Thursday, March 28, 2013
രാഹുല്‍ പ്രധാനമന്ത്രി കസേരയ്ക്കുവേണ്ടി ദിഗ്‌വിജയിനെ ഇറക്കി കളിക്കുന്നു
കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയും വെവ്വേറെയെന്ന സോണിയാ മോഡല്‍ പരീക്ഷണം പരാജയമായെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌സിങ്.
ഏതെങ്കിലും ഒരു നേതാവിനെ പ്രധാനമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്യുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ഏര്‍പ്പാട് പാര്‍ട്ടി ഉപാധ്യക്ഷനായ രാഹുല്‍ഗാന്ധി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ രാഹുല്‍ സന്നദ്ധനല്ലെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ സിംഗിന്റെ വെളിപാടുകള്‍ ദേശീയരാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കു കൗതുകമായി. പ്രധാനമന്ത്രി പദവിയിലേക്കു താനില്ലെന്ന രാഹുലിന്റെ പരസ്യ പ്രഖ്യാപനം അദ്ദേഹം തനിക്കുപകരം മറ്റാരെയെങ്കിലും പ്രധാനമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്യുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ രാഹുലിനെത്തന്നെ പ്രധാനമന്ത്രിപദത്തിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തിന്റെ വലംകൈയായ ദിഗ്‌വിജയ്‌സിംഗ് ചാനല്‍ അഭിമുഖത്തെ തന്ത്രപൂര്‍വം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്. രാഹുല്‍തന്നെ സിംഹാസനത്തിനുവേണ്ടി സിംഗിനെ ഇറക്കികളിപ്പിക്കുകയാണെന്നു കരുതുന്നവരാണേറെ.
രണ്ട് അധികാരകേന്ദ്രങ്ങള്‍ കേന്ദ്രത്തില്‍ പരാജയപ്പെട്ടുവെന്നു തന്നെയാണ് വ്യക്തിപരമായി താന്‍ കരുതുന്നത്. പ്രധാനമന്ത്രി തന്നെയായിരിക്കണം രാഷ്ട്രീയനേതൃത്വവും കയ്യാളേണ്ടത്. സോണിയാഗാന്ധി പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്നുവച്ചാണ് മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ആ അബദ്ധം രാഹുലിനുപറ്റിക്കൂടെന്നായിരുന്നു സിംഗിന്റെ വാക്കുകളുടെ രത്‌നചുരുക്കം. രണ്ടു യു പി എ സര്‍ക്കാരുകളുടേയും ഭരണത്തില്‍ സോണിയാഗാന്ധി ഇടപെട്ടിട്ടേയില്ലെന്നും അദ്ദേഹം പറയുന്നു.
അതേസമയം മന്‍മോഹന്റെ നയങ്ങളുടെ കടുത്ത വിമര്‍ശകനായി അറിയപ്പെടുന്ന ദിഗ്‌വിജയ്‌സിംഗ് ഇപ്പോള്‍ രംഗത്തെത്തിയത് രാഹുല്‍ പ്രധാനമന്ത്രിയായില്ലെങ്കില്‍ പി ചിദംബരത്തെ ആ സ്ഥാനത്തേയ്ക്കു നിര്‍ദ്ദേശിച്ചേയ്ക്കുമെന്ന 'ടൈമി' ന്റേയും 'ഇക്കണോമിസ്റ്റി'ന്റേയും റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണെന്ന സൂചനയുമുണ്ട്. രാഹുലിന്റെ പരിചയസമ്പന്നതയില്ലായ്മ കണക്കിലെടുത്ത് ചിദംബരത്തെ സോണിയ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു പരിഗണിക്കുമെന്നും 'ടൈംസ്' റിപ്പോര്‍ട്ടു ചെയ്തിരുന്നു.
കോണ്‍ഗ്രസ് നയിക്കുന്ന സഖ്യം അധികാരത്തില്‍ വന്നാല്‍ കൂട്ടുകക്ഷി സര്‍ക്കാരിന്റെ സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യാനുള്ള പക്വത രാഹുല്‍ കൈവരിച്ചു കഴിഞ്ഞെന്നും ദിഗ് വിജയ്‌സിംഗ് കരുതുന്നു. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു താനില്ലെന്ന് കോണ്‍ഗ്രസ് എം പി മാരെ രാഹുല്‍ അറിയിച്ചുവെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു. ജനങ്ങളെ സേവിക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് രാഹുല്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു.
മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് രാഹുല്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്ന് സിംഗിന്റെ വെളിപ്പെടുത്തലോടെ രാഹുല്‍ തന്നെയാണ് കിരീടാവകാശിയെന്ന നെഹ്‌റു - ഗാന്ധി കുടുംബത്തിന്റെ വംശാധിപത്യ അജന്‍ഡയാണ് തന്റെ ചാനല്‍ അഭിമുഖത്തിലൂടെ സിംഗ് പുറത്തെടുത്തത്. ജനങ്ങളെ സേവിക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന രാഹുലിന്റെ പ്രസ്താവനയുടെ അര്‍ഥം പ്രധാനമന്ത്രിപദം അദ്ദേഹത്തിന്റെ മുന്‍ഗണനയല്ലെന്നല്ല എന്ന സിംഗിന്റെ വിശദീകരണവും ശ്രദ്ധേയമായി.
ഭൂരിപക്ഷം കിട്ടിയാല്‍ താന്‍ പ്രധാനമന്ത്രിയായിക്കൊള്ളാം എന്ന രാഹുലിന്റെ പുതിയ ഉള്ളിലിരിപ്പാണ് ഇപ്പോള്‍ ദിഗ്‌വിജയ്‌സിംഗിന്റെ വെളിപ്പെടുത്തലോടെ പുറത്തുവന്നിരിക്കുന്നതെന്നും രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു.
janayugom
Labels:
കോണ്‍ഗ്രസ്,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment