Thursday, February 25, 2021

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു കോര്‍പറേറ്റുകളെയും അനുവദിക്കില്ല എന്നത് സര്‍ക്കാര്‍ നയം: മുഖ്യമന്ത്രി

തിരുവനന്തപുരം > ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിമാറി ഉന്നയിച്ച ഓരോ ആരോപണങ്ങളും അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യും. ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരള സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ തകര്‍ക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. അതില്‍നിന്ന് ചില തിരുത്തലുകള്‍ അദ്ദേഹം പിന്നീട് വരുത്തി. അദ്ദേഹം ഉന്നയിച്ച ഓരോ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് സംഭവങ്ങളുടെ നാള്‍വഴി പരിശോധിച്ചാല്‍ അത് തെളിയും.

അസെന്റ് കേരള 2020ല്‍ 117 താല്‍പര്യപത്രങ്ങളും 34 ധാരണാപത്രങ്ങളും സംരംഭകരുമായി സര്‍ക്കാര്‍ ഒപ്പുവെച്ചിട്ടുണ്ട്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെട്ടുവരുന്ന സംരംഭകരുമായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റിലുള്ള ധാരണാപത്രമാണ് ഒപ്പുവെച്ചിട്ടുള്ളത്. അതില്‍ കേരള സര്‍ക്കാര്‍, സര്‍ക്കാര്‍ നയങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായുള്ള പ്രോത്സാഹനവും പിന്തുണയും നല്‍കുമെന്നാണ് പറഞ്ഞിട്ടുള്ളത്.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെയുള്ള ഒരുവിധ കോര്‍പ്പറേറ്റുകളെയും അനുവദിക്കില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഫിഷറീസ് നയം.

ആ നിലയ്‌ക്ക് കെഎസ്‌ഐഡിസി എംഡി ഒപ്പിട്ട ധാരണാപത്രം ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നല്‍കുന്ന ഒന്നല്ല. എംഡി സര്‍ക്കാരിനെ അറിയിക്കാതെയാണ് ധാരണാപത്രം ഒപ്പുവെച്ചത്. സര്‍ക്കാര്‍ നയങ്ങള്‍ക്കു വിരുദ്ധമായ ഒരു കാര്യത്തിന് പിന്തുണ ലഭ്യമാകില്ല. അതിനാല്‍ തന്നെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരള സര്‍ക്കാര്‍ പിന്തുണയും സഹകരണവും നല്‍കുന്നു എന്ന ആരോപണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീര്‍ത്തും തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന പ്രതിപക്ഷ നേതാവ് പൊതുമണ്ഡലത്തില്‍ ഉന്നയിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികളും പൊതുസമൂഹവും തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയുണ്ട്. ആ കാരണത്താല്‍ അതീവ ജാഗ്രതയുടെ ഭാഗമായി സര്‍ക്കാര്‍ ഈ ധാരണാപത്രം റദ്ദാക്കാന്‍ കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ക്ക് വ്യവസായമന്ത്രി നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്ത എന്തെങ്കിലും തെറ്റായ കാര്യമല്ല റദ്ദാക്കുന്നത്. പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുടെ ഒരു കണികപോലും അവശേഷിക്കരുത് എന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് ധാരണാപത്രം റദ്ദാക്കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൈമാറാത്ത ഭൂമി എങ്ങനെ റദ്ദാക്കാനാകും; ചെന്നിത്തലയ്‌ക്ക് ഇപിയുടെ മറുപടി

കണ്ണൂര്‍ > ചേര്‍ത്തല ഫുഡ് പാര്‍ക്കില്‍ ഇഎംസിസിയ്ക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. ഭൂമി കൊടുത്താലല്ലേ റദ്ദാക്കേണ്ട പ്രശ്‌നം വരികയുള്ളൂ. ചേര്‍ത്തല ഫുഡ് പാര്‍ക്കില്‍ നിബന്ധനകള്‍ പാലിച്ച് ആര് വന്ന് ഭൂമി ചോദിച്ചാലും കൊടുക്കും. ഇവിടെ നിബന്ധനകള്‍ ഇഎംസിസിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇഎംസിസി പണം അടയ്ക്കുകയോ അവര്‍ക്ക് ഭൂമി വിട്ടുകൊടുക്കുകയോ ചെയ്തിട്ടില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഇ പി പറഞ്ഞു.

നിക്ഷേപകര്‍ മുന്നോട്ടുവരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇഎംസിസിയുടെ ആളുകള്‍ തന്റെയടുത്ത് വന്ന് പ്രോജക്ടിനെക്കുറിച്ച് സംസാരിച്ചു. പ്രതിപക്ഷ നേതാവിന്റെ അടുത്തുനിന്നാണ് തങ്ങള്‍ വരുന്നതെന്നാണ് അവര്‍ പറഞ്ഞത്. മാധ്യമങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വിവാദമുണ്ടാക്കുകയാണ് ചിലരുടെ ലക്ഷ്യം. ആ ഗുഢോലോചനയ്ക്ക് സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കില്ലെന്നും ഇ പി പറഞ്ഞു.

ചർച്ച നടത്തിയത്‌ ഓർമയില്ലെന്ന്‌ 
വി മുരളീധരൻ

ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച്‌ ഇഎംസിസി ഉടമ ഷിജു വർഗീസുമായി ചർച്ച നടത്തിയോയെന്ന് ഓർമയില്ലെന്ന്‌ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ചർച്ച നടത്തിയിട്ടില്ലെന്ന്‌ കഴിഞ്ഞ ദിവസം ഉറപ്പിച്ചുപറഞ്ഞ മുരളീധരനാണ്‌ ഇപ്പോൾ ഓർമക്കുറവ്‌ വന്നത്‌.

അമേരിക്കയിൽ പോയപ്പോൾ പലരെയും കണ്ടിട്ടുണ്ട്. ആരുമായും ഒദ്യോഗികമായി ചർച്ച നടത്തിയിട്ടില്ല. കൂടുതൽ കാര്യങ്ങൾ എംബസി രേഖകൾ പരിശോധിച്ചാൽ മനസ്സിലാവും –-മുരളീധരൻ വാർത്താലേഖകരോട്‌ പറഞ്ഞു

ധാരണാപത്രം അനുമതിയല്ല; ചെന്നിത്തലയുടെ വാദം തെറ്റ്‌

തിരുവനന്തപുരം > നിക്ഷേപത്തിന്‌ താൽപ്പര്യം അറിയിച്ച്‌ സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടാൽ, പദ്ധതി യാഥാർഥ്യമാകില്ല. തുടർന്ന്‌ നിയമവകുപ്പിന്റെയും മറ്റ്‌ ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതി വേണ്ടിവരും. നയപരമായ കാര്യങ്ങൾ ഉണ്ടെങ്കിൽ മന്ത്രിസഭയുടെ പരിഗണനയ്‌ക്ക്‌ വിടും. അവിടെയും അംഗീകരിച്ച്‌ നിബന്ധനകൾ പൂർത്തിയാക്കിയാൽ മാത്രമാണ്‌‌ അന്തിമാനുമതി ലഭിക്കുക. ഇവിടെ മത്സ്യബന്ധനയാനം നിർമിക്കാൻ ഇഎംസിസിയും കെഎസ്‌ഐഎൻസിയുമായി ഒപ്പിട്ട ധാരണാപത്രം വകുപ്പ്‌ സെക്രട്ടറിപോലും അറിഞ്ഞിട്ടില്ല. ഇതിനെയാണ്‌ പ്രതിപക്ഷ നേതാവ്‌ കരാർ എന്ന്‌ പറഞ്ഞ്‌ ആക്ഷേപിക്കുന്നത്‌. 

അസെൻഡ്‌ സംഗമത്തിൽ ഇഎംസിസിയുമായി ഇതടക്കം രണ്ട്‌ ധാരണാപത്രമാണ്‌ സംഗമത്തിൽ ഒപ്പിട്ടത്‌. രണ്ടാമത്തേത്‌ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ്‌ നിർമിക്കാനുള്ളതാണ്‌. യൂണിറ്റ്‌ ആരംഭിക്കാൻ സ്ഥലം അനുവദിക്കണമെന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ച്‌ ഈ മാസം ആദ്യം‌ പള്ളിപ്പുറം ഫുട്‌പാർക്കിൽ നാല്‌ ഏക്കർ അനുവദിക്കാമെന്ന്‌ അറിയിച്ച്‌ കെഎസ്‌ഐഡിസി കത്തും നൽകി‌. ഏക്കറിന് 1.37 കോടി പാട്ടത്തുകയായി നിശ്‌ചയിച്ചു ഇതിന്റെ 20 ശതമാനം ആദ്യം അടയ്ക്കണം. എന്നാൽ  കമ്പനി ഇതുവരെ സ്ഥലത്തിന് പണം അടയ്ക്കുക  പോലും ചെയ്തിട്ടില്ല.

സമുദ്രോൽപ്പന്ന സംഭരണവും സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിട്ടാണ്‌ പള്ളിപ്പുറത്ത് മെഗാ മറൈൻ ഫുഡ്പാർക്കിന്‌ സംസ്ഥാന സർക്കാർ രൂപം നൽകിയത്‌. 130 കോടി രൂപ ചെലവിൽ 68 ഏക്കറിലുള്ള പാർക്കിൽ 30 പേർക്കാണ്‌ ഇതുവരെ ഭൂമി അനുവദിച്ചത്‌. ഏഴു സംരംഭം പ്രവർത്തനം ആരംഭിച്ചു.

5000 കോടിയുടെ അഴിമതിയെന്ന്‌ പറഞ്ഞിട്ടില്ല: ചെന്നിത്തല

തിരുവനന്തപുരം > ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്‌ 5000 കോടിരൂപയുടെ അഴിമതിക്കഥ വിഴുങ്ങി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. അഴിമതി നടന്നെന്നല്ല, 5000 കോടി രൂപയുടെ കരാർ എന്ന്‌ മാത്രമാണ്‌ താൻ പറഞ്ഞതെന്നാണ്‌ ചെന്നിത്തല ഇപ്പോൾ പറയുന്നത്‌.

അമേരിക്കൻ കമ്പനിയും സംസ്ഥാന പൊതുമേഖലാ സ്ഥാപനവും നടത്തിയ ധാരണപത്രം കരാറായി  വളച്ചൊടിച്ച്‌   5000 കോടിരൂപയുടെ അഴിമതി നടന്നുവെന്നാണ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം കൊല്ലത്ത്‌ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്‌. ഇതിന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമായ മറുപടി പറഞ്ഞതോടെ ചെന്നിത്തല വെട്ടിലായി. ധാരണപത്രം ഒപ്പിട്ട കെഎസ്‌ഐഎൻസി എംഡി, ചെന്നിത്തലയുടെ പഴയ  പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന വാർത്തയും പുറത്തുവന്നു.  ഇതോടെയാണ്‌ 5000 കോടിരൂപയുടെ അഴിമതി ആരോപണം അദ്ദേഹം വിഴുങ്ങിയത്‌. ഇക്കാര്യം  മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും അദ്ദേഹം പറയുന്നു. 

അഴിമതി ആരോപണം  ഉന്നയിക്കുകയും അതിൽനിന്ന്‌ തടിയൂരുകയും ചെയ്യുന്നത്‌ ചെന്നിത്തലയുടെ സ്ഥിരം പരിപാടിയാണ്‌. പള്ളിപ്പുറത്തെ ടെക്നോസിറ്റിക്ക്‌  ഏറ്റെടുത്ത ഭൂമിയിൽ കളിമൺ ഖനനത്തിന്‌ അനുമതി നൽകിയെന്ന്‌ പറഞ്ഞ്‌ പിന്നാലെ തിരുത്തിയിരുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ്‌ ആരോപണം  ഉന്നയിച്ചതെന്നാണ്‌ അദ്ദേഹം പിന്നീട്‌ പറഞ്ഞത്‌.  സ്‌പ്രിംഗ്‌ളർ ആരോപണം ഉന്നയിച്ച കൂട്ടത്തിൽ  87 ലക്ഷം റേഷൻകാർഡ്‌ വിവരങ്ങൾ ചോർത്തിയെന്നതും മാധ്യമങ്ങളുടെ തലയിലിട്ട്‌ തടിയൂരിയിരുന്നു.

No comments:

Post a Comment