ആഗോള മാധ്യമരംഗത്ത് ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് "ഡാവിഞ്ചി കോഡ്'' എന്ന ഒരു പുസ്തകം രണ്ടുവര്‍ഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. സുസ്ഥാപിതമായ കത്തോലിക്കാസഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണത്തിനു തന്നെ ബോംബ് വെയ്ക്കുന്ന അതീവ രഹസ്യമായ എന്തോ വിവരം അടങ്ങിയതാണ് ആ നോവല്‍ എന്നായിരുന്നു പ്രചരണം. ആ രഹസ്യത്തിന്റെ താക്കോല്‍ അന്വേഷിച്ച്, അന്വേഷിച്ച് ഉദ്വേഗജനകമായ രംഗങ്ങളിലൂടെ വായനക്കാരനെ വലിച്ചിഴച്ച ഗ്രന്ഥകാരന്‍, ഒടുവില്‍ വായനക്കാരനെ തീര്‍ത്തും നിരാശനാക്കി, വിഡ്ഢിയാക്കുന്ന അവസ്ഥയാണ് സംജാതമാക്കുന്നത്. ഇരുട്ടുനിറഞ്ഞ മുറിയില്‍ ഇല്ലാത്ത കരിംപൂച്ചയെ തപ്പുന്ന പഴയ ഏര്‍പ്പാടായിരുന്നു ഡാവിഞ്ചികോഡില്‍ നിറഞ്ഞുനിന്നത്. പത്തഞ്ഞൂറ് പേജുകള്‍ വായിപ്പിച്ച് ഒടുവില്‍ വായനക്കാരനെ തികച്ചും വിഡ്ഢിയാക്കുന്ന ഈ അസംബന്ധ നോവല്‍ എന്ന കഥയില്ലായ്മ സുപ്രസിദ്ധ മലയാളകഥാകൃത്തായ എം പി നാരായണപിള്ളയും പയറ്റിയിട്ടുണ്ട്.
മലയാള മാധ്യമങ്ങളില്‍ കഴിഞ്ഞ ചില മാസങ്ങളായി അരങ്ങു തകര്‍ത്തുകൊണ്ടിരിക്കുന്ന ലാവ്ലിന്‍ വിവാദകഥകള്‍ വായിക്കുമ്പോള്‍ ഡാവിഞ്ചി കോഡിനേയും പിള്ളച്ചേട്ടന്റെ ശ്വാനപുരാണത്തേയും ഓര്‍ത്തുപോകും. സിപിഐ എം നേതാവ് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍, ഭരണഘടനാ ബാധ്യതകള്‍ ലംഘിച്ചുകൊണ്ട് ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ അറഞ്ഞുതുള്ളി ആഘോഷിക്കുകയാണ്. "കുടുങ്ങി'', "ഇനി വിചാരണ'', "കീഴടങ്ങി'' എന്നൊക്കെയുള്ള അമിതമായ ആഹ്ളാദത്തോടെയുള്ള അവയുടെ വാര്‍ത്താവിന്യാസം തന്നെ മതി, ഒരു വാര്‍ത്തയിലുള്ള കേവലമായ താല്‍പര്യമല്ല അവര്‍ കാണിക്കുന്നത്, മറിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നിരന്തരം വേട്ടയാടി കള്ളക്കേസില്‍ കുടുക്കുവാനുള്ള വ്യഗ്രതയാണ് അവര്‍ക്കെന്ന് വ്യക്തമാകാന്‍. അവരുടെ ഈ "വിജയന്‍ വേട്ടയ്ക്ക്'' വേദിയൊരുക്കി കൊടുത്തതാകട്ടെ ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ ഒമ്പതാം പ്രതിയാക്കാന്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചട്ടുകമായ സിബിഐ കാണിച്ച തരംതാണ അന്വേഷണ അടവുകളാണ്. പിണറായിയെ ഒമ്പതാം പ്രതിയാക്കി അവതരിപ്പിക്കുന്നതിനായി അവര്‍ നിരത്തിവെയ്ക്കുന്ന ആരോപണങ്ങളടങ്ങിയ റിപ്പോര്‍ട്ടാകട്ടെ, "ഡാവിഞ്ചി കോഡു'' പോലെ, ശ്വാനപുരാണം പോലെ, വാലും തുമ്പുമില്ലാത്ത, അസംബന്ധ ജടിലമായ ഒരു റിപ്പോര്‍ട്ടാണ് താനും. അതു മുഴുവനും പലതവണ വായിച്ചാലും പിണറായി നടത്തിയ അഴിമതിയെന്തെന്ന് ആര്‍ക്കും മനസ്സിലാവുകയില്ല. പിണറായിക്കെതിരായി "അഴിമതി'', "അഴിമതി'' എന്ന് ആക്രോശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ രക്തത്തിനുവേണ്ടി ഓടി നടക്കുന്ന ബൂര്‍ഷ്വാ പത്ര പ്രവര്‍ത്തകന്മാര്‍ക്കുപോലും യഥാര്‍ത്ഥത്തില്‍ എന്തഴിമതിയാണ് അദ്ദേഹം കാണിച്ചത് എന്നു പറയാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. വിജയന്‍ വേട്ടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ദീപിക പത്രം ജൂണ്‍ എട്ടിന് ആറാം പേജിലെ ലേഖനത്തിന് ഏറ്റവും വലിയ അക്ഷരത്തില്‍ അച്ചടിച്ചുവിട്ട തലക്കെട്ട് "കേരളത്തിന് 374.5 കോടി നഷ്ടമുണ്ടാക്കിയ ലാവ്ലിന്‍'' എന്നാണ്. എന്നുവെച്ചാല്‍ 374.5 കോടി രൂപ പിണറായി വിജയന്‍ നഷ്ടമുണ്ടാക്കി എന്നാണ് ദീപികയുടെ വ്യാഖ്യാനം. ലാവ്ലിന്‍ കമ്പനി വഴി കനഡയില്‍നിന്ന് വാങ്ങിച്ച യന്ത്ര സാമഗ്രികളുടെ വിലയായ 149.89 കോടി രൂപ, കണ്‍സള്‍ട്ടന്‍സി ഫീസ് 17.88 കോടി രൂപ, ഇന്ത്യയ്ക്കുള്ളില്‍നിന്ന് വാങ്ങിയ സാധനങ്ങളുടെ വില, പണിക്കൂലി ആശുപത്രിക്കു കിട്ടാന്‍ ബാക്കിയുള്ള 86 കോടി, പലിശ ഇതെല്ലാമടക്കമുള്ള തുകയാണ് 374 കോടി രൂപ. ആശുപത്രിക്ക് കിട്ടിയേക്കാമായിരുന്ന 86 കോടിയടക്കം 374 കോടിയുടെ അഴിമതിയുണ്ടായി എന്നു വരുത്തിത്തീര്‍ക്കാനാണ് ദീപിക, ജൂണ്‍ 8നുപോലും ശ്രമിക്കുന്നതെങ്കില്‍, ഈ കപട തന്ത്രം പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും എല്ലാം നേരത്തേ തൊട്ടേ പയറ്റിത്തുടങ്ങിയിരുന്നു. കേട്ടാല്‍ ഒരാള്‍ക്കും ബോധ്യം വരാത്ത ഈ കള്ളക്കണക്കുകള്‍ ഇവിടത്തെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. യുഡിഎഫും യുഡിഎഫ് അനുകൂല മാധ്യമങ്ങളും സംഘടിതവും ആസൂത്രിതവുമായി പിണറായിക്കെതിരായി കള്ളപ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നേ ഇതില്‍നിന്ന് അനുമാനിക്കാന്‍ കഴിയൂ. അവരുടെ തന്ത്രത്തിന് സിബിഐ എന്ന കേന്ദ്ര അന്വേഷണസംഘം വേണ്ട കളമൊരുക്കിക്കൊടുക്കുകയും ചെയ്തു.
തനിക്കോ തനിക്കുവേണ്ടപ്പെട്ടവര്‍ക്കോ സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനുവേണ്ടി ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി അറിഞ്ഞുകൊണ്ട് അവിഹിതമായ ഒരു നടപടി കൈക്കൊള്ളുന്നുവെങ്കിലേ അത് അഴിമതിയാവുകയുള്ളൂ. അറിയാതെ സംഭവിക്കുന്ന വീഴ്ചകള്‍കൊണ്ട് സാമ്പത്തികനഷ്ടം ഉണ്ടാകുന്നുവെങ്കില്‍പോലും അത് അഴിമതിയായി കണക്കാക്കപ്പെടുകയില്ല. ലാവ്ലിന്‍ ഫയല്‍ കൈകാര്യം ചെയ്ത ആറ് മന്ത്രിമാരില്‍ ഇടക്കാലത്ത് കുറച്ചുകാലം വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ തനിക്കോ തനിക്കു വേണ്ടപ്പെട്ട ആര്‍ക്കെങ്കിലുമോ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനുവേണ്ടി തന്റെ മന്ത്രി പദവി ദുരുപയോഗം ചെയ്തുവെന്ന് സിബിഐ അതിന്റെ റിപ്പോര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ല. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തൊട്ട് അദ്ദേഹത്തെ അനുകൂലിക്കുന്ന മാധ്യമപ്പടയും അങ്ങനെ പറയുന്നില്ല. "പിണറായി വിജയന്‍ പത്തു പൈസയുടെ അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ അതിന് തെളിവ് ഹാജരാക്കൂ'' എന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമ പ്രവര്‍ത്തകരെ വെല്ലുവിളിച്ചതാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ അവര്‍ക്കാര്‍ക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. എന്നിട്ടും അവര്‍ "അഴിമതി'' "അഴിമതി'' എന്ന് വിളിച്ചു കൂവുന്നത്, പിണറായി വിജയനെതിരെ അഴിമതിയുടെ പുകമറ സൃഷ്ടിക്കുന്നതിനുവേണ്ടി മാത്രമാണ്. പത്തുപൈസയുടെ അഴിമതിക്കു തെളിവ് ഹാജരാക്കാന്‍ കഴിയാത്തവരാണ്, 374.5 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് വിളിച്ചു കൂവുന്നത്.
പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് സിബിഐ ആരോപിക്കുന്നത്, ധനനഷ്ടം ഉണ്ടാക്കുന്നതിനായി മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ്. "ഐപിസി 120-ാം വകുപ്പനുസരിച്ച് ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം നിലനില്‍ക്കണമെങ്കില്‍, പ്രതികള്‍ തമ്മില്‍ ഒരു നിയമവിരുദ്ധ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ ന്യായമായ പ്രവൃത്തിയെ നിയമവിരുദ്ധമായി നടപ്പാക്കുകയോ ചെയ്യുന്നതിനായി കൂട്ടായി പരിശ്രമം നടത്തണം'' എന്ന് നിയമപണ്ഡിതന്മാര്‍ എടുത്തു കാണിക്കുന്നു. അതിനായി പ്രതികള്‍ ഉണ്ടാക്കുന്ന കരാറാണ് യഥാര്‍ത്ഥത്തില്‍ കുറ്റകരമായ ഗൂഢാലോചന.
ഇതിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ലാവ്ലിന്‍ കേസിലെ പ്രതികള്‍ ഇങ്ങനെ ഏതെങ്കിലും ഗൂഢാലോചന നടത്തുകയോ അതിന്റെ അടിസ്ഥാനത്തില്‍ കരാറില്‍ എത്തുകയോ ചെയ്തതായി സിബിഐ തെളിയിക്കുന്നില്ല; അവര്‍ അങ്ങനെ ആരോപിക്കുന്നതുപോലുമില്ല. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനായി ലാവ്ലിനുമായി കേരള വൈദ്യുതി വകുപ്പ് ഏര്‍പ്പെട്ട കരാറില്‍ ആണ് ഗൂഢാലോചന നടന്നിട്ടുള്ളതെങ്കില്‍ അത് ആരംഭിച്ചത് എ കെ ആന്റണി മുഖ്യമന്ത്രിയും ജി കാര്‍ത്തികേയന്‍ (അതിനുമുമ്പ് സി വി പത്മരാജനും) വൈദ്യുതിമന്ത്രിയും ആയിരുന്ന കാലത്താണ്. 1994 മാര്‍ച്ച് 29നാണ് ഈ പദ്ധതികള്‍ നവീകരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിക്കുന്നത്. 1995 ആഗസ്ത് പത്തിന് ലാവ്ലിന്‍ കമ്പനിയുമായി വൈദ്യുതിബോര്‍ഡ് ധാരണാപത്രം ഒപ്പുവെച്ചു. പിന്നീട് 1996 ഫെബ്രുവരി 24ന് ലാവ്ലിനുമായി വിശദമായ കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചു. ഈ കരാര്‍ അനുസരിച്ചാണ് ലാവ്ലിനെത്തന്നെ കണ്‍സള്‍ട്ടന്റായി നിയമിച്ചതും കനഡയില്‍നിന്ന് പദ്ധതിക്കാവശ്യമായ ധനസഹായം ലഭിക്കുമെന്ന് നിശ്ചയിച്ചതും പദ്ധതിക്ക് ആവശ്യമായ യന്ത്രസാമഗ്രികള്‍ കനേഡിയന്‍ കമ്പനിയില്‍നിന്നു തന്നെ വാങ്ങണം എന്ന് നിശ്ചയിച്ചതും അതില്‍ ഓരോന്നിന്റെയും വില പ്രത്യേകം പ്രത്യേകം നിശ്ചയിച്ചതും. ഇതൊക്കെ ചെയ്തത് ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരിക്കുമ്പോഴാണ്. മന്ത്രിസഭയുടെ കാലാവധി തീരാറാകുമ്പോള്‍ ധൃതിപിടിച്ചാണ് ഇതൊക്കെ കാര്‍ത്തികേയന്‍ ചെയ്തുവെച്ചത്. തുടര്‍ന്നു വരുന്ന ഗവണ്‍മെന്റ് ഏതായാലും, ആ ഗവണ്‍മെന്റിന് ഈ കരാര്‍ അനുസരിച്ച് മുന്നോട്ടുപോവുകയേ വഴിയുള്ളൂ. ആ കരാര്‍ റദ്ദാക്കിക്കൂടായിരുന്നോ എന്നാണ്, അന്ന് കരാര്‍ വെച്ചവര്‍ ഇന്ന് ചോദിക്കുന്നത്. കരാര്‍ റദ്ദാക്കാന്‍ പുറപ്പെട്ടാല്‍ പാരീസിലെ അന്താരാഷ്ട്ര കോടതിയില്‍ കേസ് നടത്തേണ്ടിവരും. അവിടെ നിന്ന് ഒരു വിധിയുണ്ടാകാന്‍ എത്രയോ കാലതാമസം ഉണ്ടായെന്നു വരാം. അതിന്റെ ചെലവ് മൊത്തം പദ്ധതിച്ചെലവിനേക്കാള്‍ കൂടിയെന്നു വരാം. വിധി കേരളഗവണ്‍മെന്റിന് അനുകൂലമായി കൊള്ളണമെന്നുമില്ല. അങ്ങനെ അനുകൂലമല്ലാത്ത വിധിയുടെ അനുഭവം വേറെ ഉണ്ടുതാനും. സംസ്ഥാനങ്ങളുടെ പദ്ധതിക്കായി കേന്ദ്ര ഗവണ്‍മെന്റ് ഫണ്ട് സംഘടിപ്പിച്ചു നല്‍കുന്ന ഏര്‍പ്പാട് നരസിംഹറാവു ഗവണ്‍മെന്റ് അവസാനിപ്പിച്ചിരുന്നു.
ഇതിനൊക്കെ പുറമെ, യുഡിഎഫ് ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥത കാരണം ആറ് മണിക്കൂര്‍ പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും കാരണം കേരള ജനത പൊറുതിമുട്ടിയിരിക്കുകയായിരുന്നു. എങ്ങനെയെങ്കിലും കുറച്ച് കറന്റ് ഉല്‍പാദിപ്പിക്കുക എന്നതായിരുന്നു അന്നത്തെ അടിയന്തിരാവശ്യം. മുന്‍ ഗവണ്‍മെന്റ് ഒപ്പുവെച്ച കരാറുമായി മുന്നോട്ടുപോവുകയല്ലാതെ, മറ്റൊരു പോംവഴിയും 1996 മെയ് 20ന് അധികാരമേറ്റ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ മുന്നിലില്ലായിരുന്നു. ലാവ്ലിന്‍ കമ്പനിയാണെങ്കില്‍ 1976ല്‍ ഉല്‍പാദനം ആരംഭിച്ച ഒന്നാം ഘട്ടം ഇടുക്കി പദ്ധതിയുടെ കാലം തൊട്ടേ കേരള വൈദ്യുതി ബോര്‍ഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിയുമാണ്.
അങ്ങനെയാണ്, വൈദ്യുതി ഉല്‍പാദനത്തിന് പ്രാധാന്യം നല്‍കിയ പിണറായി വിജയന്‍, മുന്‍ യുഡിഎഫ് മന്ത്രി കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറുമായി മുന്നോട്ടുപോകാന്‍ പച്ചക്കൊടി കാണിച്ചത്. അതില്‍ യാതൊരു ഗൂഢാലോചനയുമില്ല. ഗൂഢാലോചനയുണ്ടെങ്കില്‍ അത് ആരംഭിച്ചതും അതിന് നിയമത്തിന്റെ പ്രാബല്യം നല്‍കിയതും യുഡിഎഫ് ഗവണ്‍മെന്റും അന്നത്തെ മന്ത്രി കാര്‍ത്തികേയനുമാണ്. ഇത്തരമൊരു ഗൂഢാലോചനയ്ക്ക് അടിസ്ഥാനമിട്ടതും അതിന് രൂപം നല്‍കിയതും കാര്‍ത്തികേയനാണ് എന്ന് സിബിഐ പറയുന്നുണ്ടെങ്കിലും കാര്‍ത്തികേയനെ പ്രതിയാക്കാന്‍ തെളിവുകളൊന്നുമില്ല എന്നാണ് സിബിഐയുടെ അഭിപ്രായം. ഗൂഢാലോചനക്ക് അടിസ്ഥാനമിട്ടതും രൂപം നല്‍കിയതും കാര്‍ത്തികേയന്‍. കോണ്‍ഗ്രസ് മന്ത്രിയായ അദ്ദേഹത്തെ ഒഴിവാക്കിയ സിബിഐ, തുടര്‍ന്ന് ആ കരാര്‍ സ്വാഭാവികമായ ഫലപ്രാപ്തിയിലെത്തിച്ച മന്ത്രിയെ പ്രതിസ്ഥാനത്തുനിര്‍ത്തുന്നു. സാമാന്യയുക്തിക്ക് നിരക്കാത്ത സിബിഐയുടെ ഈ നടപടി രാഷ്ട്രീയ പ്രേരിതമല്ലാതെ മറ്റെന്താണ്?
കേരളത്തിലെ ബൂര്‍ഷ്വാ മാധ്യമങ്ങളില്‍ ഒരു പറ്റം അന്വേഷണാത്മക പത്രപ്രവര്‍ത്തകന്മാരുണ്ട്. ലാവ്ലിന്‍ ഇടപാടില്‍ കാര്‍ത്തികേയന്റെ പങ്കിനെക്കുറിച്ച് അവരാരും ഇന്നേവരെ ഏതെങ്കിലും അന്വേഷണം നടത്തിയതായോ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതായോ വാര്‍ത്ത കണ്ടിട്ടില്ല. പിണറായിയുടെ ചോരക്കുവേണ്ടി ഓടി നടക്കുന്നവര്‍, ആ അന്വേഷണത്തിനിടയില്‍ ഇളക്കിനോക്കാത്ത കല്ലുകളില്ല. എന്നാല്‍ കാര്‍ത്തികേയന്റെ കാര്യത്തില്‍ അവര്‍ മൌനം പാലിക്കുന്നു. കഥാകൃത്ത് സക്കറിയ പറഞ്ഞപോലെ, ഇവര്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകരോ അതോ പപ്പരാസികളോ അതോ ആരാച്ചാരന്മാരോ? പത്രപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയം കാണും; എന്നാല്‍ വൃത്തികെട്ട മൂന്നാംകിട യുഡിഎഫ് രാഷ്ട്രീയമല്ല പത്രപ്രവര്‍ത്തനം. ചെയ്യുന്ന ജോലിയില്‍ അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ അവര്‍ എന്നേ വിജയന്‍ വേട്ട നിര്‍ത്തി, കാശിക്കു പോകുമായിരുന്നു. കേരളത്തില്‍ ലാവ്ലിനും വിജയനും മാത്രമേ വിഷയങ്ങളായിട്ടുള്ളൂ എന്നാണ് അവരുടെ അച്ചുതണ്ടിന്റെ കണ്ടെത്തല്‍ എന്നു തോന്നുന്നു.
അതെന്തായാലും, 1994 മാര്‍ച്ച് 29നും 1995 ആഗസ്ത് 10നും 1996 ഫെബ്രുവരി 24നും യുഡിഎഫ് ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികളുടെ സ്വാഭാവികമായ തുടര്‍ച്ച മാത്രമാണ് പിണറായി വിജയന്‍ നിര്‍വഹിച്ചത്. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ലാവ്ലിന് ആയിരിക്കണം എന്ന് നിശ്ചയിച്ചതും അതിന് റേറ്റ് നിശ്ചയിച്ചതും സാധനസാമഗ്രികള്‍ കനഡയില്‍നിന്നു തന്നെ വാങ്ങിക്കൊള്ളണം എന്ന് നിശ്ചയിച്ചതും അവയ്ക്ക് ഇത്രയിത്ര വില കൊടുക്കണം എന്ന് നിശ്ചയിച്ചതും എല്ലാം യുഡിഎഫ് മന്ത്രിയായ കാര്‍ത്തികേയനാണ്. ഇതിലൊന്നും ഒരൊറ്റ പൈസയും പിണറായി വിജയന്‍ തനിക്കോ തന്റെ സ്വന്തക്കാര്‍ക്കോ വേണ്ടി അവിഹിതമായി സമ്പാദിച്ചിട്ടില്ല. ഉണ്ടെന്ന് സിബിഐ പോലും പറയുന്നില്ല.
കാര്‍ത്തികേയന്‍ നിശ്ചയിച്ച നിരക്കുകളില്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ എന്തെങ്കിലും കുറവു വരുത്തുക എന്നതു മാത്രമേ പിണറായി വിജയന് ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ. അതദ്ദേഹം നടത്തുകയും ചെയ്തു. ലാവ്ലിനു നല്‍കേണ്ട കണ്‍സള്‍ട്ടന്‍സി ഫീസ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയാക്കി കുറച്ചു; കനഡയില്‍നിന്ന് വാങ്ങാന്‍ നിശ്ചയിച്ച യന്ത്രസാമഗ്രികളുടെ വില കാര്‍ത്തികേയന്‍ തീരുമാനിച്ചത് 157.47 കോടി രൂപ എന്നായിരുന്നു. അതില്‍ സ്പെയര്‍പാര്‍ട്ടുകളുടെ വില ഉള്‍പ്പെടുത്തിയിരുന്നില്ല. പിണറായി വിജയന്‍ മന്ത്രിയായതിനുശേഷം സ്പെയര്‍പാര്‍ടുകളുടെ വില കൂടി കൂട്ടിയിട്ടും മൊത്തം വില 149.98 കോടി രൂപയാക്കി കുറക്കാന്‍ കഴിഞ്ഞു. അതു വീണ്ടും ചര്‍ച്ച നടത്തി 131.27 കോടി രൂപയാക്കി കുറയ്ക്കാനും കഴിഞ്ഞു. അതിനുപുറമെ, കനഡയില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ നിശ്ചയിച്ചിരുന്ന യന്ത്രസാമഗ്രികളില്‍ ചിലത് ഇന്ത്യയില്‍ നിന്നു തന്നെ വാങ്ങിക്കാനും തീരുമാനിച്ചു. കൂടാതെ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പിരിച്ചു നല്‍കാമെന്നേറ്റ തുക ഇരട്ടിയില്‍ അധികമായി വര്‍ധിപ്പിക്കാനും കഴിഞ്ഞു. ഇതിലൊന്നും അഴിമതിയോ നഷ്ടമോ കാണാന്‍ കഴിയുകയില്ലല്ലോ.
കനഡയില്‍നിന്ന് യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനുപകരം ഇന്ത്യയില്‍നിന്ന് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൂടായിരുന്നോ എന്നാണ് ചില നിഷ്പക്ഷനാട്യക്കാരുടെ സംശയം. സംശയം ന്യായം തന്നെ. എന്നാല്‍ എംഒയു റൂട്ടിലൂടെ ഇങ്ങനെ ലഭിക്കുന്ന വായ്പയുടെ കരാറിലെ ഒരു പ്രധാന നിബന്ധന അവര്‍ പറയുന്ന കമ്പനിയെ കണ്‍സള്‍ട്ടന്റ് ആക്കി നിശ്ചയിക്കണം, അവരുടെ രാജ്യത്തുനിന്ന് സാധനസാമഗ്രികള്‍ വാങ്ങിയിരിക്കണം എന്നതാണ്. ഇല്ലെങ്കില്‍ വായ്പയേ ലഭിക്കുകയില്ല. കേരള സംസ്ഥാനത്തിലെ സര്‍ക്കാര്‍ മാറിയതുകൊണ്ട് ആ നിബന്ധന മാറ്റാന്‍ പറ്റില്ല. മാറ്റാന്‍ ശ്രമിച്ചാല്‍ അന്താരാഷ്ട്ര കോടതിയില്‍ കേസ് നടത്തുകയേ നിവൃത്തിയുള്ളൂ. എന്നുതന്നെയല്ല, പുതിയ പദ്ധതികള്‍ക്കൊന്നും കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ധനസഹായം നല്‍കേണ്ടതില്ല എന്ന നയം, ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ഫലമായി, അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവും ധനകാര്യമന്ത്രി മന്‍മോഹന്‍സിങ്ങും നടപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നുതാനും. അന്നത്തെ അവസ്ഥയില്‍, പദ്ധതിക്ക് മറ്റ് വിധത്തില്‍ പണം കണ്ടെത്താനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുമായിരുന്നില്ല.
ഇതിലൊന്നും ഒരൊറ്റ പൈസയുടെ അഴിമതി നടന്നിട്ടില്ല. നടന്നുവെന്ന് സിബിഐയും പറയുന്നില്ല. എന്നിട്ടും അഴിമതിയെന്ന് യുഡിഎഫ് വിളിച്ചു കൂവുന്നു; അവരുടെ അന്വേഷണാത്മക മാധ്യമ വിശാരദന്മാര്‍ സൂക്ഷ്മരന്ധ്രങ്ങള്‍ അന്വേഷിച്ചു നടക്കുന്നു.
ഒടുവില്‍ അവര്‍ക്ക് ലഭിച്ചത് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തലശ്ശേരിയില്‍ സ്ഥാപിക്കാന്‍ മന്ത്രി പിണറായി പ്രത്യേകം താല്‍പര്യം കാണിച്ചുവെന്ന സിബിഐയുടെ കണ്ടെത്തലാണ്. പക്ഷേ അതൊരു രഹസ്യമൊന്നുമല്ല. ഇത്തരമൊരു ക്യാന്‍സര്‍ സെന്ററിനുള്ള ഓഫര്‍ ലഭിക്കുമ്പോള്‍ അത് തന്റെ മേഖലയില്‍ വേണമെന്ന് ഏത് എംഎല്‍എയും ആഗ്രഹിച്ചുപോകും. അത് തെറ്റോ സ്വജനപക്ഷപാതമോ അല്ല. ജനങ്ങളോടുള്ള പ്രതിബദ്ധതയാണതില്‍ തെളിഞ്ഞു കാണുന്നത്. തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരത്തും മധ്യകേരളത്തില്‍ തൃശ്ശൂരും സാമാന്യം ഭംഗിയായി പ്രവര്‍ത്തിച്ചുവരുന്ന ക്യാന്‍സര്‍ ആശുപത്രികളുണ്ട്. വടക്കന്‍ കേരളത്തില്‍ അങ്ങനെയൊന്നു വേണം എന്ന് മന്ത്രി പിണറായി അന്ന് ആഗ്രഹിച്ചുപോയത് തെറ്റാണെന്ന് കോണ്‍ഗ്രസ്സിന്റെ ചട്ടുകമായ സിബിഐക്കു തോന്നാമെങ്കിലും ജനങ്ങള്‍ക്കങ്ങനെ തോന്നുകയില്ല. വടക്കന്‍ കേരളത്തിലുള്ള ക്യാന്‍സര്‍ രോഗികളും അവരുടെ ബന്ധുക്കളും അഞ്ഞൂറും അറുനൂറും കിലോമീറ്റര്‍ യാത്ര ചെയ്ത് തിരുവനന്തപുരത്തെത്തിയാണ് അന്ന് ചികില്‍സ തേടിയിരുന്നത്. തലശ്ശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആരംഭിച്ചത് അനുഗ്രഹമായിട്ടേ അവര്‍ കരുതൂ. അതിന്റെ നിര്‍മാണത്തിനുള്ള പണം, കാനഡയില്‍നിന്ന് പിരിച്ച് നല്‍കാം എന്നായിരുന്നു ലാവ്ലിന്‍ സമ്മതിച്ച വ്യവസ്ഥ. അതിനുള്ള തുക സംഭരിച്ചു നല്‍കുന്നതിനുള്ള കരാര്‍ എന്തുകൊണ്ട് പിണറായി ഉണ്ടാക്കിയില്ല എന്നാണ് സംശയക്കാരുടെ മറ്റൊരു ചോദ്യം. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരാശുപത്രി പൊതുതാല്‍പര്യപ്രകാരം തലശ്ശേരിയില്‍ നിര്‍മിക്കാന്‍ പിണറായി ശ്രമിച്ചതില്‍ കുറ്റം ചുമത്താന്‍ കഴിയാതിരുന്നതുകൊണ്ട്, യുഡിഎഫും അവര്‍ക്കുവേണ്ടി മാധ്യമങ്ങളും സിബിഐയും അങ്ങനെയൊരു ചോദ്യം കുത്തിപ്പൊക്കുന്നു. ക്യാന്‍സര്‍ സെന്ററിന്റെയും തുടക്കം കാര്‍ത്തികേയനില്‍ നിന്നുതന്നെയാണ്. ഒടുക്കം കോണ്‍ഗ്രസുകാരനായ മന്ത്രി കടവൂര്‍ ശിവദാസനിലും. പദ്ധതി നവീകരണത്തിനുള്ള കരാര്‍ ഉണ്ടാക്കുന്നത് സ്വാഭാവികമായ നിയമപ്രക്രിയയാണ്. അതിന് സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ കാനഡയിലെ ഉദാരമതികളായ വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സംഭാവന പിരിച്ച് ആശുപത്രിക്കുവേണ്ടി എത്തിക്കാമെന്ന ലാവ്ലിന്റെ വ്യവസ്ഥ, വൈദ്യുതിപദ്ധതിക്കുള്ള കരാറില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയില്ല. അതൊരു കരാറല്ല; ധാരണ മാത്രമാണ്. സംഭാവനക്കുള്ള നിര്‍ദ്ദേശം. ആ ധാരണാപത്രത്തിലെ നിബന്ധന ലാവ്ലിനെക്കൊണ്ട് നിര്‍വഹിപ്പിക്കേണ്ടത് പദ്ധതിപ്പണി തീര്‍ന്ന് കരാര്‍ അനുസരിച്ച് നിശ്ചയിച്ച തുക കൊടുത്തു തീര്‍ക്കുന്ന അവസരത്തിലാണ്. ആ അവസരം വരുന്നതിന് എത്രയോ മുമ്പ് പിണറായി വിജയന്‍ വൈദ്യുതി വകുപ്പ് മന്ത്രിയല്ലാതായിരുന്നു. എല്‍ഡിഎഫ് ഭരണത്തിലില്ലായിരുന്നു. പിന്നീടു വന്ന യുഡിഎഫ് മന്ത്രിസഭയിലെ കടവൂര്‍ ശിവദാസനാണ് അത് ചെയ്യേണ്ടിയിരുന്നത്. ക്യാന്‍സര്‍ ആശുപത്രിക്ക് നല്‍കാമെന്നേറ്റ പണം തട്ടിക്കിഴിച്ച് ബാക്കിയേ നല്‍കൂ എന്ന് നിര്‍ബന്ധം പിടിക്കേണ്ടത് കടവൂര്‍ ശിവദാസനായിരുന്നു. അദ്ദേഹമത് ചെയ്തില്ല. അതിന്റെ കുറ്റമെങ്ങനെ പിണറായിയുടെ മേല്‍ വരും?
പന്നിയാര്‍ - ശെങ്കുളം - പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനുവേണ്ടി ചെലവഴിച്ച 374 കോടി രൂപ നഷ്ടമായി എന്നൊരു വാചകം 2005 ജൂലൈ മാസത്തിലെ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഈ ഒരു വാചകം പിടിച്ചാണ്, 374 കോടി നഷ്ടം വരുത്തിയെന്ന് ദീപിക ലേഖകന്‍ തൊട്ട് ഉമ്മന്‍ചാണ്ടി വരെയുള്ളവര്‍ അലറിവിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ മൂന്നു പദ്ധതികളുടെയും കൂടി ആകെ നവീകരണച്ചെലവാണ് 374 കോടി രൂപ. നവീകരണ നടപടിക്കിടയില്‍ ഡാമുകളില്‍ വെള്ളം കെട്ടിനിര്‍ത്തിയിരുന്നില്ല. പണികഴിഞ്ഞ അടുത്ത വര്‍ഷം മഴ വളരെ കുറവുമായിരുന്നു. സ്വാഭാവികമായും ഡാമുകളില്‍ വെള്ളമുണ്ടായിരുന്നില്ല. അധികമൊന്നും വൈദ്യുതിയുണ്ടാക്കാനും കഴിഞ്ഞില്ല. ആ അവസ്ഥവെച്ചാണ് ഓഫീസിലിരുന്ന് ഫയല്‍ മാത്രം നോക്കി കുറിപ്പെഴുതുന്ന ഏതോ ബ്യൂറോക്രാറ്റായ ഉദ്യോഗസ്ഥന്‍ പണിക്ക് ചെലവാക്കിയ പണം പാഴായി എന്ന് എഴുതിവെച്ചത്. അതിന്നടിയില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഒപ്പുവെച്ചു കൊടുത്തു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മഴ കിട്ടിയതു കാരണം ഡാം നിറഞ്ഞു. ഇതിനകം 1300 കോടിയോളം രൂപയുടെ വൈദ്യുതി ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇടുക്കി പദ്ധതിക്ക് ആകെ ചെലവായ തുക ആദ്യത്തെ പത്തുവര്‍ഷത്തെ വൈദ്യുതി ഉല്‍പാദനം കൊണ്ടു തന്നെ തിരിച്ചുകിട്ടി എന്നാണ് കണക്ക്. അങ്ങിനെയാണെങ്കില്‍ പന്നിയാര്‍ - ശെങ്കുളം - പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനുവേണ്ടി ചെലവായ 240 കോടി രൂപ പദ്ധതിപ്പണി പൂര്‍ത്തിയായി ആദ്യത്തെ രണ്ടുവര്‍ഷം കൊണ്ടു തന്നെ തിരിച്ചുകിട്ടി. എന്നാല്‍ ഫയലില്‍ തല്‍ക്കാലം ഒരു കുറിപ്പെഴുതി വിടുന്ന ദോഷൈക ദൃക്കായ വിവരംകെട്ട ഉദ്യോഗസ്ഥന്‍ തുടര്‍ന്നുള്ള സംഭവങ്ങളൊന്നും അന്വേഷിക്കുന്നില്ല; അറിയുന്നില്ല. എന്നാല്‍ ഈ നാട്ടിലെ സര്‍വജ്ഞരായ, അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്ന പപ്പരാസികള്‍ക്ക് ഇക്കാര്യം അറിയാമല്ലോ. എന്നിട്ടും അവര്‍ അതൊക്കെ മറച്ചുവെച്ച് വീണ്ടും വീണ്ടും 374 കോടി നഷ്ടം എന്ന് വിളിച്ചു കൂവുന്നതെന്താണ്? അവരുടെ തലത്തിലേക്ക് സിബിഐയിലെ ഉന്നത അന്വേഷണസംഘവും തരംതാണതിനെന്താണ് കാരണം? കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയുടെ ഉന്നത നേതാവിനെ, ഏതു വിധത്തിലെങ്കിലും അഴിമതിക്കേസില്‍ തളച്ചിടണം എന്ന വാശി മാത്രമാണതിനു പിന്നില്‍. അങ്ങനെയൊരു അജണ്ട അവര്‍ക്കില്ലായിരുന്നുവെങ്കില്‍ സി വി പത്മരാജന്‍, ജി കാര്‍ത്തികേയന്‍, പിണറായി വിജയന്‍, എസ് ശര്‍മ, കടവൂര്‍ ശിവദാസന്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങി ആറ് വൈദ്യുതി മന്ത്രിമാര്‍ കൈകാര്യം ചെയ്ത ലാവ്ലിന്‍ ഫയലിന്റെ കാര്യത്തില്‍ പിണറായി വിജയനെ മാത്രം ഒറ്റ തിരിച്ച് മാറ്റി നിര്‍ത്തി കുറ്റക്കാരനായി ചിത്രീകരിക്കാന്‍ അവര്‍ ഇത്ര പാടുപെടുകയില്ലല്ലോ. അതുകൊണ്ട് കോണ്‍ഗ്രസും യുഡിഎഫും ബൂര്‍ഷ്വാ മാധ്യമങ്ങളും സിബിഐയും എല്ലാറ്റിലുമുപരി ഗവര്‍ണറും എല്ലാം കൂടി ചേര്‍ന്ന് നടത്തുന്ന ഈ അഴിമതി ആരോപണ വ്യവസായം തികച്ചും രാഷ്ട്രീയ പ്രേരിതം തന്നെയാണ്. പിണറായിയുടെ കൈകളില്‍ അഴിമതിയുടെ കറ തരിമ്പും പറ്റിയിട്ടില്ല. കോണ്‍ഗ്രസും ബൂര്‍ഷ്വാ മാധ്യമങ്ങളും ഗവര്‍ണറും സിബിഐയും ചേര്‍ന്ന് കെട്ടിച്ചമച്ച ഈ കള്ളക്കഥയെ, അതുകൊണ്ട് രാഷ്ട്രീയമായിത്തന്നെ നേരിടണം. യുഡിഎഫ് സര്‍ക്കാര്‍ പവര്‍ക്കട്ടിലിട്ട് നാട്ടുകാരെ നട്ടംതിരിച്ചപ്പോള്‍, ജനങ്ങള്‍ക്ക് അല്‍പം ആശ്വാസമെത്തിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച പിണറായി വിജയനെ, അദ്ദേഹം അന്നു കാണിച്ച ജനതാല്‍പര്യത്തിന്റെ പേരില്‍ യഥാര്‍ത്ഥത്തില്‍ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിനുപകരം വേട്ടപ്പട്ടികളെപോലെ വേട്ടയാടുന്നവരുടെ ദുഷ്ടമായ രാഷ്ട്രീയ ലക്ഷ്യം നാം തിരിച്ചറിയണം.
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക 190609 ലക്കം
തനിക്കോ തനിക്കുവേണ്ടപ്പെട്ടവര്‍ക്കോ സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനുവേണ്ടി ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി അറിഞ്ഞുകൊണ്ട് അവിഹിതമായ ഒരു നടപടി കൈക്കൊള്ളുന്നുവെങ്കിലേ അത് അഴിമതിയാവുകയുള്ളൂ. അറിയാതെ സംഭവിക്കുന്ന വീഴ്ചകള്‍കൊണ്ട് സാമ്പത്തികനഷ്ടം ഉണ്ടാകുന്നുവെങ്കില്‍പോലും അത് അഴിമതിയായി കണക്കാക്കപ്പെടുകയില്ല. ലാവ്ലിന്‍ ഫയല്‍ കൈകാര്യം ചെയ്ത ആറ് മന്ത്രിമാരില്‍ ഇടക്കാലത്ത് കുറച്ചുകാലം വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ തനിക്കോ തനിക്കു വേണ്ടപ്പെട്ട ആര്‍ക്കെങ്കിലുമോ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനുവേണ്ടി തന്റെ മന്ത്രി പദവി ദുരുപയോഗം ചെയ്തുവെന്ന് സിബിഐ അതിന്റെ റിപ്പോര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ല. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തൊട്ട് അദ്ദേഹത്തെ അനുകൂലിക്കുന്ന മാധ്യമപ്പടയും അങ്ങനെ പറയുന്നില്ല. "പിണറായി വിജയന്‍ പത്തു പൈസയുടെ അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ അതിന് തെളിവ് ഹാജരാക്കൂ'' എന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമ പ്രവര്‍ത്തകരെ വെല്ലുവിളിച്ചതാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ അവര്‍ക്കാര്‍ക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. എന്നിട്ടും അവര്‍ "അഴിമതി'' "അഴിമതി'' എന്ന് വിളിച്ചു കൂവുന്നത്, പിണറായി വിജയനെതിരെ അഴിമതിയുടെ പുകമറ സൃഷ്ടിക്കുന്നതിനുവേണ്ടി മാത്രമാണ്. പത്തുപൈസയുടെ അഴിമതിക്കു തെളിവ് ഹാജരാക്കാന്‍ കഴിയാത്തവരാണ്, 374.5 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് വിളിച്ചു കൂവുന്നത്.
ReplyDeleteകുലം കുത്തികള്‍ ഒരു തുടര്‍കഥ
ReplyDeletehttp://tappulathif.blogspot.com/2009/06/blog-post_16.html