Friday, March 29, 2013

ഷാനവാസിന്റെ അനുജന് പെന്‍ഷന് മുമ്പ് പുനര്‍നിയമനം


തിങ്കളാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കുന്ന എറണാകുളം ഡി എം ഒ യ്ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കാനിരിക്കുന്ന കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്റെ മെഡിക്കല്‍ ഡയറക്ടറായി തിരക്കിട്ട് പുനര്‍നിയമനം നല്‍കിയത് വിവാദമാകുന്നു. ബുധനാഴ്ച പുന്നപ്രയില്‍ ചേര്‍ന്ന കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എക്‌സലന്‍സ് (കേപ്) ആണ് കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ് എം പിയുടെ അനുജന്‍ എറണാകുളം ഡി എം ഒ ഡോ. ജുനൈദ് റഹ്മാനെ മെഡിക്കല്‍ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം ഡി എം ഒ ഡോ. ടി പീതാംബരന്‍ ഉള്‍പ്പെടെ രണ്ട് ഡി എം ഒ മാരടക്കം അറുപതിലേറെ പ്രഗത്ഭ ഡോക്ടര്‍മാരും പ്രശസ്ത സ്‌പെഷ്യലിസ്റ്റുകളും തിങ്കളാഴ്ച റിട്ടയര്‍ ചെയ്യാനിരിക്കേയാണ് മറ്റാര്‍ക്കും പുനര്‍നിയമനം നല്‍കാതെ ഡോ. ജുനൈദിനു മാത്രം കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്റെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്.

സ്‌പെഷ്യലിസ്റ്റുകളുടെ ക്ഷാമവും സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന് കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും (കെ ജി എം ഒ എ) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഉന്നയിച്ച ആവശ്യം ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിരാകരിച്ചിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ വകുപ്പിന്റെ കൊച്ചി കോളജില്‍ കെ ജി എം ഒയുടെ നേതാവ് കൂടിയായ ഡോ. ജുനൈദിന് അടുത്തൂണ്‍ പറ്റുന്നതിന് മുമ്പ് പുനര്‍നിയമനം.
തിങ്കളാഴ്ച പെന്‍ഷന്‍ പറ്റുന്നവരില്‍ നല്ലൊരുപങ്ക് ഹൃദ്രോഗ ചികിത്സാ വിദഗ്ധരാണ്. മെഡിക്കല്‍ കോളജായി ഉയരാന്‍ പോകുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നുമാത്രം പെന്‍ഷന്‍ പറ്റുന്നത് മൂന്ന് പ്രഗത്ഭ കാര്‍ഡിയോളജിസ്റ്റുകളാണ്. സ്‌പെഷ്യലിസ്റ്റുകളുടെയെങ്കിലും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച് പൊതുജനാരോഗ്യമേഖലയെ സ്‌പെഷ്യലിസ്റ്റ് ക്ഷാമത്തില്‍ നിന്നു രക്ഷിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നതും മന്ത്രി നിരാകരിച്ചിരുന്നു.

പക്ഷേ ഷാനവാസിന്റെ അനുജന്‍ ഡോ. ജുനൈദ് റഹ്മാന് പുനര്‍ നിയമനം നല്‍കാന്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ കരുക്കള്‍ നീക്കിയിരുന്നു. ഇതിന്റെ ഭാഗമായി നാട്ടുകാരുടെ മേല്‍വിലാസത്തില്‍ കോണ്‍ഗ്രസുകാര്‍ ചേര്‍ന്ന് കൊച്ചി മെഡിക്കല്‍ കോളജ് സംരക്ഷണസമിതി എന്ന സംഘടന തന്നെ തട്ടിക്കൂട്ടി. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തെക്കാള്‍ സമിതിയുടെ മുഖ്യ മുദ്രാവാക്യം ഡോ. ജുനൈദിനെ കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്റെ മെഡിക്കല്‍ ഡയറക്ടറാക്കുക എന്നതായിരുന്നു!

കോളജില്‍ എഴുപതോളം ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് നികത്തണമെന്ന ആവശ്യം പോലും സമിതിക്ക് ഒരു വിഷയമേയല്ലായിരുന്നു. പൊതുജനാവശ്യം മാനിച്ചാണ് ഡോ. ജുനൈദിനെ നിയമിച്ചതെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു കോണ്‍ഗ്രസുകാര്‍ ഈ സമരനാടകം കളിച്ചതെന്ന് കെ ജി എം ഒ എയോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു.
500 കോടി രൂപ ആസ്തിയും അതിലേറെ ബാധ്യതയുമുള്ള കൊച്ചി സഹകരണ മെഡിക്കല്‍കോളജ് ഏറ്റെടുക്കാനുള്ള ഉത്തരവ് ഇനിയും പുറപ്പെടുവിച്ചിട്ടില്ല. ഇത് സംബന്ധിച്ച ഫയലുകള്‍ പോലും ധനകാര്യ വകുപ്പില്‍ പാറിപ്പറന്നു നടക്കുന്നതിനിടെയാണ് പെന്‍ഷന്‍കാരനാകാന്‍ പോകുന്നയാള്‍ ക്ക് മുന്‍കൂര്‍ പുനര്‍നിയമനം. ഒപ്പം കോളജിലെ 65 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും തീരുമാനിച്ചിട്ടുണ്ട്.
(കെ രംഗനാഥ്)
janayugom


വിരമിക്കുന്ന ഉദ്യോഗസ്ഥന് കണ്‍സള്‍ട്ടന്റായി നിയമനം

വൈദ്യുതി ബോര്‍ഡില്‍ മാര്‍ച്ച് 31ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് കണ്‍സള്‍ട്ടന്റായി പുനര്‍നിയമനം. ഐടി വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ക്കാണ് നിയമനം നല്‍കിയത്. ഇദ്ദേഹത്തിന്റെ സേവനകാലാവധി നീട്ടാന്‍ നീക്കമുണ്ടായിരുന്നുവെങ്കിലും ജീവനക്കാരുടെ സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തിലാണ് കണ്‍സള്‍ട്ടന്റാക്കിയത്. ഐടി വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറടക്കം മാര്‍ച്ച് 31ന് വിരമിക്കുന്ന 19 പേര്‍ക്ക് സേവനകാലാവധി നീട്ടി നല്‍കാന്‍ വൈദ്യുതി ബോര്‍ഡില്‍ നീക്കം നടന്നിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ജീവനക്കാര്‍ എതിര്‍പ്പുയര്‍ത്തി. ഇതേത്തുടര്‍ന്നാണ് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറെ സര്‍വീസില്‍നിന്നു വിരമിച്ചശേഷം ആര്‍എപിഡിആര്‍പി പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി ഒരു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചത്. പദ്ധതികണ്‍സള്‍ട്ടന്റായി ഫീഡ് ബാക്ക് വെഞ്ച്വേഴ്സ് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനുപുറമെയാണ് മറ്റൊരു കണ്‍സള്‍ട്ടന്റിനെക്കൂടി നിയമിച്ചത്. വൈദ്യുതി ബോര്‍ഡിനെയും ആര്‍എപിഡിആര്‍പി പദ്ധതി നടപ്പാക്കുന്ന കൊറിയന്‍ കമ്പനിയെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പുതിയ കണ്‍സള്‍ട്ടന്റ് പ്രവര്‍ത്തിക്കുമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.


deshabhimani

No comments:

Post a Comment