കൊല്ലം: കടലിന്റെ മക്കളെ ചേർത്തുപിടിച്ച് സർക്കാർ. സന്തോഷം തിരതല്ലിയ നിമിഷത്തിൽ അവർ സർക്കാരിന്റെ കരുതൽ അനുഭവിച്ചറിഞ്ഞു. ഓഖി ദുരന്തത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് എഫ്ആർപി ബോട്ടുകളുടെയും അനുബന്ധ സുരക്ഷാ ഉപകരണങ്ങളും വിതരണംചെയ്‌തു. നീണ്ടകര ഹാർബറിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്‌ഘാടനം നിർവഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട പാരമ്പര്യ മത്സ്യത്തൊഴിലാളികളായ 15 ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
നാല് അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പുകളിലെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന യാനങ്ങളും അനുബന്ധ ഉപകരണങ്ങളും സുരക്ഷാ ഉപകരണങ്ങളും ഉൾപ്പെടെ എട്ടുലക്ഷം രൂപയുടെ സാമഗ്രികളാണ് പൂർണമായും സർക്കാർ സബ്‌സിഡിയിൽ നൽകിയത്. ഒബിഎം എൻജിൻ, ഗിൽനെറ്റ്, ലോംഗ് ലൈൻ, ആങ്കറുകൾ, ലൈഫ് ബോയ്, ജിപിഎസ്, എക്കോ സൗണ്ടർ, മത്സ്യബന്ധനവല എന്നിവയാണ് ഓഖി പാക്കേജിന്റെ ഭാഗമായി വിതരണംചെയ്ത അനുബന്ധ ഉപകരണങ്ങൾ.
മത്സ്യഫെഡ് ഫിഷ്‌റ്റേറിയൻ മൊബൈൽ മാർട്ട്, അന്തിപ്പച്ചയുടെ പുതിയ വാഹനവും മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ടി മനോഹരൻ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എൻ എസ് ശ്രീലു, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ലോറൻസ് ഹറോൾഡ്, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം ശ്രീകണ്ഠൻ, മത്സ്യഫെഡ് ജില്ലാ മാനേജർ മണിയപ്പൻ, എക്സിക്യൂട്ടീവ് എൻജിനീയർ ഇ ലിൻഡ, ജില്ലാ പഞ്ചായത്ത്അംഗം സി പി സുധീഷ് കുമാർ, ചവറ ബ്ലോക്ക് പഞ്ചായത്ത്‌അംഗം ജോയി ആന്റണി , കെ ലതീശൻ, കെ എം രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
തീരത്ത് സമാനതകളില്ലാത്ത വികസനം: മേഴ്‌സിക്കുട്ടിഅമ്മ
സമാനതകളില്ലാത്ത വികസനമാണ് തീരമേഖലയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ഓഖി ദുരന്തത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് എഫ്ആർപി ബോട്ടുകളും അനുബന്ധ സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
പുതിയ എൻജിൻ വാങ്ങി മത്സ്യ ബന്ധനത്തിനായി കടലിൽ പോകുന്നവർക്ക് സബ്സിഡി നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കും. കടലിൽ പോകുന്ന യാനങ്ങൾക്ക് രജിസ്ട്രേഷനും അനുബന്ധ ഉപകരണങ്ങളും നിർബന്ധമാണ്. മത്സ്യമേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങൾ തൊഴിലാളികൾക്ക് ഗുണം ചെയ്യുന്നതരത്തിലാണ്. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും മത്സ്യതൊഴിലാളികളെ സംരക്ഷിക്കാൻ കഴിയുന്നുണ്ട്. നിയമങ്ങൾ വന്നതോടെ തൊഴിലാളികൾക്ക് വരുമാനം കൂടി. ഇടനിലക്കാരായ ചിലരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഏത് സമയത്ത് മീൻ വിൽപ്പനക്കായി യാനങ്ങൾ ഹാർബറിൽ എത്തിയാലും ഒരേ വില ലഭ്യമാകുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ. മത്സ്യ വിപണന മേഖലയിലെ കണക്കുകൾ സർക്കാരിന്റെ കൈയിൽ ഉണ്ട്. ചെറുമീനുകളെ പിടിച്ചു കൊണ്ടുവരുന്ന യാനങ്ങൾക്ക് കർശന പിഴ ഈടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
No comments:
Post a Comment