ഡല്‍ഹിയില്‍ "റോഡിയോ" എന്ന മെക്സിക്കന്‍ റെസ്റ്റോറന്റിലെ തക്കാളിച്ചോറും ആട്ടിന്‍കറിയും ടെക്വില എന്ന മദ്യവും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കൂടെ ഒരു "ക്യൂബന്‍ സിഗാറും". ഞാന്‍ അവിടെയിരുന്നപ്പോള്‍ എന്റെ മനസ്സുപോയത് കുമ്പളങ്ങിയിലേക്കാണ്. കുമ്പളങ്ങിയിലെ വാറ്റിയ ചാരായവും കുടല്‍കറിയും ചുരുട്ടും എന്റെ മനസ്സിലേക്ക് കടന്നുവന്നു. കോണാട്ട് പ്ലേസിലെ, റോഡിയോ റെസ്റ്റോറന്റില്‍ ഞാനൊരു കുമ്പളങ്ങിക്കാരനായി. ഞാനും അവിടെ ഉണ്ടായിരുന്ന ചെറുപ്പക്കാരോടും ചെറുപ്പക്കാരികളോടും ഒപ്പം പാടി. ""കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളെ കൊട്ടുവേണം, കുഴല്‍വേണം, കുരവ വേണം"" ഇതാണ് കുമ്പളങ്ങിക്കാരന്റെ രീതി. ഒന്നിനും ഒളിവും മറയുമൊന്നുമുണ്ടാകില്ല. "നാക്കിനുപിടിക്കുന്ന ഭക്ഷണവും തലയ്ക്കുപിടിക്കുന്ന മദ്യവും ഞങ്ങള്‍ കുമ്പളങ്ങിക്കാരുടെ ബലഹീനതയാണ്. അപ്പവും മുട്ടക്കറിയും പുട്ടും പപ്പടവും കുടല്‍കറിയും ചോറും ഞങ്ങളുടെ ഇഷ്ടഭക്ഷണങ്ങളാണ്. പൂവന്‍പഴമിട്ട് വാറ്റിയ കണ്ണുനീരിന്റെ നിറമുള്ള ചാരായം ഞങ്ങളുടെ ഇഷ്ടമദ്യമാണ്." ഇത് തുറന്നുപറഞ്ഞ; ചെറുപ്പക്കാരോടും ചെറുപ്പക്കാരികളോടുമൊപ്പം "തിത്തിത്താര തിത്തിതെയ് തിത്തൈ തക തെയ്തെയ് തോം" പാടി ചുവടുവയ്ക്കുന്ന പ്രൊഫ. കെ വി തോമസിന് കേന്ദ്രത്തില്‍ സോണിയ മാഡം സ്വതന്ത്രമായി കൊടുത്തത് ഉചിതമായ വകുപ്പാണ്-ഭക്ഷ്യം.
"മീന്‍ കൊടുത്ത് അധികാരം വാങ്ങിയെന്ന് എനിക്കെതിരെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, മീനും ഭക്ഷണയിനങ്ങളുമെല്ലാം പങ്കുവയ്ക്കുകയെന്ന സംസ്കാരമാണ് എന്റേത്" എന്ന് തുറന്നു പറഞ്ഞ തോമസിനെ "തിരുതത്തോമ" എന്ന് പിന്നെയും വിളിക്കുന്നതില്‍ ന്യായമില്ല. കോണ്‍ഗ്രസിലാകുമ്പോള്‍ വാറ്റുചാരായം കുടിക്കാം, ടക്വില കഴിച്ച് നൃത്തമാടാം, തിരുത പാകംചെയ്ത് ജന്‍പഥ് പത്തില്‍ എത്തിക്കാം. അവിടെനിന്ന് ചീട്ടു വാങ്ങിയാല്‍ പിന്നെ, പഴയ കുമ്പളങ്ങി രീതിപോലെ കേരളത്തിലെത്തിയാല്‍ സീറ്റുകിട്ടും; കേന്ദ്രത്തില്‍ ചെന്നാല്‍ സ്വതന്ത്ര മന്ത്രിപദവും കിട്ടും. കുമ്പളങ്ങിക്കാര്‍ക്ക് കുടിവെള്ളം കിട്ടുന്നില്ലെങ്കിലും കുമ്പളങ്ങി എക്സ്പ്രസിന് കണ്ണീരുപോലത്തെ നാടന്‍ ചാരായത്തിന് വിഷമമൊന്നുമില്ല. നവ കൊച്ചിയുടെ നായകനാര് എന്നതില്‍ സംശയമുള്ളവര്‍ക്കായി മഹാനഗരത്തില്‍ ആയിരം ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ ശില്‍പ്പിയും ഗോശ്രീ പാലത്തിന്റെ പിതാവും എന്തിന്, കൊച്ചിയെ അറബിക്കടലിന്റെ റാണിയാക്കിയതിന് ഇടനില നിന്നതുമൊക്കെ തോമസ് മാഷാണെന്ന് ആ ഫ്ളക്സുകള്‍ പറയും. എല്ലാ ഫ്ളക്സും അഴിച്ചെടുത്ത് വയനാട്ടില്‍ കൊണ്ടുപോയാല്‍ അവിടെ ആദിവാസികളുടെ ഭവനപദ്ധതിക്ക് മേല്‍ക്കൂര വേറെ അന്വേഷിക്കേണ്ടതില്ല എന്നാണ് കണക്കാക്കുന്നത്.
ആള്‍ വലിയ പുലിയാണെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊച്ചിക്കാര്‍ ഒന്ന് പേടിപ്പിച്ചുകളഞ്ഞു. യുഡിഎഫിന് ചാകരക്കോള്‍ ഒത്തുകിട്ടിയ തെരഞ്ഞെടുപ്പില്‍ തോമസ് മാഷ് കഷ്ടിച്ച് രക്ഷപ്പെട്ടത് പതിനൊന്നായിരം വോട്ടിനാണ്. തോപ്പുംപടിയില്‍ തലയില്‍ ഓലക്കുടയുമായി ചൂണ്ടയിട്ട് ചരിത്രം സൃഷ്ടിച്ച തോമസ്മാഷിന്റെ ചൂണ്ടയിടുന്നതിലെ വിരുത് ഹൈക്കമാന്‍ഡിന് നന്നായറിയാം. വരുന്ന തെരഞ്ഞെടുപ്പില്‍ ഭക്ഷ്യസുരക്ഷയുണ്ടാക്കാനുള്ള ചൂണ്ട തോമസ് മാഷിനെ ഏല്‍പ്പിച്ചത് ആ അറിവുകൊണ്ടുമാത്രം. മാഷിന്റെ കൈകൊണ്ട് തൊട്ടാല്‍ ഭക്ഷ്യസുരക്ഷ ഒന്നാംതരം തിരുതക്കറിയുമായി ഭാരതീയന് ആഘോഷിക്കാം.
എന്‍ഡോസള്‍ഫാന്‍ മുതല്‍ വ്യാജരേഖക്കേസും ഫ്രഞ്ച് ചാരക്കേസും ഇറ്റാലിയന്‍ നാവികരുടെ വെടിവയ്പുമെല്ലാം അതിമനോഹരമായി കൈകാര്യംചെയ്ത കലാകാരന് ഭക്ഷ്യസുരക്ഷാബില്ലാണോ പ്രശ്നം? ഇതിലും വലിയ സോളാര്‍ കേസ് വെറും സോപ്പുകുമിളയായേ മാഷ് കണ്ടിട്ടുള്ളൂ. എന്‍ഡോസള്‍ഫാന്‍ മനുഷ്യരില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് കാസര്‍കോട്ടുകാരുടെ മുഖത്തുനോക്കി പറയാന്‍മാത്രം ധൈര്യം ആര്‍ക്കുണ്ട് കോണ്‍ഗ്രസില്‍? പണ്ട് കരുണാകരനുമായിവരെ ഇടയാനുള്ള ശേഷി മാഷ് തെളിയിച്ചിട്ടുണ്ട്. കര്‍ദിനാളായി സെന്റ്പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥാനാരോഹണം നടത്തിയ ഉടനെ മാര്‍ ആലഞ്ചേരി പറഞ്ഞത്, കത്തോലിക്കനായ കെ വി തോമസിന്റെ പ്രവര്‍ത്തനത്തില്‍ എനിക്ക് വിശ്വാസമുണ്ട് എന്നത്രെ.
"ഉന്നത ധാര്‍മികനിലവാരവും കേന്ദ്ര-സംസ്ഥാന ഗവണ്‍മന്റുകളില്‍ വമ്പിച്ച സ്വാധീനവുമുള്ള അദ്ദേഹം തന്റെ പരമാവധി ശ്രമം ഇക്കാര്യത്തിലുണ്ടാകുമെന്ന് (ഇറ്റലിക്കാരുടെ കടല്‍ക്കൊലക്കാര്യത്തില്‍) ഉറപ്പുതന്നിട്ടുണ്ട് എന്ന് ആലഞ്ചേരി പറഞ്ഞപ്പോഴാണ് തോമസ് മാഷിന്റെ ശക്തി ഉമ്മന്‍ചാണ്ടിക്കുപോലും മനസ്സിലായത്. വെടികൊണ്ട് മരിച്ച കത്തോലിക്കരുടെ കുടുംബാംഗങ്ങള്‍ക്കും അപ്പഴേ അത് ബോധ്യപ്പെട്ടുള്ളൂ. ഇരുപത്തഞ്ച് കോടി അവിഹിതമായി സമ്പാദിച്ചു, വ്യാജരേഖക്കേസില്‍ സഹപ്രവര്‍ത്തകനെ ഒറ്റുകൊടുത്തു എന്നൊക്കെ പണ്ട് കരുണാകരനുമായി തെറ്റിയപ്പോള്‍ എതിരാളികള്‍ പറഞ്ഞുണ്ടാക്കിയ കഥയാണ്. ആ കണക്കിലൊന്നും പിടികൊടുക്കുന്നയാളല്ല നവകൊച്ചിയുടെ നായകന്‍. അടുത്തലോക്സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് "ഇനിയുള്ള ദൂരം താണ്ടുന്ന" വേളയില്‍ ഭക്ഷ്യസുരക്ഷ എന്ന മുദ്രാവാക്യത്തോടൊപ്പം തോമസ് മാഷിന്റെയും തിരുതമീനിന്റെയും ചിത്രങ്ങളുണ്ടാകും. കുമ്പളങ്ങിക്കാരുടെ ഒരു ഭാഗ്യം!
സൂക്ഷ്മന്‍ deshabhimani
No comments:
Post a Comment