Thursday, June 25, 2009

അല്പം കൂടി ലാവലിന്‍

ലാവ്ലിന് കുത്തകാവകാശം നല്‍കാന്‍ യുഡിഎഫ് കരാറുണ്ടാക്കി

സംസ്ഥാനത്തെ എല്ലാ ജലവൈദ്യുതപദ്ധതിയുടെയും നവീകരണത്തിനും അറ്റകുറ്റപ്പണിക്കും എസ്എന്‍സി ലാവ്ലിന്‍ കമ്പനിക്ക് കുത്തകാവകാശം നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കരാറുണ്ടാക്കിയിരുന്നുവെന്ന് വ്യക്തമായി. ലാവ്ലിനുമായി ചേര്‍ന്ന് സംയുക്തസംരംഭത്തിനും യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എ കെ ആന്റണി മുഖ്യമന്ത്രിയും ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയുമായിരിക്കെ ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടു. പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണകരാര്‍ ലാവ്ലിനു നല്‍കിയത് സംയുക്തസംരംഭത്തിന്റെ തുടക്കമെന്ന നിലയ്ക്കായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ നയപരമായ തീരുമാനമനുസരിച്ചാണ് സംയുക്തസംരംഭത്തിന് ധാരണാപത്രം ഒപ്പിടുന്നത്. 1995 ആഗസ്ത് പത്തിന് വൈദ്യുതിബോര്‍ഡും ലാവ്ലിനുമായി ധാരണാപത്രം ഒപ്പിട്ടു. പദ്ധതികളുടെ സാധ്യതാപഠനം, രൂപകല്‍പ്പന, നിര്‍മാണം, യന്ത്രസാമഗ്രികള്‍ വാങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ സംയുക്തസംരംഭമായിരിക്കും നടത്തുകയെന്നും വ്യവസ്ഥചെയ്തു. സാങ്കേതികവിദ്യയുടെ കൈമാറ്റം വിപുലപ്പെടുത്താനും ധാരണാപത്രത്തില്‍ പറഞ്ഞിരുന്നു. സംയുക്തസംരംഭത്തിന്റെ നിയന്ത്രണം വൈദ്യുതിബോര്‍ഡിന്റെയും ലാവ്ലിന്‍ കമ്പനിയുടെയും പ്രതിനിധികള്‍ക്കായിരിക്കുമെന്നാതായിരുന്നു മറ്റൊരു വ്യവസ്ഥ. ലാവ്ലിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് വൈദ്യുതിബോര്‍ഡ് ഗ്യാരന്റി നില്‍ക്കണമെന്നും തീരുമാനിച്ചു. ലാവ്ലിനും വൈദ്യുതിബോര്‍ഡും കൈമാറുന്ന വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ധാരണാപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടാണ് ലാവ്ലിന്‍ കമ്പനിയെ പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണപ്രവൃത്തി ഏല്‍പ്പിച്ചതെന്ന് കാര്‍ത്തികേയന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയതാണ്. മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്റണിയുമായും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമായും കനേഡിയന്‍ അംബാസഡര്‍ ആവശ്യമായ ചര്‍ച്ച നടത്തിയെന്നും കാര്‍ത്തികേയന്‍ പറഞ്ഞിരുന്നു. വികസിതരാഷ്ട്രമായ കനഡയ്ക്ക് പണം തരാന്‍ കഴിയുമെന്നു കണ്ട് അവരുടെ ഗ്രാന്റ് സ്വീകരിച്ച് പദ്ധതികള്‍ നവീകരിക്കുകയെന്ന വ്യക്തമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണം ഏറ്റെടുത്തതെന്നും കാര്‍ത്തികേയന്‍ നിയമസഭയെ അറിയിച്ചു. യുഡിഎഫ് അധികാരത്തിലിരിക്കെയാണ് കാര്‍ത്തികേയന്‍ കരാറിനെ ശക്തിയായി ന്യായീകരിച്ചത്. ലാവ്ലിനുമായി കേരളത്തിനുള്ള സുദീര്‍ഘബന്ധവും അന്ന് കാര്‍ത്തികേയന്‍ ഓര്‍മിപ്പിച്ചു.

യുഡിഎഫ് കരാറുകള്‍ നടപ്പാക്കിയത് ടെണ്ടറില്ലാതെ

യുഡിഎഫ് കാലത്ത് ഒപ്പുവച്ച 14 വൈദ്യുത കരാറുകളും നടപ്പാക്കിയത് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. കരാറുകള്‍ക്ക് ടെന്‍ഡര്‍ ഒഴിവാക്കി. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ കരാറുകളും കുറ്റ്യാടിയുടെ ചുവടുപിടിച്ചായിരുന്നു. ഇവയുടെ അടിസ്ഥാന കരാറുകള്‍ കുറ്റ്യാടിയുടെ ഏതാണ്ട് പകര്‍പ്പായിരുന്നു. ഇങ്ങനെ യുഡിഎഫ് നടപടിക്രമങ്ങളുടെ മൂന്നില്‍ രണ്ടുഭാഗവും തീര്‍ത്തിരുന്ന പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ കരാറുകള്‍ ഉത്തമ വിശ്വാസത്തോടെ പൂര്‍ത്തിയാക്കുക മാത്രമാണ് വെദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന്‍ ചെയ്തത്. അല്ലാത്തപക്ഷം നിയമക്കുരുക്കില്‍പ്പെട്ട് ഈ പദ്ധതികള്‍ നീണ്ടുപോകുമായിരുന്നു. നഷ്ടപരിഹാരവും നല്‍കേണ്ടി വരുമായിരുന്നു. അടിസ്ഥാനകരാറില്‍ യുഡിഎഫ് അംഗീകരിച്ച പദ്ധതിത്തുക, പലിശ, മറ്റു ഫീസുകള്‍ എന്നിവയിലെല്ലാം സംസ്ഥാനത്തിന് അനുഗുണമായി ഭേദഗതി വരുത്തി. 1995ല്‍ യുഡിഎഫ് അംഗീകരിച്ച വിലയ്ക്കുതന്നെ 2001ല്‍ സാധനസാമഗ്രികള്‍ ലഭ്യമാക്കുമെന്ന് ഉറപ്പാക്കി. എല്ലാ ജലപദ്ധതിയും നവീകരണത്തിന് ടെന്‍ഡര്‍ വിളിക്കാതെ ലാവ്ലിന് നല്‍കാനുള്ള ആന്റണി-പത്മരാജന്‍-കാര്‍ത്തികേയന്‍ ഗൂഢാലോചനയ്ക്ക് വിരാമമിട്ട്് കുറ്റ്യാടി ഓഗ്മെന്റേഷന്‍, നേര്യമംഗലം, ആതിരപ്പിള്ളി, കോഴിക്കോട് ഡീസല്‍ നിലയം എന്നിവ ടെന്‍ഡര്‍ വിളിച്ച് പൊതുമേഖലാ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയാണ് പിണറായി വിജയന്‍ ചെയ്തതെന്നും തോമസ് ഐസക് പറഞ്ഞു.

കുറ്റ്യാടി പദ്ധതി അഴിമതി വിജിലന്‍സ് അന്വേഷിക്കണം

യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ കുറ്റ്യാടി വിപുലീകരണ പദ്ധതിയിലെ ഭീകര അഴിമതിയും ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ സിബിഐ തയ്യാറാകണമെന്ന് മന്ത്രി ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു. സിബിഐ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷിക്കണം. കേരളം കണ്ട ഏറ്റവുംവലിയ തീവെട്ടിക്കൊള്ളയാണ് കുറ്റ്യാടി വിപുലീകരണ പദ്ധതിയിലുണ്ടായത്. 'വിമോചന സമരത്തിന്റെ പേക്കിനാവുകള്‍ വീണ്ടും' എന്ന വിഷയത്തില്‍ സിപിഐ എം ജില്ലാകമ്മിറ്റി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ ജലവൈദ്യുത പദ്ധതിയും നവീകരിക്കുന്നതിനുള്ള കുത്തകാവകാശം ലാവ്ലിന്‍ കമ്പനിയെ ഏല്‍പ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയിരുന്നു. വൈദ്യുതിമന്ത്രിയായപ്പോള്‍ യുഡിഎഫിന്റെ ഈ നീക്കത്തിനു വിരാമമിടുകയാണ് പിണറായി വിജയന്‍ ചെയ്തത്. കേരളത്തിലെ ജലപദ്ധതികള്‍ ലാവ്ലിന് അടിയറവയ്ക്കാന്‍ യുഡിഎഫ് നടത്തിയ ഗൂഢാലോചനയും അന്വേഷിക്കണം.

1994ല്‍ തുടങ്ങി 2001ല്‍ പൂര്‍ത്തിയാക്കിയ കുറ്റ്യാടി എക്സ്റ്റെന്‍ഷന്‍ പദ്ധതി നടപ്പാക്കാനാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിക്കാതെ ലാവ്ലിന്‍ കമ്പനിയുമായി ആദ്യമായി കരാറില്‍ ഏര്‍പ്പെടുന്നത്. അന്ന് എ കെ ആന്റണി മുഖ്യമന്ത്രിയും സിവി പത്മരാജന്‍ വൈദ്യുതിമന്ത്രിയുമായിരുന്നു. കുറ്റ്യാടി പദ്ധതിയുടെ സ്ഥാപിതശേഷി 50 മെഗാവാട്ട് വിപുലീകരിക്കാനുള്ള അധിക നീരൊഴുക്ക് ഡാമില്‍ ഇല്ലെന്ന പഠനറിപ്പോര്‍ട്ട് തള്ളിക്കളഞ്ഞാണ് നവീകരണത്തിനു ധാരണാപത്രം ഒപ്പുവച്ചത്. മെഗാവാട്ടിന് 0.32 കോടി രൂപയ്ക്ക് ഭെല്‍ ചെയ്യാമെന്നേറ്റ പണിയാണ് മെഗാവാട്ടിന് 1.6 കോടി രൂപയ്ക്ക് ലാവ്ലിനെ ഏല്‍പ്പിച്ചത്. ഈ ഇനത്തില്‍ ലാവ്ലിന് നല്‍കിയ 201 കോടി രൂപയും നഷ്ടമായെന്നാണ് 2004ലെ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. കാരണം അധികോല്‍പ്പാദനത്തിനു ഡാമില്‍ വെള്ളമില്ലായിരുന്നു. അഞ്ചുവര്‍ഷത്തിനുശേഷം പിണറായി വിജയന്‍ മന്ത്രിയായപ്പോള്‍ വയനാട്ടിലെ ബാണാസുര സാഗറില്‍നിന്ന് കുറ്റ്യാടിയിലേക്ക് വെള്ളം കൊണ്ടുവന്ന് പുതുതായി 100 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഭെല്ലുമായി കരാറുണ്ടാക്കി. 50 മെഗാവാട്ടിന് യുഡിഎഫ് ലാവ്ലിന് 201 കോടിരൂപ നല്‍കിയപ്പോള്‍ 100 മെഗാവാട്ടിന് ഭെല്ലിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 168 കോടി രൂപ മാത്രം. കുറ്റ്യാടി കരാര്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് 1995 ആഗസ്തില്‍ ജി കാര്‍ത്തികേയന്‍ മന്ത്രിയായിരുന്നപ്പോള്‍ പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര വൈദ്യുത അതോറിറ്റിയുടെയോ അനുവാദമില്ലാതെ ലാവ്ലിനുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കേരളത്തിലെ എല്ലാ ജലപദ്ധതിയും ലാവ്ലിന്‍വഴി നവീകരിക്കാനുള്ള യുഡിഎഫ് ഗൂഢാലോചനയുടെ ആദ്യ ഗഡുവായിരുന്നു ഇത്. നവീകരണപ്രക്രിയയെ ലാവ്ലിനുമായുള്ള സംയുക്ത സംരംഭമായി സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുമെന്നും അന്ന് യുഡിഎഫ് ഉറപ്പുനല്‍കി.

1995 ആഗസ്ത് 10ന് അന്നത്തെ മുഖ്യമന്ത്രി ആന്റണിയും വൈദ്യുതമന്ത്രി ജി കാര്‍ത്തികേയനും മുഖ്യമന്ത്രിയുടെ ചേംബറില്‍ ലാവ്ലിന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ എന്നും അതിന്റെ അടിസ്ഥാനത്തിലാണോ അതേ ദിവസം കനഡയില്‍ ഉദ്യോഗസ്ഥര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചതെന്നും വെളിപ്പെടുത്താന്‍ ആന്റണി തയ്യാറാകണമെന്ന് ഐസക് ആവശ്യപ്പെട്ടു.

വരദാചാരി ആകെയുള്ള മൊതലെന്ന് ആര്യാടന്‍

'വരദാചാരിയെ അങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റുമോ ആകെയുള്ള ഒരു മൊതലാ' - നിയമസഭയില്‍ ആര്യാടന്റെ ആത്മഗതം. മൈക്ക് ഓഫുചെയ്തിട്ടാണ് ആര്യാടന്‍ പറഞ്ഞതെങ്കിലും പിന്നിലെ മൈക്കിലൂടെ ഇത് കേള്‍ക്കാമായിരുന്നു. പൊലീസിനുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സിബിഐക്ക് കള്ളമൊഴി നല്‍കിയ മുന്‍ ധനസെക്രട്ടറി വരദാചാരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന കെ കുഞ്ഞിരാമന്റെ ആവശ്യം ആര്യാടന്‍ മുഹമ്മദിന് തീരെ രസിച്ചില്ല. ക്രമപ്രശ്നം ഉന്നയിച്ച ആര്യാടന്‍ വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കറായിരുന്നപ്പോള്‍ നല്‍കിയ റൂളിങ് മറന്നിട്ടില്ല. മുന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഇങ്ങനെ ആരോപണം ഉന്നയിക്കാന്‍ പാടില്ലെന്നായിരുന്നു ആര്യാടന്റെ പക്ഷം. തുടര്‍ന്നാണ് ഉള്ളിലിരിപ്പ് പുറത്തുവന്നത്.

പുകയില്ലാതെയാണ് ചര്‍ച്ച പര്യവസാനിച്ചത്. നിര്‍വീര്യം, അതിക്രമം, ഗുണ്ടാരാജ്... എന്നിങ്ങനെ പ്രതിപക്ഷത്തിന്റെ വഴിപാട് വിമര്‍ശം. അത് പതിവുള്ളതാണല്ലോയെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും. പൊലീസിന്റെ നടപടിമൂലമുണ്ടായ പ്രശ്നങ്ങള്‍ സര്‍ക്കാരിന് അഭിമാനം പകരുന്നതല്ലെന്നും എല്ലാവരുടെയും സഹകരണത്തോടെ അതൊക്കെ തിരുത്തുമെന്നും കോടിയേരി വ്യക്തമാക്കി. കള്ളന്മാരെ ഭയന്ന് മുമ്പ് ഭാര്യ വാങ്ങിയ നായയെ ആര്‍ക്കെങ്കിലും വേണോ എന്നായി അല്‍ഫോസ് കണ്ണന്താനം. പൊലീസ് മെച്ചപ്പെട്ടതിനാല്‍ നായയ്ക്ക് ഒന്നു കുരയ്ക്കാന്‍പോലും അവസരം മില്ലെങ്കില്‍പ്പിന്നെ എന്തുചെയ്യാനാണ്. നായയെ തിരുവഞ്ചൂരിന് നല്‍കുന്നതിലായിരുന്നു കണ്ണന്താനത്തിന് സന്തോഷം. നായയുടെ നാവ് കള്ളന്മാര്‍ കൊണ്ടുപോയിരിക്കാമെന്ന് തിരുവഞ്ചൂരിന് ഉറപ്പ്. കോഗ്രസുകാരാരും ഈയിടെ ആ വഴി വന്നിട്ടില്ലെന്നായി കണ്ണന്താനം. കമ്യൂണിറ്റി പൊലീസ് കമ്യൂണിസ്റ് പൊലീസായെന്ന് എ പി അനില്‍കുമാര്‍ നിരീക്ഷിച്ചപ്പോള്‍ കമ്യൂണിസ്റ് പോയിട്ട് കോഗ്രസ് പൊലീസ് ആക്കാന്‍പോലും കഴിയില്ലെന്നും ഇത് കേരളമാണെന്നും കോടിയേരി ഓര്‍മിപ്പിച്ചു. നാലു മാസത്തില്‍ ഒരു വര്‍ഗീയലഹളയും ആഴ്ചയില്‍ ആറ് മാനഭംഗവും മാസത്തിലൊരിക്കല്‍ ഒരു ലാത്തിച്ചാര്‍ജും നടന്ന കാലം പണ്ടുണ്ടായിരുന്നെന്ന് എം പ്രകാശന്‍. പൊലീസിന്റെ വായനശീലം നഷ്ടപ്പെട്ടതിലായിരുന്നു കുട്ടി അഹമ്മദ്കുട്ടിയുടെ ദുഃഖം. വനിതാ ഗുണ്ടകള്‍വരെ ഇപ്പോള്‍ ജയിലിലാണെന്ന് വി സുരേന്ദ്രന്‍പിള്ള സമര്‍ഥിച്ചത് ശോഭ ജോ, ചന്ദ്രമതി, ഡോ. രമണി തുടങ്ങിയ പേരുകള്‍ നിരത്തിയാണ്. ടോട്ടല്‍ തട്ടിപ്പ് കേസിലെ ചന്ദ്രമതിയെ സെന്‍സര്‍ബോര്‍ഡ് അംഗമാക്കിയത് കോഗ്രസ് ആണെന്ന് കെ കെ ലതിക ഓര്‍മിപ്പിച്ചെങ്കിലും പ്രതിപക്ഷം കേട്ടിരുന്നതേയുള്ളൂ. മുഴപ്പിലങ്ങാട്ടെ ടൂറിസംവികസനമെന്ന സ്വപ്നം രാമചന്ദ്രന്‍ കടന്നപ്പള്ളി ഇക്കുറിയും പങ്കുവച്ചു. വില്ലന്‍ പ്രതിഛായയില്‍പ്പെട്ടുപോയ ചില സിനിമാ നടന്മാരോടാണ് വി ശശികുമാര്‍ പ്രതിപക്ഷത്തെ ഉപമിച്ചത്. സിബിഐക്ക് പന്നിപ്പനി പിടിച്ചിരിക്കുകയാണെന്ന് വി എന്‍ വാസവന്‍. പൊലീസ് ആക്ട് അടിമുടി പരിഷ്കരിക്കണമെന്ന് എന്‍ അനിരുദ്ധന്‍ നിര്‍ദേശിച്ചു.

ലാവ്ലിന്‍ കേസില്‍നിന്ന് കാര്‍ത്തികേയനെ രക്ഷിക്കാന്‍ എല്ലാ ആയുധവും പ്രയോഗിച്ചിട്ടും രക്ഷയുണ്ടായില്ലെന്ന് കെ കുഞ്ഞിരാമന്‍. ഇത്രനാളും പറഞ്ഞുനടന്ന ലാവ്ലിനെക്കുറിച്ച് മിണ്ടാട്ടമില്ലാതായോയെന്നും ഭരണപക്ഷം ആരാഞ്ഞു. ഗവര്‍ണറെക്കൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കാന്‍ പ്രതിപക്ഷം ഹര്‍ത്താല്‍ നടത്തിയ സ്ഥിതിക്ക് അതിനെതിരെ കരിദിനം ആചരിച്ചതില്‍ എന്ത് തെറ്റാണുള്ളതെന്ന് മന്ത്രി കോടിയേരി ചോദിച്ചു. വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയമാണ് ഇറങ്ങിപ്പോക്കിന് വക നല്‍കിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഏത് നിര്‍ദേശംവച്ചാലും സ്വാഗതംചെയ്യുമെന്ന് മന്ത്രി സി ദിവാകരന്‍ ഉറപ്പുനല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല.

ദേശാഭിമാനി 25 June 2009

1 comment:

  1. 'വരദാചാരിയെ അങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റുമോ ആകെയുള്ള ഒരു മൊതലാ' - നിയമസഭയില്‍ ആര്യാടന്റെ ആത്മഗതം. മൈക്ക് ഓഫുചെയ്തിട്ടാണ് ആര്യാടന്‍ പറഞ്ഞതെങ്കിലും പിന്നിലെ മൈക്കിലൂടെ ഇത് കേള്‍ക്കാമായിരുന്നു. പൊലീസിനുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സിബിഐക്ക് കള്ളമൊഴി നല്‍കിയ മുന്‍ ധനസെക്രട്ടറി വരദാചാരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന കെ കുഞ്ഞിരാമന്റെ ആവശ്യം ആര്യാടന്‍ മുഹമ്മദിന് തീരെ രസിച്ചില്ല. ക്രമപ്രശ്നം ഉന്നയിച്ച ആര്യാടന്‍ വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കറായിരുന്നപ്പോള്‍ നല്‍കിയ റൂളിങ് മറന്നിട്ടില്ല. മുന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഇങ്ങനെ ആരോപണം ഉന്നയിക്കാന്‍ പാടില്ലെന്നായിരുന്നു ആര്യാടന്റെ പക്ഷം. തുടര്‍ന്നാണ് ഉള്ളിലിരിപ്പ് പുറത്തുവന്നത്

    ReplyDelete