Monday, March 25, 2013

കൂത്തുപറമ്പ് പോരാട്ടത്തിന് ശില്‍പഭാഷ്യം


പയ്യന്നൂര്‍: പൊരുതുന്ന യുവതയുടെ സിരകളില്‍ ആവേശം പടര്‍ത്തുന്ന കൂത്തുപറമ്പ് പോരാട്ടത്തിന് ശില്‍പഭാഷ്യം ഒരുങ്ങുന്നു. സമ്മേളന നഗരിയിലെ പ്രദര്‍ശനത്തിനായി ശില്‍പി ഉണ്ണി കാനായിയുടെ പണിപ്പുരയിലാണ് പോരാട്ട ശില്‍പങ്ങള്‍ ഒരുങ്ങുന്നത്. കൂത്തുപറമ്പ് സമരത്തിന്റെ ചൂടും ചൂരും അനുഭവിപ്പിക്കുമാറാണ് ഒരു ഡോക്യുഫിക്ഷന്‍പോലെ ശില്‍പം തീര്‍ക്കുന്നത്. ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ ഓര്‍മകളിലൂടെയുള്ള സഞ്ചാരമാണ് ശില്‍പം.

മൂന്ന് ചുമര്‍ചിത്രങ്ങളിലൂടെയും 10 പൂര്‍ണകായ പ്രതിമകളിലൂടെയുമാണ് ശില്‍പനിര്‍മാണം. അന്നത്തെ സഹകരണ മന്ത്രി എം വി രാഘവന്‍ കാറില്‍ വന്നിറങ്ങുന്നതും സായുധ പൊലീസ് വാനില്‍നിന്നിറങ്ങുന്നതും രണ്ട് ചുമരുകളലായി ചിത്രീകരിച്ചിരിക്കുന്നു. അര്‍ബന്‍ ബാങ്ക് ഉദ്ഘാടന വേദിയും യുവാക്കളുടെ മുഷ്ടി ചുരുട്ടിയുള്ള പ്രതിഷേധവും രക്തസാക്ഷികളായ രാജീവന്‍, മധു, ബാബു, റോഷന്‍, ഷിബുലാല്‍ എന്നിവരുടെ ശില്‍പങ്ങളും കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക സ്തൂപത്തിന്റെ ശില്‍പവുമാണ് മൂന്നാമത്തെ ചുമരില്‍. സമരഭൂമിയില്‍ യുവാക്കള്‍ക്കുനേരെ നിറയൊഴിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന പൊലീസുകാരും ശില്‍പങ്ങളിലുണ്ട്. നാല്‍പ്പത് അടി നീളത്തിലും ഏഴ് അടി വീതിയിലുമായി 280 സ്ക്വയര്‍ ഫീറ്റിലാണ് ശില്‍പങ്ങള്‍ തീര്‍ക്കുന്നത്. തെര്‍മോകോള്‍, പ്ലസ്റ്റര്‍ ഓഫ് പാരീസ്, പേപ്പര്‍, ചകിരി, പള്‍പ്പ്, കമ്പി, പൂള, പശ, ചാക്ക് എന്നിവയാണ് ശില്‍പനിര്‍മാണത്തിനുപയോഗിക്കുന്നത്.

പി രതീഷ്, രതീഷ് കുട്ടന്‍, ഷരീഷ്, ജിത്തു, ശരത്, ശ്രീകുമാര്‍, തമ്പാന്‍, വിനേഷ് എന്നിവര്‍ നിര്‍മാണത്തില്‍ സഹായികളാണ്. കൂത്തുപറമ്പിലെത്തി പുഷ്പനെ കണ്ട് സംസാരിച്ചാണ് ഉണ്ണി ശില്‍പനിര്‍മാണത്തിലേക്ക് കടന്നത്.

ഒരുങ്ങുന്നു നാടിന്റെ ചരിത്രം

പയ്യന്നൂര്‍: സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി 28 മുതല്‍ കണ്ണൂരില്‍ നടക്കുന്ന ചരിത്രപ്രദര്‍ശനത്തില്‍ തൊഴിലാളി വര്‍ഗത്തിന്റെ മുന്നേറ്റവും നാടിന്റെ ചരിത്രവും വരച്ചുകാട്ടുന്ന പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കും. ഓരോ കാലഘട്ടത്തിലേക്കും നമ്മെ കൈപിടിച്ചുയര്‍ത്തുന്ന ചിത്രസഹിതമുള്ള മള്‍ട്ടികളര്‍ പോസ്റ്ററുകള്‍ പയ്യന്നൂരിലാണ് തയ്യാറാക്കുന്നത്.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ തുടങ്ങി അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം വരെ ചിത്രീകരിക്കുന്ന പോസ്റ്ററുകളാണ് തയ്യാറാക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണം, എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് രൂപീകരണം. കയ്യൂര്‍, കരിവെള്ളൂര്‍, മുനയന്‍കുന്ന്, കോറോം, ഒഞ്ചിയം, പുന്നപ്ര വയലാര്‍, കാവുമ്പായി, മൊറാഴ പോരാട്ടങ്ങള്‍, പഴശ്ശിസമരം, കുറിച്യകലാപം, കുണ്ടറ വിളംബരം, മീററ്റ് ഗൂഢാലോചന എന്നിവയെല്ലാം ചിത്രീകരിക്കുന്നു. ദേശാഭിമാനിയുടെ ചരിത്രവുമൊരുങ്ങുന്നു. വര്‍ഗ- ബഹജന സംഘടനകളുടെ രുപീകരണവും ചരിത്രവും പോസ്റ്റര്‍ പ്രദര്‍ശനത്തെ മികച്ച വിദ്യാഭ്യാസ ചരിത്രപ്രദര്‍ശനമാക്കും. നാടിന്റെ ചരിത്രവും പോരാട്ടവും കോര്‍ത്തിണക്കുന്ന 150 പോസ്റ്ററുകള്‍ വിനയില്‍ പ്രിന്റിങ്ങിലാണ് തയ്യാറാക്കുന്നത്. കന്നഡ, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പോസ്റ്ററുകള്‍ തയ്യാറാക്കുന്നുണ്ട്.

deshabhimani

No comments:

Post a Comment