പി ജയരാജൻ. എട്ടു വർഷമായി സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി. സംസ്ഥാന കമ്മിറ്റിയംഗം. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായി ദീർഘകാലം പ്രവർത്തിച്ചു. 1972ൽ സിപിഐ എം അംഗം. കൂത്തുപറമ്പ് ഏരിയ സെക്രട്ടറിയായിരുന്നു. ദേശാഭിമാനി ജനറൽ മാനേജർ, കണ്ണൂർ യൂണിറ്റ് മാനേജർ, സിഐടിയു ജില്ലാസെക്രട്ടറി എന്നീനിലകളിലും പ്രവർത്തിച്ചു. തലശേരി മേഖലയിലെ ആർഎസ്എസ് ഭീകരതക്കെതിരെ ഐതിഹാസിക ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം നൽകിയ ജയരാജന് ഫാസിസ്റ്റ് ശക്തികൾ മരണം വിധിച്ചതാണ്. 1999 ആഗസ്ത് 25ന് തിരുവോണ ദിവസം ജീവൻ കവർന്നെടുക്കാൻ ആസൂത്രിതശ്രമം നടന്നെങ്കിലും അസാമാന്യ മനഃശക്തിയിലൂടെ മരണത്തെ അതിജീവിച്ചു. എൽഡിഎഫ് വടകര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന ജയരാജൻ കുടുംബത്തോടൊപ്പം ഓണമുണ്ണാൻ എത്തിയപ്പോഴാണ് ആർഎസ്എസുകാർ കിഴക്കേ കതിരൂരിലെ വീടിനു ബോംബെറിഞ്ഞ‌് ശരീരം വെട്ടിപ്പിളർന്നത‌്. വലതുകൈയുടെ സ്വാധീനവും ഇടതുകൈയുടെ തള്ളവിരലും നഷ്ടമായി. ദീർഘകാലത്തെ ചികിത്സയും വ്യായാമവും വഴി കൈകളുടെ പ്രവർത്തനശേഷി വീണ്ടെടുത്തു. പാട്യം കിഴക്കേ കതിരൂരിലെ പരേതനായ കാരായി കുഞ്ഞിരാമന്റെയും പാറായി ദേവിയുടെയും മകനായി 1953ൽ ജനനം. യമുനയാണ് ഭാര്യ. ജയിൻ പി രാജ്, ആഷിഷ് പി രാജ് എന്നിവർ മക്കൾ. മരുമകൾ: അഞ്ജലി.
പി ജയരാജന്റെ രാഷ‌്ട്രീയ നിലപാടിനോട‌് എനിക്ക‌് യോജിപ്പില്ല. കാരണം ഞാനൊരു കോൺഗ്രസുകാരനാണ‌്. എന്നാൽ നമ്മുടെ രാഷ‌്ട്രീയരംഗത്ത‌് അദ്ദേഹത്തെപ്പോലുള്ളവരാണ‌് ആവശ്യം. സത്യസന്ധനായ അഴിമതിയുടെ കറപുരളാത്ത നേതാവാണ‌് പി ജയരാജൻ–- നടൻ സലിംകുമാറിന്റെ വാക്കുകളാണിത‌്. രാഷ‌്ട്രീയത്തിനപ്പുറം പി ജയരാജനെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തിന്റെ അഭിപ്രായമാണ‌് സലിംകുമാർ പങ്കിട്ടത‌്. വടകരയിൽ എൽഡിഎഫ‌് സ്ഥാനാർഥിയായ പി ജയരാജൻ കലർപ്പില്ലാത്ത പ്രതിബദ്ധതയുടെയും നിസ്വാർഥതയുടെയും പ്രതീകമാണ‌്. തിരക്കേറിയ പാർടി പ്രവർത്തനത്തിനൊപ്പം സാന്ത്വനചികിത്സയെ ജനകീയ പ്രസ്ഥാനമാക്കിയ നേതാവാണ‌് പി ജയരാജൻ. കണ്ണൂരിലെ ഐആർ പിസി (ഇനീഷ്യേറ്റീവ‌് ഫോർ റിഹാബിലിറ്റേഷൻ ആൻഡ‌് പാലിയേറ്റീവ‌് കെയർ) എന്ന ജനകീയ സാന്ത്വനപ്രസ്ഥാനത്തിന്റെ എല്ലാമെല്ലാമാണ‌് അദ്ദേഹം.
ജനങ്ങൾ നൽകുന്ന സ്‌നേഹാദരങ്ങളുടെ കരുത്തിലാണ് കിടപ്പുരോഗികളുടെ സാന്ത്വനദായകൻ കടത്തനാടിന്റെ മണ്ണിൽ കന്നിയങ്കത്തിന് ഇറങ്ങുന്നത്.
സിപിഐ എം കണ്ണൂർ ജില്ലസെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായി സംഘാടകമികവും നേതൃശേഷിയും തെളിയിച്ച നേതാവാണ‌് പി ജയരാജൻ. രാഷ‌്ട്രീയ എതിരാളികളുടെ പകയ‌്ക്കും കടന്നാക്രമണത്തിനും നിരവധി തവണ ഇരയായി. അവക്ക‌് മുന്നിൽ പൊരുതിനിന്ന നിശ്ചയദാർഢ്യത്തിന്റെയും കരുത്തിന്റെയും നേതൃരൂപമായി മാറിയ അനുഭവം ഇദ്ദേഹത്തെ വേറിട്ട വ്യക്തിത്വമാക്കുന്നു.
ആർഎസ്എസുകാർ വെട്ടിനുറുക്കിയ ശരീരവുമായി കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി പി ജയരാജൻ നടത്തുന്ന പൊതുപ്രവർത്തനത്തിന് സമാനതകളില്ല. മരണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ജയരാജന്റെ നേതൃത്വം പുരോഗമനമനസുകൾക്ക‌് ഊർജസ്രോതസാണ്.
വിപ്ലവപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരിന്റെ മനസ് കീഴടക്കിയ ജനനായകൻ കടത്തനാട്ടിൽ വെന്നിക്കൊടി നാട്ടാനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ. കേരള നിയമസഭയുടെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷവുമായാണ് പി ജയരാജൻ മൂന്നുതവണ കൂത്തുപറമ്പിൽനിന്ന് നിയമസഭാംഗമായി. 2005 ജൂണിലെ ഉപതെരഞ്ഞെടുപ്പിൽ 45,865 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2001ൽ കൂത്തുപറമ്പിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. 2006-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം നിയമസഭാകക്ഷി സെക്രട്ടറിയായിരുന്നു. കണ്ണൂർ ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട‌്.
No comments:
Post a Comment