Sunday, March 31, 2013

സ്വപ്നങ്ങള്‍ ബാക്കിയാക്കി കണ്ണീരുമായി കടല്‍ താണ്ടി


കിടപ്പാടമായ നാലുസെന്റ് പണയപ്പെടുത്തിയവര്‍, സ്വന്തമായി വീടെന്ന സ്വപ്നംപോലും യാഥാര്‍ഥ്യമാക്കാത്തവര്‍, മകളുടെ വിവാഹത്തിന് വാങ്ങിയ സ്വര്‍ണത്തിന്റെ ബാധ്യത എങ്ങനെ തീര്‍ക്കുമെന്ന് ചങ്കുപൊട്ടി നിലവിളിക്കുന്നവര്‍... ജീവിതദുരിതങ്ങളില്‍നിന്ന് കരകയറാന്‍ മണലാരണ്യത്തിലേക്ക് പറന്നുയര്‍ന്നവര്‍ വെറുംകൈയോടെ മടങ്ങിവരുന്ന കാഴ്ച ദയനീയം. സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമായതോടെ എല്ലാം നഷ്ടപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയവര്‍ക്ക് പറയാനുള്ളത് ദുരിതകഥമാത്രം. തിരിച്ചെത്തിയവര്‍ അമര്‍ഷവും നിസ്സഹായതയും പങ്കുവച്ചു.

ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഗള്‍ഫിലേക്ക് പോയതെന്ന് കാളികാവ് പുലിപെട്ടി ജമാലുദീന്‍ പറഞ്ഞു. സൗദിയില്‍ അലക്കുകടയില്‍ തൊഴിലാളിയായ ജമാലുദീന്‍ നാലുവര്‍ഷമായി ഗള്‍ഫില്‍. പ്രാരാബ്ധം കാരണം അവധിക്കുപോലും നാട്ടിലെത്തിയില്ല. ഒമ്പതുസെന്റ് സ്ഥലമാണ് ആകെയുള്ളത്. വീടുനിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചു. ഭാര്യയുടെ സ്വര്‍ണം പണയപ്പെടുത്തിയത് തിരിച്ചെടുക്കാനായില്ല. മൂന്ന് പെണ്‍കുട്ടികളടക്കം നാലു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം എങ്ങനെ കഴിയുമെന്നതിനെച്ചൊല്ലി ജമാലുദീന്റെ കണ്ണ് നിറഞ്ഞു. ആകെയുള്ള നാലുസെന്റ് സ്ഥലവും വീടും വിറ്റാണ് എടത്തനാട്ടുകര കൈതക്കുണ്ട് സുലൈമാന്‍ ഗള്‍ഫിലെത്തിയത്. എട്ടുവര്‍ഷമായെങ്കിലും കാര്യമായൊന്നും സമ്പാദിക്കാനായില്ല. വാടകവീട്ടിലാണ് താമസം. സ്വന്തമായൊരു വീട് സ്വപ്നംമാത്രം. ജിദ്ദയിലെ കഫ്റ്റീരിയയില്‍ ജീവനക്കാരനായിരുന്നു. വിസ പുതുക്കിക്കിട്ടാതായതോടെ നാട്ടിലേക്ക് മടങ്ങി. ഇനി തിരിച്ചുപോക്ക് അസാധ്യമാണെന്ന് സുലൈമാന്‍ പറഞ്ഞു.

കൊണ്ടോട്ടി കിഴിശേരി സൈതലവി 15 വര്‍ഷമായി ജിദ്ദയിലെ ഹുലൈലില്‍ ഹോട്ടല്‍തൊഴിലാളിയാണ്. സ്വദേശിവല്‍ക്കരണം സൈതലവിയുടെയും വയറ്റത്തടിച്ചു. ചെറിയൊരു വീട് ഉണ്ടെന്നല്ലാതെ സമ്പാദ്യമൊന്നുമില്ല. നാട്ടില്‍ എന്തെങ്കിലും തുടങ്ങാന്‍ ഭീമമായ തുക വേണം. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്ന് സൈതലവി പറഞ്ഞു. സൗദി മന്ത്രാലയം തെരച്ചില്‍ ശക്തമാക്കിയതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു.

deshabhimani 310313

No comments:

Post a Comment