Sunday, April 4, 2010

കാടുകാണാതെ മരം മാത്രം കാണുന്നവര്‍

കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം ജില്ലയിലെ നിരവധി പഞ്ചായത്തുകളില്‍ ഇഎംഎസ് ഭവനനിര്‍മാണ പദ്ധതിയുടെ ആദ്യ ഗഡു വിതരണം ചെയ്യുന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയുണ്ടായി. മറ്റു പല ചടങ്ങുകളില്‍നിന്നും വ്യത്യസ്തമായി അങ്ങേയറ്റം വികാരഭരിതമാണ് ഈ പരിപാടി. ചെക്കും ഡ്രാഫ്റ്റുമൊക്കെ വാങ്ങുന്നവരുടെ കണ്ണുകളിലേക്ക് ഞാന്‍ സൂക്ഷിച്ച് നോക്കാറുണ്ട്. മിക്കവാറുമാളുകളുടെ കണ്ണുകള്‍ ഈറനണിഞ്ഞവയാണ്. വൃദ്ധയായ ഒരു സ്ത്രീക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല. അവര്‍ വിതുമ്പി ക്കരഞ്ഞു. മരിക്കുന്നതിനു മുമ്പ് സ്വന്തമായ, അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. അപ്പോഴാണ് അവര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്ന പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. മറ്റൊരു സ്ത്രീ രണ്ടു പെണ്‍കുട്ടികളെയും കൂട്ടിയാണ് സ്റ്റേജിലേക്ക് കയറിവന്നത്. മക്കളെ അവര്‍ ചേര്‍ത്തുപിടിച്ചു. പ്രായപൂര്‍ത്തിയാകുന്ന മക്കളുമായി അടച്ചുറപ്പില്ലാത്ത കൂരയില്‍ എങ്ങനെയാണ് ധൈര്യമായി കിടന്നുറങ്ങുന്നത് എന്ന ഉല്‍ക്കണ്ഠ അവരെ മിക്കവാറും ഉറക്കാറില്ല. ഓരോ മര്‍മരത്തില്‍ പോലും ഭയചകിതയായി അവര്‍ മക്കളെ ചേര്‍ത്തുപിടിച്ചു കാവല്‍ ഇരുന്നിട്ടുണ്ടാകണം. ചെറുതെങ്കിലും സ്വന്തമായി ഒരു അടച്ചുറപ്പുള്ള വീട് ലഭിക്കുന്നതിന്റെ ആഹ്ളാദവും ആശ്വാസവും അവരുടെ മുഖത്ത് തെളിഞ്ഞുകാണാം.

ഇപ്പോള്‍ ചില മാധ്യമങ്ങള്‍ വീടിന്റെ വലിപ്പക്കുറവും കൈമാറാന്‍ കഴിയാത്ത സാഹചര്യവും വിശദീകരിക്കുന്നതില്‍ വ്യാപൃതരാണ്. വിമര്‍ശനം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ക്രിയാത്മകമായ വിമര്‍ശനം മെച്ചപ്പെടുത്തലിനു സഹായകരമാണ്. എന്നാല്‍, ഈ പദ്ധതി അതിന്റെ ഗുണഭോക്താക്കളില്‍ ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് എന്താണ് ഒന്നും തന്നെ എഴുതാതെ പോകുന്നത്. യഥാര്‍ഥത്തില്‍ ഇഎംഎസ് ഭവന നിര്‍മാണ പദ്ധതി വീടു ലഭിക്കുന്നവര്‍ക്ക് മാത്രമല്ല ആശ്വാസം നല്‍കുന്നത്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തിയിലും ഈ വര്‍ഷം നൂറുക്കണക്കിന് വീടുകളാണ് നിര്‍മിക്കുന്നത്. ഇത്രയും നിര്‍മാണപ്രവര്‍ത്തനം ഒരോ സമയം നടക്കുമ്പോള്‍ എത്രയധികമാളുകള്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത്. ഇവക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ നിര്‍മിക്കുന്നിടങ്ങളിലും ഉല്‍പ്പാദനം വര്‍ധിക്കും. അതിന്റെ കയറ്റിറക്കു മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കും. ഇതെല്ലാം അവശ്യ സാധനങ്ങളുടെ വിപണിയെ ചലിപ്പിക്കും. പൊതുവെ സമ്പദ്ഘടനയുടെ ഗതിവേഗം വര്‍ധിക്കും.

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളീയ സമൂഹത്തെ സമൂലമായ മാറ്റത്തിലേക്ക് നയിക്കുന്നതാണ്. എന്നാല്‍, ഇതൊന്നും ജനങ്ങളിലേക്ക് എത്തരുതെന്ന പിടിവാശിയില്‍ മാധ്യമങ്ങള്‍ തമസ്കരണപ്രയോഗം ശക്തമായി നടത്തുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഎസ് ഉദ്ഘാടനം ചെയ്ത തണല്‍ പദ്ധതി മാനവികതയുടെ പ്രയോഗമാണ്. ക്യാന്‍സര്‍, ഹൃദ്രോഗം പോലുള്ള ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ച 18 വയസിനു താഴെയുള്ള കുട്ടികളുടെ ചികിത്സാചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുന്നതാണ് പദ്ധതി. ആര്‍സിസി പോലുള്ള സ്ഥാപനങ്ങളില്‍ വരുമാനം കുറഞ്ഞവര്‍ക്ക് സൌജന്യ ചികിത്സ നല്‍കുന്ന പദ്ധതികളുണ്ട്. എന്നിട്ടുപോലും സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ് ചികിത്സാചെലവുകള്‍. പുതിയ പേറ്റന്റ് പദ്ധതി ആരംഭിച്ചതോടെ മരുന്നുകളുടെ വിലയില്‍ വന്‍കുതിച്ചുചാട്ടമാണ് ഉണ്ടായത്. സമൂഹത്തിലെ മഹാഭൂരിപക്ഷത്തിനും താങ്ങാന്‍ കഴിയാത്തതാണ് ചികിത്സാചെലവുകള്‍. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാരകമായ അസുഖം വന്നാല്‍ ആ കുടംബം അതോടെ തകരുകയാണ്. അത്തരം സാഹചര്യത്തില്‍ ഈ പദ്ധതി ജനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം വളരെ പ്രധാനപ്പെട്ടതാണ്. ഈ പ്രാധാന്യത്തിനനുസരിച്ച് ഏതെങ്കിലും മാധ്യമത്തില്‍ വാര്‍ത്ത വന്നോ? സിനിമ മുതല്‍ ബ്രാന്‍ഡ് അംബാസഡര്‍ വരെ ദിവസങ്ങളോളും അപഹരിക്കുന്ന ന്യൂസ് അവറുകളില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരെങ്കിലും കണ്ടോ? ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ മറച്ചുവെച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുകയും അതില്‍ അഭിരമിക്കുകയും ചെയ്യുന്നവര്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ട്. അത് രാഷ്ട്രീയം തന്നെയാണ്.

35 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോവിന് രണ്ടു രൂപക്ക് അരി നല്‍കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്തേ പ്രധാന വാര്‍ത്തയല്ലാതാകുന്നു? കടല മറിച്ചു വിറ്റെന്നത് ദിവസങ്ങളോളും ലീഡാക്കുന്ന പത്രത്തില്‍ അരി നല്‍കുന്ന വാര്‍ത്ത അകംപേജില്‍ പോലും പ്രാധാന്യമില്ലാതെ ഒതുങ്ങുന്നതിന്റെ പിന്നിലും രാഷ്ട്രീയം തന്നെയാണ്. കാടു കാണാതെ മരം മാത്രം കാണുന്നത് കാഴ്ചക്കുറവുകൊണ്ടല്ല, കാഴ്ചപ്പാടിന്റെ കുറവുകൊണ്ടാണ്. സഹായം അര്‍ഹിക്കുന്ന എല്ലാ കുടുംബങ്ങളിലുള്ളവരും ഭക്ഷണം കഴിക്കുമെന്ന് ഒരു സര്‍ക്കാര്‍ ഉറപ്പുവരുത്തുകയാണ്. എല്ലാം കമ്പോളം തീരുമാനിക്കട്ടെയെന്നതാണ് തങ്ങളുടെ നയമെന്ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പരസ്യമായി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരില്‍നിന്നും കേരളം വ്യത്യസ്തമാകുന്നത് സര്‍ക്കാര്‍ ഇടപ്പെടലുകള്‍ ശക്തിപ്പെടുത്തിക്കൊണ്ടാണ്. അതൂപോലെ തന്നെ എല്ലാ ക്ഷേമ പെന്‍ഷനുകളും 300 രൂപയാക്കി വര്‍ധിപ്പിച്ചു. കഴിഞ്ഞ ബജറ്റില്‍ 200 രൂപയാക്കി മാറ്റിയപ്പോള്‍ തന്നെ ആനുകൂല്യം ലഭിക്കുന്നവരില്‍ വലിയ ആഹ്ളാദമാണുണ്ടായത്. വീണ്ടും ഒറ്റയടിക്ക് വലിയ വര്‍ധന വരുത്തിയത് ചെറിയ കാര്യമല്ല. യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചില്ലെന്നു മാത്രമല്ല സമയാസമയം വിതരണം ചെയ്യാതെ കുടിശ്ശികയാക്കിയിരിക്കുക യായിരുന്നു. ഇപ്പോള്‍ ഒരു പൈസ പോലും കുടിശ്ശികയില്ലെന്നത് അത്ഭുതകരമാണ്. ഇതെല്ലം വിതരണം ചെയ്യുമ്പോഴും ഒരു ദിവസം പോലും കേരളത്തില്‍ ട്രഷറി അടച്ചിടേണ്ടിവന്നില്ല. അക്കാര്യത്തിലെങ്കിലും വിമര്‍ശകള്‍ ധനമന്ത്രിക്ക് മാര്‍ക്ക് നല്‍കേണ്ടതല്ലേ?

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ലോട്ടറി ക്ഷേമനിധി ബോര്‍ഡിന്റെ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. സഖാവ് എംവി ജയരാജനാണ് അതിന്റെ ചെയര്‍മാന്‍. സദസ്സിലേക്ക് കണ്ണുറപ്പിച്ചു പ്രസംഗിക്കാന്‍ പറ്റാത്ത രൂപത്തിലുള്ളവരാണ് പങ്കെടുത്തവരില്‍ നല്ലൊരു പങ്കും. ഹൃദയത്തിനൊരു കൊളുത്തിപ്പിടുത്തമുണ്ടാകും. കണ്ണു കാണാത്തവര്‍, നടക്കാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ കഷ്ടപ്പെടുന്നവര്‍. മറ്റൊന്നും ചെയ്യാന്‍ കഴിയാത്തവരാണ് ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നതിന് ഇറങ്ങുന്നത്. ഇവരുടെ ജീവിതവഴി അടയ്ക്കുന്ന തീരുമാനമായിരുന്നു നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ എടുത്തത്. ലോട്ടറി നിരോധനം, വില്‍പ്പനക്കാരെ ആത്മഹത്യയിലേക്ക് വരെ തള്ളിയിട്ടു. ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം ഇന്നത്തെ ലോട്ടറി സംവിധാനം തകര്‍ക്കുന്നതിനാണ്. ഇതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായി കേരളം ലോട്ടറി വില്‍പ്പനക്കാര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തി.

കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്ന ഇത്തരം പദ്ധതികള്‍ സമൂഹത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. പരിമിതികള്‍ക്കകത്തുനിന്നുള്ള ബദല്‍ പ്രയോഗത്തിന്റെ സാധ്യതകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവയെ മറച്ചുപിടിക്കാന്‍ എത്ര ശ്രമിച്ചാലും അനുഭവിക്കുന്നവരെ യാഥാര്‍ഥ്യങ്ങളില്‍നിന്നും ആട്ടിയോടിക്കാന്‍ കഴിയില്ല. ഇത്തരം സന്ദര്‍ഭങ്ങള്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പ്രതിലോമകരമായ ദൌത്യത്തെ തുറന്നുകാണിക്കാന്‍ സഹായകരമാണെന്നു മാത്രം.

പി രാജീവ് ദേശാഭിമാനി 04042010

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളീയ സമൂഹത്തെ സമൂലമായ മാറ്റത്തിലേക്ക് നയിക്കുന്നതാണ്. എന്നാല്‍, ഇതൊന്നും ജനങ്ങളിലേക്ക് എത്തരുതെന്ന പിടിവാശിയില്‍ മാധ്യമങ്ങള്‍ തമസ്കരണപ്രയോഗം ശക്തമായി നടത്തുകയാണ്.

    ReplyDelete