ഇന്ദിര ഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 1975 ജൂണ്‍ 25നാണ്. പ്രഖ്യാപനം പുറത്തുവരുന്നതിനുമുമ്പുതന്നെ മൊറാര്‍ജി ദേശായി, ജയപ്രകാശ് നാരായണന്‍, വാജ്പേയി, അദ്വാനി തുടങ്ങിയ നേതാക്കളെ അറസ്റ്റു ചെയ്ത് തടങ്കലിലാക്കി. വിവരം പുറത്തറിയാതിരിക്കാന്‍ പത്രങ്ങളുടെ വായ മൂടിക്കെട്ടി. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ അട്ടിമറിച്ചു. പൌരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. അറിയാനുള്ള അവകാശവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും പൌരന്മാരില്‍നിന്ന് പിടിച്ചുപറിച്ചു മാറ്റി. പതിനായിരങ്ങളെ കല്‍ത്തുറുങ്കിലടച്ച വിവരം പത്രങ്ങളില്‍ അച്ചടിച്ചുവരാന്‍ പാടില്ലെന്ന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥന്‍ പത്രത്തിന്റെ കോപ്പി വായിച്ചുനോക്കി പ്രധാനവാര്‍ത്ത സെന്‍സര്‍ ചെയ്തതിനുശേഷം അനുവാദം നല്‍കിയാല്‍മാത്രമേ പത്രം അച്ചടിച്ച് പുറത്തുവരൂ എന്നായിരുന്നു നില. അടിയന്തരാവസ്ഥയ്ക്കെതിരെ ഒരക്ഷരം ഉരിയാടിയാല്‍ പൊലീസ് പിടികൂടും. കോണ്‍ഗ്രസുകാര്‍ക്ക് വ്യക്തിപരമായി വിരോധമുള്ളവരെയും പൊലീസ് പിടികൂടി ജയിലിലടച്ചു. കടുത്ത പൊലീസ് മര്‍ദനവും വ്യാപകമായി അരങ്ങേറി. അടിയന്തരാവസ്ഥയ്ക്കെതിരെ സിപിഐ എം ബന്ദ് ആഹ്വാനംചെയ്തു. നിരോധനാജ്ഞ ലംഘിച്ച് പലേടത്തും പ്രകടനം നടന്നു. പ്രകടനം നടത്തിയവരെ പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തു. കടുത്ത മര്‍ദനമായിരുന്നു നാടെങ്ങും. പ്രതിപക്ഷ പാര്‍ടി നേതാക്കളെ വ്യാപകമായി അറസ്റുചെയ്ത് ജയിലിലടച്ചു.
ഇതെഴുതുന്ന ആളുടെ ഒരു അനുഭവം ഓര്‍ക്കാതിരിക്കാന്‍ വയ്യ. 1969 ഡിസംബര്‍ ഒന്നിന് കോഴിക്കോട് കലക്ടറേറ്റ് പിക്കറ്റ് ചെയ്തതിന്റെ പേരില്‍ ഇ വി കുമാരനും 1000 പേരും പ്രതികളായി ഒരു കേസ് ചാര്‍ജ് ചെയ്തിരുന്നു. ഞാനും അതില്‍ പ്രതിയായിരുന്നു. ഒരു ബസ് കണ്ടക്ടര്‍ കൊടുത്ത മറ്റൊരു കേസിലും ഞാന്‍ പ്രതിയായിരുന്നു. ഒരു ദിവസം സ്വകാര്യബസില്‍ സഞ്ചരിക്കുമ്പോള്‍ ബസ് കണ്ടക്ടര്‍ എന്നോട് അപമര്യാദയായി പെരുമാറിയത് പേരാമ്പ്രയിലെ സഖാക്കള്‍ എങ്ങനെയോ കേട്ടറിഞ്ഞു. വിവരമറിഞ്ഞയുടനെ കണ്ടക്ടറോട് വിവരം ചോദിക്കാന്‍ കുറെപേര്‍ തയ്യാറായി ഉളിയേരിയിലെത്തി. ബസ് തിരിച്ചുവരുമ്പോള്‍ അവര്‍ ബസില്‍ ഇടിച്ചുകയറി വാക്കേറ്റമായി. ഞങ്ങള്‍ ഇടപെട്ട് ചോദ്യംചെയ്യാന്‍ വന്നവരെ പിന്തിരിപ്പിച്ചു. കണ്ടക്ടര്‍ കോണ്‍ഗ്രസുകാരനായിരുന്നു. ഞങ്ങള്‍ക്കെതിരെ പരാതി നല്‍കി. പേരാമ്പ്ര കോടതിയില്‍ കേസ് വിചാരണദിവസം എന്നെ ഹാജരാക്കാന്‍ ബസിലായിരുന്നു പോയത്. ഞാന്‍ ജയിലിലാണെന്ന വിവരം അടുത്ത സുഹൃത്തുക്കള്‍ക്കുപോലും അറിയാമായിരുന്നില്ല. എന്നെ പൊലീസ് അകമ്പടിയോടെ ബസില്‍ കണ്ടപ്പോള്‍ പല സുഹൃത്തുക്കളും വിവരം തിരക്കി. 'കുറച്ചുകാലമായല്ലോ കാണാതെ, എവിടെയായിരുന്നു. എവിടെനിന്നാണ് വരുന്നത്' എന്നൊക്കെയായിരുന്നു ചോദ്യം. പേരാമ്പ്ര ബസ്‌സ്റ്റാന്‍ഡില്‍ ബസിറങ്ങിയാല്‍ കോടതിയിലെത്താന്‍ കുറച്ച് ദൂരം നടന്നുപോകണം. കണ്ടപ്പോള്‍ സഖാക്കളും സുഹൃത്തുക്കളും ഒന്നിച്ചുനടന്നു. ടൌണില്‍ സംസാരമായി. കോടതിയിലെത്തിയപ്പോള്‍ എട്ടുവയസ്സുകാരിയായ മകള്‍ മിനിയും മൂന്നുവയസ്സുകാരനായ മകന്‍ അജയനും ഭാര്യയും മറ്റുള്ളവരും കാണാന്‍ കോടതിയിലെത്തി. കോടതിയില്‍ ഒരു ബെഞ്ചില്‍ ഇരിക്കാന്‍ സൌകര്യം കിട്ടി. മൂന്നുവയസ്സുകാരന്‍ മകന്‍ മടിയില്‍ സ്ഥാനംപിടിച്ചു. മജിസ്ട്രേട്ട് ഇത് കണ്ടുകാണും. അന്യായക്കാരനും മറ്റു കോണ്‍ഗ്രസുകാര്‍ക്കും വല്ലാത്ത പ്രയാസം. രണ്ടാമത്തെ തവണ കോടതിയിലെത്തിയപ്പോഴേക്കും അന്യായക്കാരന്‍ കേസ് സ്വമേധയാ പിന്‍വലിക്കാന്‍ തയ്യാറായിരിക്കുന്നു. സ്വാഭാവികമായും പൊല്ലാപ്പ് ഒഴിവായല്ലോ എന്നതില്‍ സന്തോഷവും ആശ്വാസവുമാണ് തോന്നുന്നത്. എന്നാല്‍, ഉര്‍വശി ശാപം ഉപകാരം എന്നതുപോലെ കേസ് വിചാരണ ജയിലില്‍നിന്ന് ഒരുദിവസത്തേക്കെങ്കിലും പുറത്തുകടക്കാന്‍ അവസരമായിരുന്നത് നഷ്ടപ്പെട്ടു. 16 മാസത്തിലൊരിക്കലും പരോള്‍ അനുവദിച്ചിരുന്നില്ല എന്നതുകൊണ്ട് പ്രത്യേകിച്ചും.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇ കെ ഇമ്പിച്ചിബാവ, കോടിയേരി ബാലകൃഷ്ണന്‍, എം വി രാഘവന്‍, എ കണാരന്‍, സി പി ബാലന്‍ വൈദ്യര്‍, പി കെ ശങ്കരന്‍, പി പി ശങ്കരന്‍, ഇ പത്മനാഭന്‍, കെ പത്മനാഭന്‍, ടി അയ്യപ്പന്‍, എന്‍ ചന്ദ്രശേഖരക്കുറുപ്പ്, ബാലന്‍ മാസ്റര്‍, മൂസക്കുട്ടി തുടങ്ങി ഒട്ടേറെ സഖാക്കളുണ്ടായിരുന്നു. അഡ്വ. എം കെ ദാമോദരന്‍ (അഡ്വക്കറ്റ് ജനറലായിരുന്ന), അഡ്വ. കുഞ്ഞനന്തന്‍നായര്‍, ഗംഗാധരന്‍ തുടങ്ങിയവരും ഞങ്ങളോടൊപ്പം എട്ടാം ബ്ളോക്കില്‍തന്നെയായിരുന്നു. സോഷ്യലിസ്റ്റ് നേതാക്കളായ കെ ചന്ദ്രശേഖരന്‍, പി കെ ശങ്കരന്‍കുട്ടി, വീരേന്ദ്രകുമാര്‍, കെ സി അബു, അബ്രഹാം മാന്വല്‍ തുടങ്ങിയവരും അഖിലേന്ത്യാ ലീഗ് നേതാക്കളായ സെയ്ദ് ഉമ്മര്‍ ബാഫക്കി തങ്ങള്‍, പി കെ അബൂബക്കര്‍, അബ്ദുള്ളക്കുട്ടി കേയി, മുഹമ്മദ് ഹാജി തുടങ്ങിയവരും കെ ജി മാരാര്‍ ഉള്‍പ്പെടെയുള്ള ജനസംഘം നേതാക്കളും അവിടെ ഉണ്ടായിരുന്നു. കുന്നിക്കല്‍ നാരായണനും കൂട്ടരും ഒപ്പമുള്ളവരായിരുന്നു. ജയില്‍ജീവിതം കൂടുതല്‍ വായിക്കാനും പഠിക്കാനും ഞങ്ങള്‍ ഉപയോഗപ്പെടുത്തി. ഞങ്ങള്‍ ജയിലിലെത്തി ഏതാനും മാസം കഴിഞ്ഞശേഷമാണ് പിണറായി വിജയനെ അറസ്റ്റു ചെയ്ത് ഞങ്ങള്‍ താമസിച്ച മുറിയിലേക്ക് കൊണ്ടുവന്നത്. കണ്ണൂര്‍ ഡിഎസ്പിതന്നെ നേതൃത്വമേറ്റെടുത്തു. സഖാവിനോട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊലീസിലെ ചില മൃഗങ്ങള്‍ക്കുമുള്ള വിദ്വേഷവും പകയും തീര്‍ക്കാന്‍ ഈ അവസരം ഉപയോഗിച്ചു. സഖാവിന്റെ കാലിന്റെ വിരലില്‍ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിനിന്ന് പിറകോട്ടുതള്ളി വീഴ്ത്തുക എന്ന അഭ്യാസമുറയാണ് പൊലീസ് കാപാലികര്‍ പ്രയോഗിച്ചത്. അന്ന് പൊലീസും രാഷ്ട്രീയശത്രുക്കളും കാണിച്ച ഒടുങ്ങാത്ത പക ചിലര്‍ ഇന്നും തുടരുന്നു എന്നുമാത്രമേ വ്യത്യാസമുള്ളൂ. അന്നും ഇന്നും ഉശിരനായ പോരാളിയായി ശത്രുക്കളുടെ മുമ്പില്‍ മുട്ടുമടക്കാതെ പോരാട്ടം തുടരുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നു എന്നുമാത്രം.
അടിയന്തരാവസ്ഥ ഇടതുപക്ഷത്തിനെതിരായല്ല മുഖ്യമായും പ്രയോഗിച്ചത്. ഭരണവര്‍ഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസവും ഭിന്നിപ്പുമാണ് അതിന് വഴിവച്ചത്. കോണ്‍ഗ്രസ് ഭരണത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, സ്വതന്ത്ര പാര്‍ടി, സോഷ്യലിസ്റ്റ് പാര്‍ടി തുടങ്ങിയ എല്ലാ ശക്തികളും ചേര്‍ന്ന് സമരത്തിന് തുടക്കംകുറിച്ചു. അതിനായി വിശാലസഖ്യം പടുത്തുയര്‍ത്തി. ജെ പിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ വിപ്ളവം പ്രഖ്യാപിച്ചു. നാടെങ്ങും ബഹുജനരോഷം ആളിക്കത്തി. സിപിഐ എം സമാന്തരമായി സമരത്തിനിറങ്ങി. വിശാലസഖ്യത്തില്‍ ഉള്‍പ്പെടാതെ സ്വതന്ത്രമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, സമ്പൂര്‍ണ വിപ്ളവത്തില്‍ ഉന്നയിച്ച ജനകീയപ്രശ്നങ്ങളോട് യോജിച്ചു. അതിനുമുമ്പാണ് റെയില്‍വേത്തൊഴിലാളികളുടെ പണിമുടക്ക് നടന്നത്. പണിമുടക്ക് അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്. ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കുന്ന നടപടിയും ഉണ്ടായി. എല്ലാം ചേര്‍ന്നപ്പോള്‍ ഭരണവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരെ മുഖ്യമായും അതേ വര്‍ഗത്തില്‍നിന്നുതന്നെ ഭീഷണി ഉയര്‍ന്നു. ഡല്‍ഹിയില്‍ നടന്ന വമ്പിച്ച ബഹുജനറാലിയില്‍ കോണ്‍ഗ്രസ് ഭരണാധികാരികളെ അനുസരിക്കാതിരിക്കാന്‍ ജയപ്രകാശ് നാരായണന്‍ ആഹ്വാനംചെയ്തു. ഈ സാഹചര്യത്തിലാണ് പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിച്ചുകൊണ്ട് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സിപിഐ എം അതിന്റെ പരിപാടിയില്‍ ചൂണ്ടിക്കാണിച്ചത് അക്ഷരംപ്രതി ശരിയാണെന്ന് ഈ സംഭവം തെളിയിച്ചു. പാര്‍ലമെന്ററി ജനാധപത്യവ്യവസ്ഥയ്ക്ക് ഭീഷണി ഉയരുന്നത് തൊഴിലാളിവര്‍ഗ പാര്‍ടിയില്‍നിന്നല്ല, ബൂര്‍ഷ്വാഭരണാധികാരി വര്‍ഗത്തില്‍നിന്നാണ്. സ്വന്തം വര്‍ഗതാല്‍പ്പര്യത്തിന് പാര്‍ലമെന്ററി വ്യവസ്ഥ ഭീഷണിയാണെന്നു തോന്നിയാല്‍ ജനാധിപത്യത്തിന്റെ മുഖംമൂടി വലിച്ചെറിയാന്‍ ബൂര്‍ഷ്വാ ഭരണാധികാരിവര്‍ഗം മടിക്കുകയില്ല. "അധ്വാനിക്കുന്ന ജനങ്ങളില്‍നിന്നും അവരുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ടികളില്‍നിന്നും അല്ല പാര്‍ലമെന്ററി വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നേര്‍ക്കുള്ള ഭീഷണി ഉയര്‍ന്നുവരുന്നത്; ചൂഷകവര്‍ഗങ്ങളില്‍നിന്നാണ്. പാര്‍ലമെന്ററി വ്യവസ്ഥയെ തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ആയുധമാക്കി മാറ്റിക്കൊണ്ട് അതിനെ അകത്തുനിന്നും പുറത്തുനിന്നും അട്ടിമറിക്കുന്നത് ചൂഷകവര്‍ഗങ്ങളാണ്'' (പാര്‍ടി പരിപാടി, 5.23). 1959ല്‍ കേരളത്തില്‍ ഇ എം എസ് സര്‍ക്കാരിനെ ഭരണഘടനയിലെ 356-ാം വകുപ്പ് ദുരുപയോഗപ്പെടുത്തി പിരിച്ചുവിട്ടതും പിന്നീട് പല തവണയും കോണ്‍ഗ്രസിതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഇതേ വകുപ്പ് ഉപയോഗിച്ചതും ഓര്‍ക്കാവുന്നതാണ്.
അടിയന്തരാവസ്ഥയ്ക്കെതിരെ വ്യാപകമായ ബഹുജനരോഷമാണ് ഉയര്‍ന്നുവന്നത്. ഇരുപതിന പരിപാടി പ്രഖ്യാപിച്ചുകൊണ്ട് ജനക്ഷേമ പരിപാടികള്‍ നടപ്പാക്കാനാണ് വലതുപക്ഷ ഫാസിസ്റുകള്‍ക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നായിരുന്നു ഇന്ത്യക്കകത്തും പുറത്തും പ്രചാരവേല അഴിച്ചുവിട്ടത്. എ കെ ജി, ഇ എം എസ് തുടങ്ങി നേതാക്കളെ അറസ്റ്റു ചെയ്യാതിരുന്നത് സോവിയറ്റ് യൂണിയനെ തെറ്റിദ്ധരിപ്പിക്കാന്‍വേണ്ടിയായിരുന്നു. ഇടതുപക്ഷത്തെ ഭിന്നിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് അന്നും വിജയിച്ചു. സിപിഐ അടിയന്തരാവസ്ഥയ്ക്ക് പിന്തുണ നല്‍കി. ബഹുജനരോഷം ശക്തിപ്പെട്ടതിന്റെ ഫലമായിട്ടാണ് 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ഇന്ദിര ഗാന്ധി നിര്‍ബന്ധിക്കപ്പെട്ടത്. എ കെ ജിയും ഇ എം എസും അടിയന്തരാവസ്ഥയുടെ നിരോധനത്തെയും വിലക്കുകളെയും വകവയ്ക്കാതെ നാടാകെ സഞ്ചരിച്ച് ജനപക്ഷത്തുനിന്നുകൊണ്ട് പോരാട്ടം നടത്തി. എ കെ ജിയുടെ പാര്‍ലമെന്റിലെ പ്രസംഗം രഹസ്യമായി അച്ചടിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടിവന്നു. കഠിനാധ്വാനംമൂലം എ കെ ജി അവശനായി. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. സംഘടനാ കോണ്‍ഗ്രസ്, ലോക്ദള്‍, ജനസംഘം തുടങ്ങി നാലു പാര്‍ടികള്‍ ലയിച്ചുചേര്‍ന്ന് രൂപീകരിച്ച ജനതാപാര്‍ടി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തില്‍ വന്നു. കേരളത്തില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. സിപിഐ അവരോടൊപ്പമായിരുന്നു. എന്നാല്‍, സിപിഐ തെറ്റ് സ്വയം മനസ്സിലാക്കി ഭട്ടിന്‍ഡാ കോണ്‍ഗ്രസില്‍ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പി കെ വാസുദേവന്‍നായര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാന്‍ തയ്യാറായത്. കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. എ കെ ആന്റണിയും കൂട്ടുകാരും അടിയന്തരാവസ്ഥ തെറ്റായിരുന്നെന്ന നിലപാടിലെത്തി. കോണ്‍ഗ്രസ് എസ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു. അടിയന്തരാവസ്ഥയെ ന്യായീകരിക്കാന്‍ പലര്‍ക്കും കഴിയാത്ത നിലയുണ്ടായി.
ബൂര്‍ഷ്വാ രാഷ്ട്രീയത്തിനേറ്റ കടുത്ത പ്രഹരമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയുടെ നാളുകള്‍ ഓര്‍ക്കുമ്പോള്‍ അതാവര്‍ത്തിക്കാതിരിക്കാനുള്ള ദൃഢപ്രതിജ്ഞയാണ് ജനാധിപത്യവിശ്വാസികളായ ജനങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഏകാധിപത്യശക്തികളെ തിരിച്ചറിയാനുള്ള കഴിവും.
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 2009 ജൂണ്‍ 26
ഇന്ദിര ഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 1975 ജൂണ്‍ 25നാണ്. പ്രഖ്യാപനം പുറത്തുവരുന്നതിനുമുമ്പുതന്നെ മൊറാര്‍ജി ദേശായി, ജയപ്രകാശ് നാരായണന്‍, വാജ്പേയി, അദ്വാനി തുടങ്ങിയ നേതാക്കളെ അറസ്റ്റു ചെയ്ത് തടങ്കലിലാക്കി. വിവരം പുറത്തറിയാതിരിക്കാന്‍ പത്രങ്ങളുടെ വായ മൂടിക്കെട്ടി. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ അട്ടിമറിച്ചു. പൌരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. അറിയാനുള്ള അവകാശവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും പൌരന്മാരില്‍നിന്ന് പിടിച്ചുപറിച്ചു മാറ്റി. പതിനായിരങ്ങളെ കല്‍ത്തുറുങ്കിലടച്ച വിവരം പത്രങ്ങളില്‍ അച്ചടിച്ചുവരാന്‍ പാടില്ലെന്ന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥന്‍ പത്രത്തിന്റെ കോപ്പി വായിച്ചുനോക്കി പ്രധാനവാര്‍ത്ത സെന്‍സര്‍ ചെയ്തതിനുശേഷം അനുവാദം നല്‍കിയാല്‍മാത്രമേ പത്രം അച്ചടിച്ച് പുറത്തുവരൂ എന്നായിരുന്നു നില. അടിയന്തരാവസ്ഥയ്ക്കെതിരെ ഒരക്ഷരം ഉരിയാടിയാല്‍ പൊലീസ് പിടികൂടും. കോണ്‍ഗ്രസുകാര്‍ക്ക് വ്യക്തിപരമായി വിരോധമുള്ളവരെയും പൊലീസ് പിടികൂടി ജയിലിലടച്ചു. കടുത്ത പൊലീസ് മര്‍ദനവും വ്യാപകമായി അരങ്ങേറി. അടിയന്തരാവസ്ഥയ്ക്കെതിരെ സിപിഐ എം ബന്ദ് ആഹ്വാനംചെയ്തു. നിരോധനാജ്ഞ ലംഘിച്ച് പലേടത്തും പ്രകടനം നടന്നു. പ്രകടനം നടത്തിയവരെ പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തു. കടുത്ത മര്‍ദനമായിരുന്നു നാടെങ്ങും. പ്രതിപക്ഷ പാര്‍ടി നേതാക്കളെ വ്യാപകമായി അറസ്റുചെയ്ത് ജയിലിലടച്ചു.
ReplyDelete