കെ എൻ ബാലഗോപാൽ(55). സിപിഐ എം മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും നിലവിൽ സംസ്ഥാന സെക്രട്ടറിയറ്റ‌്അംഗവും. 2010 മുതൽ 2016 വരെ രാജ്യസഭാംഗമായിരുന്നു. എംകോമിനുശേഷം എൽഎൽഎം ഒന്നാംക്ലാസിൽ വിജയിച്ച ബാലഗോപാൽ വിദ്യാർഥി–-യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1981ൽ സിപിഐ എം അംഗമായി. പുനലൂർ എസ്എൻ കോളേജ്, തിരുവനന്തപുരം എംജി കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചു. എസ്എഫ്‌ഐ കൊല്ലം ജില്ലാ പ്രസിഡന്റ‌് ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ‌്, സംസ്ഥാന സെക്രട്ടറി എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ‌്, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ‌്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചു. 2006ൽ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി.കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, സെനറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. രാജ്യസഭയിൽ ലോക്പാൽ സെലക്ട് കമ്മിറ്റിയിൽ സിപിഐ എം പ്രതിനിധിയായിരുന്നു. പത്തനാപുരം കലഞ്ഞൂർ ശ്രീനികേതനിൽ (മാവനാൽ) പരേതനായ പി കെ നാരായണപ്പണിക്കരുടെയും രാധാമണിയമ്മയുടെയും മകനാണ്. ആശ പ്രഭാകരനാണ് ഭാര്യ. കല്യാണി, ശ്രീഹരി എന്നിവർ മക്കൾ.
രണ്ടുവർഷം മുമ്പ‌് മികച്ച പാർലമെന്റ് അംഗത്തിനുള്ള സൻസദ് രത്‌ന അവാർഡിന് രാജ്യസഭാംഗമായ കെ എൻ ബാലഗോപാലിനെ തെരഞ്ഞെടുത്തപ്പോൾ പുനലൂർ തൊളിക്കോട് ഗവ. എൽപിഎസിലെ വിദ്യാർഥിനി അക്ഷധയുടെ അമ്മ മണിയാർ കുമാരഭവനിൽ രശ്മി പറഞ്ഞതിങ്ങനെ: ബാലഗോപാലിനെ ഇനി ഞങ്ങൾ ലോക‌്സഭയിൽ എത്തിക്കും. അത്രയ്ക്ക് നന്മയാണ് ബാഗ് രഹിത സ്‌കൂൾ പദ്ധതി ഞങ്ങളുടെ മക്കൾക്ക‌് പകർന്നത്. ഈ അമ്മ ഉൾപ്പെടെ ഒത്തിരിപേരിൽ ആഹ്ലാദം ജനിപ്പിക്കുന്നതാണ് ബാലഗോപാലിന്റെ സ്ഥാനാർഥിത്വം.
സഭാതലത്തിലെ മികച്ച പ്രകടനമാണ് ബാലഗോപാലിനെ രാജ്യത്തെ മികച്ച പാർലമെന്റേറിയനാക്കിയത്. 2010-–-16ൽ രാജ്യസഭയിൽനിന്നു വിരമിച്ച എംപിമാരിൽ ചർച്ചകൾ, സ്വകാര്യ ബിൽ അവതരണം, ചോദ്യങ്ങൾ എന്നിവ ആകെ കണക്കാക്കുമ്പോൾ രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം ബാലഗോപാലിന്റേതായിരുന്നു. പാർലമെന്റിനെ പിടിച്ചുകുലുക്കിയ ആയിരക്കണക്കിന‌് കോടി രൂപയുടെ എയർപോർട്ട‌് യൂസർ ഫീ അഴിമതി പുറത്തുകൊണ്ടുവന്നത‌് ബാലഗോപാലാണ്.
ജിഎസ്ടി ബില്ലിന്റെ സെലക‌്ട‌് കമ്മിറ്റിയിൽ അംഗമായിരുന്നു. ബാലഗോപാൽ അവതരിപ്പിച്ച വിയോജനകുറിപ്പുകൂടി ചേർത്താണ‌് ബിൽ പാസായത‌്.
കൊല്ലത്തെ കടൽക്കൊല പ്രശ്‌നം, മൺറോതുരുത്തിലെ പരിസ്ഥിതി പ്രശ്‌നം, കൊല്ലത്തെ കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധികൾ തുടങ്ങിയവ ശക്തമായി അവതരിപ്പിച്ചു. ലോക്പാൽ വിഷയത്തിൽ ബാലഗോപാൽ കൊണ്ടുവന്ന വിയോജിപ്പുകൾ ശ്രദ്ധേയമായി.
പാർലമെന്റിന്റെ ട്രാൻസ്‌പോർട്ട്, ടൂറിസം ആൻഡ് കൾച്ചറൽ കമ്മിറ്റി, പൊട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് കൺസൾട്ടേറ്റീവ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു.
കേരളത്തിലെ സർവകലാശാല ജീവനക്കാരുടെ കോൺഫെഡറേഷൻ, ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ, കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ, സ്വാശ്രയ കോളേജ് ജീവനക്കാരുടെയും അധ്യാപകരുടെയും യൂണിയൻ എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്നു.
No comments:
Post a Comment