Sunday, March 10, 2019

കെ എൻ ബാലഗോപാലിനെപ്പറ്റി

വിഷയം ഗഹനമായി പഠിച്ച് അതിൽ ഇടപെടും, നിയമവും കൊമേഴ്‌സും പോലെ പരിസ്ഥിതി വിഷയങ്ങളിലും ആഴത്തിലുള്ള അറിവ്‌: കെ എൻ ബാലഗോപാലിനെപ്പറ്റി ഡൽഹിയിൽ മാധ്യമ പ്രവർത്തകനും റിപ്പോർട്ടർ ചാനൽ ന്യൂസ്‌ എഡിറ്ററുമായ ബാലഗോപാൽ ബി നായർ

ബാലഗോപാൽ ബി നായർ

ബാലഗോപാൽ ബി നായർ
ആരാണ് മികച്ച പാർലമെന്റേറിയൻ? പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ എല്ലാം മികച്ച പാർലമെന്റേറിയനെ സംബന്ധിച്ച് ഓരോ കാഴ്ചപ്പാട് ഉണ്ടാകും. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നവർ ആകും മികച്ച പാർലമെന്റേറിയന്മാർ എന്ന കാഴ്ചപ്പാട് ഉള്ളവർ കാണും. പാർലമെന്റിലെ നിയമനിർമ്മാണം ഉൾപ്പടെ ഉള്ള പ്രവർത്തനങ്ങളിൽ ഇടപെട്ട് സമയം കളയുന്നതിനെ കാൾ പാർലമെന്റിന് പുറത്ത് സമയം ചെലവഴിക്കുന്നവർ ആകും മികച്ച ജനപ്രതിനിധികൾ എന്ന് കരുതുന്നവർ കാണും. എന്തെങ്കിലും പ്രവർത്തിക്കുന്നതിനെകാളും പ്രവർത്തിച്ചു എന്ന് കാണിക്കുന്നവർ ആണ് മികച്ച പാർലമെന്റേറിയൻ എന്ന് കരുതുന്നവരും കാണും. വ്യത്യസ്തമായ ഈ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ പ്രവർത്തന മികവിനെപ്പറ്റി റിപ്പോർട്ടർ ചാനൽ ന്യൂസ്‌ എഡിറ്ററും ഡൽഹിയിലെ മാധ്യമപ്രവർത്തകനുമായ ബാലഗോപാൽ ബി നായർ എഴുതിയ ഫേസ്‌ബുക്ക്‌ കുറിപ്പ്‌.

മികച്ച പാർലമെന്റേറിയൻ. മിഥ്യയും യാഥാർഥ്യവും.
*************************

ലോക്സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിലെ പ്രമുഖ മുന്നണികളിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണ ആയി. ഇടത് മുന്നണി ഇരുപത് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യു ഡി എഫ് , എൻ ഡി എ ക്യാമ്പുകളിൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച ചർച്ചകൾ ഏതാണ്ട് അന്തിമ ഘട്ടത്തിലാണ്. സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.

കഴിഞ്ഞ കുറെ ദിവസം ആയി ടി വി ചർച്ചകളിലും, പത്ര ഓൺലൈൻ മാധ്യമങ്ങളിലും മറ്റും ഏറ്റവും കേൾക്കുന്ന ഒരു വാക്കാണ് "മികച്ച പാർലമെന്റേറിയൻ". മികച്ച പാർലമെന്റേറിയൻമാരുടെ പട്ടിക തന്നെ ചർച്ചകൾക്ക് നേതൃത്വം നൽകുന്നവരും, ചർച്ചകളിൽ പങ്കെടുക്കുന്ന വിദഗദ്ധരും, പത്ര, ഓൺലൈൻ മാധ്യമങ്ങളിലെ കോളമിസ്റ്റുകളും ഒക്കെ പറയുന്നതും എഴുതുന്നതും ഒക്കെ കേൾക്കുകയും കാണുകയും ചെയ്തു. ഓരോത്തരും അവരവരുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചാണ് നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. വ്യക്തിപരമായി പറഞ്ഞാൽ ഇങ്ങനെ കേൾക്കുന്ന ചില അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പാണ്. ചിലതിനോട് വിയോജിപ്പാണ്.

ആരാണ് മികച്ച പാർലമെന്റേറിയൻ? പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ എല്ലാം മികച്ച പാർലമെന്റേറിയനെ സംബന്ധിച്ച് ഓരോ കാഴ്ചപ്പാട് ഉണ്ടാകും. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നവർ ആകും മികച്ച പാർലമെന്റേറിയന്മാർ എന്ന കാഴ്ചപ്പാട് ഉള്ളവർ കാണും. പാർലമെന്റിലെ നിയമനിർമ്മാണം ഉൾപ്പടെ ഉള്ള പ്രവർത്തനങ്ങളിൽ ഇടപെട്ട് സമയം കളയുന്നതിനെ കാൾ പാർലമെന്റിന് പുറത്ത് സമയം ചെലവഴിക്കുന്നവർ ആകും മികച്ച ജനപ്രതിനിധികൾ എന്ന് കരുതുന്നവർ കാണും. എന്തെങ്കിലും പ്രവർത്തിക്കുന്നതിനെകാളും പ്രവർത്തിച്ചു എന്ന് കാണിക്കുന്നവർ ആണ് മികച്ച പാർലമെന്റേറിയൻ എന്ന് കരുതുന്നവരും കാണും. വ്യത്യസ്തമായ ഈ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.

കേരളത്തിൽ നിന്ന് 2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതാണ്ട് പകുതിയിൽ അധികം പേരെ എനിക്ക് പരിചയം ഉണ്ട്. ചിലരെ അടുത്ത് അറിയാം. ചിലരെ അകലെ നിന്ന് അറിയാം. വിരലിൽ എണ്ണാവുന്നവരെ കുറിച്ച് ഒന്നും അറിയില്ല. പാർലമെന്ററി രംഗത്ത് പ്രാഗൽഭ്യം തെളിയിച്ചിട്ടുവളർ ആണ് ഇതിനോടകം സ്ഥാനാർത്ഥിത്വം ഉറപ്പിച്ച പലരും. എന്നാൽ ആ പട്ടികയിൽ എനിക്ക് ഏറ്റവും അധികം മതിപ്പ് തോന്നിയിട്ടുള്ള ഒരു മുൻ പാർലമെന്റേറിയനെ കുറിച്ച് ആണ് ഈ കുറിപ്പ്. ചുരുക്കി പറഞ്ഞാൽ എന്റെ കാഴ്ചപ്പാടിലെ മികച്ച പാർലമെന്റേറിയൻ മാരിൽ ഒരാൾ. ചാനൽ ചർച്ചകളിലും, കോളം എഴുതുമ്പോഴും റഫെറെൻസോ, ഡാറ്റയോ ഇല്ലാതെ അഭിപ്രായം രേഖപെടുത്താം. എന്നാൽ അങ്ങനെ എഴുതുന്നതിൽ അഭംഗി ഉള്ളതിനാൽ കൃത്യമായ റഫെറെൻസുകളോടെ ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്തുക ആണ്.

1. രാജ്യസഭയെ നോക്ക് കുത്തി ആകുന്നതിന് എതിരായ പൊട്ടിതെറിക്കൽ.

2015 മെയ്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തി ഒരു വർഷം പിന്നിട്ട സമയം. ലോക്സഭയിൽ മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന മോദി സർക്കാരിന് രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. സാധാരണ ബില്ലുകൾ പലതും പണ ബില്ലുകൾ (money bill) ആയി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കാൻ തുടങ്ങി. ഭരണഘടനയുടെ 108 മുതൽ 111 വരെയും, 117 ഉം അനുച്ഛേദ പ്രകാരം പണ ബില്ലുകൾ ആയി അവതരിപ്പിച്ചാൽ രാജ്യസഭയിൽ ആ ബില്ലുകൾ അവതരിപ്പിക്കേണ്ടത് ഇല്ല. ലോക്സഭാ പാസ്സാക്കി രാഷ്‌ട്രപതി അംഗീകരിച്ചാൽ പണബില്ലുകൾ നിയമം ആയി മാറും. സർക്കാറിന്റെ ഈ നടപടിക്ക് എതിരെ രാജ്യസഭയിൽ ആദ്യം പൊട്ടി തെറിച്ചത് കെ എൻ ബാലഗോപാൽ ആയിരുന്നു. ബാലഗോപാൽ രാജ്യസഭയിൽ നടത്തിയ പ്രസംഗം ആണ് പിന്നീട് പ്രതിപക്ഷ പാർട്ടികളുടെ യോജിച്ച പ്രക്ഷോഭത്തിന് വഴി വച്ചത്. 2015 മെയ് 15 ലെ ഇക്കോണോമിക് ടൈംസ് ദിനപത്രത്തിന്റെ ലിങ്ക് ഇവിടെ നൽകുന്നു.

https://economictimes.indiatimes.com/…/article…/47290546.cms

രാജ്യസഭയിൽ വിഷയം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഈ വിഷയം ചൂണ്ടിക്കാണിച്ച് കെ എൻ ബാലഗോപാൽ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആ കത്തും അതിൽ ഉന്നയിച്ചിരുന്ന ഭരണഘടന വിഷയങ്ങളും ആധാർ കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ ഒൻമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ പോലും ചർച്ച വിഷയം ആയി. കോൺഗ്രസ് നേതാവ് ജയറാം രമേശ് സാധാരണ ബില്ലുകളെ പണ ബില്ലുകൾ ആയി അവതരിപ്പിക്കുന്ന പ്രവണത ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചപ്പോഴും ഉദ്ധരിച്ചത് കെ എൻ ബാലഗോപാലിന്റെ കത്തിലെ വാദങ്ങൾ ആയിരുന്നു.

2. ജി എസ് ടി വിഷയത്തിൽ ബാലഗോപാലിന്റെ വിയോജന കുറിപ്പ് ചിദംബരത്തിന് പോലും ആയുധം ആയി.

Across the Aisle. ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രത്തിൽ മുൻ ധനകാര്യ മന്ത്രി പി ചിദംബരം എഴുതുന്ന പ്രതിവാര കോളം. 2015 ഓഗസ്റ്റ് 9 ന് പി ചിദംബരത്തിന്റെ പ്രതിവാര കോളം ധനകാര്യ മന്ത്രി അരുൺ ജെയ്റ്റിലിക്ക് ഉള്ള തുറന്ന കത്ത് ആയിരുന്നു. ചരക്ക് സേവന ബില്ലിനോട് വിയോജിപ്പ് രേഖപ്പെടുത്തി ആയിരുന്നു ആ കത്ത്. കത്തിന്റെ നാലാമത്തെ പാരഗ്രാഫിൽ ചിദംബരം രണ്ട് എം പി മാരുടെ പേര് പരാമർശിക്കുന്നുണ്ട്. തമിഴ് നാട് മുൻ അഡ്വക്കേറ്റ് ജനറലും എ ഐ എ ഡി എം കെയുടെ രാജ്യസഭാ അംഗവും ആയ നവനീത കൃഷ്‌ണന്റെയും കെ എൻ ബാലഗോപാലിന്റെയും. ചിദംബരം ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിന്റെ ലിങ്ക് ഇതാണ്.

https://indianexpress.com/…/an-open-letter-in-reply-to-the…/

സമഗ്രാധിപത്യ ഭരണത്തിലേക്ക് ഒരു ചുവട് എന്നാണ് ജി എസ് ടി യെ കെ എൻ ബാലഗോപാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ധനകാര്യ മന്ത്രി അരുൺ ജെയ്റ്റിലിക്കും എഴുതിയ കത്തിൽ വിശേഷിപ്പിച്ചത്. ജി എസ് ടി ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് കെ എൻ ബാലഗോപാൽ രാജ്യസഭയിൽ നടത്തിയ പ്രസംഗം ഇങ്ങനെ

"സംസ്ഥാനങ്ങള്‍ക്ക് അഥവാ അന്ന് പ്രവിശ്യകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വില്‍പ്പന നികുതി പിരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഭരണഘടന നിര്‍മാണ സഭയില്‍ ബി ആര്‍ അംബേദ്കര്‍ നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. പ്രവിശ്യകള്‍ പിരിക്കേണ്ട വില്‍പ്പന നികുതിക്ക് പരിധി ഏര്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിയെയും എതിര്‍ത്തു. പ്രവിശ്യകള്‍ ആശ്രയിക്കുന്ന നിരവധി വിഭവസ്രോതസുകള്‍ കേന്ദ്രത്തിന്റെ പക്കല്‍ കുമിഞ്ഞുകൂടിയിരിക്കെ, ഒരു പ്രധാനപ്പെട്ട വരുമാനമാര്‍ഗമെങ്കിലും പ്രവിശ്യകള്‍ക്ക് വിട്ടുനല്‍കേണ്ടതാണ് എന്നായിരുന്നു അദ്ദേഹം ഉന്നയിച്ച ന്യായം. ‘പ്രവിശ്യകള്‍ക്ക് വില്‍പ്പന നികുതി നല്‍കുന്ന നിര്‍ദേശം വളരെ ന്യായമായ ഒന്നാണെന്ന് അംബേദ്‌കർ നിയമ നിർമ്മാണ സഭയിൽ നടത്തിയ ചർച്ചയിൽ പങ്കെടുത്ത് വിശദീകരിച്ചിരുന്നു. നമ്മുടെ അടിസ്ഥാന സത്തയായ ഫെഡറലിസത്തിന് നേരെ ഈ (ജി എസ് ടി) ബില്‍ ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നു".

ഫെഡറലിസം, സാമ്പത്തിക ഘടന, കേന്ദ്ര സംസ്ഥാന അധികാരങ്ങൾ എന്നിവ സംബന്ധിച്ച ഇന്ത്യൻ പർലമെൻറ് സമീപകാലത്ത് വീക്ഷിച്ച ഗൗരവ്വം ഏറിയ ഒരു പ്രസംഗം ആയിരുന്നു അത്. നികുതി നിയമങ്ങളിൽ (tax laws) ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും സമർത്ഥരായ രണ്ട് അഭിഭാഷകർ ആയ അരുൺ ജെയ്റ്റിലിയും പി ചിദംബരവും ജി എസ് ടി യും ബന്ധപ്പെട്ട് പിന്നീട് നടത്തിയ പല സംവാദങ്ങളിലും ഈ പ്രസംഗം ഉദ്ദരിക്കപ്പെട്ടു. രാഷ്ട്രീയമായി എതിർക്കുമ്പോൾ പോലും ജെയ്റ്റിലിക്ക് പോലും ബാലഗോപാലിന്റെ പ്രസംഗത്തിന്റെ തീയറിട്ടിക്കൽ വശം അംഗീകരിക്കേണ്ടി വന്നു. ദൗർഭാഗ്യവശാൽ ഈ സംവാദങ്ങൾക്ക് കേരളത്തിൽ വലിയ ശ്രദ്ധ ലഭിച്ചില്ല.

3. ഡൽഹി വിമാന താവളത്തിലെ കൊള്ളയ്ക്ക് എതിരായ പോരാട്ടം.

ആരൊക്കെ മറന്നാലും ഞാൻ ഇനി എഴുതാൻ പോകുന്ന സംഭവം ഇന്ന് ജീവിച്ചിരിക്കുന്ന രണ്ട് പേര് മറക്കാൻ ഇടയില്ല. രണ്ടാം യു പി എ സർക്കാരിന്റെ കാലത്തെ വ്യോമയാന വകുപ്പ് മന്ത്രി അജിത് സിംഗ് ആണ് അതിൽ ഒരാൾ. രണ്ടാമൻ അഹമ്മദ് പട്ടേൽ.

2011 ലെ എയർ പോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ഡെവലപ്പ്മെന്റ് ഫീസ് റൂൾസിന് എതിരെ കെ എൻ ബാലഗോപാൽ രാജ്യസഭയിൽ കൊണ്ട് വന്ന സ്‌റ്റാറ്റ്യുട്ടറി പ്രമേയം ഇന്ത്യൻ പാർലമെന്ററി രംഗത്തെ ഏറ്റവും ശ്രദ്ധേയം ആയ ഇടപെടലിൽ ഒന്നായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് പിരിച്ച 1481 കോടി രൂപ പ്രത്യേക ഫണ്ടിൽ നിക്ഷേപിക്കണം എന്നും ഈ ഫണ്ട് സി എ ജി ഓഡിറ്റിന് വിധേയം ആക്കണം എന്നും ആയിരുന്നു ബാലഗോപാലിന്റെ ആവശ്യം. ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് തന്റെ സ്റ്റാറ്റ്യുട്ടറി പ്രമേയം വോട്ടിനിടണം എന്ന് ബാലഗോപാൽ ആവശ്യപ്പെട്ടു. അപ്പോഴാണ് പ്രതിസന്ധി സർക്കാർ മനസിലാക്കിയത്. രാജ്യസഭയിൽ സർക്കാരിന് ആ അവസരത്തിൽ ഭൂരിപക്ഷം ഇല്ല.

പ്രമേയം പിൻവലക്കാമോ എന്ന് ചെയറും സർക്കാരും നിരന്തരം ബാലഗോപാലിനോട് അഭ്യർത്ഥിച്ചു. ഇല്ല എന്ന് ബാലഗോപാൽ . ഒടുവിൽ എവിടെ നിന്നോ ഓടി വന്ന അഹമ്മദ് പട്ടേൽ ഒടുവിൽ ബി എസ് പി അംഗങ്ങളെ സഭയിൽ നിന്ന് ഇറങ്ങി പോകാൻ സമ്മർദ്ദം ചെലുത്തി. എന്നിട്ടും ബാലഗോപാൽ വിട്ടു വീഴ്ചക്ക് ഇല്ല. മന്ത്രി അജിത് സിംഗ് സമയം കൊല്ലാൻ മറുപടി നീട്ടി കൊണ്ടേ ഇരുന്നു. അഹമ്മദ് പട്ടേൽ ഒടുവിൽ സീതാറാം യെച്ചൂരിയുടെ സഹായം തേടി. സമവായം ഉണ്ടായി. ബാലഗോപാലിന്റെ ആവശ്യം സർക്കാർ പരിഗണിക്കാം എന്ന് ഉറപ്പ് നൽകിയാൽ സ്‌റ്റാറ്റ്യുട്ടറി പ്രമേയം പിൻവലിക്കാം എന്ന തീരുമാനം ആയി. 2012 മെയ് 21 ലെ എക്കണോമിക് ടൈംസ് ദിനപത്രത്തിന്റെ ലിങ്ക് ഇതോടൊപ്പം

https://economictimes.indiatimes.com/…/articl…/13357643.cms…

രാജ്യത്തെ വിമാനത്താവളങ്ങളിൽ യൂസർ ഫീ യുടെ പേരിൽ നടന്ന കൊള്ള ഒരു പരിധി വരെ നിന്നത് ഈ ഇടപെടൽ കാരണം ആണ്.

3. കാലാവസ്ഥ വ്യതിയാനവും മൺറോതുരുത്തും.

കാലാവസ്ഥ വ്യതിയാനം കൊല്ലത്തെ മൺറോതുരുത്തിൽ ഉണ്ടാക്കുന്ന ദുരിതങ്ങളെ കുറിച്ച് ബാലഗോപാൽ പാർലമെന്റിന് അകത്തും പുറത്തും നടത്തിയ നിരവധി പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. ഈ വിഷയത്തെ കുറിച്ച് ഗവേഷണം നടത്തുന്നവരുടെ ഒരു റിസോർസ് പേഴ്സൺ ആണ് ബാലഗോപാൽ. കൊമേഴ്സിലും, നിയമത്തിലും ബിരുദാനന്തര ബിരുദം ആണ് ബാലഗോപാലിന്‌. പക്ഷേ പരിസ്ഥിതി വിഷയങ്ങളിലും അദ്ദേഹത്തിന് ആഴത്തിൽ ഉള്ള അറിവ് ആണ് ഉള്ളത്.

വിഷയം ഗഹനമായി പഠിച്ച് അതിൽ ഇടപെടുകയും, ഭരണഘടന വിദഗ്‌ദ്ധർ ഉൾപ്പടെ വില കൽപ്പിക്കുന്ന നിർദേശങ്ങളും ആശയങ്ങളും ഇടപെടലുകളും നടത്തുന്നവരാണ് മികച്ച പാർലമെന്റേറിയൻമാർ എന്നാണ് എന്റെ വിലയിരുത്തൽ. അത് കൊണ്ടാണ് കെ എൻ ബാലഗോപാലിനെ മികച്ച പാർലമെന്റേറിയൻ എന്ന് ഞാൻ കണക്ക് ആക്കുന്നത്. മറ്റാരുടെയും കാഴ്ചപ്പാടുകളോ, നിരീക്ഷണങ്ങളോ അഭിപ്രായങ്ങളോ തെറ്റ് ആണെന്ന അഭിപ്രായം എനിക്ക് ഇല്ല. പക്ഷേ എന്റെ കാഴ്ചപ്പാട് അവരിൽ നിന്നൊക്കെ വ്യത്യസ്തം ആണ്.

ഭിന്ന താത്പര്യം ഉള്ള വിഷയത്തിൽ ഞാൻ അഭിപ്രായം രേഖപെടുത്തിയതിലെ അഭംഗി ചിലർ ചൂണ്ടിക്കാണിക്കാം. അത് കൊണ്ട് അത് കൂടി വിശദീകരിച്ച് നിറുത്താം. രണ്ടര പതിറ്റാണ്ട് ആയി ബാലഗോപാലിനെ എനിക്ക് അറിയാം. പലത് കൊണ്ടും വ്യത്യസ്തനായ ഒരു രാഷ്ട്രീയകാരൻ ആണ് ബാലഗോപാൽ എന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് മറ്റൊരാളുടെ പഠന വിഷയത്തിൽ ഉള്ള അദ്ദേഹത്തിന്റെ താത്പര്യം. കൊമേഴ്സിലും, നിയമത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ബാലഗോപാൽ നിയമത്തിൽ പി എച്ച് ഡി ചെയ്യാനും ആരംഭിച്ചിരുന്നു. എന്നാൽ അത് പാതി വഴിയിൽ വച്ച് നിന്നു. പത്രപ്രവർത്തനത്തിൽ സജീവം ആയപ്പോൾ പകുതി വഴിയിൽ വച്ച് ഞാനും ഗവേഷണം ഉപേക്ഷിക്കേണ്ടത് ആയിരുന്നു. കാണുമ്പോഴൊക്കെ ജോലി തത്കാലത്തേക്ക് എങ്കിലും നിറുത്തി ഗവേഷണം പൂർത്തിയാക്കാൻ എന്നിൽ അദ്ദേഹം സമ്മർദ്ദം ചെലുത്തിയിരുന്നു. നിയമം പഠിക്കാതെ കോടതി വാർത്തകൾ റിപ്പോർട്ട് ആദ്യം റിപ്പോർട്ട് ചെയ്യുന്ന കാലത്ത് പല വസ്തുതാപരം ആയ പിഴവുകളും ഞാൻ വരുത്താറുണ്ടായിരുന്നു. എന്ത് തെറ്റ് കണ്ടാലും അപ്പോൾ തന്നെ വിളിച്ച് തിരുത്തിക്കുകയും, വേണ്ടത്ര ഗൃഹപാഠം നടത്താതിന് ശകാരിക്കുകയും ചെയ്യുന്ന വ്യക്തി ആണ് അദ്ദേഹം. എന്നോട് മാത്രം അല്ല പലരോടും ബാലഗോപാൽ ഇങ്ങനെ പറയാറുണ്ട് എന്ന് എനിക്ക് അറിയാം.

അത് കൊണ്ട് തന്നെ ആണ് ഞാൻ എഴുതിയ വരികൾക്കും വസ്തുതകൾക്കും കൃത്യമായ റഫറൻസ് നൽകിയിരിക്കുന്നത്. ഭിന്ന താത്പര്യം ഉള്ള വിഷയത്തിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ വസ്തുതാപരം ആയ പിഴവ് ഉണ്ടാകരുത് എന്ന നിർബന്ധ ബുദ്ധി എനിക്ക് ഉണ്ട്.

No comments:

Post a Comment