Monday, March 25, 2013

'അവരെന്നെ ബലാല്‍സംഗം ചെയ്തു കൊല്ലുമെന്നു ഞാന്‍ ഭയന്നു'


മാനഭംഗങ്ങളുടേയും കൊലപാതകങ്ങളുടേയും ആസ്ഥാനമായി മാറിയ ഇന്ത്യയില്‍ ബലാല്‍സംഗശ്രമത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് യുവതി ജെസ്സിക്കാ ഡേവിസിന്റെ ഭയചകിതമായ അനുഭവവിവരണം ആര്‍ഷഭാരതം എന്ന് അഭിമാനിക്കുന്ന ഇന്ത്യയെ നാണക്കേടിന്റെ കയങ്ങളിലാഴ്ത്തുന്നു.

'ആഗ്രയിലെ ഹോട്ടലുടമ സച്ചിന്‍ ചൗഹാനടക്കമുള്ളവര്‍ എന്റെ മുറിയില്‍ അതിക്രമിച്ചു കയറി എന്നെ ലൈംഗികമായി പീഡിപ്പിച്ചു കശക്കിയെറിയുമെന്നുതന്നെ ഞാന്‍ ഭയപ്പെട്ടു. അതു മരണത്തിലേക്കുള്ള യാത്രകൂടിയാകാമെന്നോര്‍ത്തപ്പോള്‍ ഞാന്‍ ഞെട്ടിവിറച്ചു. ഒടുവില്‍ ഞാന്‍ എന്റെ പാസ്‌പോര്‍ട്ട് ബല്‍റ്റിലെ പോക്കറ്റില്‍ തിരുകിയശേഷം രണ്ടാം നിലയില്‍ നിന്ന് ഒന്നാം നിലയിലെ ബാല്‍ക്കണിയിലേക്കു ചാടി. അവിടെ നിന്ന് നേരെ ഹോട്ടല്‍ മുറ്റത്തേയ്ക്കും. പൈശാചികമായ ഒരു മരണത്തില്‍ നിന്നും ഞാന്‍ ജീവിതത്തിലേക്ക് എടുത്തുചാടുകയായിരുന്നു' ലണ്ടനിലെ 'മെയില്‍ ഓണ്‍ലൈനി'ലൂടെ ജെസിക്ക അതു വിവരിക്കുമ്പോള്‍ ഓര്‍മകളില്‍ ഇപ്പോഴും നടുക്കം.

സ്ത്രീകളോടുള്ള ഇന്ത്യന്‍ പുരുഷന്മാരുടെ ക്രൂരതമുറ്റിയ സമീപനത്തിനെതിരേ ആഞ്ഞടിച്ച ജസ്സിക്ക നിര്‍മല പ്രണയത്തിന്റെ അനശ്വരസ്മാരകമായ ആഗ്രയിലെ താജ്മഹല്‍ കാണാനെത്തിയതായിരുന്നു. തൊട്ടടുത്ത ആഗ്രാമഹല്‍ഹോട്ടലില്‍ ചേക്കേറുകയായിരുന്നു 31 കാരിയും ലണ്ടനില്‍ ഗ്രീന്‍വിച്ചിലെ ഡന്റല്‍ ഹൈജീനിസ്റ്റുമായ ജസ്സിക്കാ ഡേവിസ്. പിറ്റേന്ന്  കൊച്ചു വെളുപ്പാന്‍കാലത്ത് മൂന്നേമുക്കാലോടെ വാതിലില്‍ മുട്ടുന്നതു കേട്ട് ജസ്സിക്ക ഉണര്‍ന്നു.

ഹോട്ടലുടമയായ സച്ചിന്‍ ചൗഹാനായിരുന്നു അത്. അയാളുടെ കയ്യില്‍ രണ്ട് എണ്ണ കുപ്പികള്‍. എന്റെ ദേഹമാസകലം എണ്ണയിട്ടു തിരുമ്മിയ ശേഷം എന്നെ ഷവറില്‍ കുളിപ്പിക്കാന്‍ വന്നതാണത്രേ. അയാള്‍ മൂക്കറ്റം മദ്യപിച്ചിട്ടുണ്ടായിരുന്നു. താനാകെ ഭയന്നുവിറച്ചപ്പോള്‍ അയാള്‍ മുറിയില്‍ തള്ളിക്കയറാന്‍ നോക്കി. ഞാന്‍ അയാളെ തള്ളിമാറ്റി വാതില്‍ കൊട്ടിയടച്ചു. പത്തു മിനിറ്റോളം വാതിലില്‍ തുടരെ മുട്ടിയ ചൗഹാന്‍ മുക്കാല്‍ മണിക്കൂറോളം അവിടെ നില്‍പ്പായിരുന്നു. ഒപ്പം മറ്റൊരാള്‍ കൂടി വന്നുവെന്ന് എനിക്ക് മുറിക്കുള്ളില്‍ നിന്നുതന്നെ മനസിലായി. ഇതോടെ ഞാന്‍ ഒച്ചവച്ചു. ഹോട്ടലിലെ താമസക്കാരെല്ലാം നല്ല ഉറക്കത്തിലായതിനാല്‍ ആരും എന്റെ മുറവിളി കേട്ടില്ല.

അപ്പോഴേയ്ക്കും ഒന്നേകാല്‍ മണിക്കൂറോളം കഴിഞ്ഞ് പുലര്‍ച്ചെ അഞ്ച് മണിയായിരുന്നു. അവര്‍ ഇരുവരും വാതില്‍ തകര്‍ത്ത് അകത്തേക്ക് ഇരച്ചുകയറി തന്നെ മൃഗീയമായ ലൈംഗിക പീഡനത്തിന് ഇടയാക്കുമെന്ന് തനിക്ക് ഉറപ്പായി. പൊടുന്നനെ വേഷം മാറി പാസ്‌പോര്‍ട്ട് മാത്രമെടുത്ത് മറുവശത്തെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ കയറിപ്പറ്റി. മൊബൈലില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അതു പ്രവര്‍ത്തിക്കുന്നില്ല.

രണ്ടാം നിലയിലെ ബാല്‍ക്കണിയിലേക്ക് അവര്‍ എത്തുമെന്ന ഭയംകൂടിയായപ്പോള്‍ ഒന്നും ഓര്‍ക്കാതെ ഒന്നാം നിലയിലെ ബാല്‍ക്കണിയിലേക്കും അവിടെ നിന്നും ഹോട്ടല്‍ മുറ്റത്തേക്കും ചാടി.

കാലിനു പരുക്കേറ്റുവെങ്കിലും റോഡിലേക്ക് ഓടിയിറങ്ങി ഒരു ഓട്ടോ കൈകാണിച്ചു നിര്‍ത്തി അടുത്ത പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. 'ഞാനൊരു ഭാഗ്യവതിയാണ്. ശരീരത്തിനേറ്റ പരുക്കുകള്‍ ഞാന്‍ മറക്കുന്നു. ദുഃസ്വപ്‌നം പോലുള്ള ആ അനുഭവങ്ങളുടെ നൊമ്പരം സഹിക്കാനാവില്ല. ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസ് കോടതി മുമ്പാകെ എത്താന്‍ ഒരു വര്‍ഷത്തോളം വേണ്ടി വരുമെന്നാണ് പൊലീസ് അറിയിച്ചത്'. ഇന്ത്യന്‍ ന്യായാസനങ്ങളുടെ ഒച്ചിഴയലില്‍ ജെസ്സിക്കയ്ക്ക് ദുഃഖം.

എന്നിട്ട് എല്ലാ സ്ത്രീകളോടും ജെസ്സിക്കയുടെ ഉപദേശം: ''ഇന്ത്യ നിങ്ങളെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ നാടല്ലെന്ന ഓര്‍മയുണ്ടായിരിക്കണം.....''

janayugom

No comments:

Post a Comment