തീരമേഖലയിൽ അഞ്ചുവർഷത്തിൽ 4950 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ. മത്സ്യവകുപ്പ് ഏറ്റെടുത്തത് 2884.3 കോടി രൂപയുടെ തീര പശ്ചാത്തല വികസനപദ്ധതികൾ. 587.32 കോടിയുടെ പദ്ധതികൾക്ക് കിഫ്‌ബി സഹായമായി. മത്സ്യബന്ധന തുറമുഖങ്ങൾക്കും തീരറോഡുകൾക്കുമായി 1478.37 കോടി നീക്കിവച്ചു. ഓഖി, പ്രളയം, കോവിഡ് പ്രതിസന്ധികൾക്കിടയിലാണ് മത്സ്യബന്ധനമേഖലയിൽ ചരിത്രത്തിലില്ലാത്ത വികസനം.
തീരവാസികൾക്കായി 39,501 വീടിന്റെ നിർമാണം ഏറ്റെടുത്തു. 18,867 എണ്ണം പൂർത്തിയായി. പുനർഗേഹം പദ്ധതിയിൽ 18,685 വീട് നിർമിക്കുന്നു. 2997 എണ്ണം പൂർണമായി. ആറു ജില്ലയിൽ 1140 അപ്പാർട്ട്‌മെന്റ് അടങ്ങിയ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിർമാണവും വിവിധ ഘട്ടത്തിലാണ്. പുറമെ, 5477 കുടുംബത്തിന് കക്കൂസ് നിർമാണത്തിന് 20,000 രൂപവീതം നൽകി.
മത്സ്യബന്ധന തുറമുഖങ്ങൾക്കും മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങൾക്കുമായി 813.90 കോടി നീക്കിവച്ചു. 25 തുറമുഖത്തിന്റെ വികസനം ഏറ്റെടുത്തു. 209 കോടിയിൽ മുതലപ്പൊഴി, ചേറ്റുവ, തലായി, കൊയിലാണ്ടി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ പുതിയ തുറമുഖം നിർമിച്ചു. തങ്കശ്ശേരി, താനൂർ, വെള്ളയിൽ, പുതിയാപ്പ, ചെല്ലാനം, ബേപ്പൂർ, അർത്തുങ്കൽ തുറമുഖങ്ങളുടെ നിർമാണം പൂർത്തിയാക്കി. കിഫ്ബിയുടെ 209.04 കോടിയിൽ പരപ്പനങ്ങാടി, ചെത്തി ഹാർബറുകളുടെ നിർമാണം പുരോഗമിക്കുന്നു.
താഴംപള്ളി, താന്നി, കായംകുളം ചേറ്റുവ, പുറത്തൂർ, തലായ്, മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖങ്ങളോട് അനുബന്ധിച്ചാണ് തീരസംരക്ഷണ പ്രവർത്തന ങ്ങൾ. - പൊന്നാനിയിലെ പുറത്തൂർ തീരസംരക്ഷണത്തിന് 7.14 കോടിയാണ് അടങ്കൽ. പൂന്തുറയിൽ കിഫ്‌ബി സഹായത്തോടെ 19.7 കോടിയിൽ നൂതന കടൽ തടയണ പദ്ധതി നിർമാണമായി. അഞ്ചുവർഷത്തിൽ 1500ൽപ്പരം തീരറോഡുകളുടെ നവീകരണം ഏറ്റെടുത്തു. 704.05 കോടി നീക്കിവച്ചു.
17 കോടി ചെലവിൽ മൂന്ന് മത്സ്യമാർക്കറ്റ് ആധുനികവൽക്കരിച്ചു. 65 മത്സ്യമാർക്കറ്റ്‌കൂടി നവീകരിക്കുന്നതിന് 193.46 കോടിയുടെ പദ്ധതിക്ക് കിഫ്ബി സഹായമുണ്ട്.തീര സ്‌കൂളുകൾ വിദ്യാർഥിസൗഹൃദമായി. 65 കോടിയിൽ 57 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യമുയർത്തി. 2.80 കോടിയിൽ 40 സ്‌കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഒരുക്കി. 50 സ്‌കൂളിന് സ്‌പോർട്‌സ് കിറ്റ് നൽകി. അഞ്ചു സ്‌കൂളിന് പുതിയ കളിക്കളമൊരുക്കി. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 4000 വിദ്യാർഥിനികൾക്ക് സൈക്കിൾ നൽകി. 31 കോടി രൂപ ചെലവിൽ തീരത്തെ 19 ആശുപത്രിയുടെ അടിസ്ഥാന സൗകര്യമുയർത്തി.
ജി രാജേഷ് കുമാർ
No comments:
Post a Comment