Monday, June 15, 2009

വിമോചനസമര വാര്‍ഷികാചരണം ജനങ്ങളോട് മാപ്പു പറയണം

വിമോചനസമരത്തിന്റെ 50-ാം വാര്‍ഷികം ആചരിക്കുന്നവര്‍ കേരളത്തോട് മാപ്പുപറയണമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ വികസനസംസ്കാരത്തെയും സാമൂഹ്യജീവിത മുന്നേറ്റങ്ങളെയും അട്ടിമറിച്ചത് വിമോചനസമരവും അതു സൃഷ്ടിച്ച വികസനവിരുദ്ധ ദര്‍ശനവുമായതിന്റെ പേരിലാണ് മാപ്പുപറയണമെന്ന് ആവശ്യപ്പെടുന്നത്. വിമോചനസമരവാര്‍ഷികം ആഘോഷിക്കുന്ന ഉമ്മന്‍ചാണ്ടിയും ഇക്കാര്യത്തില്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. എന്‍ജിഒ യൂണിയന്‍ സംസ്ഥാനസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

1957ലെ ഇ എം എസ് സര്‍ക്കാര്‍ കേരളത്തിന്റെ സാമൂഹ്യജീവിതം മെച്ചപ്പെടുത്തുന്നതിനു നടപ്പാക്കിയ എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും മരവിപ്പിച്ചതും പിന്നോട്ടടിപ്പിച്ചതും വിമോചനസമരക്കാരും തുടര്‍ന്ന് അധികാരത്തില്‍വന്ന കോഗ്രസുമാണ്. ഇവര്‍ പാവപ്പെട്ട ഭൂരഹിതര്‍ക്കു കിട്ടേണ്ടിയിരുന്ന ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി തിരിമറിചെയ്തു. '58ല്‍ കൊണ്ടുവന്ന അധികാരവികേന്ദ്രീകരണനിയമം അട്ടിമറിച്ചു. ഇതുമൂലം അധികാരവികേന്ദ്രീകരണം യാഥാര്‍ഥ്യമാക്കാന്‍ നാലു പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. വ്യവസായ-വികസനവിരുദ്ധ സമരം നടത്തി നിക്ഷേപകരെയും അകറ്റി. ഇതുമൂലം സംസ്ഥാനത്തിന് തൊഴില്‍നഷ്ടവുമുണ്ടായി. ഇങ്ങനെ വികസനവിരുദ്ധമായ ഒരു പ്രത്യയശാസ്ത്ര നിര്‍മിതിതന്നെ വിമോചനസമരം കേരളത്തിന് സംഭാവനചെയ്തു. എന്നിട്ടും നാണമില്ലാതെ ഉമ്മന്‍ചാണ്ടിയും മറ്റും വിമോചനസമരവാര്‍ഷികം ആഘോഷിക്കുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും കേരളം മുന്നോട്ടുപോയത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വെട്ടിത്തുറന്ന ചാലിലൂടെയാണ്. ബംഗാളിലാകട്ടെ ഭൂപരിഷ്കരണവും അധികാരവികേന്ദ്രീകരണവും ഒന്നിച്ചു നടപ്പാക്കിയതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്തു. 1959ല്‍ വിമോചനസമരത്തിലൂടെ നേടിയത് ഇന്ന് അതില്ലാതെ തന്നെ നേടിയെടുക്കാന്‍ ലാവ്ലിന്‍ കേസിനെ ഉപയോഗിക്കുകയാണ്. വിമോചനസമരം ഇല്ലാതെതന്നെ സര്‍ക്കാരിനെ പിരിച്ചുവിടാനാവുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്. വിമോചനസമരംകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിക്ക് കാര്യമായൊന്നും സംഭവിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടിയും മറ്റും ഓര്‍ക്കണം. ഇടതുപക്ഷത്തിന്റെ വോട്ട് 34 ശതമാനത്തില്‍നിന്ന് 39 ശതമാനമായി വര്‍ധിക്കുകയായിരുന്നു. കേരളത്തിന് പുതിയ വികസന അജന്‍ഡ വേണം. ഒരുകാലത്തും നല്‍കാത്ത ആനുകൂല്യങ്ങള്‍ ഇനിയും നല്‍കി മുന്നേറാനാണ് സര്‍ക്കാര്‍ തീരുമാനം. ജനനംമുതല്‍ മരണംവരെ സാമൂഹ്യസുരക്ഷ നല്‍കുക എന്നത് ഇതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, പുതിയ വ്യവസായം, ഐടി, ടൂറിസം, അടിസ്ഥാനസൌകര്യ വികസനം തുടങ്ങിയ മേഖലകളിലും പുതിയ കുതിച്ചുചാട്ടമുണ്ടാവണം. അതിന് ഈ മേഖലകളില്‍ സ്വകാര്യനിക്ഷേപവും ആകര്‍ഷിക്കാന്‍ കഴിയണം. വളര്‍ച്ചയുടെ ഈ പുതിയ ഘട്ടത്തില്‍ അതിനു സഹായകമായ സംഭാവന നല്‍കാന്‍ ജീവനക്കാര്‍ക്കു കഴിയണം. എല്ലാ ജില്ലകളിലും ഒന്നോ രണ്ടോ മാതൃകാ ഓഫീസ് സൃഷ്ടിക്കാനാകണം. ഒരു കൊല്ലത്തിനുള്ളില്‍ പരാതിയില്ലാത്ത ട്രഷറികള്‍ ഉണ്ടാക്കാനാണ് തീരുമാനം. ഇന്‍കെലുമായി ചേര്‍ന്ന് 200 ട്രഷറികള്‍ നവീകരിക്കുകയാണ്. 34 ട്രഷറികള്‍ക്ക് പുതിയ കെട്ടിടം പണിയും. അടുത്ത ഏപ്രിലില്‍ ട്രഷറികള്‍ക്ക് എടിഎം സംവിധാനം ഉണ്ടാക്കുമെന്നും ഐസക് പറഞ്ഞു.

കേരളജനതയോടുള്ള വെല്ലുവിളി

1959ലെ വിമോചനസമരത്തെ ന്യായീകരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്ത് യുഡിഎഫ് നേതാക്കള്‍ നടത്തിയ പ്രസ്താവന കേരളജനതയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യവികസനത്തെയും സാംസ്കാരികമുന്നേറ്റത്തെയും തുരങ്കംവയ്ക്കാനാണ് പിന്തിരിപ്പന്‍ ശക്തികളുടെ സഹകരണത്തോടെ കോഗ്രസ് വിമോചനസമരാഭാസം നടത്തിയത്. ഒഴിപ്പിക്കല്‍ തടയുകയും കൃഷിഭൂമി കൃഷിക്കാര്‍ക്ക് നല്‍കുകയും ജന്മിത്തം അവസാനിപ്പിക്കുകയും ചെയ്ത് കേരളത്തിന്റെ പുരോഗതിക്ക് വഴിതുറന്ന ഐതിഹാസിക നിയമമാണ് ഭൂപരിഷ്കരണം. അതേപോലെ വിദ്യാഭ്യാസരംഗത്തെ മാനേജ്മെന്റ് മേധാവിത്വത്തിന് അറുതിവരുത്തുകയും അധ്യാപകരെ ചൂഷണത്തില്‍നിന്ന് മോചിപ്പിക്കുകയും സാര്‍വത്രികമായ സൌജന്യവിദ്യാഭ്യാസത്തിന് സൌകര്യമുണ്ടാക്കുകയുമാണ് വിദ്യാഭ്യാസനിയമത്തിലൂടെ ലക്ഷ്യമിട്ടത്. മാനവപുരോഗതിയില്‍ മലയാളികള്‍ ഏറെക്കുറെ ലോകനിലവാരത്തിലുയര്‍ന്നതും കേരളത്തിന്റെ സമഗ്രമായ മുന്നേറ്റത്തിന്റെയും അടിസ്ഥാനം ഈ രണ്ട് നിയമങ്ങളാണ്. അതിനെ തുരങ്കംവയ്ക്കാനാണ് സാമ്രാജ്യത്വ പിന്തുണയോടെ നടത്തിയ വിമോചനസമരത്തിലൂടെ ശ്രമിച്ചത്. ഭരണഘടനയിലെ 356-ാം വകുപ്പ് ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ഗവമെന്റിനെ പിരിച്ചുവിട്ട് ജനാധിപത്യ കശാപ്പുനടത്തി. ജാതീയശക്തികള്‍ക്കും വര്‍ഗീയശക്തികള്‍ക്കും പ്രോത്സാഹനം നല്‍കുകയും സാമൂഹ്യനീതിയിലേക്കുള്ള സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുകയുമാണ് അന്ന് കോഗ്രസ് നേതൃത്വവും കേന്ദ്രസര്‍ക്കാരും ചെയ്തത്. വിമോചനസമരാഭാസത്തിനുപിന്നില്‍ അണിനിരന്നിരുന്നവരില്‍ ഭൂരിപക്ഷവും തെറ്റ് മനസ്സിലാക്കി പശ്ചാത്തപിക്കുന്നതാണ് പിന്നീട് കണ്ടത്. വിമോചനസമരത്തിന്റെ നേതാക്കളിലൊരാളായിരുന്ന എ കെ ആന്റണിതന്നെ പില്‍ക്കാലത്ത് അതിനെ തള്ളിപ്പറഞ്ഞു. എന്നാല്‍, ആന്റണിയുടെ സഹപ്രവര്‍ത്തകരായ വയലാര്‍ രവിയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുമടക്കമുള്ളവര്‍ വിമോചനസമരത്തെ ന്യായീകരിക്കുകയും മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയുമാണ്. ഉമ്മന്‍ചാണ്ടിയും കെ എം മാണിയും പറയുന്നത് വിമോചനസമരം അനിവാര്യമായിരുന്നെന്നും ഇപ്പോഴും വിമോചനസമരത്തിന് സാഹചര്യമുണ്ടെന്നുമാണ്. ചരിത്രത്തില്‍നിന്ന് പാഠംപഠിക്കാന്‍ അവര്‍ ഇനിയും തയ്യാറായിട്ടില്ലെന്നാണിത് കാണിക്കുന്നത്. കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയതിന്റെ ഹുങ്കില്‍ വിമോചനസമരത്തെക്കുറിച്ച് സ്വപ്നം കാണുകയാണ് യുഡിഎഫ് നേതൃത്വം. യുഡിഎഫ് നേതാക്കളുടെ പുതിയ വെളിപാടുകളെ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളും- വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

കേരളവികസനത്തെ തകര്‍ക്കാന്‍

കമ്യൂണിസ്റ്റ് പാര്‍ടിയും ഇ എം എസും സൃഷ്ടിച്ച ആധുനിക കേരളത്തിന്റെ നന്മകളെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് പ്രതിലോമശക്തികള്‍ നടത്തുന്നതെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ പറഞ്ഞു। കേരളവികസനത്തെ തകര്‍ക്കാന്‍ രണ്ടാം വിമോചന സമരക്കാര്‍ വന്നാല്‍ അതിനെ നേരിടാനുള്ള ശേഷി സിപിഐ എമ്മിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. ഇ എം എസ് സ്മൃതിയുടെ ഭാഗമായി സംഘടിപ്പിച്ച 'നവകേരള നിര്‍മിതിയും ഇ എം എസും' സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ട് ക്ഷീണിക്കുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷം. തോല്‍വിയില്‍നിന്ന് കൂടുതല്‍ കരുത്താര്‍ജിക്കുന്ന പ്രസ്ഥാനമാണിത്. തോല്‍വിയുടെ പേരില്‍ സാമുദായിക ശക്തികളും യുഡിഎഫും വിമോചനസമരവുമായി മുന്നോട്ടുവന്നാല്‍ അതനുവദിച്ചുകൊടുക്കാന്‍ പുരോഗമന സമൂഹം തയ്യാറാവില്ല. അതിനാല്‍ വിമോചനസമരമെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. കേരളം കണ്ടതില്‍ ഏറ്റവും മോശക്കാരന്‍ ഇ എം എസ് ആണെന്നും നവോത്ഥാനം കേരളത്തെ പിറകോട്ട് നയിച്ചു എന്നും എഴുതിപ്പിടിപ്പിക്കുന്ന 'ചരിത്രപണ്ഡിതന്മാര്‍' ഇന്നുണ്ട്. അഞ്ചു പതിറ്റാണ്ടായുള്ള മലയാളിയുടെ ആഗോള മുന്നേറ്റത്തിന്റെ ഈടുവയ്പുകളാണ് '57 ലെ സര്‍ക്കാരിന്റെ നടപടികള്‍. ഇതു മറച്ചുവച്ചാണ് പ്രതിലോമശക്തികളും പിന്തിരിപ്പന്‍ ചരിത്രകാരന്മാരും നടത്തുന്ന പ്രചാരവേലകള്‍. പാവങ്ങള്‍ക്കു നല്‍കിയ ഭൂമി മുഴുവന്‍ പിടിച്ചെടുത്ത് ജന്മിക്ക് തിരിച്ചുനല്‍കിയാല്‍ ഐശ്വര്യ കേരളം സൃഷ്ടിക്കാമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ആധുനിക കേരളീയ സമൂഹത്തിന് എന്തെങ്കിലും പരിമിതികളുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ വലതുപക്ഷമാണ്. പുതിയ കേരളം സൃഷ്ടിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടി പോരാടിയകാലം തൊട്ടുതന്നെ ഇവിടെ ശക്തമായൊരു കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയെയും ആണിയടിച്ച് ഉറപ്പിച്ചുനിര്‍ത്തിയിരുന്നു. ഭൂപരിഷ്കരണം മുതല്‍ സമ്പൂര്‍ണ സാക്ഷരതയെയും ജനകീയാസൂത്രണത്തെയുംവരെ ഇക്കൂട്ടര്‍ എതിര്‍ത്തു- വിജയരാഘവന്‍ പറഞ്ഞു.

പ്രസക്തമായ മറ്റൊരു പോസ്റ്റ്
വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍

4 comments:

  1. 1959ലെ വിമോചനസമരത്തെ ന്യായീകരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്ത് യുഡിഎഫ് നേതാക്കള്‍ നടത്തിയ പ്രസ്താവന കേരളജനതയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യവികസനത്തെയും സാംസ്കാരികമുന്നേറ്റത്തെയും തുരങ്കംവയ്ക്കാനാണ് പിന്തിരിപ്പന്‍ ശക്തികളുടെ സഹകരണത്തോടെ കോഗ്രസ് വിമോചനസമരാഭാസം നടത്തിയത്. ഒഴിപ്പിക്കല്‍ തടയുകയും കൃഷിഭൂമി കൃഷിക്കാര്‍ക്ക് നല്‍കുകയും ജന്മിത്തം അവസാനിപ്പിക്കുകയും ചെയ്ത് കേരളത്തിന്റെ പുരോഗതിക്ക് വഴിതുറന്ന ഐതിഹാസിക നിയമമാണ് ഭൂപരിഷ്കരണം. അതേപോലെ വിദ്യാഭ്യാസരംഗത്തെ മാനേജ്മെന്റ് മേധാവിത്വത്തിന് അറുതിവരുത്തുകയും അധ്യാപകരെ ചൂഷണത്തില്‍നിന്ന് മോചിപ്പിക്കുകയും സാര്‍വത്രികമായ സൌജന്യവിദ്യാഭ്യാസത്തിന് സൌകര്യമുണ്ടാക്കുകയുമാണ് വിദ്യാഭ്യാസനിയമത്തിലൂടെ ലക്ഷ്യമിട്ടത്. മാനവപുരോഗതിയില്‍ മലയാളികള്‍ ഏറെക്കുറെ ലോകനിലവാരത്തിലുയര്‍ന്നതും കേരളത്തിന്റെ സമഗ്രമായ മുന്നേറ്റത്തിന്റെയും അടിസ്ഥാനം ഈ രണ്ട് നിയമങ്ങളാണ്. അതിനെ തുരങ്കംവയ്ക്കാനാണ് സാമ്രാജ്യത്വ പിന്തുണയോടെ നടത്തിയ വിമോചനസമരത്തിലൂടെ ശ്രമിച്ചത്. ഭരണഘടനയിലെ 356-ാം വകുപ്പ് ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ഗവമെന്റിനെ പിരിച്ചുവിട്ട് ജനാധിപത്യ കശാപ്പുനടത്തി. ജാതീയശക്തികള്‍ക്കും വര്‍ഗീയശക്തികള്‍ക്കും പ്രോത്സാഹനം നല്‍കുകയും സാമൂഹ്യനീതിയിലേക്കുള്ള സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുകയുമാണ് അന്ന് കോഗ്രസ് നേതൃത്വവും കേന്ദ്രസര്‍ക്കാരും ചെയ്തത്. വിമോചനസമരാഭാസത്തിനുപിന്നില്‍ അണിനിരന്നിരുന്നവരില്‍ ഭൂരിപക്ഷവും തെറ്റ് മനസ്സിലാക്കി പശ്ചാത്തപിക്കുന്നതാണ് പിന്നീട് കണ്ടത്. വിമോചനസമരത്തിന്റെ നേതാക്കളിലൊരാളായിരുന്ന എ കെ ആന്റണിതന്നെ പില്‍ക്കാലത്ത് അതിനെ തള്ളിപ്പറഞ്ഞു. എന്നാല്‍, ആന്റണിയുടെ സഹപ്രവര്‍ത്തകരായ വയലാര്‍ രവിയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുമടക്കമുള്ളവര്‍ വിമോചനസമരത്തെ ന്യായീകരിക്കുകയും മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയുമാണ്. ഉമ്മന്‍ചാണ്ടിയും കെ എം മാണിയും പറയുന്നത് വിമോചനസമരം അനിവാര്യമായിരുന്നെന്നും ഇപ്പോഴും വിമോചനസമരത്തിന് സാഹചര്യമുണ്ടെന്നുമാണ്. ചരിത്രത്തില്‍നിന്ന് പാഠംപഠിക്കാന്‍ അവര്‍ ഇനിയും തയ്യാറായിട്ടില്ലെന്നാണിത് കാണിക്കുന്നത്. കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയതിന്റെ ഹുങ്കില്‍ വിമോചനസമരത്തെക്കുറിച്ച് സ്വപ്നം കാണുകയാണ് യുഡിഎഫ് നേതൃത്വം. യുഡിഎഫ് നേതാക്കളുടെ പുതിയ വെളിപാടുകളെ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളും- വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete
  2. “വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ” എന്ന തോമസ് ഐസക്കിന്റെ പുസ്തകത്തെ ആധാരമാക്കി ഞാൻ കുറച്ചു നാൾ മുൻ‌പ് ഒരു പോസ്റ്റ് ഇട്ടിരുന്നു.അതിന്റെ ലിങ്ക് ഇവിടെ ക്ലിക്കിയാൽ കിട്ടും..

    ( ഇതൊരു പരസ്യമല്ല കേട്ടോ)

    ReplyDelete
  3. നന്ദി സുനില്‍. വായിച്ചിരുന്നു. ലിങ്ക് ഇപ്പോള്‍ പോസ്റ്റില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്.

    ReplyDelete
  4. കേരളത്തിലെ ഏറ്റവും മികച്ച മന്ത്രി സഭ ആയിരുന്നു 1957 ലെ മന്ത്രി സഭ.
    അത് പോലെ ഒരു മന്ത്രി സഭ വീണ്ടും ഉണ്ടാക്കാന്‍ സാധിക്കാത്തത് ഇടതു പക്ഷത്തിന്റെ പരാജയം തന്നെ...

    ReplyDelete