Sunday, March 24, 2013

യുപിഎ സര്‍ക്കാര്‍ അടുത്തഘട്ടം സാമ്പത്തിക പരിഷ്കരണത്തിലേക്ക്


നിലനില്‍പ്പ് ഉറപ്പില്ലെങ്കിലും അടുത്ത തലമുറ സാമ്പത്തിക പരിഷ്കരണ നടപടി ഉടന്‍ ആരംഭിക്കുമെന്ന് യുപിഎ സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി പി ചിദംബരമാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. വിദേശ സ്ഥാപന നിക്ഷേപം (എഫ്ഐഐ) സംബന്ധിച്ച മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവരുന്നതടക്കമുള്ളതാണ് സാമ്പത്തിക പരിഷ്കാരങ്ങള്‍. ഉയര്‍ന്ന വളര്‍ച്ചനിരക്ക് കൈവരിക്കാന്‍ ക്രമേണയുള്ള പരിഷ്കരണ നടപടി സ്വീകരിക്കും. എഡിറ്റര്‍മാരുടെ ദേശീയസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, കോര്‍പറേറ്റ് ബോണ്ടുകള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള തടസ്സം നീക്കി നിയമങ്ങള്‍ യുക്തിസഹമാക്കും. പല നിയമങ്ങളുടെയും ഉപവകുപ്പുകള്‍ മാറ്റേണ്ടതുണ്ട്. പരിഷ്കരണ നടപടികളുടെ തുടര്‍ച്ച ഉറപ്പാക്കും. കോര്‍പറേറ്റ് ബോണ്ടുകളില്‍ വിദേശനിക്ഷേപ പരിധിയില്‍ മാറ്റം വരുത്തുന്നത് പരിഗണനയിലാണ്. വലിയ നിക്ഷേപകര്‍ക്ക് നിക്ഷേപത്തിനുള്ള സൗകര്യം ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപം, വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം, ഡീസല്‍ സബ്സിഡി ക്രമേണ നീക്കാനുള്ള തീരുമാനം, പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തല്‍ തുടങ്ങിയ പരിഷ്കരണങ്ങള്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയതാണ്. അമേരിക്കയുടെയും ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെയും സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നിത്. 2014ല്‍ സര്‍ക്കാരിന്റെ കാലാവധി കഴിയും. ആറ് മാസത്തിനുള്ളില്‍ അടിയന്തരമായി നടത്തേണ്ട പരിഷ്കരണങ്ങളാണ് മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കിയിരിക്കുന്നത്.

ഭക്ഷ്യസുരക്ഷാ ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയുമെന്ന് ചിദംബരം പ്രതീക്ഷ പ്രകടിപ്പിച്ചു. ഒരു സംസ്ഥാനത്തിനും പ്രത്യേക സാമ്പത്തിക പാക്കേജ് നല്‍കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാട്ടുന്നില്ല. ധന കമീഷന്‍ ശുപാര്‍ശകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് വിഹിതം നിശ്ചയിക്കുക. ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെടാത്തതിന്റെ പ്രധാന കാരണം യൂറോ സോണ്‍ പ്രതിസന്ധിയാണ്. ഇത് ഉടന്‍ പരിഹരിക്കപ്പെടില്ല. കയറ്റുമതി കുറയാനുള്ള പ്രധാന കാരണം ഇതാണ്. 2010-11ല്‍ 9.3 ശതമാനം സാമ്പത്തിക വളര്‍ച്ചനിരക്ക് ഉണ്ടായിരുന്ന ഇന്ത്യക്ക് നടപ്പു സാമ്പത്തികവര്‍ഷം അഞ്ച് ശതമാനം വളര്‍ച്ചനിരക്ക് മാത്രമേ കൈവരിക്കാന്‍ കഴിഞ്ഞുള്ളൂ. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വളര്‍ച്ചനിരക്ക് കൈവരിക്കാന്‍ എല്ലാ തടസ്സവും നീക്കി വിദേശനിക്ഷേപം ആകര്‍ഷിക്കണമെന്ന കാഴ്ചപ്പാടാണ് യുപിഎ സര്‍ക്കാരിന്. അതിനുള്ള പരിഷ്കരണ നടപടികളാണ് ഇനി കൊണ്ടുവരിക.
(വി ജയിന്‍)

deshabhimani 240313

No comments:

Post a Comment