Saturday, October 6, 2012

മൂത്രപ്പുരയും കുടിവെള്ളവുമില്ലാതെ സംസ്ഥാനത്ത് 2971 സ്കൂളുകള്‍


സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ 2971 സ്കൂളുകളില്‍ മൂത്രപ്പുരയും കക്കൂസും കുടിവെള്ളവുമില്ല. ഇവിടങ്ങളില്‍ 3592 കക്കൂസുകളുടെയും 14,923 മൂത്രപ്പുരകളുടെയും കുറവുണ്ട്. 20 സ്കൂളുകളില്‍ ശുദ്ധജലലഭ്യതയില്ല. 138 സ്കൂളുകളില്‍ ഭാഗികമായി മാത്രമാണ് കുടിവെള്ളം ലഭിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കില്‍ പറയുന്നു. രാജ്യത്തെ എല്ലാ സ്കൂളിലും വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം, മൂത്രപ്പുര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ആറുമാസത്തിനകം ഉറപ്പാക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സ്വകാര്യ സ്കൂളുകളിലടക്കം സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നുമായിരുന്നു കോടതി പരാമര്‍ശം. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ കണക്കെടുപ്പിന് വിദ്യാഭ്യാസവകുപ്പ് ഒരുങ്ങുകയാണ്. സ്കൂളുകള്‍ അടിസ്ഥാന സൗകര്യം സംബന്ധിച്ച വിവരങ്ങള്‍ ഈ മാസം 31നകം വെബ്സൈറ്റില്‍ സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.

40 കുട്ടികള്‍ക്ക് ഒരു മൂത്രപ്പുരയും 120 കുട്ടികള്‍ക്ക് ഒരു കക്കൂസും വേണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡം നിശ്ചയിച്ചത്. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. ആവശ്യത്തിന് മൂത്രപ്പുരയും കക്കൂസും ശുദ്ധജലവും ഇല്ലാത്ത 500 സ്കൂളുകളാണ് ജില്ലയിലുള്ളത്. കോഴിക്കോടാണ് തൊട്ടുപിറകില്‍- 430. കണ്ണൂര്‍ 377, പാലക്കാട് 352, കൊല്ലം 257, തൃശൂര്‍ 236, തിരുവനന്തപുരം 184, ആലപ്പുഴ 139, എറണാകുളം 125, കോട്ടയം 112, പത്തനംതിട്ട 87, കാസര്‍കോട് 84, ഇടുക്കി 51, വയനാട് 37 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അവസ്ഥ. മാനദണ്ഡമനുസരിച്ച് മലപ്പുറത്ത് വിവിധ സ്കൂളുകളിലായി 897 കക്കൂസിന്റെ കുറവുണ്ട്. പാലക്കാടാണ് തൊട്ടുപിറകില്‍- 575. കോഴിക്കോട് 494, കണ്ണൂര്‍ 370, കൊല്ലം 340, തിരുവനന്തപുരം 254, ആലപ്പുഴ 177, തൃശൂര്‍ 161 എന്നിങ്ങനെയാണ് കണക്ക്. മറ്റുജില്ലകളില്‍ ഇത് നൂറില്‍ താഴെയാണ്. മൂത്രപ്പുരയുടെ അപര്യാപ്തതയിലും മലപ്പുറം മറ്റു ജില്ലകളെക്കാള്‍ ബഹുദൂരം മുന്നിലാണ്. മൊത്തം 2840 എണ്ണത്തിന്റെ കുറവാണുള്ളത്. കോഴിക്കോട് 1740, തൃശൂര്‍ 1405, കണ്ണൂര്‍ 1262, കൊല്ലം 1226, തിരുവനന്തപുരം 1128 എന്നിങ്ങനെയാണ് തൊട്ടുപിറകിലുള്ള ജില്ലകള്‍. മറ്റ് ജില്ലകളില്‍ ഇത് ആയിരത്തില്‍ താഴെയാണ്. ശുദ്ധജല ലഭ്യതയില്‍ ആലപ്പുഴയാണ് പിന്നില്‍. ആറ് സ്കൂളുകളില്‍ തീരെ കുടിവെള്ളമില്ല. കൊല്ലം മൂന്ന്, പാലക്കാട് മൂന്ന്, കോഴിക്കോട് മൂന്ന്, മലപ്പുറം രണ്ട്, പത്തനംതിട്ട ഒന്ന്, എറണാകുളം ഒന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥിതി.
(സി പ്രജോഷ്കുമാര്‍)

രണ്ടാംഘട്ട പാഠപുസ്തക വിതരണം വൈകുന്നു

ഈ അധ്യയവര്‍ഷം രണ്ടാംഘട്ട വിതരണത്തിനുള്ള പാഠപുസ്തകങ്ങള്‍ ഭൂരിപക്ഷം സ്കൂളിലും എത്തിക്കാത്തത് വിദ്യാര്‍ഥികളെയും അധ്യാപകരെയും ആശങ്കയിലാക്കുന്നു. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കിവിതരണക്കാരായ പോസ്റ്റല്‍വകുപ്പിനു കൈമാറാന്‍ വൈകിയതാണ് പ്രതിസന്ധിക്കു കാരണം. ഭാഷാവിഷയങ്ങളൊഴികെയുള്ള 1,17,37,159 പാഠപുസ്തകങ്ങളാണ് രണ്ടാംഘട്ട വിതരണത്തിനു തയ്യാറാക്കിയത്. പാഠപുസ്തകങ്ങള്‍ അച്ചടിച്ച് തപാല്‍വകുപ്പിനെ ഏല്‍പ്പിക്കേണ്ടത് കേരള ബുക്ക് പബ്ലിഷിങ് സൊസൈറ്റിയാണ്. തപാല്‍വകുപ്പിന് ഏതാനും ദിവസം മുമ്പാണ് പുസ്തകങ്ങള്‍ കിട്ടിയത്. പുസ്തകങ്ങള്‍ തരംതിരിച്ച് സ്കൂള്‍ സൊസൈറ്റികളില്‍ എത്തിക്കുകയാണ് തപാല്‍വകുപ്പിന്റെ ചുമതല. പ്രധാനാധ്യാപകരുടെ നേതൃത്വത്തില്‍ സ്കൂളുകളില്‍ വിതരണംചെയ്യും. പുസ്തകങ്ങള്‍ തരംതിരിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചകൂടി വേണ്ടിവരും.

ഒക്ടോബര്‍ പതിനഞ്ചുവരെ പഠിപ്പിക്കാനുള്ള പാഠഭാഗങ്ങളടങ്ങിയ പുസ്തകമാണ് നിലവില്‍ വിതരണംചെയ്തിട്ടുള്ളത്. ഈ പാഠഭാഗങ്ങള്‍ ഏകദേശം പൂര്‍ത്തിയായി. രണ്ടാം ഘട്ട പാഠപുസ്തകങ്ങളിലെ ഭാഗങ്ങള്‍ നവംബര്‍ ഒന്നുമുതലാണ് പഠിപ്പിച്ചുതുടങ്ങേണ്ടത്. നവംബറില്‍ അധ്യയനം തുടങ്ങണമെങ്കില്‍ ഈ മാസം 15നെങ്കിലും പുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയാക്കണം. നിലവിലെ സാഹചര്യത്തില്‍ നവംബര്‍ ആദ്യവാരത്തിലും വിതരണം പൂര്‍ത്തിയാക്കാനാകില്ല. മാര്‍ച്ച് രണ്ടാം വാരം എസ്എസ്എല്‍സി പരീക്ഷ തുടങ്ങുന്നതിനാല്‍ ഒമ്പതാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് ആദ്യവാരംതന്നെ പരീക്ഷ തുടങ്ങും. ഒക്ടോബര്‍ പകുതിയോടെ രണ്ടാം ഘട്ട പാഠപുസ്തകങ്ങളുടെ അധ്യയനം ആരംഭിച്ചാല്‍ മാത്രമേ മാര്‍ച്ച് ആദ്യവാരത്തിനു മുമ്പ് പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി പരീക്ഷയ്ക്ക് തയ്യാറെടുക്കാനാകൂ.

പ്രധാനാധ്യാപകര്‍ വട്ടംകറങ്ങും

ഉച്ചഭക്ഷണവിതിരണവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം, കുട്ടികള്‍ക്ക് ഭക്ഷണംനല്‍കല്‍ മാത്രമാകും പ്രധാനാധ്യാപകന്റെ ജോലി. ഉച്ചഭക്ഷണത്തിനുള്ള തുക കണ്ടെത്തേണ്ട ചുമതലയും പ്രധാനാധ്യാപകനാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സെപ്തംബര്‍ 26ന് ഇറക്കിയ ഉത്തരവാണ് പ്രധാനാധ്യാപകരുടെ ജോലിഭാരം ഇരട്ടിയാക്കിയത്. ഉത്തരവുപ്രകാരം ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട 16 ഫയലുകള്‍ ഹെഡ്മാസ്റ്റര്‍ നേരിട്ട് കൈകാര്യം ചെയ്യണം. മാവേലി സ്റ്റോര്‍ ബില്ല്, പാസ്ബുക്ക്, വൗച്ചര്‍ഫയല്‍, മെനു രജിസ്റ്റര്‍, മുട്ട-പാല്‍വിതരണം തുടങ്ങി കാലിച്ചാക്കിന്റെ രജിസ്റ്റര്‍വരെ സൂക്ഷിക്കണം. ഈ കണക്കെഴുതാന്‍മാത്രം പ്രധാനാധ്യാപകന് ഒരുദിവസം വേണ്ടിവരും. അരിമാത്രം സര്‍ക്കാര്‍ നല്‍കി മറ്റുള്ള സാധനങ്ങള്‍ പുറമെനിന്ന് വാങ്ങാനുള്ള നിര്‍ദേശവും ഇരുട്ടടിയാകും. പ്രൈമറി സ്കൂള്‍ പ്രധാനാധ്യാപകര്‍ക്കാണ് ഉത്തരവ് ഏറെ ദുരിതമാകുക. പഠിപ്പിക്കലും സ്കൂളിലെ മറ്റു ചുമതലകളും ശ്രദ്ധിക്കാന്‍ അവര്‍ക്കു സമയം ലഭിക്കില്ല. മിക്ക പ്രൈമറി സ്കൂളിലും പ്യൂണിന്റെ ജോലിപോലും ചെയ്യുന്നത് പ്രധാനാധ്യാപകരാണ്.

ഇതിനു പുറമെ ഉച്ചഭക്ഷണത്തിന് ആവശ്യമായ സാധനങ്ങളുടെ കണക്ക് പ്രത്യേകംതയ്യാറാക്കി എല്ലാ മാസവും 15നകം ഡിഇഒ ഓഫീസില്‍ നല്‍കണം. ഉച്ചഭക്ഷണത്തിനുപുറമേ പ്രഭാതഭക്ഷണവും കഴിയുമെങ്കില്‍ വൈകിട്ട് ലഘുഭക്ഷണം നല്‍കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഭക്ഷണവിതരണം തടസ്സപ്പെട്ടാല്‍ മുഖ്യ ഉത്തരവാദിത്തം പ്രധാനാധ്യാപകര്‍ക്കാകുമെന്നും ഉത്തരവ് പറയുന്നു. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളുടെ ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ളവയുടെ ചുമതല സ്കൂള്‍ ഉച്ചഭക്ഷണകമ്മിറ്റിക്കാണ്. കമ്മിറ്റി രൂപീകരിക്കാനും സര്‍ക്കാര്‍ സ്കൂളുകളോട് നിര്‍ദേശമുണ്ട്. വിഭവങ്ങളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കി കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്ന നിര്‍ദേശവും പ്രശ്നമാണ്. മാസാവസാനം സാധനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ചും സാമ്പത്തികസ്ഥിതി നോക്കിയുമാണ് വിഭവങ്ങള്‍ തീരുമാനിക്കുന്നത്. സ്വന്തംനിലയ്ക്ക് സാധനങ്ങള്‍ വാങ്ങി നല്‍കിയശേഷം ബില്ല് നല്‍കിയാലേ തുക തിരികെ കിട്ടൂ. മാത്രമല്ല, പാചകത്തിനുള്ള ഗ്യാസ് എവിടെനിന്ന് കൊണ്ടുവരണമെന്ന കാര്യത്തില്‍ ഉത്തരവില്‍ ഒന്നും പറയുന്നില്ല. ചുരുക്കത്തില്‍ എല്ലാ ഉത്തരവാദിത്തവും പ്രധാനാധ്യാപകരുടെ തലയില്‍ കെട്ടിവച്ച് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്.

deshabhimani 061012

No comments:

Post a Comment