പി കെ ബിജു(45). കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മാഞ്ഞൂർ സൗത്തിൽ പരേതനായ കുട്ടപ്പന്റേയും ഭവാനിയുടേയും മകനായി 1974 ഏപ്രിൽ മൂന്നിന് ജനനം. മാന്നാനം കുരിയാക്കോസ് ഏലിയാസ് കോളേജിലും എം ജി യൂണിവേഴ്സിറ്റി ക്യാമ്പസിലും കോളേജ് പഠനം. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽനിന്നും ബിരുദാനന്തര ബിരുദംനേടി. തുടർന്ന് പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ‌് നേടി. പൊതുപ്രവർത്തനം തുടങ്ങിയത‌് എസ‌്എഫ‌്ഐയിലൂടെ. കോട്ടയം ജില്ലാ ഭാരവാഹി, സംസ്ഥാന പ്രസിഡന്റ‌് സ്ഥാനങ്ങൾ വഹിച്ചു. 2008ൽ അഖിലേന്ത്യാ പ്രസിഡന്റായി. 2012ൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം. 2014ൽ കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വർക്കിങ‌് കമ്മിറ്റി അംഗം. കോൺഫെഡറേഷൻ ഓഫ‌് യൂണിവേഴ‌്സിറ്റി എംപ്ലോയീസ‌് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ‌്, ഐആർഇ എംപ്ലോയീസ‌് അസോസിയേഷൻ പ്രസിഡന്റ‌്, എസ‌്‌സി, എസ‌്ടി കോർപറേഷൻ ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ‌് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. വിജി വിജയനാണ് ഭാര്യ. മകൻ: ബോബി.
ആലത്തൂരിലെ വികസന മാതൃക നേരിൽക്കണ്ട് പഠിക്കാനെത്തിയത‌് മറ്റാരുമല്ല ബ്രിട്ടീഷ് പാർലമെന്റ‌് അംഗങ്ങൾ. ആരോഗ്യ–-വിദ്യാഭ്യാസ സാംസ‌്ക്കാരിക മേഖലകളിൽ ആലത്തൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏറെ പ്രശംസിച്ചാണ‌് സംഘം മടങ്ങിയത‌്. ഒപ്പം തങ്ങളുടെ നാട്ടിൽ പ്രാബല്യത്തിലാക്കാൻ ശ്രമിക്കുമെന്ന ഉറപ്പും നൽകിക്കൊണ്ട്. തികച്ചും ഗ്രാമീണ മേഖലകൾ കൂടുതൽ ഉൾപ്പെടുന്ന ആലത്തൂർ മണ്ഡലത്തിൽ വൻകിട പദ്ധതികളേക്കാൾ ഏറെയും ജനങ്ങളെ ബാധിക്കുന്ന കുടിവെള്ള , വിദ്യാഭ്യാസ, കാർഷിക മേഖലഖൾക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളായിരുന്നു പി കെ ബിജു നടത്തിയത്. വികസനം എല്ലാവരിലും എത്തിക്കുന്നതിൽ പ്രത്യേക ശ്രദ്ധചെലുത്തി.
പാർലമെന്റ‌് അംഗമെന്ന നിലയിൽ മികച്ച പ്രകടനമാണ് പി കെ ബിജു കാഴ‌്ചവച്ചത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളിൽ സാധാരണക്കാരന് ഗുണകരമായ രീതിയിൽ ഒട്ടേറെ ഭേദഗതികൾ നിർദ്ദേശിച്ചു. വിദ്യാഭ്യാസ അവകാശ നിയമനിർമാണവേളയിൽ ലോക‌്സഭയിൽ നടത്തിയ പ്രസംഗം പാർലമെന്റ് നടപടികൾ ഗവേഷണ വിഷയമാക്കുന്ന വിദ്യാർഥികളും, വിദ്യാഭ്യാസ വിചക്ഷണരും ഏറെ ശ്രദ്ധിച്ചിരുന്നു. പട്ടികവിഭാഗങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ലോക‌്സഭയിൽ നടത്തിയ പ്രസംഗവും ദേശീയ ശ്രദ്ധ ആകർഷിച്ചു.ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ഗ്രാമീണ റോഡുകൾ, ആദിവാസിക്ഷേമം എന്നിവയ്ക്ക‌് ഊന്നൽ നൽകി. പട്ടികജാതി–- വർഗ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയ‌്ക്ക‌് മാറ്റം വരുത്താൻ നിരവധി പദ്ധതികൾ ആവിഷ‌്ക്കരിച്ചു.
സാഗി പദ്ധതി പ്രകാരം മൂന്ന‌് പഞ്ചായത്തുകൾ ദത്തെടുത്ത‌് വികസനം നടത്തി. വിദ്യാഭ്യാസ മുന്നേറ്റത്തിനായി ഇൻസ‌്പയർ പദ്ധതി നടപ്പാക്കി. നെന്മാറയിൽ പാസ‌് പോർട‌് സേവാ കേന്ദ്രം തയ്യാറായി. കാർഷിക മേഖലയുടെ പുരോഗതിക്കായി നബാർഡിന്റെ സഹായത്തോടെ പദ്ധതികളും ആവിഷ്കരിച്ചു. 2017 ൽ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയോടൊപ്പം ആഫ്രിക്കൻ സന്ദർശന സംഘത്തിലും, എം പിമാരുടെ സംഘത്തിനൊപ്പം യുകെ സന്ദർശന സംഘത്തിലും അംഗമായി.പാർലിമെന്റിലെ വിദ്യാഭ്യാസ ചുമതലയുളള മാനവ വിഭവശേഷി സ്ഥിരം സമിതി അംഗം, കോർട്ട് ഓഫ് ജെഎൻയു അംഗം, ഇൻഫർമേഷൻ ടെക്നോളജി കൺസൽട്ടേറ്റിവ് കമ്മിറ്റി അംഗം, പട്ടികജാതി–- വർഗ ക്ഷേമത്തിനുളള സ്ഥിരം സമിതി അംഗം, പെട്രോളിയം & നാച്ചുറൽ ഗ്യാസ് സ്ഥിരം സമിതി അംഗം എന്നീ ചുമതലകളും വഹിച്ചു.
No comments:
Post a Comment