Saturday, June 27, 2009

മനോരമയും മാതൃഭൂമിയും ഇനിയെന്തുപറയും?

അഡ്വക്കറ്റ് ജനറലും സിപിഐ എം നേതാക്കളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തിയെന്ന വ്യാജവാര്‍ത്ത സൃഷ്ടിച്ച മനോരമയും മാതൃഭൂമിയും വീണ്ടും പ്രതിക്കൂട്ടിലായി. ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ രേഖാമൂലം അറിയിച്ചതോടെയാണിത്. ധനപ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരിയുടെ കള്ളമൊഴിയുടെ ചുവടുപിടിച്ച് കെട്ടിച്ചമച്ച തല പരിശോധനാവാര്‍ത്ത മുന്‍പേ പൊളിഞ്ഞിരുന്നു. എജിയുടെ ഫോണിലേക്ക് സിപിഐ എം പ്രമുഖന്‍ വിളിച്ചത് സിബിഐ ചോര്‍ത്തിയെന്ന് ജൂണ്‍ മൂന്നിന് മലയാള മനോരമയുടെ പ്രധാന വാര്‍ത്തയായിരുന്നു. ഉന്നത സിപിഐ എം നേതാക്കളും എജിയും തമ്മിലുള്ള ഇരുപതിലധികം ഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തിയെന്നായിരുന്നു അന്ന് മാതൃഭൂമിയുടെ കണ്ടെത്തല്‍. രണ്ടു പത്രത്തിന്റെയും ലേഖകര്‍ പേരു വച്ചെഴുതിയ വാര്‍ത്ത അടുത്ത ദിവസം സിബിഐ കേന്ദ്രങ്ങള്‍ നിഷേധിച്ചു. എന്നാല്‍, നിഷേധിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിബിഐ ഉന്നതവൃത്തങ്ങള്‍ അറിയിച്ചതായി മാതൃഭൂമി വീണ്ടും നുണയെഴുതി. കള്ളം കൈയോടെ പിടിക്കപ്പെട്ടതു കണ്ട് മനോരമ ഒന്നുമറിയാത്ത ഭാവത്തില്‍ പിന്മാറി. എന്നാല്‍, മാതൃഭൂമി വിടാന്‍ ഭാവമില്ലാതെ വ്യാജസൃഷ്ടിയില്‍ പിടിച്ചുതൂങ്ങി. പ്രോസിക്യൂഷന്‍ അനുമതി നല്‍കി ഗവര്‍ണര്‍ ഉത്തരവിറക്കിയ വാര്‍ത്തയിലും മാതൃഭൂമിയുടെ നുണ കാണാം. 'സുപ്രധാനമായ ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് അഡ്വക്കറ്റ് ജനറല്‍ ടെലിഫോണിലൂടെ ഈ വിഷയത്തെക്കുറിച്ച് ബാഹ്യശക്തികളുമായി ആശയവിനിമയം നടത്തിയ വിവരങ്ങളും സിബിഐ ഗവര്‍ണറെ ബോധ്യപ്പെടുത്തിയിരുന്നു' എന്നാണ് ജൂണ്‍ എട്ടിന് ലീഡ് വാര്‍ത്തയില്‍ ആവര്‍ത്തിച്ചത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ പരിഗണിക്കുന്നതിനിടെയാണ് പത്രങ്ങളും മറ്റു ചില മാധ്യമങ്ങളും ഫോണ്‍ ചോര്‍ത്തല്‍കഥ മെനഞ്ഞത്. ഗവര്‍ണര്‍ക്കുമേല്‍ യുഡിഎഫിനൊപ്പം നിന്ന് സമ്മര്‍ദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു അത്. സിബിഐ ചോര്‍ത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഗവര്‍ണര്‍ പരിശോധിച്ചു തുടങ്ങിയെന്നുവരെ മാതൃഭൂമി എഴുതി. മുഖ്യമന്ത്രി എജിയുടെ നിയമോപദേശം തേടിയതിന്റെ പിറ്റേന്നു മുതല്‍ തുടങ്ങിയ ഫോണ്‍ വിളികളാണ് ചോര്‍ത്തിയതെന്നും എജി തിരക്കിട്ട് മറുപടി നല്‍കിയതിന്റെ തലേദിവസത്തെ ഫോണ്‍വിളിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും മാതൃഭൂമി കണ്ടുപിടിച്ചിരുന്നു. ഫോണ്‍ചോര്‍ത്തലിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ വീണ്ടും വിദഗ്ധനിയമോപദേശം തേടിയെന്നാണ് മനോരമ പറഞ്ഞത്. ലാവ്ലിന്‍ വിവാദത്തിന് ഊക്ക് കൂട്ടാന്‍ വ്യാജകത്തുകളും ഇല്ലാത്ത ഫയലുകളുംവരെ ഇക്കൂട്ടര്‍ സൃഷ്ടിച്ചിരുന്നു.

ദേശാഭിമാനി

5 comments:

 1. അഡ്വക്കറ്റ് ജനറലും സിപിഐ എം നേതാക്കളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തിയെന്ന വ്യാജവാര്‍ത്ത സൃഷ്ടിച്ച മനോരമയും മാതൃഭൂമിയും വീണ്ടും പ്രതിക്കൂട്ടിലായി.

  ReplyDelete
 2. വായനക്കാരന്റെ സത്യം അറിയാനുള്ള അവകാശത്തെ ഹനിക്കുന്ന മാധ്യമ പ്രവര്‍ത്തനം ആണ് കേരളത്തില്‍ ഇന്ന് നടക്കുന്നത്...ആര്‍ക്കു എതിരെയും എന്തും പറയാമെന്ന അഹങ്കാരം ആയിരിക്കുന്നു പത്ര ധര്‍മ്മം...തന്റെ മുതലാളി മാരുടെ ഹിതത്തിനു അനുസരിച്ച് വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമ പ്രവര്‍ത്തകനും ഒരു തേര്‍ഡ് റേറ്റ് പിമ്പും തമ്മില്‍ എന്താണ് വ്യത്യാസം...വായനക്കാരനെ വഞ്ചിക്കുന്ന മാധ്യമങ്ങള്‍ക്ക് എതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുക്കണം...

  ReplyDelete
 3. വായനക്കാരനെ വഞ്ചിക്കുന്ന മാധ്യമങ്ങള്‍ക്ക് എതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുക്കണം...

  ReplyDelete
 4. ദീപസ്തംഭം മഹാശ്ചര്യം.

  ReplyDelete
 5. ആരിതിനു മുന്‍കൈ എടുക്കും ?
  ജനപ്രതിനിധികള്‍ക്ക് അതിനു നേരമില്ലല്ലോ.
  കാരണം അവരും ഇത് തന്നെയല്ലേ ചെയ്യുന്നത്!
  അവനവന്റെ നേരെ വരുമ്പോള്‍ മാത്രം ഇഷ്ടപെടൂല്ല!

  ReplyDelete