Thursday, November 3, 2011

ഗുരുവായൂര്‍ സത്യഗ്രഹം: സ്വാതന്ത്ര്യ സമരചരിത്രത്തിലെ സുവര്‍ണ ഏട്

1931 നവംബര്‍ ഒന്നിന് ആരംഭിച്ച ഗുരുവായൂര്‍ സത്യഗ്രഹം കേരളത്തിലെ സാമൂഹ്യനവോത്ഥാന പ്രസ്താനത്തിലും സ്വാതന്ത്ര്യ സമരചരിത്രത്തിലും സുവര്‍ണലിപികളാല്‍ എഴുതിചേര്‍ക്കേണ്ട അധ്യായമാണ്. 1931 മെയ് 3, 4, 5 തീയതികളില്‍ വടകരയില്‍വെച്ച് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഞ്ചാം സംസ്ഥാന സമ്മേളനത്തിലാണ് ക്ഷേത്രങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുക്കണമെന്ന പ്രമേയം പാസാക്കിയത്. ഓഗസ്റ്റ് 21ന് കോഴിക്കോട് ചേര്‍ന്ന കെ പി സി  സി യോഗമാണ് നവംബര്‍ ഒന്ന് മുതല്‍ ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രനടയില്‍ സത്യഗ്രഹമാരംഭിക്കാന്‍ തീരുമാനിച്ചത്. കേളപ്പന്‍, മൊയാരത്ത് ശങ്കരന്‍, എ കെ ജി എന്നിവരുടെ നേതൃത്വത്തില്‍ മലബാറില്‍ പ്രചരണം വ്യാപകമാക്കി നടത്താനും തീരുമാനിച്ചു. കേളപ്പന്റെ നേതൃത്വത്തില്‍ നടക്കുന്ന സത്യഗ്രഹസമരത്തിന് മന്നത്ത് പത്മനാഭന്‍, എസ് എന്‍ ഡി പി യോഗം സെക്രട്ടറി കെ എന്‍ കുഞ്ഞുകൃഷ്ണന്‍, രുഗ്മിണി അമ്മ, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, സി കുട്ടന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ഒരു കമ്മിറ്റിയു രൂപീകരിക്കുകയുണ്ടായി.

മലബാറിന്റെ രാജ്യാധികാരം നഷ്ടപ്പെട്ടെങ്കിലും ഗുരുവായൂര്‍ ക്ഷേത്രം സാങ്കേതികമായി സാമൂതിരി രാജയുടെ ട്രസ്റ്റി ആധിപത്യത്തിന്‍ കീഴിലായിരുന്നു. പല നിവേദനങ്ങളും അപേക്ഷകളും നല്‍കിയെങ്കിലും ഗുരുവായൂര്‍ ക്ഷേത്രം അവര്‍ണര്‍ക്ക് തുറന്നുകൊടുക്കാന്‍ സാമൂതിരി തയ്യാറായില്ല. സത്യഗ്രഹം അനിവാര്യമായി മാറിയതോടെ പ്രക്ഷോഭണത്തിന്റെ പ്രചരണാര്‍ഥം 1931 ഒക്‌ടോബര്‍ 21ന് സുബ്രഹ്മണ്യന്‍ തിരുമുല്‍പ്പാടിന്റെ നേതൃത്വത്തില്‍ സത്യഗ്രഹികളുടെ ഒരു കാല്‍നടജാഥ കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ഒക്‌ടോബര്‍ 31ന് ഗുരുവായൂരിലെത്തിച്ചേര്‍ന്നു. എ കെ ഗോപാലനായിരുന്നു വളണ്ടിയര്‍ ക്യാപ്റ്റന്‍. മലബാറിലെ ജനാവലി ഒന്നടങ്കം ജാഥയെ സ്വീകരിക്കാനും ആശിര്‍വദിക്കാനും എത്തിച്ചേര്‍ന്നു.

നവംബര്‍ ഒന്നിന് കേളപ്പന്റെ നേതൃത്വത്തില്‍ ഐതിഹാസികമായ സത്യഗ്രഹം സമരമാരംഭിച്ചു. ക്ഷേത്രത്തില്‍ നിന്ന് മുപ്പത് വാര അകലെയായി ക്ഷേത്രാധികാരികള്‍ റോഡിനു വിലങ്ങനെ കമ്പിവേലി കെട്ടി കാവല്‍ ഏര്‍പ്പെടുത്തി. രാവിലെ നാലു മണിക്ക് നിര്‍മാല്യം കഴിഞ്ഞ് വാകച്ചാര്‍ത്ത് തുടങ്ങുന്നതോടെ സമരമാരംഭിക്കും. രണ്ടുപേര്‍ വീതമുള്ള സത്യഗ്രഹികള്‍ കുളിച്ച് കുറിയിട്ട് അലക്കിയ വസ്ത്രം ധരിച്ച് തോര്‍ത്ത് പുതച്ചാണ് സമരത്തിന് പോവുക. ഓരോ ബാച്ചും രണ്ട് മണിക്കൂര്‍ വീതം സമരം ചെയ്യണം. രാത്രി പത്ത് മണിവരെ ഊഴമിട്ട് സത്യഗ്രഹം തുടരും.

സമരമാരംഭിച്ചതോടെ സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് നാടിന്റെ നാനാഭാഗത്തുനിന്നും ധാരാളം പേര്‍ ഗുരുവായൂരിലെത്തി തുടങ്ങി. അമ്പലത്തിന്റെ കിഴക്കെ നടയിലാണ് സത്യഗ്രഹ പന്തല്‍. വൈകുന്നേരങ്ങളില്‍ എന്നും വലിയ പൊതുയോഗങ്ങളുണ്ടാകും. കെ കേളപ്പന്‍, മന്നത്തു പത്മനാഭന്‍, വി ടി ഭട്ടതിരിപ്പാട്, എന്‍ പി ദാമോദരന്‍, സ്വാമി ആഗമാനന്ദന്‍, വൈശ്രവണത്ത് രാമന്‍ നമ്പൂതിരി തുടങ്ങിയവരായിരുന്നു പ്രധാന പ്രാസംഗികര്‍. സത്യഗ്രഹ സമരത്തിന്റെ ചൈതന്യമാര്‍ന്ന പരിപാടി വിഷ്ണു ഭാരതീയന്റെ ഭാഗവത പാരായണമായിരുന്നു.
സത്യഗ്രഹത്തിന് അഭൂതപൂര്‍വമായ പിന്തുണയാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത്. ഇതില്‍ വിറളിപൂണ്ട ക്ഷേത്രാധികാരികള്‍ സത്യഗ്രഹികളുടെ നേരെ ആക്രമണം അഴിച്ചുവിട്ടു. ആളുകള്‍ ഒഴിഞ്ഞാല്‍ രാത്രിയില്‍ സത്യഗ്രഹപന്തലിലേക്ക് കല്ലേറ് പതിവായി. പലര്‍ക്കും പരിക്കുപറ്റി. എന്നിട്ടും സംയമനത്തോടെ സമരം മുന്നോട്ടുപോയി. സമരപന്തലിലേക്ക് സമീപപ്രദേശങ്ങളില്‍ നിന്ന് അവര്‍ണര്‍ കൂട്ടംകൂട്ടമായി വന്നുതുടങ്ങി. സവര്‍ണര്‍ക്കിടയിലും സമരത്തിനോട് സഹാനുഭൂതിയുള്ളവരായി ധാരാളം പേരുണ്ടായിരുന്നു. സത്യഗ്രഹ പന്തലിലേക്ക് ഒരുപാട് സാധനങ്ങള്‍ സംഭാവനയായി വന്നുതുടങ്ങി. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന വഴിപാടുകളില്‍ പലതും സമരപന്തലിലേക്ക് എത്തുകയുണ്ടായി. സത്യഗ്രഹപന്തലിനേയും ഭക്തിനിര്‍ഭരമായ മനസോടെ ആളുകള്‍ കാണാന്‍ തുടങ്ങി.

സത്യഗ്രഹസമരം സജീവമായി നടന്നുകൊണ്ടിരിക്കുമ്പോളാണ് ആയിടെ ജയില്‍ വിമോചിതനായ സഖാവ് പി കൃഷ്ണപിള്ള ഡിസംബര്‍ മധ്യത്തോടെ ഗുരുവായൂരിലെത്തി ചേരുന്നത്. പുറത്തുനടക്കുന്ന സമരാവേശത്തിന്റെ ചെറിയ അലയെങ്കിലും ക്ഷേത്രത്തിനകത്തേക്കെത്തിക്കണമെന്ന് കൃഷ്ണപിള്ളയ്ക്ക് തോന്നി. പിറ്റേന്നുതന്നെ കുളിച്ച് ശുഭ്രവസ്ത്രധാരിയായി അമ്പലത്തിനകത്തു കയറി ബ്രാഹ്മണര്‍ക്കു മാത്രം പ്രവേശനമുള്ള സോപാനത്തില്‍ കയറി മണി അടിച്ചു. അബ്രാഹ്ണനായ കൃഷ്ണപിള്ളയെ കാവല്‍ക്കാര്‍ അടിച്ചുതൊഴിച്ചു പുറത്താക്കി. തുടര്‍ന്ന് രണ്ടുമൂന്നു ദിവസങ്ങളില്‍ കൃഷ്ണപിള്ളയുടെ മണി അടിക്കലും കാവല്‍ക്കാരുടെ പുറത്തടിക്കലും തുടര്‍ന്നു. ഈ സംഭവത്തെ ആസ്പദമാക്കിയുള്ള 'ഉശിരുള്ള നായര്‍ മണിയടിക്കും ഇലനക്കി നായര്‍ പുറത്തടിക്കും' എന്ന കൃഷ്ണപിള്ള വചനം പ്രസിദ്ധമാണ്.

സമരത്തിന് വര്‍ധിച്ചുവരുന്ന ജനപിന്തുണകണ്ട് ക്ഷേത്രാധികാരികള്‍ സമരത്തെ കായികമായി നേരിടാന്‍ തീരുമാനിച്ചു. ഡിസംബര്‍ 26ന് വളണ്ടിയര്‍ ക്യാപ്റ്റനായ എ കെ ജിയെ ക്ഷേത്ര കാവല്‍ക്കാരും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. എ കെ ജിയുടെ ജീവന്‍തന്നെ അപകടപ്പെടുത്തുന്ന ഭീകര മര്‍ദനമാണവര്‍ നടത്തിയത്. അന്നുരാത്രി എ കെ ജിയുടെ സഹോദരന്‍ എ കെ പത്മനാഭന്‍ സമ്പ്യാരുടെ നേതൃത്വത്തില്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ച കുറച്ചുപേരും സത്യഗ്രഹാനുകൂലികളായ ഒരു സംഘമാളുകളും ചേര്‍ന്ന് ക്ഷേത്രത്തിനു പുറത്തുകെട്ടിയിരുന്ന കമ്പിവേലി തകര്‍ത്ത് കാവല്‍ ഭടന്മാരേയും സാമൂഹ്യ ദ്രോഹികളേയും അടിച്ചോടിച്ചു. ക്ഷേത്രാധികാരികള്‍ പിറ്റേദിവസം പൂജാകര്‍മങ്ങള്‍ മുടക്കി ഗുരുവായൂര്‍ ക്ഷേത്രം അടച്ചിട്ടു. ഒരു മാസക്കാലത്തിനുശേഷം 1932 ജനുവരി 28നാണ് ക്ഷേത്രം പിന്നീട് തുറക്കുന്നത്.

വലിയ അനിഷ്ടസംഭവങ്ങളൊന്നും കൂടാതെ കുറേ മാസങ്ങളോളം സമരം തുടര്‍ന്നു നടന്നു. ജനകീയ പ്രക്ഷോഭങ്ങളെകൊണ്ട് അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം നേടാന്‍ കഴിയില്ലെന്ന് വന്നതോടെ 1932 സെപ്തംബര്‍ 21ന് കെ കേളപ്പന്‍ ക്ഷേത്രം തുറപ്പിക്കുന്നതിനായി മരണംവരെ നിരാഹാരം നടത്തുമെന്ന് പ്രഖ്യാപിച്ച് സമരം തുടങ്ങി. പലഭാഗത്തുനിന്ന് സമ്മര്‍ദങ്ങളുണ്ടായിട്ടും സാമൂതിരി ക്ഷേത്രപ്രവേശനം നടത്താന്‍ തയ്യാറായില്ല. കേളപ്പന്റെ ശാരീരിക സ്ഥിതിയും വഷളായിക്കൊണ്ടിരുന്നു. അവസാനം ഗാന്ധിജി നേരിട്ട് ആവശ്യപ്പെട്ടപ്രകാരം 1932 ഒക്‌ടോബര്‍ രണ്ടിന് നിരാഹാരസത്യഗ്രഹം അവസാനിപ്പിച്ചു. മൂന്നു മാസത്തിനകം ക്ഷേത്രം അവര്‍ണര്‍ക്ക് തുറന്നു കോടുക്കാത്തപക്ഷം ഗാന്ധിജി നേരിട്ട് സത്യഗ്രഹം പുരാരംഭിക്കുമെന്ന് സാമൂതിരിക്ക് താക്കീത് നല്‍കിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ക്ഷേത്രപ്രവേശനവും തുടര്‍ സമരവും നടന്നില്ല.

സത്യഗ്രഹസമരം നിര്‍ത്തിവച്ചശേഷം ഗാന്ധിജിയുടെ ഉപദേശാനുസരണം ഗുരുവായൂര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന പൊന്നാനി താലൂക്കിലെ ഹിന്ദുക്കളുടെ ഇടയില്‍ ക്ഷേത്രപ്രവേശനത്തോടുള്ള മനോഭാവമറിയാന്‍ ജനഹിത പരിശോധന നടത്തി. കെ മാധവന്‍നായര്‍, കോങ്ങാട്ടില്‍ രാമന്‍ മേനോന്‍, കെ എ ദാമോദരമേനോന്‍, യു ഗോപാലമേനോന്‍, സി കെ ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ അംഗങ്ങളായുള്ള ഒരു കമ്മിറ്റിയെ ഇതിനു നിയോഗിക്കുകയും ചെയ്തു. ജനഹിത പരിശോധനയെ സഹായിക്കുന്നതിനായി കസ്തൂര്‍ബഗാന്ധി, ഊര്‍മിളദേവി, സി രാജഗോപാലാചാരി എന്നിവര്‍ ഗുരുവായൂരിലെത്തി. 20,163 പേരുടെ അഭിപ്രായമാരാഞ്ഞതില്‍ 77 ശതമാനം പേര്‍ ക്ഷേത്രപ്രവേശനത്തിന് അനുകൂലികളായിരുന്നു. 11 ശതമാനം പേര്‍ ക്ഷേത്രപ്രവേശനത്തിന് വിരോധികളായിരുന്നു. 12 ശതമാനത്തോളം ആളുകള്‍ നിഷ്പക്ഷരായിരുന്നു. ക്ഷേത്രപ്രവേശനം പിന്നെയും അനന്തമായി നീണ്ടുപോയി.
നിസഹകരണ പ്രസ്ഥാനത്തെ തുടര്‍ന്ന് ദേശീയമായി പ്രക്ഷോഭ പരിപാടികള്‍ നടന്നുവരുന്നതിനാല്‍ ആ സമയത്തു നടന്ന ഗുരുവായൂര്‍ സത്യഗ്രഹ സമരത്തിന് വലിയ പ്രാധാന്യം ലഭിച്ചു. ഈ അവസരത്തില്‍ ഹരിജനങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന നിയമങ്ങള്‍ നീക്കം ചെയ്യാനുള്ള ബില്‍ മദ്രാസ് നിയമസഭയില്‍ ഡോക്ടര്‍ സുബ്ബരായന്‍ അവതരിപ്പിച്ചു. ഇന്ത്യക്കാരുടെ ആചാരങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന ബ്രിട്ടീഷുകാരുടെ പ്രഖ്യാപിതനയം മൂലം ഇന്ത്യന്‍ വൈസ്രോയി ഈ ബില്ലിന് അവതരണാനുമതി നിഷേധിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കേന്ദ്രത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവണ്‍മെന്റ് 1946 ഫെബ്രുവരി മാസത്തില്‍ അധികാരമേറ്റതോടെ വൈസ്രോയിക്കുള്ള വിവേചനാധികാരം നഷ്ടപ്പെട്ടു. ഡോക്ടര്‍ സുബ്ബരായന്‍ ഹരിജനങ്ങളുടെ ക്ഷേത്ര പ്രവേശനത്തിനായി അവതരിപ്പിക്കപ്പെട്ട ബില്‍ വീണ്ടും മദ്രാസ് നിയമസഭയ്ക്ക് മുമ്പാകെ വരികയും പാസായി നിയമമായി തീരുകയും ചെയ്തു.

1946 ജൂണ്‍ രണ്ടിന് ക്ഷേത്രത്തില്‍ കടന്ന് തൊഴുന്നതിന് പ്രവേശനം അനുവദിച്ചു. കാര്‍വര്‍ണനായ കൃഷ്ണനെ തൊഴുന്നതിന് അവര്‍ണരും ഹരിജനങ്ങളുമായ കറുത്ത നിറക്കാര്‍ക്ക് നൂറ്റാണ്ടുകളായിട്ടുണ്ടായിരുന്ന വിലക്കിന് അന്തിമ വിരാമമായി. കേരളത്തിലെ ഉല്‍പതിഷ്ണുക്കളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അദിപഥികരായ പി കൃഷ്ണപിള്ള, എ കെ ജി മൊയാരത്ത് ശങ്കരന്‍ സുബ്രഹ്മണ്യന്‍ തിരുമുമ്പ്, വിഷ്ണു ഭാരതീയന്‍, കേരളീയന്‍, സി ഉണ്ണിരാജ തുടങ്ങിയവര്‍ ഈ മഹാസംഭവത്തിന്നൊഴുക്കിയ ചോരയും വിയര്‍പ്പും കേരളം എക്കാലവും നന്ദിയോടെ സ്മരിക്കും.

അഡ്വ. ഇ രാജന്‍ ജനയുഗം 031111

No comments:

Post a Comment