Tuesday, March 12, 2019

മികവുതെളിയിച്ച‌് പുതിയ ദൗത്യവുമായി വീണാ ജോർജ്‌ പത്തനംതിട്ടയിൽ

വീണാ ജോർജ്‌ (42). ആറന്മുള എംഎൽഎ. സിപിഐ എം പത്തനംതിട്ട ഏരിയാ കമ്മിറ്റിയംഗം. കോളേജ് അധ്യാപികയായിരിക്കെ മാധ്യമരംഗത്തെത്തി. മലയാളം വാർത്താ ചാനലുകളിലെ ആദ്യ വനിതാ എക്സിക്യുട്ടീവ് ഡയറക്ടർ. വിവിധ ദൃശ്യമാധ്യമങ്ങളിൽ ശ്രദ്ധേയ പ്രവർത്തനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന നാം മുന്നോട്ട് പരിപാടിയുടെ അവതാരക. എംഎസ‌്‌സി,  ബിഎഡ് ബിരുദധാരി. ഭർത്താവ്: ഡോ.ജോർജ് ജോസഫ്. മക്കൾ: അന്ന, ജോസഫ്.

ദൃശ്യ മാധ്യമപ്രവർത്തക എന്ന നിലയിൽനിന്ന് രാഷ്ട്രീയപ്രവർത്തകയായി മാറിയ വീണ ജോർജ് ചുരുങ്ങിയ കാലംകൊണ്ട‌് ജനപ്രതിനിധിയായി മികവറിയിച്ച വ്യക്തിത്വമാണ‌്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി. കന്നി മത്സരത്തിൽ കോൺഗ്രസിലെ കെ ശിവദാസൻനായരെ തറപറ്റിച്ചു. കെ കെ നായർക്ക് ശേഷം പത്തനംതിട്ട നഗരം വികസനമെന്തെന്ന് അറിഞ്ഞത്  വീണയിലൂടെയാണ്. എൽഡിഎഫ് മന്ത്രിസഭ ആയിരം ദിനം പൂർത്തിയാകുമ്പോൾ വികസനത്തിന് വേലിയേറ്റമാണ് ആറന്മുള മണ്ഡലത്തിൽ. 250 കോടിയിലേറെ രൂപയുടെ വിവിധ വികസന പദ്ധതികൾ ഈ കാലയളവിൽ മണ്ഡലത്തിൽ എത്തി.

ആഗസ്ത് 14ൽ അർധരാത്രിയോടെ ആർത്തലച്ചെത്തിയ പ്രളയത്തെ അതിജീവിച്ച് കേരളം ചരിത്രമെഴുതിയപ്പോൾ രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനത്തിലും വീണയെന്ന ജനപ്രതിനിധിയുടെ ശക്തമായ നേതൃത്വം ആറന്മുള കണ്ടു. ഭാവിയുടെ കായികതാരങ്ങൾ പരിശീലനത്തിന് കളിസ്ഥലമില്ലാതെ ഉഴറുന്ന ജില്ലാ ആസ്ഥാനത്തിന് സംസ്ഥാന സർക്കാർ സമ്മാനിച്ച 50 കോടിയുടെ സ്റ്റേഡിയം സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ട് വേണ്ടെന്നു വച്ച നഗരഭരണക്കാർക്കെതിരെ സമരഭൂമിയിലിറങ്ങിയ എംഎൽഎയ്ക്ക് പിന്തുണയുമായി ജില്ലയിലെ യുവാക്കളാകെ ഒഴുകിയെത്തി.

മണ്ഡലം സമ്പൂർണ വൈദ്യുതീകരണം, 1000 ഹെക്ടറിലേറെ തരിശുഭൂമി വീണ്ടും കതിരണിയിച്ച പ്രവർത്തനങ്ങൾ, വരട്ടാർ വീണ്ടെടുക്കൽ എന്നിവയിലെല്ലാം വീണയുടെ നേതൃത്വ മികവ് വ്യക്തമായി. എൽപി, യുപി സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ, കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 25 കോടിയുടെ പദ്ധതികൾ എന്നിവ പുരോഗമിക്കുകയാണ‌്.ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി അടക്കം ആരോഗ്യമേഖലയിൽ സമഗ്ര മാറ്റങ്ങൾ. മാധ്യമരംഗത്തോട് വിടപറഞ്ഞാണ് ജനാധിപത്യവേദിയിൽ എത്തിയതെങ്കിലും സർക്കാർ പരിപാടികൾ ജനങ്ങളിലെത്തിക്കുന്നതിൽ ഈ മാധ്യമപ്രവർത്തക മുന്നിലുണ്ട്.

No comments:

Post a Comment