Saturday, March 23, 2013

സ്നേഹസാമീപ്യമായിരുന്ന അച്ഛന്‍


കോഴിക്കോട് ചാലപ്പുറത്തെ തെങ്ങിന്‍തോപ്പിനിടയിലെ ചെറിയ വീട് രാത്രി പൊലീസ് വളഞ്ഞു. നിലാവുള്ള ആ രാത്രി മാലതി പുറത്തേക്കു നോക്കുമ്പോള്‍ ഓരോ തെങ്ങിന്‍ ചുവട്ടിലും ഒരുപാട് പേര്‍. അത് തന്റെ അച്ഛനായ ഇ എം എസിനെ അറസ്റ്റ് ചെയ്യാന്‍ വന്ന പൊലീസ് പടയാണെന്നൊന്നും ആ എട്ടുവയസ്സുകാരിക്ക് മനസിലായില്ല. അടുത്തടുത്തായി താമസിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളായ കൃഷ്ണപിള്ളയെയും ഇ എം എസിനെയും പി നാരായണന്‍നായരെയുമെല്ലാം കാണാന്‍ ഒരുപാട് സഖാക്കള്‍ വരുമായിരുന്നതുകൊണ്ട് മാലതി അത് കാര്യമാക്കിയുമില്ല. അവരുടെകൂടെ അച്ഛന്‍ പോകുന്നതും കണ്ടു. പൂര്‍ണഗര്‍ഭിണിയായ അമ്മ ആര്യ അന്തര്‍ജനം പനിപിടിച്ച് കിടപ്പിലാണ്. എപ്പോഴോ മാലതി ഉറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ വീട്ടില്‍ ആരെയും കാണാനില്ല. അച്ഛനെയും അമ്മയെയും ചിറ്റശ്ശിയമ്മയെയും (ഇ എം എസിന്റെ സഹോദരി) മാറിമാറി വിളിച്ചിട്ടും ആരും വരുന്നില്ല. മാലതിയുടെ നിലവിളികേട്ട് കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മയും മറ്റുള്ളവരും ഓടി വന്ന് ആശ്വസിപ്പിച്ചു. "അമ്മ ആശുപത്രിയിലാണ് മാലതിക്ക് അനിയന്‍ പിറന്നിരിക്കുന്നു". അവര്‍ മാലതിയെയും കൂട്ടി ആശുപത്രിയില്‍ പോയി. അമ്മയുടെ അടുത്തുകിടക്കുന്ന കുഞ്ഞുവാവയെ കാണിച്ച് ഇതാ മോളുടെ അനിയന്‍ എന്നുപറഞ്ഞപ്പോള്‍ ആ വാക്ക് സന്തോഷംകൊണ്ട് മാലതി ഉറക്കെ ആവര്‍ത്തിച്ചു "അനിയന്‍". ആ വിളി പിന്നെ കേരളം ഏറ്റെടുക്കുകയായിരുന്നു. ഇ എം എസിന്റെ മൂത്ത മകനും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ഇ എം ശ്രീധരനെ കുടുംബാംഗങ്ങളും കേരളമാകെയും അനിയന്‍ എന്നു വിളിച്ചുതുടങ്ങിയത് ഈ വിളിയില്‍നിന്നാണെന്ന് ഡോ. മാലതി ഓര്‍ക്കുന്നു. ശാസ്തമംഗലം മംഗലം ലെയ്നിലെ വീട്ടിലിരുന്നു മാലതി ഇത്രയും പറഞ്ഞത് യുഗപ്രഭാവനായ അച്ഛനെക്കുറിച്ച് തന്റെ മനസ്സില്‍പതിഞ്ഞുകിടക്കുന്ന ആദ്യ ചിത്രം വെളിപ്പെടുത്താനായിരുന്നു.

1940 കളുടെ ഒടുവില്‍ കോഴിക്കോട്ട് ഇ എം എസ്, കൃഷ്ണപിള്ള, പി നാരായണന്‍നായര്‍ എന്നിവര്‍ അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. ആ ജീവിതകാലമാണ് ഇപ്പോള്‍ സപ്തതി പിന്നിട്ട മൂത്ത മകള്‍ ഡോ. മാലതിയുടെ മനസ്സില്‍ ആദ്യത്തെ ഓര്‍മച്ചിത്രമായി നില്‍ക്കുന്നത്. കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മയെ ചേച്ചി എന്നാണ് മാലതിയും മറ്റുള്ളവരും വിളിച്ചിരുന്നത്. പി നാരായണന്‍നായരുടെ മക്കളായിരുന്നു അന്ന് മാലതിയുടെ കളിക്കൂട്ടുകാര്‍. മൂന്നുവീട്ടുകാരും ഒരു കുടുംബംപോലെ കഴിഞ്ഞുവന്നു. ഇ എം എസും കൃഷ്ണപിള്ളയും മണിക്കൂറുകളോളം സംസാരിച്ചിരിക്കുമായിരുന്നു. ഒന്നിലും ഉപദേശിക്കാറില്ലായിരുന്നെങ്കിലും വിദ്യാഭ്യാസം, വിവാഹം എന്നീ കാര്യങ്ങളില്‍ അച്ഛന്റെ അഭിപ്രായങ്ങള്‍ കേട്ടിട്ടുള്ളതായി മാലതി ഓര്‍ക്കുന്നു. ഇഷ്ടമുള്ള വിഷയത്തില്‍ പഠിക്കാന്‍ കഴിയുന്നിടത്തോളം പഠിക്കണം; ജോലിചെയ്യണം. സ്ത്രീയും പുരുഷനും ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഇഷ്ടമല്ലെങ്കില്‍ വിവാഹമോചനത്തിനും അവകാശമുണ്ട്. മാലതിയുടെ മകള്‍ വരനെ കണ്ടെത്തിയത് പശ്ചിമ ബംഗാളില്‍നിന്നാണെന്നറിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചതും മുത്തച്ഛനായിരുന്നു. വെല്ലൂരില്‍ എംബിബിഎസിനു പഠിക്കുന്ന മകളെ കാണാന്‍ എത്തിയ അച്ഛന്റെ വാക്കുകള്‍ കേട്ട് സഹപാഠികള്‍ അത്ഭുതപ്പെട്ടതും മാലതിക്ക് മറക്കാനാകില്ല. മെഡിക്കല്‍കോളേജില്‍ ഇ എം എസ് എത്തുന്നതറിഞ്ഞ് വിദ്യാര്‍ഥികള്‍ സ്വീകരണമൊരുക്കി. ആ യോഗത്തില്‍ ഇ എംഎസ് പറഞ്ഞു. "വെല്ലൂരില്‍ ഞാന്‍ വരുന്നത് ഇത് മൂന്നാം തവണയാണ്. സ്വതന്ത്രനായി വരുന്നത് ആദ്യവും. മുമ്പ് രണ്ടു പ്രാവശ്യവും വന്നത് ജയിലില്‍ കഴിയാനായിരുന്നു" ജയിലില്‍ കിടന്നയാളാണ് കേരള മുഖ്യമന്ത്രി എന്നറിഞ്ഞപ്പോള്‍ സമ്പന്നതയില്‍നിന്നു വന്ന സഹപാഠികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു.

ശാസ്ത്രജ്ഞന്‍ ഡോ. എ ഡി ദാമോദരനുമായുള്ള മാലതിയുടെ വിവാഹശേഷം മുംബൈയില്‍ താമസിക്കുമ്പോള്‍ മകളുടെയും മരുമകന്റെയും കൂടെ താമസിക്കാന്‍ ഇ എം എസ് എത്തി. മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താമസസൗകര്യം നിരസിച്ചായിരുന്നു അത്. രണ്ടുമുറി വീട്ടിലാണ് അന്ന് കേരള മുഖ്യമന്ത്രി താമസിക്കാന്‍ പോകുന്നതെന്നറിഞ്ഞപ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ഞെട്ടി. വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. പൊലീസുകാര്‍ക്ക് കിടക്കാന്‍ ആ വീട്ടില്‍ ഇടമുണ്ടായിരുന്നില്ല. അവര്‍ രാത്രി എപ്പോഴോ വരാന്തയിലിരുന്ന് ഉറങ്ങി. പുലര്‍ച്ചെ ഫ്ളൈറ്റിന് കേരളത്തിലേക്കു പോരുന്ന മുഖ്യമന്ത്രി നാലുമണിക്ക് പുറത്തിറങ്ങുമ്പോള്‍ പൊലീസുകാര്‍ ഉറക്കത്തിലായിരുന്നു. വിളിച്ചുണര്‍ത്തി വിഷമിപ്പിക്കേണ്ട എന്നു പറഞ്ഞ് ഇ എം എസ് കാറില്‍ പോയി. നേരംവെളുത്തിട്ടും കാവല്‍ തുടര്‍ന്ന പൊലീസുകാര്‍ക്ക് അച്ഛന്‍ പുലര്‍ച്ചെ പോയെന്ന് പറഞ്ഞിട്ട് വിശ്വസിക്കാനാകുന്നില്ല. "കുഴപ്പമൊന്നുമുണ്ടാകില്ല നിങ്ങള്‍ പൊയ്ക്കോ" എന്നുപറഞ്ഞിട്ടും ജോലി പോയെന്ന് ഉറച്ചുതന്നെയാണ് ആ പൊലീസുകാര്‍ മടങ്ങിയത്.

പിന്നീട് ഹൈദരാബാദില്‍ താമസം ആരംഭിച്ചപ്പോള്‍ അച്ഛനൊപ്പം സുന്ദരയ്യയും കുടുംബവും ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ വരുമായിരുന്നു. അച്ഛന്റെ സഹപ്രവര്‍ത്തകരായ നേതാക്കളെയെല്ലാം പരിചയമുണ്ടെങ്കിലും മാലതിക്ക് ഏറ്റവും അടുപ്പം ഗൗരിയമ്മയോടും സുശീലാ ഗോപാലനോടും ആയിരുന്നു. അവധിക്കാലങ്ങളില്‍ ഗൗരിയമ്മയുടെ വീട്ടില്‍ താമസിക്കാന്‍ പോകുമായിരുന്നു. സുശീലാ ഗോപാലന്‍ മകള്‍ ലൈലയുടെ ചികിത്സയ്ക്ക് വെല്ലൂരില്‍ വരുമ്പോഴെല്ലാം മാലതിക്കൊപ്പമാണ് താമസിച്ചത്. അവസാനനിമിഷംവരെ ഇ എം എസിനൊപ്പമുണ്ടായിരുന്ന ഈ മകള്‍ ലോകം അറിയുന്ന അച്ഛനുവേണ്ടി എപ്പോഴും ശ്രദ്ധിച്ചിരുന്ന ഒരുകാര്യമുണ്ട്. അച്ഛന് പേരുദോഷം ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയും മകള്‍ എന്ന നിലയില്‍ ഉണ്ടാകരുത്.
(എം വി പ്രദീപ്)

deshabhimani

No comments:

Post a Comment