Thursday, March 28, 2013

മലപ്പുറത്ത് ലക്ഷം പേര്‍ക്ക് ജോലി നഷ്ടമാകും


സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിതാഖാത്ത് നിയമം നടപ്പാക്കുന്നതിന്റെ സമയപരിധി ബുധനാഴ്ച അവസാനിക്കെ മലപ്പുറം ജില്ലയിലെ ഒരുലക്ഷത്തോളംവരുന്ന പ്രവാസികളൂടെ ജീവിതത്തില്‍ ആശങ്കയുടെ കരിനിഴല്‍. പദ്ധതി പ്രകാരമുള്ള നിബന്ധനകള്‍ പൂര്‍ത്തിയാക്കാന്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സമയപരിധി ബുധനാഴ്ച അവസാനിക്കുന്നതോടെ 20 ലക്ഷത്തോളം വിദേശികള്‍ തൊഴില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് കണക്ക്. നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തെയാകും. അനൗദ്യോഗിക കണക്കനുസരിച്ച് മലപ്പുറം ജില്ലയില്‍ മാത്രം ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

പത്തില്‍ താഴെ പേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരു സ്വദേശിയെ ജോലിക്കുവയ്ക്കണമെന്നാണ് നിയമം. ഇതോടെ സൗദിയിലെ ഭൂരിപക്ഷം ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടിവരും. മലയാളികള്‍ ഏറെ ജോലിചെയ്യുന്നതും ചെറിയ കടകളിലാണ്. സൗദിയില്‍ മാത്രം എട്ടുലക്ഷത്തോളം മലയാളികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയിലേറെയും മലബാറില്‍ നിന്നുള്ളവരാണ്. മലപ്പുറം ജില്ലയില്‍ നിന്നു മാത്രം മൂന്നു ലക്ഷം പേരുണ്ട്. മലയാളികളില്‍ 60 ശതമാനവും ഫ്രീ വിസക്കാരാണ്. മിക്കവരും ഫ്രീ വിസ സംഘടിപ്പിച്ച് സൗദിയിലെത്തിയ ശേഷം ഇഖാമ (താല്‍ക്കാലിക താമസാനുമതി) തരപ്പെടുത്തി ജോലികളില്‍ ഏര്‍പ്പെടുന്നവരാണ്. പലരും ലക്ഷങ്ങള്‍ നല്‍കിയാണ് ഇത്തരം വിസ സംഘടിപ്പിക്കുന്നത്. സൗദിയില്‍ എത്തിയാല്‍ ഏത് ജോലിയും ചെയ്യാമെന്നതിനാല്‍ ഇത്തരം വിസക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. പുതിയ നിയമം ഇത്തരക്കാരെയാണ് പ്രതികൂലമായി ബാധിക്കുക. ഇഖാമ പുതുക്കാനാവാതെ വരുന്നതോടെ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. സൗദി പൗരന്മാരുടെ ലൈസന്‍സില്‍ സ്ഥാപനങ്ങള്‍ നടത്തുന്നവരെയും നിയമം ഗുരുതരമായി ബാധിക്കും. സ്പോണ്‍സര്‍മാരായ അറബികള്‍ക്ക് നിശ്ചിത തുക "കഫാലത്ത്" നല്‍കിയാണ് മലയാളികള്‍ ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നത്. ഇവിടങ്ങളില്‍ സൗദി പൗരന്മാരെ നിയമിക്കുക പ്രായോഗികമല്ല. ഇവര്‍ക്ക് സൗദി നിയമമനുസരിച്ചുള്ള പ്രതിഫലം നല്‍കുക അസാധ്യമാണ്. അമിതമായി ജോലിചെയ്യിക്കാനും സാധിക്കില്ല. ഫലത്തില്‍ ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുതന്നെ പ്രതിസന്ധിയിലാകും.

സൗദിയിലെ സ്വദേശിവല്‍ക്കരണം സംസ്ഥാനത്തിന്റെ വിദേശ നിക്ഷേപത്തില്‍ വന്‍ കുറവ് വരുത്തിയതായി ബാങ്കിങ് അവലോകനസമിതിയില്‍ അവതരിപ്പിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ പ്രവാസി നിക്ഷേപമുള്ള മലപ്പുറം ജില്ലയില്‍ 2012 മാര്‍ച്ചില്‍ 3272 കോടി ആയിരുന്ന വിദേശ നിക്ഷേപം ഡിസംബറില്‍ 2810 കോടി ആയി ചുരുങ്ങി. മൂന്നുമാസത്തിനിടെ 462 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. വരുംദിവസങ്ങളില്‍ നിക്ഷേപം ഇനിയും കുറയുമെന്നാണ് സൂചന. ഗള്‍ഫ് പണത്തെ ആശ്രയിക്കുന്ന കെട്ടിട നിര്‍മാണ മേഖലയും റിയല്‍ എസ്റ്റേറ്റ് മേഖലയും നിശ്ചലമായി. നൂറുകണക്കിന് പേര്‍ ജോലി നഷ്ടമായി നാട്ടില്‍ മടങ്ങിയെത്തുന്നത് തൊഴില്‍ മേഖലയിലും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും.

deshabhimani

No comments:

Post a Comment