Sunday, March 24, 2013

പ്രോസിക്യൂഷന്റെ കള്ളക്കഥകള്‍ പുറത്താകുന്നു


ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തയാറാക്കിയത് കള്ളമൊഴികളാണെന്നത് തെളിയുന്നു. സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും കേസില്‍ കുടുക്കാന്‍ ഉന്നതങ്ങളില്‍ ഗൂഢാലോചന നടത്തി പൊലീസ് തയാറാക്കിയ കള്ളക്കഥകളാണ് ഓന്നൊന്നായി പൊളിയുന്നത്. വിചാരണ പുരോഗമിക്കവെ പ്രോസിക്യൂഷന്റേത് കള്ളസാക്ഷികളാണെന്നാണ് വിസ്താരവേളയില്‍ തെളിയുന്നത്. ശനിയാഴ്ച വിസ്തരിച്ച നാലുപേരും പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയത് ശ്രദ്ധേയമാണ്. ഇതോടെ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയ സാക്ഷികളുടെ എണ്ണം ഒമ്പതായി. സത്യം പുറത്തുപറയുമെന്ന് ഉറപ്പുള്ള സാക്ഷികളെ വിസ്തരിക്കാതെ ഒഴിവാക്കുകയാണ് പ്രോസിക്യൂഷന്‍. സിപിഐ എം ശക്തികേന്ദ്രങ്ങളിലുള്ള സാക്ഷികള്‍ കൂട്ടത്തോടെ മൊഴി മാറ്റുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത കൊടുപ്പിക്കുന്നുമുണ്ട്. തങ്ങള്‍ സത്യം പറയുന്നത് ആരുടെയും ഭീഷണിക്ക് വഴങ്ങിയല്ലെന്ന് സാക്ഷികള്‍ വ്യക്തമായി കോടതിയില്‍ മൊഴിനല്‍കുന്നുണ്ട്. സിപിഐ എം പ്രവര്‍ത്തകരോ അനുഭാവികളോ അല്ലാത്ത സാക്ഷികളാണിവര്‍.

ശനിയാഴ്ച വിസ്തരിച്ച നാലു സാക്ഷികളും പൊലീസ് മഹസറുകളില്‍ തങ്ങളല്ല ഒപ്പിട്ടതെന്ന് ഒരേസ്വരത്തിലാണ് വ്യക്തമാക്കിയത്. യഥാര്‍ഥ ഒപ്പും മഹസറിലെ ഒപ്പും തമ്മിലുള്ള വ്യത്യാസവും അവര്‍ ചൂണ്ടിക്കാട്ടി. കോടതി വിസ്തരിച്ച 32 സാക്ഷികളില്‍ ആര്‍എംപിയുടെ സജീവ പ്രവര്‍ത്തകര്‍ മാത്രമാണ് പൊലീസ് ഭാഷ്യത്തിനനുസരിച്ച് മൊഴിനല്‍കിയത്. തടങ്കലില്‍ പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് പൊലീസ് കള്ളമൊഴി രേഖപ്പെടുത്തുന്നതെന്ന് പ്രോസിക്യൂഷന്‍ സാക്ഷികള്‍ നേരത്തെ കോടതിയില്‍ മൊഴി നല്‍കിയതാണ്. പ്രധാനസാക്ഷിയായി അവതരിപ്പിച്ച ചൊക്ലി സമീറ ക്വാര്‍ട്ടേഴ്സില്‍ ടി കെ സുമേഷ് പൊലീസ് ക്യാമ്പില്‍ 10 ദിവസം പീഡിപ്പിച്ച് മജിസ്ട്രേട്ടിന് മൊഴിനല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന് മൊഴിനല്‍കിയിരുന്നു. ശാസ്ത്രീയ അന്വേഷണരീതിയാണ് ഈ കേസില്‍ പൊലീസ് സ്വീകരിച്ചതെന്ന അധികൃതരുടെ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണിത്.

deshabhimani 240313

No comments:

Post a Comment