എസ്എസ്എല്‍സി പരീക്ഷ നിര്‍ത്തലാക്കുന്നെന്ന വാര്‍ത്ത വിദ്യാര്‍ഥികളിലും രക്ഷാകര്‍ത്താക്കള്‍ക്കിടയിലും ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്. കേന്ദ്ര മാനവവിഭവവികസന മന്ത്രി കപില്‍സിബല്‍ 100 ദിവസത്തിനകം നടപ്പാക്കാന്‍പോകുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെപ്പറ്റി വിശദീകരിക്കുന്ന കൂട്ടത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറിയ സാഹചര്യത്തില്‍ പത്താംക്ളാസിന്റെ അവസാനത്തില്‍ പൊതുപരീക്ഷയ്ക്ക് പ്രസക്തിയില്ലെന്നും തുടര്‍ന്നു പഠിക്കാത്തവര്‍ക്ക് മാത്രമായി പത്താംക്ളാസ് പൊതുപരീക്ഷ പരിമിതപ്പെടുത്തണമെന്നുമാണ് സിബല്‍ നിര്‍ദേശിച്ചത്. സംസ്ഥാന സര്‍ക്കാരുമായും വിദ്യാഭ്യാസ വിദഗ്ധരുമായും അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തിയശേഷം സമവായമുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലല്ല ഏകപക്ഷീയമായാണ് ഇത്തരം ഒരു നിര്‍ദേശം കേന്ദ്രമന്ത്രി മുമ്പോട്ടുവച്ചതെന്നാണ് മനസ്സിലാക്കുന്നത്.
വിദ്യാഭ്യാസം സംസ്ഥാന ഗവമെന്റ് കൈകാര്യം ചെയ്യേണ്ടുന്ന സ്റ്റേറ്റ് വിഷയമായാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, അടിയന്തരാവസ്ഥക്കാലത്ത് 42-ാം ഭരണഘടനാഭേദഗതിയിലൂടെ വിദ്യാഭ്യാസം കകറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. കകറന്റ് ലിസ്റ്റിന്റെ കാര്യത്തില്‍ കേന്ദ്ര ഗവമെന്റിന് മേല്‍ക്കൈ ഉണ്ടെന്നത് ശരിയാണ്. ഇത് സംസ്ഥാന ഗവമെന്റിന്റെ അധികാരങ്ങളില്‍ കൈകടത്തലാണെന്ന വിമര്‍ശം ന്യായമായും ഉയര്‍ന്നുവരുമെന്നതില്‍ സംശയമില്ല. വേണ്ടപ്പെട്ട രീതിയില്‍ ചര്‍ച്ച നടത്താതെ വിദ്യാഭ്യാസരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാന്‍ ഇടവരുന്ന മാറ്റം അഭിലഷണീയമല്ല. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാര്‍ ഇതിനകംതന്നെ കപില്‍ സിബലിന്റെ നിര്‍ദേശത്തില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞതായിട്ടാണ് കാണുന്നത്.
എസ്എസ്എല്‍സി പരീക്ഷ മറ്റ് പരീക്ഷകളെപ്പോലെയല്ല. ഒരാളുടെ ജീവിതത്തിലുടനീളം പരിശോധനയ്ക്ക് വിധേയമാക്കാനിടയുള്ള അടിസ്ഥാനരേഖയാണ് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്. ഏത് തൊഴിലിനും അടിസ്ഥാനയോഗ്യതയായി പരിഗണിക്കുന്നത് ഈ സര്‍ട്ടിഫിക്കറ്റാണ്. അടിസ്ഥാനവിദ്യാഭ്യാസ യോഗ്യത നേടാന്‍ വേണ്ടതായ വര്‍ഷം സ്വാഭാവികമായും പത്ത് എന്നത് പന്ത്രണ്ടായി മാറ്റുകയാണ്. കാലംമാറുന്നതനുസരിച്ച് ഏത് മേഖലയിലും മാറ്റവും പരിഷ്കാരവും അനിവാര്യമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. മാറ്റമുണ്ടാകുമ്പോള്‍ സംശയവും ഉല്‍ക്കണ്ഠയും വിഷമവുമൊക്കെ സ്വാഭാവികമാണു താനും. മാറ്റം അവശ്യം ആവശ്യമാണെന്ന ബോധ്യം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടവര്‍ക്കൊക്കെ ഉണ്ടായിരിക്കണം.
കേരള സംസ്ഥാന രൂപീകരണത്തെതുടര്‍ന്ന് നടന്ന ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് നിയമസഭയില്‍ കേവലഭൂരിപക്ഷം നേടി ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അന്നത്തെ പ്രഗത്ഭനായ വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരി വിദ്യാഭ്യാസ ബില്ലവതരിപ്പിച്ച് പാസാക്കി. ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളിലെ വിദ്യാഭ്യാസം ഏകീകരിച്ചു. അധ്യാപകരുടെ സേവന വേതനവ്യവസ്ഥയിലും സമഗ്രമായ മാറ്റം വരുത്തി. അന്നത്തെ വിദ്യാഭ്യാസ നിയമമാണല്ലോ വിമോചനസമരം എന്ന പേരില്‍ അറിയപ്പെട്ട സമരാഭാസത്തിന് മുഖ്യമായും കാരണമായത്. അതിനുമുമ്പ് മലബാറില്‍ എട്ടാംക്ളാസിന്റെ നടുവില്‍ എലിമെന്ററി സ്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് (ഇഎസ്എല്‍സി) എന്ന പൊതുപരീക്ഷ ഉണ്ടായിരുന്നു. ഇഎസ്എല്‍സി പാസായവര്‍ പ്രൈമറി അധ്യാപകരായി ജോലിചെയ്തിട്ടുണ്ട്. തിരുകൊച്ചി ഭാഗത്ത് മിഡില്‍ സ്കൂളിലും പൊതുപരീക്ഷ ഉണ്ടായിരുന്നു. അത് പിന്നീട് നിര്‍ത്തലാക്കി. സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസം 11 വര്‍ഷം എന്നത് പത്തുവര്‍ഷമായി ചുരുക്കി. ഒരുവര്‍ഷം കോളേജ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി. ഇന്റര്‍ മീഡിയറ്റ് എന്ന ഘട്ടത്തില്‍ മാറ്റംവരുത്തി പ്രീയൂണിവേഴ്സിറ്റിയും പ്രീഡിഗ്രിയും മറ്റുമായി. ഇപ്പോള്‍ കോളേജില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തി സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി. എന്നാല്‍, ഹയര്‍സെക്കന്‍ഡറിയില്‍ വൈവിധ്യവല്‍ക്കരണം നിലവിലുണ്ട്. കോളേജ് വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടിയാണ് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം. ഗണിതശാസ്ത്രം, സസ്യശാസ്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ എടുത്ത് ബിരുദവിദ്യാഭ്യാസത്തിനുള്ള അടിത്തറയാണ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കെട്ടിപ്പടുക്കുന്നത്. സെക്കന്‍ഡറി വിദ്യാഭ്യാസം സ്വയം സമ്പൂര്‍ണമാക്കി പൊതുവിദ്യാഭ്യാസത്തിന്റെ അവസാനഘട്ടമായി കരുതിയിരുന്ന എസ്എസ്എല്‍സി വേണ്ടെന്ന് വയ്ക്കുന്നത് ഗുണകരമാണോ എന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നൂറുദിവസത്തിനകം നടപ്പാക്കാനുള്ള പരിപാടിയില്‍ ഉള്‍പ്പെടുത്തേണ്ടതല്ല ഈ പരിഷ്കാരം.
അഖിലേന്ത്യാതലത്തില്‍ ഇന്നത്തെ മാര്‍ക്ക് സമ്പ്രദായം ഉപേക്ഷിച്ച് ഗ്രേഡിങ് സമ്പ്രദായം സ്വീകരിക്കുന്നത് സ്വാഗതാര്‍ഹമായ നടപടിയാണ്. കേരളം ഇതിന് മാതൃകയാണ്. പരീക്ഷയുടെ ഭാരം കുട്ടികളുടെ തലയില്‍ നിന്നിറക്കി വയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒന്നാംറാങ്കിനുവേണ്ടിയുള്ള പരക്കംപാച്ചിലും വേവലാതിയും മാനസികസംഘര്‍ഷവും പൊല്ലാപ്പുമൊക്കെ അവസാനിപ്പിക്കാന്‍ ഇത് സഹായിക്കും. ഇന്റേണല്‍ അസസ്മെന്റ് സമ്പ്രദായം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സഹായിക്കും. പരീക്ഷയ്ക്കുവേണ്ടി മാത്രം പഠിക്കുകയെന്ന നില അവസാനിപ്പിക്കാന്‍ ഈ സമ്പ്രദായം സഹായിക്കും. മൂന്ന് ടേമിലും ആവര്‍ത്തിച്ച് പരീക്ഷ നടത്തുന്ന സമ്പ്രദായത്തില്‍ മാറ്റംവരുത്തി രണ്ട് ടേമില്‍മാത്രം പരീക്ഷ നടത്തിയാല്‍ മതി എന്ന് തീരുമാനിച്ചപ്പോള്‍ കേരളത്തിലുണ്ടായിരുന്ന കോലാഹലവും മാധ്യമങ്ങള്‍ അതിനുനല്‍കിയ പ്രോത്സാഹനവും ഒരുവേള ഓര്‍ക്കുന്നത് നന്നായിരിക്കും. ഇപ്പോള്‍ കേരളത്തിന്റെ മാതൃക രാജ്യവ്യാപകമായി നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണുന്നതില്‍ സന്തോഷമുണ്ട്. കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പ്രകടിപ്പിച്ച അഭിപ്രായവും തീരുമാനവും ഏകപക്ഷീയമായി നടപ്പാക്കാതെ സംസ്ഥാനങ്ങളും വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തി സമവായമുണ്ടാക്കി നടപ്പാക്കുന്നതാണ് ശരിയായ രീതി.
രാധാകൃഷ്ണന്‍ കമീഷനും കോത്താരികമീഷന്‍ റിപ്പോര്‍ട്ടുമൊക്കെ ചര്‍ച്ചചെയ്തവരാണ് നമ്മള്‍. രാജീവ്ഗാന്ധിയുടെ കാലത്ത് പുത്തന്‍ സാമ്പത്തികനയത്തോടൊപ്പം പുത്തന്‍ വിദ്യാഭ്യാസനയവും പാര്‍ലമെന്റില്‍ അവതരിപ്പിച്ചശേഷം വ്യാപകമായി ചര്‍ച്ചചെയ്തതാണ്. പിന്നീട് ആക്ഷന്‍ പ്ളാന്‍ അംഗീകരിച്ചു. ഇതൊക്കെ മനസ്സില്‍വച്ചുകൊണ്ട്, വിദ്യാഭ്യാസ പരിഷ്കാരവും ഏകപക്ഷീയമായി തിരക്ക് പിടിച്ച് നടപ്പാക്കാതെ, സംസ്ഥാനങ്ങളുടെ അവകാശത്തില്‍ കടന്നുകയറ്റം നടത്താതെ, വേണ്ടവിധത്തില്‍ ചര്‍ച്ച നടത്തിയേ ദൂരവ്യാപക ഫലമുളവാക്കുന്ന വിഷയത്തില്‍ പ്രത്യേകിച്ചും വിദ്യാഭ്യാസ വിഷയത്തില്‍ തീരുമാനമെടുക്കാവൂ. ഭാവിതലമുറയെ ബാധിക്കുന്ന പ്രശ്നമാണെന്ന് ഓര്‍മവേണം.
ദേശാഭിമാനി മുഖപ്രസംഗം 27 ജൂണ്‍ 2009
എസ്എസ്എല്‍സി പരീക്ഷ നിര്‍ത്തലാക്കുന്നെന്ന വാര്‍ത്ത വിദ്യാര്‍ഥികളിലും രക്ഷാകര്‍ത്താക്കള്‍ക്കിടയിലും ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്. കേന്ദ്ര മാനവവിഭവവികസന മന്ത്രി കപില്‍സിബല്‍ 100 ദിവസത്തിനകം നടപ്പാക്കാന്‍പോകുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെപ്പറ്റി വിശദീകരിക്കുന്ന കൂട്ടത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറിയ സാഹചര്യത്തില്‍ പത്താംക്ളാസിന്റെ അവസാനത്തില്‍ പൊതുപരീക്ഷയ്ക്ക് പ്രസക്തിയില്ലെന്നും തുടര്‍ന്നു പഠിക്കാത്തവര്‍ക്ക് മാത്രമായി പത്താംക്ളാസ് പൊതുപരീക്ഷ പരിമിതപ്പെടുത്തണമെന്നുമാണ് സിബല്‍ നിര്‍ദേശിച്ചത്. സംസ്ഥാന സര്‍ക്കാരുമായും വിദ്യാഭ്യാസ വിദഗ്ധരുമായും അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തിയശേഷം സമവായമുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലല്ല ഏകപക്ഷീയമായാണ് ഇത്തരം ഒരു നിര്‍ദേശം കേന്ദ്രമന്ത്രി മുമ്പോട്ടുവച്ചതെന്നാണ് മനസ്സിലാക്കുന്നത്.
ReplyDeleteഎസ്സ് എസ് എല്‍ സി പരീക്ഷ നിര്‍ത്തലാക്കുന്നത് ശരിയായ നടപടി ആയി തോന്നുന്നില്ല ..പക്ഷെ പ്രാഥമീക - സെക്കണ്ടറി തലങ്ങളിലെ വിദ്യാഭ്യാസ സമ്പത്തായ ഏകീകരണം നല്ല ഒരു ആശയമാണ്...ഇപ്പോള്‍ സി ബി എസ് ഇ , എന്‍ സി ആര്‍ ടി, ഐ സി എസ് സി , സ്റ്റേറ്റ് സിലബസ് എന്നിങ്ങനെ വിവിധ സിലബസ് ഉള്ളതിന് പകരം പത്താം ക്ലാസ്സ് വരെ എങ്കിലും രാജ്യത്തെ പൌരന്‍ മാര്‍ക്ക് ഒരേ തരത്തിലുള്ള വിദ്യഭ്യാസം നേടാന്‍ ഇത് സഹായിക്കും...
ReplyDelete