Sunday, March 31, 2013
വിശ്വാസയോഗ്യന്‍
ഗുസ്തി പിടിത്തക്കാര്‍ നല്ല കരളുറപ്പുള്ളവരാകും എന്നാണ് വയ്പ്. യാദവകുലത്തില്‍ പിറന്ന് ഫയല്‍വാനായി ഗോദയിലിറങ്ങിയ മുലായംസിങ്, "യഹാം പരിന്താ ബി പര്‍ നഹി മാര്‍ സക്താ"(ഇവിടെ പരുന്തുപോലും പറക്കില്ല) എന്ന് പ്രഖ്യാപിച്ചപ്പോള്‍, അയോധ്യയില്‍ പള്ളിപൊളിക്കാന്‍ ചെന്ന കര്‍സേവകരും അദ്വാനിയും ഭയന്നുപോയത് ആ കരളുറപ്പിനെയാണ്. 1990 സെപ്തംബര്‍ 25ന് സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് പുറപ്പെട്ട അദ്വാനിയുടെ രഥം ലക്ഷ്യത്തിലെത്താതെ പോയതിന് മുഖ്യകാരണങ്ങളിലൊന്ന് അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായംസിങ്ങിന്റെ നിര്‍ഭയ നിലപാടാണ്. അന്ന് വിശ്വനാഥ് പ്രതാപ്സിങ്ങിനെക്കാള്‍ കടുത്ത മതേതരവാദി; ലാലുപ്രസാദിനെക്കാള്‍ വലിയ കാര്‍ക്കശ്യക്കാരന്‍ എന്നൊക്കെയായിരുന്നു മുലായം സിങ്ങിന്റെ വിശേഷണം.
മെയ്ന്‍പുരിയിലെ ഗുസ്തിഗോദയില്‍നിന്ന് നത്തുസിങ്ങിന്റെ കൈപിടിച്ച് രാഷ്ട്രീയത്തിന്റെ പടികയറിയ മുലായം, ലോഹ്യയുടെയും ചരണ്‍സിങ്ങിന്റെയും ശിഷ്യനായി സോഷ്യലിസ്റ്റ് കുപ്പായമിട്ടുകൊണ്ടാണ് 1967ല്‍ ഉത്തര്‍പ്രദേശ് നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമായത്. പിന്നെ തിരിഞ്ഞുനോട്ടമില്ല. ഭരണക്കുത്തക കൈയാളിയ കോണ്‍ഗ്രസിനെതിരെ ഘോരപോരാട്ടം. അടിയന്തരാവസ്ഥയില്‍ ജയില്‍വാസം. ഭാരതീയ ലോക്ദള്‍, ജനതാപാര്‍ടി, ലോക്ദള്‍, കിസാന്‍ മസ്ദൂര്‍ പാര്‍ടി, ജനതാദള്‍, ഒടുവില്‍ സ്വന്തമായി സമാജ്വാദി പാര്‍ടി. ഇതിനിടയില്‍ ഏതൊക്കെ മുന്നണിയുണ്ടാക്കി, ആരുമായൊക്കെ ഭരണംപങ്കിട്ടു എന്നൊന്നും മുലായത്തിന് നിശ്ചയമില്ല. വി പി സിങ്ങിന്റെ വിശ്വസ്തനായിരിക്കെ, ചന്ദ്രശേഖറിന്റെ കൈയും പിടിച്ചിറങ്ങിപ്പോയി മന്ത്രിയായതുപോലെ നാടകീയതകളാല്‍ സുലഭമാണാജീവിതം. കരുളറുപ്പുണ്ട്, പേക്ഷെ ഇരിപ്പുറയ്ക്കില്ല എന്നര്‍ഥം. യുപിഎയ്ക്കൊപ്പമാണ് തല്‍ക്കാലം ഇരിപ്പ്. യുപിയില്‍ മായാവതിയുടെ കയ്യിലിരിപ്പുകൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആനയെ ഓടിച്ച് അഖിലേഷിനെ കുടിയിരുത്താനായി. മുഖ്യമന്ത്രിക്കസേരയില്‍ കൊതിയില്ലാഞ്ഞിട്ടല്ല. ലക്ഷ്യം അതിലും വലുതാണ്. ഡല്‍ഹിയില്‍ നോര്‍ത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിനരികിലൂടെ പോകുമ്പോള്‍ മനസ്സില്‍ തരിപ്പു തുടങ്ങിയിട്ട് വര്‍ഷം പലതായി. ഇക്കുറിയെങ്കിലും ആ കസേരയിലൊന്നിരിക്കണമെന്ന് കരുതിയാണ്, മകനെ ലഖ്നൗവില്‍ വിട്ട് സ്വസ്ഥനായത്. തെരഞ്ഞെടുപ്പിന് മണിമുഴങ്ങുന്നു. രാഹുല്‍, മോഡി, മന്‍മോഹന്‍, അദ്വാനി തുടങ്ങിയ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. തന്നെ ആരും ഗൗനിക്കുന്നില്ല. എങ്കില്‍ സ്വയം ഒന്ന് ഗൗനിക്കാമെന്ന് കരുതി. അതാണ് മൂന്നാംമുന്നണി പ്രഖ്യാപനമായി പുറത്തുവന്നത്. പണ്ട് അദ്വാനിയെ കണ്ടാല്‍ മുഖംതിരിക്കും. ഇപ്പോള്‍ അദ്വാനിക്കും കൊടുത്തു ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ്. നല്ലവനുക്കു നല്ലവനെന്ന്. അദ്വാനിപോലും അമ്പരന്നുകാണും. എല്ലാറ്റിലും വ്യത്യസ്തനാകണമെന്ന് നിര്‍ബന്ധമാണ്. വനിതാസംവരണം വരുമ്പോള്‍ എതിര്‍ത്തു. ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപത്തെ സഭയ്ക്ക് പുറത്ത് എതിര്‍ത്തു, അകത്ത് അനുകൂലിച്ച് വോട്ട് ചെയ്തു. ആണവകരാര്‍ വന്നപ്പോള്‍ അമേരിക്കന്‍ സായ്പിനേക്കാള്‍ അതിനോട് കൂറുകാട്ടി. ആഗോളവല്‍ക്കരണത്തിനെതിരെ പ്രസംഗിക്കും, സമരംചെയ്യും; ആ നയത്തിന്റെ ആഗോള ചാമ്പ്യനാകാനും മടി തീരെയില്ല. ആരും വിശ്വസിച്ച് അടുപ്പിക്കുന്നില്ല എന്നതാണ് സത്യം.
കോണ്‍ഗ്രസ് തന്നെ ഗത്യന്തരമില്ലാത്തതുകൊണ്ട് പിടിച്ചുനിര്‍ത്തിയതാണ്. ചാടിപ്പോകാനൊരുങ്ങുമ്പോള്‍ സിബിഐ എന്ന വടികാട്ടി പേടിപ്പിക്കും. എന്‍സിപി പുറത്തുവരികയും ലാലുവിനും നിതീഷിനുമൊക്കെ കനിവുതോന്നുകയുംചെയ്താല്‍ ഒരു മൂന്നാംമുന്നണി ആകാം എന്നാണ് പുതിയ ചിന്ത. തെരഞ്ഞെടുപ്പു കഴിഞ്ഞ് വരുന്നത് തൂക്കുസഭയായാല്‍ ഒരുപക്ഷേ സമയം തെളിഞ്ഞേക്കും. ദേവഗൗഡയ്ക്ക് വീണ നറുക്ക് ഇത്തവണ തന്റെ തലയിലെങ്ങാനും പതിച്ചാലോ. അതുകൊണ്ട് കോണ്‍ഗ്രസ് കൂട്ടുകാരന്‍, അദ്വാനി സത്യസന്ധന്‍, പവാര്‍ മഹാന്‍, ഇടതുപക്ഷം ഹൃദയപക്ഷം, മതേതരത്വം വിജയിക്കട്ടെ എന്നിങ്ങനെയുള്ള മന്ത്രങ്ങള്‍ ഇനി മാറിമാറി വരും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏതാണ് പ്രയോജനം ചെയ്യുക എന്ന് ഇപ്പോഴേ തിട്ടപ്പെടുത്താനാകില്ലല്ലോ.
(സൂക്ഷ്മന്‍)
deshabhimani varanthapathipp 310313
Labels:
നര്‍മ്മം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment