കെ പി സതീഷ്‌ചന്ദ്രൻ (62). സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം. 1957 നവംബർ 25ന‌് നീലേശ്വരം പട്ടേനയിൽ ജനനം. പരേതനായ കെ കെ ഗോവിന്ദൻ നമ്പ്യാരുടെയും പരേതയായ കുഞ്ഞുലക്ഷ‌്മിയുടെയും മകനാണ‌് ബിരുദധാരിയായ സതീഷ‌്ചന്ദ്രൻ. 1996 മുതൽ പത്ത‌് വർഷം തൃക്കരിപ്പൂർ എംഎൽഎ. എസ‌്എഫ‌്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ‌്, സംസ്ഥാന വൈസ‌്പ്രസിഡന്റ‌്, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡിവൈഎഫ‌്ഐ കാസർകോട‌് ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ‌്പ്രസിഡന്റും കേന്ദ്രകമ്മിറ്റി അംഗവുമായി. സിപിഐ എം ജില്ലാകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയറ്റ‌് അംഗം, ജില്ലാ സെക്രട്ടറി, എൽഡിഎഫ‌് ജില്ലാ കൺവീനർ, കെഎസ‌്കെടിയു ജില്ലാ സെക്രട്ടറി, അഖിലേന്ത്യ കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കെഎസ‌്കെടിയു സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭാര്യ: സീതാദേവി. മക്കൾ: അജിത‌്, നന്ദഗോപാൽ.
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ 2006ൽ എൽഡിഎഫിലെ സി എച്ച‌് കുഞ്ഞമ്പു അട്ടിമറി വിജയം നേടുമ്പോൾ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുക്കാൻപിടിച്ചത‌് സതീഷ‌്ചന്ദ്രനായിരുന്നു. അന്ന‌് പരാജയപ്പെട്ട മുസ്ലിംലീഗിന്റെ ചെർക്കളം അബ്ദുള്ള ആദ്യം കൈകൊടുത്തത‌് സതീഷ‌്ചന്ദ്രനാണ‌്. പിറ്റേന്ന‌് പത്രങ്ങളിൽ ‘ഇരുത്തിക്കളഞ്ഞല്ലോടാ മോനേ’ എന്ന അടിക്കുറപ്പോടെ ഈ ചിത്രം സ്ഥാനംപിടിച്ചു. അതേ സതീഷ‌് ചന്ദ്രൻ ഇന്ന‌് കാസർകോടുനിന്ന‌് ലോക‌്സഭയിലേക്ക‌് മത്സരിക്കുമ്പോൾ ആവേശത്തിലാണ‌് നാടും ജനങ്ങളും.
ഉന്നത വിദ്യാഭ്യാസരംഗത്ത‌് ഏറെ പിന്നിലായിരുന്ന കാസർകോടിനെ വലിയ കുതിപ്പിലേക്ക‌് നയിച്ചത‌് സതീഷ‌്ചന്ദ്രനാണ‌്. തൃക്കരിപ്പൂർ ഗവ. പോളിടെക‌്നിക്ക‌് ആരംഭിച്ചതാണ‌് ഏറ്റവും പ്രധാനം. സഹകരണവകുപ്പിന‌് കീഴിൽ എൻജിനിയറിങ‌് കോളേജും ഐഎച്ച‌്ആർഡി കോളേജും കയ്യൂർ ഐടിഐയും പിലിക്കോട‌് മോഡൽ റസിഡൻഷ്യൽ സ‌്കൂളുമൊക്കെ അദ്ദേഹത്തിന്റെ മുൻകൈയിൽ യാഥാർഥ്യമായി.
മലയോരത്തും തീരദേശ മേഖലയിലും പാലങ്ങൾ നിർമിച്ചതിലൂടെ ജില്ലയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെട്ടു. നഗരത്തിലെ മേൽപാലം നാട്ടുകാരുടെ ജീവിതവേഗം കൂട്ടി. കയ്യൂർ അരയാക്കടവ‌് പാലം, പിലിക്കോട‌് റെയിൽവേ മേൽപാലം, പുങ്ങംചാൽ, മുക്കട, തട്ടാക്കടവ‌്, ഇടയിലെക്കാട‌് പാലങ്ങൾ, മാവിലാക്കടപ്പുറം–-വെള്ളാപ്പ‌് പാലം, ചെറുപുഴ–-വള്ളിക്കടവ‌് പാലം ഇവയെല്ലാം സതീഷ‌്ചന്ദ്രന്റെ കൈയൊപ്പു പതിഞ്ഞവയാണ‌്. ഇന്ത്യയിലെ ആദ്യകാല കമ്യൂണിസ‌്റ്റ‌് നേതാവ‌് അമീർ ഹൈദർഖാന്റെ ജീവചരിത്രം പരിഭാഷപ്പെടുത്തിയത‌് സതീഷ‌്ചന്ദ്രനും ഡോ. സി ബാലനുമായിരുന്നു.
No comments:
Post a Comment