌് അംഗീകാരമായി. ട്രാൻസ‌്‌ഗ്രിഡ‌് 2.0 ൽ മൊത്തം 6375 കോടിയുടെ പ്രവൃത്തികളുണ്ട‌്. ഐടിമേഖലയിൽ 1174.13 കോടിയുടെ നിക്ഷേപം ഉറപ്പായി. ഇവയിലൂടെ ഏതാണ്ട‌് 6431 കോടിയുടെ വരുമാനമെത്തും. ഇതിൽ അഞ്ച‌് സാംസ‌്കാരിക കേന്ദ്രങ്ങളും ഉൾപ്പെടുന്നു.
വ്യവസായമേഖലയിൽ 14275.17 കോടിയുടെ നിക്ഷേപം ഉറപ്പായി. രണ്ട‌് വ്യവസായപാർക്കിന‌് 1565.17 കോടി നീക്കിവച്ചു. ഭൂമി ഏറ്റെടുക്കാൻ 12,710 കോടി വിനിയോഗിക്കുന്നു. കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയുടെ സാധ്യതകളും പ്രയോജനപ്പെടുത്തുന്നുണ്ട‌്. തീരദേശസ‌്കൂളുകളും ആശുപത്രികളും നവീകരിക്കാൻ 900 കോടി വകയിരുത്തി. പൊതുമരാമത്തുമേഖലയിൽ 11,000 കോടിയുടെ നിക്ഷേപം വരുന്നു. രണ്ട‌് വർഷം ബജറ്റ‌് വകയിരുത്തലടക്കം 5388 കോടി നീക്കിവച്ചതിനു പുറമെയാണിത‌്. സൈക്കിൾട്രാക്കോടുകൂടിയ തീരദേശ ഹൈവേയുടെ അടങ്കൽ 6000 കോടിയാണ‌്. 2016–-2017ലെ ബജറ്റിൽ പ്രഖ്യാപിച്ച കിഫ‌്ബി പദ്ധതികളിൽ 68 ശതമാനവും 2017–-18ലെ പദ്ധതികളിൽ 78 ശതമാനവും അനുമതിയായവയിൽപ്പെടുന്നു. പകുതിയും ടെൻഡർ കഴിഞ്ഞു. 82 ശതമാനത്തോളം കരാർവച്ച‌് നിർമാണം തുടങ്ങി
ജി രാജേഷ‌് കുമാർ
No comments:
Post a Comment