പറന്നുയർന്നു പൊതുമേഖല
• എൽ.ഡി.എഫ് സർക്കാർ അധികാരമേറുമ്പോൾ സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപ. ഭരണത്തിന്റെ ആദ്യ വർഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. 2017‐18 ൽ 106.91 കോടി ലാഭത്തിൽ എത്തിച്ചു.
• കഴിഞ്ഞ സർക്കാരിന്റെ അവസാനവർഷം 8 പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം ലാഭത്തിൽ. ഈ സർക്കാർ 2016‐17 കാലയളവിൽ 13 സ്ഥാപനങ്ങളെ ലാഭത്തിൽ എത്തിച്ചു. 2017‐18 കാലയളവിൽ 14 സ്ഥാപനങ്ങൾ ലാഭത്തിൽ. 2018‐19 സാമ്പത്തിക വർഷം ഡിസംബർ 31 വരെ 7 സ്ഥാപനങ്ങൾ ലാഭത്തിലും 12 സ്ഥാപനങ്ങൾ പ്രവർത്തന ലാഭത്തിലുമാണ്.
• ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് (ടിസിസി) വർഷങ്ങൾക്കുശേഷം ലാഭവിഹിതം വിതരണം ചെയ്‌തു. ഈ സർക്കാർ വരുമ്പോൾ ടിസിസി 7.37 കോടി രൂപ നഷ്ടത്തിലായിരുന്നു. ആദ്യ വർഷം തന്നെ 6.33 കോടി രൂപ ലാഭത്തിൽ എത്തിച്ചു. 2017‐18 ൽ റെക്കോർഡ് ഉൽപ്പാദനം കൈവരിച്ചതോടെ ചരിത്രത്തിലെ ഉയർന്ന ലാഭമായ 35.04 കോടി രൂപയും വിറ്റുവരവായ 243.10 കോടി രൂപയും നേടി.
• ട്രാവൻകൂർ ടൈറ്റാനിയം യുഡിഎഫ് ഭരണത്തിനൊടുവിൽ 4.47 കോടി രൂപ നഷ്ടത്തിലായിരുന്നു. എൽഡിഎഫ് സർക്കാർ വന്ന ആദ്യവർഷം തന്നെ 8.53 കോടി രൂപ ലാഭത്തിലായി. 2017‐18 ൽ ലാഭം 18.83 കോടി. 2018‐19 ൽ ഒമ്പതു മാസത്തെ കണക്കുപ്രകാരം ലാഭം 17.77 കോടി.
• കേരളാ മിനറൽസ് ആന്റ് മെറ്റൽസിന്റെ (കെഎംഎംഎൽ) ലാഭം 2015‐16 ൽ 3.24 കോടിയായിരുന്നു ലാഭം. 2016‐17 ൽ 40.37 കോടിയായി. 2017‐18 ൽ 195.78 കോടി ലാഭം.
• അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എൽഡിഎഫ് സർക്കാർ വന്ന ശേഷം 81 ലക്ഷം രൂപയുടെ പ്രവർത്തന ലാഭമുണ്ടാക്കി. 2018‐19 സാമ്പത്തികവർഷം 9 മാസം പിന്നിടുമ്പോൾ 21 കോടിരൂപ വിറ്റുവരവ് നേടി.
• നേരിയ ലാഭത്തിലായിരുന്ന കെൽട്രോൺ 2017‐18 സാമ്പത്തികവർഷം 3.51 കോടി ലാഭം നേടി.
• കേരള സോപ്പ്സിന്റെ ഉൽപ്പാദനം വർദ്ധിപ്പിച്ചു. കൂടുതൽ വിപണി കണ്ടെത്തി.
•കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് (കെഎസ്ഡിപി)യ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ബീറ്റാലാക്റ്റം പ്ലാന്റും നോൺ ബീറ്റാലാക്റ്റം പ്ലാന്റും പ്രവർത്തനം തുടങ്ങി.
•.കേന്ദ്ര സർക്കാർ വിൽക്കാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാനും സംയുക്ത സംരംഭമായ കാസർഗോഡുള്ള ബിഎച്ച്ഇഎൽ‐ഇഎംഎല്ലിൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള ബിഎച്ച്ഇഎല്ലിന്റെ 51 ശതമാനം ഓഹരികൾ സംസ്ഥാന സർക്കാർ വാങ്ങാനും തീരുമാനിച്ചു.
വ്യവസായ വിപ്ലവം
■ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി, വ്യവസായം തുടങ്ങുന്നതിനുള്ള നടപടികൾ ലളിതമാക്കാൻ നിലവിലുണ്ടായിരുന്ന 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും ഭേദഗതി വരുത്തി കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആന്റ് ഫെസിലിറ്റേഷൻ ആക്ട് 2018 പാസാക്കി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനായി നിയമഭേദഗതി വരുത്തുന്ന ആദ്യ സംസ്ഥാനം എന്ന പദവി കേരളത്തിന് ലഭിച്ചു.
■ വ്യവസായം തുടങ്ങുന്നതിന് ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആന്റ് ട്രാൻസ്പരന്റ് ക്ലിയറൻസ് (കെ‐സ്വിഫ്റ്റ്) എന്ന പേരിൽ ഓൺലൈൻ ക്ലിയറൻസ് സംവിധാനം കൊണ്ടുവന്നു. വ്യവസായം തുടങ്ങാൻ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതിക്ക് ഒരു ഏകീകൃത അപേക്ഷാ ഫോറം കെസ്വിഫ്റ്റിന്റെ ഭാഗമാണ്. 14 വകുപ്പുകളിലൂടെയുള്ള 29 സേവനങ്ങൾ കെ സ്വിഫ്റ്റിലൂടെ ലഭ്യമാക്കും. 30 ദിവസത്തിനകം അപേക്ഷകളിൽ തീരുമാനം ഉണ്ടാകും. ഇല്ലെങ്കിൽ കൽപ്പിത അനുമതി ലഭിച്ചതായി കണക്കാക്കി അപേക്ഷകന് വ്യവസായം തുടങ്ങാം.
■ വ്യവസായ ലൈസൻസുകളുടെ കാലാവധി ഒരു വർഷം മുതൽ മൂന്ന് വർഷം വരെ എന്നത് 5 വർഷമാക്കി വർദ്ധിപ്പിച്ചു. ലൈസൻസ് പുതുക്കൽ ഓട്ടോ റിന്യൂവൽ സിസ്റ്റം വഴി നടപ്പാക്കാൻ ഓൺലൈൻ സംവിധാനം തയ്യാറാകുന്നു.
■ വിപണന പ്രോത്സാഹനത്തിന് കേരള വാണിജ്യമിഷൻ രൂപീകരിച്ചു.
■ സംരംഭകർ ജില്ലാ വ്യവസായ കേന്ദ്രം മുഖേന എടുത്ത വായ്പയുടെ മാർജിൻ മണി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി. പലിശയിൽ 50 ശതമാനം ഇളവും അനുവദിച്ചു.
■ അംഗീകൃത വ്യവസായപാർക്കുകളിലെ സ്ഥാപനങ്ങളിൽ 2017 മാർച്ച് 31 നു ശേഷം ചേർന്ന ജീവനക്കാരുടെ ഇ.എസ്.ഐ, പി.എഫ് എന്നിവയിൽ തൊഴിലുടമയുടെ വിഹിതത്തിന്റെ 75 ശതമാനം അടുത്ത 3 വർഷത്തേയ്ക്ക് സർക്കാർ നൽകും.
■ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിൽ വിദേശ മലയാളികൾക്ക് 5 ശതമാനം സംവരണം ഏർപ്പെടുത്തി.
കരകയറുന്നു പരമ്പരാഗതമേഖല
■ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കി. 2017 ൽ 2689 സ്കൂളുകളിലെ ഒന്നു മുതൽ 5 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്തു. 2018‐19 മുതൽ ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകി. 2018‐19 ൽ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ എയ്ഡഡ് സ്കൂളിലെ കുട്ടികൾക്ക് ഉൾപ്പെടെ സൗജന്യമായി യൂണിഫോം വിതരണം ചെയ്യാൻ നടപടി പൂർത്തിയായി. നെയ്ത്ത് തൊഴിലാളികൾക്ക് 87 കോടി കൂലിയിനത്തിൽ നൽകി.
■ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനു കീഴിൽ കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മിൽ, ഉദുമ സ്പിന്നിങ്ങ് മിൽ, പിണറായി ഹൈടെക് വീവിങ് മിൽ എന്നിവ പ്രവർത്തനമാരംഭിച്ചു.
■ ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ, കണ്ണൂർ സഹകരണ സ്പിന്നിങ്് മിൽ എന്നിവ നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
■ പതിനായിരം കരകൗശലതൊഴിലാളികൾക്ക് പതിനായിരം രൂപയുടെ ടൂൾ കിറ്റ് സൗജന്യമായി നൽകുന്നു. ആദ്യഘട്ടം 1300 തൊഴിലാളികൾക്ക് വിതരണം ചെയ്തു.
■ പ്രളയത്തിൽ തകർന്ന ചേന്ദമംഗലം കൈത്തറിമേഖലയെ പുനരുജ്ജീവിപ്പിക്കാൻ കാര്യമായി ഇടപെട്ടു. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായത്തോടെ മേഖലയെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
സ്വാഗതം വ്യവസായ പാർക്കിലേക്ക്
■ നിക്ഷേപ പ്രോത്സാഹനത്തിന് അനിവാര്യമായ പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ബൃഹത്പദ്ധതികളായ ലൈഫ് സയൻസ് പാർക്ക്, മെഗാ ഫുഡ് പാർക്ക്, ലൈറ്റ് എഞ്ചിനീയറിങ്ങ് ഇൻഡസ്ട്രിയൽ പാർക്ക്, ഇലക്ട്രോണിക്സ് ഹാർഡ്വെയർ പാർക്ക് തുടങ്ങിയവയുടെ നിർമാണം പുരോഗമിക്കുന്നു.
■ വ്യവസായ പാർക്കുകൾക്കായി 6700 ഏക്കർ ഏറ്റെടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. റബ്ബറിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കായി സിയാൽ മോഡലിൽ കമ്പനി ആരംഭിക്കും.
■ വയനാട് ജില്ലയിൽ കാർബൺ ന്യൂട്രൽ കോഫി വില്ലേജ് സ്ഥാപിക്കുന്നു. വൈത്തിരി താലൂക്കിലെ വാര്യാട് ലോകോത്തര ഗുണമേന്മയുള്ള ഒന്നരലക്ഷം കാപ്പിത്തൈ വെച്ചുപിടിപ്പിച്ച് കേരള ബ്രാൻഡ് കാപ്പിപ്പൊടി നിർമ്മാണ കേന്ദ്രം സ്ഥാപിക്കും.
■ നെൽക്കൃഷി പ്രോത്സാഹിപ്പിക്കാൻ പാലക്കാടും തൃശൂരും റൈസ് പാർക്ക് നിർമ്മാണനടപടികൾ തുടങ്ങി. നെല്ലിൽനിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ അടക്കം ഇവിടെ ഉൽപ്പാദിപ്പിക്കും.
■ സ്വകാര്യ വ്യവസായപാർക്കുകൾക്ക് അനുമതി നൽകി. നഗരപ്രദേശങ്ങളിൽ 15 ഏക്കറും ഗ്രാമങ്ങളിൽ 25 ഏക്കറും ഭൂമിയുള്ളവർക്ക് സ്വകാര്യ വ്യവസായ പാർക്കിനു അപേക്ഷിക്കാം.
പടർന്നു പന്തലിച്ച് എംഎസ്എംഇ
■ ഈ സർക്കാർ വന്ന ശേഷം ഏകദേശം 36000 ത്തിലധികം ഇടത്തരം‐ചെറുകിട‐സൂക്ഷ്മ സംരംഭങ്ങൾ (എം.എസ്.എം.ഇ) പ്രവർത്തനം ആരംഭിച്ചു. ഈ രംഗത്ത് 3250 കോടി നിക്ഷേപവും 1.3 ലക്ഷത്തിൽ അധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
■പ്രളയത്തിൽ നശിച്ച വ്യവസായ യൂണിറ്റുകൾക്ക് സാമ്പത്തികസഹായവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഉദാരവ്യവസ്ഥയിൽ വായ്പാപദ്ധതികളും നടപ്പാക്കുന്നു. പ്രളയബാധിത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിന് കെഎസ്ഐഡിസി പുനർജ്ജനി വായ്പാ പദ്ധതി നടപ്പാക്കി. 9 ശതമാനം പലിശനിരക്കിൽ മൂന്നു കോടി രൂപ വരെ വായ്പ നൽകി. വൻകിടസംരംഭങ്ങൾക്കു മാത്രം കിട്ടിയിരുന്ന വായ്പകൾ ചെറുകിട സംരംഭങ്ങൾക്കും വ്യക്തികൾ നടത്തുന്ന സംരംഭങ്ങൾക്കും ലഭ്യമാക്കി. ഹ്രസ്വകാല വായ്പാ തിരിച്ചടവ് കാലയളവ് ഒരു വർഷത്തിൽനിന്ന് മൂന്നു വർഷമാക്കി.
No comments:
Post a Comment