ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ചുരുളഴിയുന്നത് സർക്കാരിനെതിരെ മത്സ്യത്തൊഴിലാളികളെ ഇളക്കിവിടാനുള്ള വൻ ഗൂഢാലോചന. വ്യവസായ മന്ത്രിക്ക് ഈ മാസം 11ന് നൽകിയ ഒരു നിവേദനം കരാറായി വ്യാഖ്യാനിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നത്. സർക്കാരോ ഏതെങ്കിലും വകുപ്പോ ഇതുവരെ ആലോചിക്കുകപോലും ചെയ്യാത്ത കാര്യമാണ് കരാർ എന്ന വ്യാജേന ചെന്നിത്തല ആരോപണത്തിന് വിഷയമാക്കിയത്. കേരളം ഇതുവരെ ദർശിക്കാത്ത ക്രൂരമായ രാഷ്‌ട്രീയ വേട്ടയാടലിനാണ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കളമൊരുങ്ങിയത്.
ഇഎംസിസി ഇന്റർനാഷണൽ(ഇന്ത്യ)എന്ന കമ്പനിയുമായി സർക്കാർ ഒരുവിധത്തിലുള്ള കരാറോ, ധാരണപത്രമോ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഈ കമ്പനിയെ പ്രതിനിധാനംചെയ്‌ത് എത്തിയ രണ്ട് പേരാണ് ഫിഷറീസ് മന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ടത്. അവർ നൽകിയ നിവേദനം എങ്ങനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പക്കലെത്തിയതിലാണ് ദുരൂഹത. മന്ത്രിമാരെ സന്ദർശിച്ച ചിത്രം പ്രതിപക്ഷ നേതാവിന് കിട്ടിയതിലും ചോദ്യമുയർത്തുന്നു. ഇതെല്ലാം ആരോപണം കൊഴുപ്പിക്കാനുള്ള കരുനീക്കത്തിന്റെ ഭാഗമാണ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിശദീകരണത്തോടെ ചെന്നിത്തലയുടെ ആരോപണത്തിന്റെ മുനയൊടിഞ്ഞെങ്കിലും ഇതിന് പിന്നിലെ ഗൂഢനീക്കങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. ഇഎംസിസി എന്ന കമ്പനി പ്രതിനിധികളും രമേശ് ചെന്നിത്തലയും മാത്രമാണോ ഗൂഢാലോചനയിൽ പങ്കുവഹിച്ചതെന്ന് വ്യക്തമാകേണ്ടതുണ്ട്. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ട്രോളർ നിർമാണത്തിന് കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടത്. സർക്കാരോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെയായിരുന്നു ഈ നടപടി.
ഇതുവരെ രണ്ട് ട്രോളർ മാത്രം നിർമിച്ചിട്ടുള്ള കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപറേഷൻ 400 ആഴക്കടൽ ട്രോളറും അഞ്ചു കപ്പലും നിർമിക്കാൻ ധാരണപത്രം ഒപ്പിട്ടതാണ് വിചിത്രം. കൊച്ചിൻ ഷിപ്‌യാർഡിന് പോലും ഇതിനുള്ള ശേഷിയില്ല. ഒരു ട്രോളർ നിർമിക്കാൻ ഷിപ്‌യാർഡിന് എട്ടുമുതൽ 11 മാസംവരെ സമയം വേണം. അപ്പോഴാണ് 400 ട്രോളർ നിർമിക്കാൻ കെഎസ്ഐഎൻസി തയ്യാറെടുത്തത്. ചെന്നിത്തലയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഈ നീക്കവും സംശയാസ്‌പദമാണ്.
ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ അമേരിക്കയിൽവച്ച് ചർച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ചെന്നിത്തല, സെക്രട്ടറിയറ്റിലെ ഓഫീസിൽ മന്ത്രിക്ക് നിവേദനം കൈമാറുന്ന ചിത്രമാണ് പുറത്തുവിട്ടത്.
ആരോപണത്തിന് പ്രത്യേക ഉദ്ദേശ്യം
ആഴക്കടലൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പ്രത്യേക ഉദ്ദേശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ തീരദേശം, മലനാട്, ഇടനാട് വ്യത്യാസമില്ലാതെ എൽഡിഎഫിനെ പിന്തുണച്ചു. നേരത്തെ എൽഡിഎഫിനൊപ്പമല്ലാതിരുന്ന ജനവിഭാഗങ്ങളും നല്ലതോതിൽ എൽഡിഎഫിനെ പിന്താങ്ങുന്ന മനോഭാവം സ്വീകരിച്ചു.
സമൂഹത്തിലെ പിന്നണിയിലുള്ള മത്സ്യത്തൊഴിലാളികളടക്കമുള്ള വിഭാഗങ്ങളെ പിന്തുണയ്‌ക്കുകയും സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. തെരഞ്ഞെടുപ്പിലെ കുറച്ച് വോട്ടുനോക്കിയുള്ള സമീപമായിരുന്നില്ല അത്. വർഗപരമായ നിലപാടായിരുന്നു. ഈ നടപടികൾക്ക് വലിയ സ്വീകാര്യതയുണ്ടായി. വലിയതോതിലുള്ള എൽഡിഎഫ് അനുകുല ചിന്ത സൃഷ്ടിച്ചു. അതിനെ ഇല്ലാതാക്കാനുള്ള ചിന്തകളുടെ ഭാഗമാണ് ഇത്തരം കുപ്രചാരണങ്ങളും അതിന് കൊഴുപ്പുകൂട്ടാനുള്ള ശ്രമങ്ങളും–- മുഖ്യമന്ത്രി പറഞ്ഞു.
ധാരണാപത്രം യാനം നിർമിക്കാൻ; മത്സ്യബന്ധനത്തിനല്ല: എംഡി
ഇഎംസിസി കമ്പനിക്ക് ട്രോളറുകൾ ഉണ്ടാക്കുന്നതിന് അടിസ്ഥാനസൗകര്യം ഒരുക്കാൻമാത്രമാണ് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായുള്ള (കെഎസ്‌ഐഎൻസി) ധാരണാപത്രമെന്ന് എംഡി പ്രശാന്ത് നായർ. ട്രോളറുകൾ എവിടെ മത്സ്യബന്ധനം നടത്തുമെന്നോ ഭാവിയിൽ കടലിൽ ഇറക്കാൻ സർക്കാർ അനുമതിക്ക് അപേക്ഷിച്ചു എന്നോ ധാരണാപത്രത്തിലില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നാനൂറ് ട്രോളറുകൾ സംസ്ഥാനത്ത് നിർമിക്കുന്നതിന് സാങ്കേതികസഹായം നൽകാനാണ് ഫെബ്രുവരി രണ്ടിന് കെഎസ്‌ഐഎൻസി എംഡി പ്രശാന്ത് നായരും ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസും ധാരണാപത്രം ഒപ്പിട്ടത്. ഇത്തരം ധാരണാപത്രം ഉദ്യോഗസ്ഥതലത്തിലാണ് ഒപ്പിടുന്നത്. ആ ചടങ്ങിൽ മന്ത്രിമാർ ഉണ്ടാകാറില്ല. ട്രോളറുകളുടെ വിശദമായ രൂപരേഖയോ അഡ്വാൻസ് തുകയോ നൽകാത്തതിനാൽ പ്രാരംഭജോലികൾപോലും ആരംഭിച്ചില്ല.
മാരിടൈം മേഖലയിൽ ഉത്തരവാദിത്തത്തോടെ ജോലികൾ പൂർത്തിയാക്കുന്ന കമ്പനി എന്നനിലയ്‌ക്കാണ് ഈ ജോലി കമ്പനിക്ക് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം തെറ്റിദ്ധാരണാജനകമാണ്. മത്സ്യബന്ധന മേഖലയുമായി കെഎസ്‌ഐഎൻസിക്ക് ബന്ധമില്ലെന്നും പ്രശാന്ത് നായർ വ്യക്തമാക്കി.
No comments:
Post a Comment