Monday, March 25, 2013

ഒരു സ്വദേശിക്കെങ്കിലും ജോലി: 20 ലക്ഷം വിദേശികള്‍ സൗദി വിടേണ്ടിവരും


ദമാം: സ്വദേശിവല്‍ക്കരണം വിപുലമാക്കുന്നതിനുള്ള നിതാഖാത്ത് സമ്പ്രദായം കൂടുതല്‍ കര്‍ശനമാക്കുന്നതിനാല്‍ സൗദി അറേബ്യയില്‍നിന്ന് 20 ലക്ഷം വിദേശികള്‍ ഉടന്‍ മടങ്ങേണ്ടിവരും. പത്തില്‍ താഴെ പേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരു സ്വദേശിയെ ജോലിയ്ക്കു വയ്ക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതിനുള്ള സമയപരിധി 27ന് അവസാനിക്കും. ഇതോടെ രാജ്യത്തെ ഭൂരിപക്ഷം ചെറുകിടസ്ഥാപനങ്ങളും പൂട്ടേണ്ടിവരും. ചെറുകിട സ്ഥാപനങ്ങളില്‍ കൂടുതലായി ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവര്‍ക്ക് ഇത് കനത്ത തിരിച്ചടിയാകും. നിയമം നേരത്തെ നടപ്പാക്കിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം നിയമഭേദഗതിയിലൂടെ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതുപ്രകാരം നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളെ ചുവപ്പ് പട്ടികയില്‍പ്പെടുത്തും. തുടര്‍ന്ന് കടുത്ത നടപടികള്‍ തുടങ്ങും. ഒരു മാസം മുമ്പത്തെ കണക്കനുസരിച്ച് സ്വദേശികളെ നിയമിക്കാത്ത 3,40,000 സ്ഥാപനങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് 27വരെ സമയം അനുവദിച്ചത്. മലയാളികളടക്കം വിദേശികള്‍ നടത്തുന്ന ചെറുകിട സ്ഥാപനങ്ങളില്‍ ഭൂരിപക്ഷത്തിലും പത്തില്‍ താഴെപ്പേരാണ് ജോലിയെടുക്കുന്നത്. മലയാളികള്‍ ഏറെ ജോലി ചെയ്യുന്നതും ചെറിയ കടകളിലും വര്‍ക്ഷോപ്പുകളിലുമാണ്. ഈ സ്ഥാപനങ്ങളെയെല്ലാം നിയമം ബാധിക്കും. നടപടി ശക്തമായാല്‍ 2,50,000 ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് അവസാന കണക്ക്. ഇത്രയും സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ചയോടെ ഇത്തരം സ്ഥാപനങ്ങള്‍ ഒരു സ്വദേശിയെയെങ്കിലും ജോലിക്ക് വച്ചില്ലെങ്കില്‍ ഇവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം തടയും. മാത്രമല്ല, തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ല. ഇതോടെ സൗദിയില്‍ താമസിക്കുന്നതിന് വേണ്ട രേഖയായ ഇക്കാമയും പുതുക്കാനാകില്ല. ഇക്കാമ പുതുക്കാത്തവരെ അനധികൃത താമസക്കാരായി കണക്കാക്കി പാസ്പോര്‍ട്ട് വിഭാഗവും പൊലീസും പിടികൂടി നാടുകടത്തും. ഇതിനുള്ള ചെലവ് സ്വയം വഹിക്കണമെന്നാണ് പുതിയ വ്യവസ്ഥ.

ഇത്തരം സ്ഥാപനങ്ങളെയും തൊഴിലാളികളെയും കണ്ടെത്താന്‍ തൊഴില്‍മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ചേര്‍ന്ന് സംയുക്ത പരിശോധന നടത്താന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സ്വദേശികളെ നിയമിക്കാത്ത ചെറുകിടസ്ഥാപനങ്ങളുടെ പട്ടിക പ്രവിശ്യാ ഭരണകൂടങ്ങള്‍ക്ക് മന്ത്രാലയം നല്‍കും. അവരാണ് തുടര്‍നടപടി സ്വീകരിക്കുക. കഴിഞ്ഞ നാലുമാസത്തിനകം 2,01,350 അനധികൃത താമസക്കാരെ നാടുകടത്തിയതായി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചിരുന്നു. അനധികൃത തൊഴിലാളികളെ മാത്രമല്ല മനുഷ്യക്കടത്തിലൂടെ എത്തിയവരെയും കുടിയേറ്റക്കാരെയും നാടുകടത്തുന്നുണ്ട്. ഇതില്‍ നിരവധി മലയാളികളുമുണ്ട്. പുതിയ സാഹചര്യത്തില്‍ ദിവസം 100 ഇന്ത്യക്കാര്‍ വീതം വിസ റദ്ദാക്കി പോകുന്നുണ്ടെന്നാണ് വിവരം. സ്വദേശിയെ ജോലിക്ക് കിട്ടാത്തതും കിട്ടിയാല്‍ത്തന്നെ മറ്റുള്ളവരെക്കാള്‍ വേതനം കൊടുക്കേണ്ടിവരുന്നതുമാണ് ചെറുകിട സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. നിയമം കര്‍ശനമാകുന്നതോടെ തൊഴിലാളി ദൗര്‍ലഭ്യം രൂക്ഷമാകും. സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുതിക്കുകയും ചെയ്യും. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ സ്ഥാപനങ്ങളെ വിവിധ വിഭാഗമായി തിരിക്കുന്നതാണ് നിതാഖാത്ത് സമ്പ്രദായം. ഇതനുസരിച്ച് പച്ച, നീല, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ സ്ഥാപനങ്ങളെ നാലു വിഭാഗമായി തിരിച്ചിട്ടുണ്ട്.
(ടി എം മന്‍സൂര്‍)

deshabhimani 250313

No comments:

Post a Comment