Sunday, September 1, 2013

കുറ്റകൃത്യം: കേരളം ഒന്നാമത്

കുറ്റകൃത്യങ്ങളുടെ വളര്‍ച്ചാ നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയതായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. കഴിഞ്ഞ മൂന്നുവര്‍ഷത്തെ സ്ഥിതിവിവര കണക്ക് പ്രകാരം കുറ്റകൃത്യങ്ങളുടെ വര്‍ധനയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി. 2009 മുതല്‍ 2012 വരെയുള്ള കാലയളവില്‍ കൊലപാതകം, ബലാത്സംഗം, വധശ്രമം, കവര്‍ച്ച എന്നിവയില്‍ വര്‍ധന രേഖപ്പെടുത്തി. 2009ല്‍ 343 കൊലപാതകം നടന്നപ്പോള്‍ 2012ല്‍ കൊലപാതകങ്ങളുടെ എണ്ണം 374 ആയി. 2013 ജൂലൈ വരെ 197 കൊലപാതകമാണ് നടന്നത്. 2009ല്‍ 568 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ ഇത് 1132 ആയി ഉയര്‍ന്നു. 2012ല്‍ 1019 ബലാത്സംഗ കേസുകളും രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം മെയ് വരെ 502 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

കവര്‍ച്ചക്കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2009ല്‍ കവര്‍ച്ചക്കേസുകളുടെ എണ്ണം 330 ആയിരുന്നെങ്കില്‍ 2011ല്‍ ഇത് 741 ആയി. 2012ല്‍ 725 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2013ല്‍ ജൂലൈ വരെ 542 കവര്‍ച്ചക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ രേഖയിലുണ്ട്. 2010ല്‍ സംസ്ഥാനത്ത് മൊത്തം 1,48,313 കേസുകളാണ് ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ ആകെ കേസുകളുടെ എണ്ണം 1,72,137 ആയി വര്‍ധിച്ചു. 2012ല്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും 1.59 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2013 മെയ് വരെ മാത്രം 68,716 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഗുരുതര കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന കലാപങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലാണ്. 2011ല്‍ കലാപങ്ങളുടെ ഗണത്തില്‍പ്പെട്ട 10,754 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2012ല്‍ ഇത് 10,938 ആയി വര്‍ധിച്ചു. 2013 മെയ് വരെ 3723 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കലാപങ്ങള്‍, തീവയ്പ് എന്നിവയില്‍ ദേശീയ ശരാശരിയുമായി തട്ടിച്ചുനോക്കിയാല്‍ കേരളം പിന്നിലാണ്. പത്തിനും ഇരുപതിനും ഇടയ്ക്കാണ് ഇവയുടെ നിരക്കില്‍ കേരളത്തിന്റെ സ്ഥാനം. മിസോറാം, ആസാം, ജാര്‍ഖണ്ഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നില്‍. കുറ്റകൃത്യങ്ങളുടെ വര്‍ധനയുടെ കാര്യത്തില്‍ 2009വരെ നാലാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ ഒന്നാം സ്ഥാനം എത്തിയിരിക്കുന്നുവെന്നതാണ് അമ്പരപ്പിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 5.5 ലക്ഷത്തോളം കേസുകള്‍ എടുത്തു.

deshabhimani 010913

No comments:

Post a Comment