Sunday, June 14, 2009

ആധുനിക കേരളത്തിന്റെ ശില്‍പ്പി

മാര്‍ക്സിസം-ലെനിനിസം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും വര്‍ത്തമാനകാല സംഭവവികാസങ്ങളെ മാര്‍ക്സിസം-ലെനിനിസത്തിന്റെ വീക്ഷണത്തില്‍ വിലയിരുത്താനും അതനുസരിച്ച് ഇടപെടാനും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനും സ്വജീവിതം ഉഴിഞ്ഞുവച്ച മഹാനായ വിപ്ലവകാരിയാണ് ഇ എം എസ്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരംഗത്ത് സാര്‍വദേശീയമായിത്തന്നെ ശ്രദ്ധേയമായ സംഭാവനകളാണ് ഇ എം എസിന്റേത്. പുതിയ കാലഘട്ടത്തിലെ വെല്ലുവിളി നേരിടുന്നതില്‍ മാര്‍ക്സിസം-ലെനിനിസം എങ്ങനെ പ്രയോഗിക്കാമെന്ന് പ്രവര്‍ത്തിച്ചു കാണിച്ച സഖാവാണ് ഇ എം എസ്. ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിന്റെ അടിത്തറയായത് ഇ എം എസിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ്. ഇ എം എസിന്റെ സംഭാവനകള്‍ പറഞ്ഞുകൊടുക്കേണ്ടതോ പറഞ്ഞറിയിക്കേണ്ടതോ അല്ല, മലയാളികളാകെ അനുഭവിച്ചറിയുന്നതാണ്. ഐക്യകേരളത്തിന്റെ രൂപീകരണത്തിലും തുടര്‍ന്ന് കേരളത്തിന്റെ ഉജ്വലമായ മുന്നേറ്റത്തിലും നായകസ്ഥാനത്തുണ്ടായിരുന്നത് ഇ എം എസാണ്. മൂന്നായി വിഭജിക്കപ്പെട്ട കേരളത്തിലെ ഒന്നേകാല്‍ കോടി മലയാളികളുടെ സ്വത്വത്തെക്കുറിച്ചും കേരളം ഒന്നാകേണ്ടതിനെക്കുറിച്ചും ശക്തമായി ആദ്യം എഴുതിയതും പ്രചരിപ്പിച്ചതും ഇ എം എസാണ്. ഒന്നേകാല്‍ കോടി മലയാളികള്‍ ആറു പതിറ്റാണ്ടുകൊണ്ട് മൂന്നേകാല്‍ കോടിയായി. മലയാളികളുടെ മാതൃഭൂമിയായ കേരളം ഒന്നായി ചേര്‍ന്ന് ഒറ്റ മനസ്സോടെ മുന്നോട്ടു കുതിക്കേണ്ടതിന്റെ പ്രാധാന്യം ഇ എം എസ് പഠിപ്പിച്ചു. ആദ്യത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ ഐക്യകേരളത്തിന്റെ വളര്‍ച്ചയുടെ അടിത്തറ പാകാനും ഇ എം എസിനു കഴിഞ്ഞു.

1957ല്‍ കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ അധികാരത്തിലെത്തിയ സംഭവം ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റുകാരെയും പുരോഗമനവാദികളെയും ആവേശം കൊള്ളിച്ചു. പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യമന്ത്രിസഭയ്ക്കാണ് ഇ എം എസ് നേതൃത്വം നല്‍കിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സാര്‍വദേശീയമായിത്തന്നെ സുപ്രധാനമായ അനുഭവമായിരുന്നു അത്. പുതിയ ചരിത്രമാണ് കുറിക്കപ്പെട്ടത്. പതിറ്റാണ്ടുകളോളം കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും നാനാവിഭാഗം തൊഴിലാളികളും ഇടത്തരക്കാരും മറ്റ് ഉല്‍പ്പതിഷ്ണുക്കളുമെല്ലാം ചേര്‍ന്നു നടത്തിയ ത്യാഗോജ്വല സമരത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട പുരോഗമനപരമായ അന്തരീക്ഷത്തിലാണ് 1957ല്‍ ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍ വന്നത്. ആ സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടതിന്റെയും അതിനു വഴിവച്ച, സാമ്രാജ്യത്വപിന്തുണയോടെയുള്ള വിമോചന സമരാഭാസത്തിന്റെയും അര്‍ധശതാബ്ദി കൂടിയാണ് ഇപ്പോള്‍.

കമ്യൂണിസ്റ്റ് പാര്‍ടിക്ക് അധികാരം ലഭിച്ചാല്‍ തൊഴിലാളികള്‍ക്കും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കുംവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്നതിന് അടിസ്ഥാനപരമായ മാതൃകയാണ് ഇ എം എസ് നേതൃത്വം നല്‍കിയ മന്ത്രിസഭ കാണിച്ചു തന്നത്. വികസനത്തെക്കുറിച്ച് നമ്മുടെ നാട്ടില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. കമ്യൂണിസ്റ്റുകാര്‍ വികസനത്തിന് എതിരാണ്, വ്യവസായവികസനത്തെ തടയുന്നത് തൊഴിലാളികളാണ്, ഇടതുപക്ഷ സര്‍ക്കാരുകള്‍ വികസനത്തെ തടയാനാണ് ശ്രമിച്ചത് എന്നൊക്കെ വലതുപക്ഷ ശക്തികള്‍ നിരന്തരം പ്രചരിപ്പിക്കുന്നു. എന്നാല്‍, കേരളത്തിന്റെ സമഗ്രവികസനത്തിന് ശാസ്ത്രീയമായ അടിത്തറ പാകാന്‍ ശ്രമിച്ചത് ഇടതുപക്ഷ സര്‍ക്കാരുകളാണെന്നതാണ് വസ്തുത. വികസനത്തിന്റെ അടിസ്ഥാനം മനുഷ്യവികസനമാണെന്ന തത്വമാണ് 1957ല്‍ ഇ എം എസ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ചത്.

പതിനായിരക്കണക്കിനു കുടുംബം ഒഴിപ്പിക്കപ്പെടുകയും ലക്ഷക്കണക്കിനു കുടുംബത്തിന് സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ എന്ത് വികസനമാണ് ഉണ്ടാവുക. ലക്ഷക്കണക്കിനേക്കര്‍ ഭൂമി ജന്മിമാരുടെ കൈവശം തരിശായി കിടന്നാല്‍ എന്ത് വികസനമാണ് ഉണ്ടാവുക. ഒഴിപ്പിക്കല്‍ തടഞ്ഞും ഭൂപരിഷ്കരണ നടപടിയിലൂടെയുമാണ് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഭൂപരിഷ്കരണമാണ് കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത്. ജന്മിത്തം അവസാനിപ്പിച്ച് ലക്ഷക്കണക്കിനു കുടിയാന്മാര്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കി. അതുപോലെ വിദ്യാഭ്യാസനിയമം കൊണ്ടുവന്നു. സംസ്ഥാനത്തിന്റെ പില്‍ക്കാല വികാസങ്ങളുടെയെല്ലാം അടിത്തറ പാകാന്‍ അങ്ങനെ ഇ എം എസ് സര്‍ക്കാരിനു കഴിഞ്ഞു. പിന്നീട് വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരുകള്‍ ആ പാതയിലൂടെയാണ് മുന്നേറിയത്. സാക്ഷരതയിലും ആരോഗ്യനിലവാരത്തിലും സ്ത്രീശാക്തീകരണത്തിലുമെല്ലാം കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലായി. 'കേരള മോഡല്‍' ലോകമെങ്ങും അറിയപ്പെട്ടു.

ഭൂപരിഷ്കരണവും വിദ്യാഭ്യാസനിയമവും കൊണ്ടുവന്ന് കേരളത്തിന് മോചനമാര്‍ഗം വെട്ടുകയും രാജ്യത്തിനാകെ മാതൃകകാട്ടുകയുമായിരുന്നു ഇ എം എസിന്റെ നേതൃത്വത്തില്‍ ഒന്നാം സര്‍ക്കാര്‍. അധികാരത്തിലേറി ഒരാഴ്ചയ്ക്കകം ഒഴിപ്പിക്കല്‍ നിരോധിച്ച് ഓര്‍ഡിനന്‍സ് ഇറക്കി. ജന്മി-നാടുവാഴിത്തത്തെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിയുന്നതിന്റെ ആദ്യ നടപടി. കൃഷിഭൂമി കൃഷിക്കാരനാണെന്നും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് ഭൂമിയും ഭൂമിയിലെ വിഭവങ്ങളും എന്നുമുള്ള പ്രഖ്യാപനവും സന്ദേശവുമായിരുന്നു അത്. ഭൂപരിഷ്കരണം സാമൂഹ്യനീതിയുടെ അടിസ്ഥാന ഘടകമാണ്. അടിമകളെ ഉടമകളാക്കുന്ന അടിസ്ഥാനമാറ്റത്തിന്റെ തുടക്കം. വിദ്യ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് വിദ്യാഭ്യാസനിയമത്തിലൂടെ ഉറപ്പാക്കി. തൊഴില്‍തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടില്ലെന്നു പ്രഖ്യാപിക്കുകയും തൊഴില്‍തര്‍ക്കം ത്രികക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നു തീരുമാനിക്കുകയും ചെയ്തു. തിരുവിതാംകൂറില്‍മാത്രം നിലനിന്നിരുന്ന സംവരണം സംസ്ഥാനവ്യാപകമാക്കി സാമൂഹ്യനീതി നടപ്പാക്കാന്‍ തുടക്കമിട്ടു. ഇങ്ങനെ കേരളത്തിന്റെ വികസനത്തിന്, മുന്നേറ്റത്തിന് പാതതെളിക്കുകയായിരുന്നു ഇ എം എസിന്റെ നേതൃത്വത്തില്‍. മാനവവികസനത്തില്‍ മലയാളി ഏറെക്കുറെ വിശ്വനിലവാരത്തിനൊപ്പമാണെന്നത് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടതാണ്. ഈ അഭിമാനകരമായ സ്ഥിതിയുണ്ടായതിന് അടിസ്ഥാനം ഇ എം എസിനെപ്പോലുള്ളവരുടെ ധൈഷണികവും രാഷ്ട്രീയവും ഭരണപരവുമായ ഇടപെടലാണ്.

1957ലും '67ലും ഭരണത്തിനു നേതൃത്വം കൊടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇ എം എസിന്റെ ജീവിതത്തിലെ ചെറിയൊരംശംമാത്രമാണ്. സ്വസമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ അതിശക്തമായ പോരാട്ടത്തിന് നേതൃത്വം കൊടുക്കുകയും ആചാരപരിഷ്കാരത്തിന് സമുദായനേതൃത്വത്തെ നിര്‍ബന്ധിതമാക്കുകയും ചെയ്ത ആദ്യകാലം, തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന് നിയമലംഘനപ്രസ്ഥാനത്തില്‍ അണിചേരുകയും സ്വാതന്ത്ര്യസമരനായകരിലൊരാളായി തീരുകയും ചെയ്തത്, അഖിലേന്ത്യാടിസ്ഥാനത്തില്‍ ജയപ്രകാശ് നാരായണിന്റെയും മറ്റും നേതൃത്വത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സംഘാടകനും നേതാവുമായത്, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉത്ഭവത്തിന് ഉപയോഗപ്പെടുത്തിയത്, സഖാക്കള്‍ കൃഷ്ണപിള്ള, കെ ദാമോദരന്‍, എന്‍ സി ശേഖര്‍ എന്നിവര്‍ക്കൊപ്പം കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഘടകം രൂപീകരിച്ചത്, ആദ്യം ഷൊര്‍ണൂരില്‍വച്ച് പ്രഭാതം പത്രവും പിന്നീട് തന്റെ സ്വത്ത് വിറ്റ പണം പ്രധാനമായും മുതല്‍ക്കൂട്ടി കോഴിക്കോട്ട് ദേശാഭിമാനിയും തുടങ്ങി കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത് എന്നിങ്ങനെ പറഞ്ഞു തീര്‍ക്കാനാകാത്തത്ര അനന്തമാണ് ഇ എം എസ് വ്യാപരിച്ച മേഖലകള്‍. രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും പ്രഭാഷണവും ധൈഷണികമായ ഇടപെടലുംകൊണ്ട് ആധുനിക കേരളീയ മനസ്സിനെ രൂപപ്പെടുത്തുന്നതില്‍ ഇ എം എസ് നിര്‍ണായക പങ്ക് വഹിച്ചു.

വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച നാടാണ് കേരളം. അതായത്, തൊട്ടുകൂട്ടായ്മയും തീണ്ടിക്കൂടായ്മയുമടക്കമുള്ള ക്രൂരമായ ജാതിഭ്രാന്തില്‍നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ശ്രീനാരായണ ഗുരുവിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന സാമൂഹ്യനീതി പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയും വികാസവുമാണ് ദേശീയപ്രസ്ഥാനവും തൊഴിലാളി-കര്‍ഷകപ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ടിയും. തൊഴിലാളികളിലും കൃഷിക്കാരിലും ജനസാമാന്യത്തിലാകെയും ഉല്‍പ്പതിഷ്ണത്വവും അതിലും ഉയര്‍ന്നതായ വര്‍ഗബോധവും ഉണര്‍ത്തുന്ന മഹത്തായ ധൈഷണികപ്രവര്‍ത്തനവും സമര-സംഘടനാ പ്രവര്‍ത്തനവുമാണ് ഇ എം എസ് നടത്തിയത്. ഏറ്റവും സംസ്കാരസമ്പന്നമായ സാര്‍വദേശീയ ബോധത്തിലേക്കും വര്‍ഗബോധത്തിലേക്കും മലയാളിയെ ഉയര്‍ത്താനും തൊഴിലാളിവര്‍ഗത്തിന്റെയും കൃഷിക്കാരുടെയും ഇടത്തരക്കാരുടെയും ഉന്നമനത്തിനായി ജീവിതം മുഴുവന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ ഏറ്റവും മഹത്തായ, ഉജ്വലമായ സംഭാവനയാണ് ഇ എം എസ് നല്‍കിയത്. യുഗപ്രഭാവനായ സഖാവ് ഇ എം എസിന്റെ സംഭാവനകള്‍ അനുസ്മരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും പുതിയ കാലഘട്ടത്തില്‍ കേരളത്തിന്റെയും മലയാളിയുടെയും പുരോഗമനപ്രസ്ഥാനത്തിന്റെ മൊത്തത്തിലുമുള്ള മുന്നേറ്റത്തിന് അനിവാര്യമാണ്.

വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി ദിനപ്പത്രം

1 comment:

  1. മാര്‍ക്സിസം-ലെനിനിസം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും വര്‍ത്തമാനകാല സംഭവവികാസങ്ങളെ മാര്‍ക്സിസം-ലെനിനിസത്തിന്റെ വീക്ഷണത്തില്‍ വിലയിരുത്താനും അതനുസരിച്ച് ഇടപെടാനും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനും സ്വജീവിതം ഉഴിഞ്ഞുവച്ച മഹാനായ വിപ്ലവകാരിയാണ് ഇ എം എസ്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരംഗത്ത് സാര്‍വദേശീയമായിത്തന്നെ ശ്രദ്ധേയമായ സംഭാവനകളാണ് ഇ എം എസിന്റേത്. പുതിയ കാലഘട്ടത്തിലെ വെല്ലുവിളി നേരിടുന്നതില്‍ മാര്‍ക്സിസം-ലെനിനിസം എങ്ങനെ പ്രയോഗിക്കാമെന്ന് പ്രവര്‍ത്തിച്ചു കാണിച്ച സഖാവാണ് ഇ എം എസ്. ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിന്റെ അടിത്തറയായത് ഇ എം എസിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ്. ഇ എം എസിന്റെ സംഭാവനകള്‍ പറഞ്ഞുകൊടുക്കേണ്ടതോ പറഞ്ഞറിയിക്കേണ്ടതോ അല്ല, മലയാളികളാകെ അനുഭവിച്ചറിയുന്നതാണ്.....

    വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം.

    ReplyDelete