Friday, May 9, 2014

പരിസ്ഥിതി സംരക്ഷണ പ്രചാരണവുമായി പരിഷത്ത് സംസ്ഥാന സമ്മേളനം

തൃക്കരിപ്പൂര്‍: പരിസ്ഥിതി സംരക്ഷണ പ്രചാരണവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 51 -ാം സംസ്ഥാന സമ്മേളനത്തിന് ഉദിനൂര്‍ ഒരുങ്ങി. വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനം വന്‍ വിജയമാക്കാന്‍ ഗ്രാമീണ വായനശാലകളും സന്നദ്ധ സംഘടന പ്രവര്‍ത്തകരും മുന്നിട്ടിറങ്ങിയതോടെ പുതുമയാര്‍ന്ന പ്രചാരണമാണ് നടന്നത്.

മാസങ്ങള്‍ക്ക് മുമ്പേ ചുവരെഴുത്തും ചാക്ക് ബോര്‍ഡുകളും ഒരുക്കി പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയര്‍ത്തിപ്പിടിച്ച സംഘാടകര്‍ വിവിധ ജില്ലകളില്‍നിന്ന് പ്രതിനിധികളായെത്തുന്നവരെ വരവേല്‍ക്കാന്‍ ഓല കൊണ്ടുള്ള കമാനങ്ങളും ബോര്‍ഡുകളും ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ 15 സാംസ്കാരിക സംഘടനകളുടെയും മറ്റും നേതൃത്വത്തിലാണ് പ്രവര്‍ത്തനം. നടക്കാവ് മുതല്‍ സമ്മേളന നഗരിയായ ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുവരെ റോഡിനിരുവശവും പരിഷത്തിന്റെ മുദ്രാഗീതങ്ങളും സന്ദേശവും ആലേഖനം ചെയ്ത ഓല ബോര്‍ഡുകള്‍ നിറഞ്ഞു. ബിജു കൊടക്കാടാണ് ഓല ബോര്‍ഡുകള്‍ രൂപകല്‍പന ചെയ്തത്. ഉദിനൂര്‍ ഇ എം എസ് പഠന കേന്ദ്രം, എ കെ ജി കോച്ചിങ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ കമാനങ്ങളും സ്തൂപങ്ങളും ഒരുക്കി. സുരേന്ദ്രന്‍ കൂക്കാനം, കെ വി രാജന്‍, സന്തോഷ് മാനസ എന്നിവര്‍ പ്രത്യേക ശില്‍പങ്ങള്‍ ഒരുക്കി.

വെള്ളിയാഴ്ച രാവിലെ പത്തിന് അന്ധവിശ്വാസത്തിനെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച ഡോ. നരേന്ദ്ര ധാബോല്‍ക്കറുടെ മകനും മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതി നേതാവുമായ ഡോ. ഹമീദ് ധാബോല്‍ക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങും

ഉദിനൂര്‍ (കാസര്‍കോട്): കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 51-ാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രാവിലെ പത്തിന് മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി നേതാവ് ഡോ. ഹമീദ് ധാബോല്‍ക്കര്‍ ഉദ്ഘാടനം ചെയ്യും. 400 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം 11ന് സമാപിക്കും. അന്ധവിശ്വാസവും അനാചാരങ്ങളും തടയുന്നതിന് നിയമം കൊണ്ടുവരണമെന്ന മെമ്മോറാണ്ടം ആദ്യ ദിവസം ഡോ. കെ എന്‍ ഗണേശ് അവതരിപ്പിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിക്കും. പ്രതിനിധികളുടെ ചര്‍ച്ചയും ഉണ്ടാകും. ശനിയാഴ്ച വൈകിട്ട് ആറിന് പി ടി ഭാസ്കരപണിക്കര്‍ അനുസ്മരണ സമ്മേളനത്തില്‍ സുസ്ഥിര ഊര്‍ജ വികസനത്തിനുള്ള ലോക സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ജി മധുസൂദനന്‍പിള്ള പ്രഭാഷണം നടത്തും. കേരളത്തിന് സമഗ്ര ഊര്‍ജ പരിപാടി എന്നതാണ് വിഷയം. പരിഷത്തിന്റെ ഇ-മാഗസിന്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. സമാപന ദിവസമായ ഞായറാഴ്ച പകല്‍ 10.30ന് "വാക്സിനേഷന്‍-വിവാദങ്ങളും വസ്തുതകളും" വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസില്‍ വിഭാഗം തലവന്‍ ഡോ. കെ വിജയകുമാര്‍ ക്ലാസെടുക്കും.

deshabhimani

No comments:

Post a Comment