Sunday, September 1, 2013

മാധ്യമങ്ങളിലെ മൂലധന അധിനിവേശം ആപത്ത്

പരസ്യങ്ങളിലൂടെയും മറ്റും മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ച മൂലധനശക്തികള്‍ ഇപ്പോള്‍ മാധ്യമസ്ഥാപനങ്ങളാകെ വിലയ്ക്കുവാങ്ങുന്ന പ്രവണതയില്‍ ഉല്‍ക്കണ്ഠ പങ്കുവച്ച് സെമിനാര്‍. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പ്രസ് അക്കാദമി ഡല്‍ഹിയില്‍ സംഘടിപ്പിച്ച "കമ്പോള യുഗത്തിലെ മാധ്യമപ്രവര്‍ത്തനം" എന്ന സെമിനാര്‍ ആഹ്വാനംചെയ്തു.

കമ്പോളമാണ് പത്രപ്രവര്‍ത്തനത്തെ നയിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കുല്‍ദീപ് നയ്യാര്‍ പറഞ്ഞു. രാജ്യത്തെ 99 ശതമാനം പത്രങ്ങളും നിയന്ത്രിക്കുന്നത് ഏഴെട്ടു കുടുംബമാണ്. എഡിറ്റര്‍ എന്ന തസ്തിക ഇല്ലാതായി. വന്‍ ബിസിനസുകാര്‍ മാധ്യമങ്ങളിലേക്ക് പണമൊഴുക്കുന്നത് ഗൗരവമായി കാണണം. തൊഴിലിലെ കരാര്‍വല്‍ക്കരണമാണ് മറ്റൊരപകടം. ഭൂരിഭാഗവും പത്രപ്രവര്‍ത്തനത്തെ ഉപജീവനമാര്‍ഗമായി കാണുമ്പോള്‍ തത്വാധിഷ്ഠിത നിലപാട് എടുക്കുന്നവര്‍ ചുരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തനത്തെ ശരിയായ വഴിയില്‍ നടത്താന്‍ വായനക്കാരും ടെലിവിഷന്‍ പ്രേക്ഷകരും സംഘടിക്കേണ്ടതുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ വിനോദ് ശര്‍മ പറഞ്ഞു. ജനാധിപത്യത്തെ നിലനിര്‍ത്തുന്ന നാലു തൂണുകളില്‍ ലാഭമുണ്ടാക്കുന്നത് ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മാധ്യമങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിമൂലം പല വിദേശരാജ്യങ്ങളിലും പത്രങ്ങള്‍ പൂട്ടുന്ന സ്ഥിതിയുള്ളപ്പോള്‍ ഇന്ത്യയില്‍ പത്രങ്ങള്‍ വന്‍കിടക്കാര്‍ ഏറ്റെടുക്കുകയാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ പരന്‍ജോയ് താക്കുര്‍ത പറഞ്ഞു. ഇന്റര്‍നെറ്റ് അടക്കമുള്ള വിവിധ മാധ്യമ മാര്‍ഗങ്ങള്‍ മൊത്തം കൈയടക്കി ആധിപത്യം സ്ഥാപിക്കുകയാണ് അവര്‍. അംബാനിയും കുമാരമംഗലം ബിര്‍ലയുമാണ് ബ്രോഡ്ബാന്റിന്റെ ഏറിയ പങ്കും പിടിച്ചെടുത്തത്. മുകേഷ് അംബാനി ഏറ്റെടുത്ത സിഎന്‍എന്‍ ഐബിഎന്‍ ചാനലില്‍നിന്ന് 350 പേരെയാണ് പിരിച്ചുവിട്ടത്- അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ സ്വതന്ത്രമല്ലെങ്കില്‍ ജനാധിപത്യത്തിന് ആപത്താണെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത കേന്ദ്രമന്ത്രി കെ വി തോമസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരായ സുകുമാര്‍ മുരളീധരന്‍, എസ് കെ പാണ്ഡെ എന്നിവരും സംസാരിച്ചു. പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ അധ്യക്ഷനായി. എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം എന്‍ രാജേഷ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എന്‍ പി സന്തോഷ് നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment